2014, ജൂൺ 30, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 17



Blog Post No: 239 -

കുഞ്ഞുകവിതകൾ - 17

Haiku


ചിന്തകൾ പലത്
പ്രവർത്തികൾ പലത്
ഉദ്ദേശ്യമൊന്ന്

+++

വിഷത്തിനു മരുന്ന് വിഷം
സ്നേഹമില്ലായ്മക്ക് സ്നേഹം
വെട്ടാൻ വരുന്ന പോത്തിനോ?

+++

ചീറിപ്പാഞ്ഞു പോയി ഒരു ശകടം
വഴിയരികിൽ നിന്ന മനുഷ്യൻ പിറുപിറുത്തു,
അവന്റമ്മക്ക് വായുഗുളിക വാങ്ങാനുള്ള പോക്ക്

+++

മഴ മാറി
മാനം തെളിഞ്ഞു
മഹിളാമണിയുടെ മനവും

+++

വളർത്തുമൃഗമെന്ന  മിണ്ടാപ്രാണി  മരിക്കുന്നു
വാ തോരാതെ സംസാരിക്കുന്ന  സ്വാർത്ഥനായ മനുഷ്യനും
വളർത്തുമൃഗത്തിന്റെ വേർപാട് സഹിക്കില്ല!  

+++

ക്ഷമയില്ലാതെ പറയുമ്പോളോർക്കില്ല
കോപം കൊണ്ട് വിറക്കുമ്പോളോർക്കില്ല
ജീവിതംതന്നെയത് മുരടിപ്പിക്കുമെന്ന്


2014, ജൂൺ 28, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 16



Blog Post No: 238 -

കുഞ്ഞുകവിതകൾ - 16

Haiku Poems


മുല്ലപ്പൂമണമൊഴുകുന്നു
മധുവിധുരാവുകളുടെ
മാദകസ്മരണകൾ

+++

പാദങ്ങൾക്ക് പരിരക്ഷ കുറഞ്ഞപ്പോളാ
പാദരക്ഷകൾ എടുത്തു
പുറത്തേക്കൊരേറ്

+++

മന്ദാരപ്പൂവിനെയുണർത്തുന്നു
മന്ദമാരുതൻ മന്ദം മന്ദം
മന്ദഹസിച്ചുകൊണ്ടവളുറക്കമുണരുന്നു!

+++

പുറംലോകം ഉറങ്ങുമ്പോൾ
അധോലോകം ഉണരുന്നു
ചെകുത്താന്റെ ചെയ്തികൾക്കായ്

+++

പുറമേ വിശാലമായ ചിരി
അകമേ ഇടുങ്ങിയ മനസ്സ്
മനുഷ്യാധമന്മാർ

+++

ഹായ്‌ പറഞ്ഞപ്പോൾ മന്ദഹസിച്ചു
കൂയ് പറഞ്ഞപ്പോൾ മുഖം തിരിച്ചു
ഹൈക്കു പാടിയപ്പോൾ പഴയപടി!

2014, ജൂൺ 25, ബുധനാഴ്‌ച

പൂക്കൾ


Blog Post No; 237 -


പൂക്കൾ

(കവിത)


പനിനീർപ്പൂവ് ചോദിച്ചു,
എന്നെയൊന്നു ചൂടാമോ;
തെച്ചിപ്പൂ ചോദിച്ചു,
എന്നെ പൂജക്കെടുക്കാമോ;
മുല്ലപ്പൂ ചോദിച്ചു,
എന്നെക്കൊണ്ട് മാല കെട്ടാമോ.
അങ്ങനെ ഓരോ പൂവും ചോദിച്ചു,
അവ ആഗ്രഹിക്കുംപോലെ!
പൂക്കൾ പ്രകൃതിയുടെ
വരദാനം, സൌന്ദര്യം!
അവ ഉപയോഗിക്കപ്പെടണം.
ചെടികളിൽ പൂക്കൾ വീണ്ടും വരും;
ആഗ്രഹം നടക്കാതെ
വാടിക്കരിയാൻ,
മണ്ണിനോട് ചേരാൻ
ഇടവരാതിരിക്കട്ടെ.
സ്നേഹിക്കുമ്പോഴും
സ്നേഹിക്കപ്പെടുമ്പോഴും,
ഉപയോഗിക്കുമ്പോഴും
ഉപയോഗിക്കപ്പെടുമ്പോഴും
നന്മയുടെ വെളിച്ചം
എമ്പാടും പരക്കുന്നു!  

2014, ജൂൺ 23, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 15



Blog post No: 236 -

കുഞ്ഞുകവിതകൾ - 15

Haiku Poems


കുസൃതിക്കാറ്റ്
ആലിലകളെ തലോടി
ഇലകൾ കിലുകിലെ ചിരിച്ചു

 ***

മാനത്ത് മഴക്കാറ്
മനസ്സിലും മഴക്കാറ്
മഴ പെയ്യാതിരിക്കുമോ?

***

അന്തരീക്ഷത്തിനു തണുപ്പ് 
അന്തരംഗത്തിൽ ചൂട്
അവകാശങ്ങൾ നേടിയേ തീരൂ

***

പ്രകൃതി ഈറനുടുക്കുന്നു 
പകലവൻ ഉദിച്ചുയരുന്നു
പഞ്ചേന്ദ്രിയങ്ങൾ ഉണരുന്നു   

***

സുരൻ സ്വർഗ്ഗത്തിൽ
അസുരൻ പാതാളത്തിൽ
നര വാനരൻ ഭൂമിയിൽ!

***
പൂമണം പരന്നു
പൂമ്പാറ്റ പറന്നു
പൂന്തേൻ പാനത്തിനായ്

2014, ജൂൺ 21, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 14



Blog post No: 235 -

കുഞ്ഞുകവിതകൾ - 14

നാണം

ഇണക്കുരുവികൾ കൊക്കുരുമ്മി
ഇക്കിളിയായാ കുരുവികൾക്ക്
ഇതുകണ്ടുനിന്നവൾ നാണിച്ചു
ഇതികർത്തവ്യാ മൂഢയായ്

***

സംശയം

സംശയമാകതാരിൽ തട്ടുമെങ്കിൽ
സത്യമായൊരുത്തരം ലഭിക്കായ്കിലോ
സംശയലേശമെന്യേ ചൊല്ലാമാർക്കും 
സംശയാലുവിനു വെകിളി പിടിക്കുമെന്ന്

***

Haiku

അണ്ണാൻ മരം നോക്കി ഓടുന്നു
ആമ കുളം നോക്കി ഇഴയുന്നു
ആ പാവം  മനുഷ്യനോ...


2014, ജൂൺ 18, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 13


Blog post No: 234 -

കുഞ്ഞുകവിതകൾ - 13


പൂന്തേൻ

പൂവിനോട് മന്ത്രിച്ചു പൂമ്പാറ്റ 
പൂന്തേൻ തരാമോ പൂവേ എനിക്ക് 
പൂവുടൻ ചൊല്ലി മന്ദഹാസത്തോടെ
പൂമ്പാറ്റേ, ഞാൻതന്നെ നിന്റേതല്ലേ?

+++

അതിബുദ്ധി

അറിയാനായ് മാത്രം ചോദിക്കുകിൽ
അതിബുദ്ധിയുള്ളോർ ചിലരൊക്കെ
അറിവുണ്ടെകിലും ചോദിക്കുന്നു
അതിനുത്തരമായൊരു മറുചോദ്യം!

+++

താമരയും ആമ്പലും

താമര വിടരുന്നു,
ആമ്പൽ കൂമ്പുന്നു;
ആമ്പൽ വിടരുന്നു,
താമര കൂമ്പുന്നു.
സൂന സുന്ദരികളേ
സൂര്യചന്ദ്രന്മാർതൻ  
പ്രിയതമമാർ നിങ്ങ-
ളെന്നു വർണ്ണിച്ച കവിയെ
ഞാനിതാ നമിക്കുന്നു.  

2014, ജൂൺ 17, ചൊവ്വാഴ്ച

സസ്യഭുക്ക്?


Blog Post No: 233 -


സസ്യഭുക്ക്?

(കവിത)



മത്സ്യം കഴിക്കില്ല ഞാൻ
മാംസം കഴിക്കില്ല ഞാൻ
മുട്ടപോലും കഴിക്കില്ല
ഞാനൊരിക്കലും

എന്നിരിക്കിൽകൂടി
ഈയുള്ളവന്നൊരു
സസ്യബുക്കല്ലെന്ന്
ഊന്നിപ്പറയട്ടെ ഞാൻ

പശുവിൻപാൽ വേണം
എരുമത്തയിർ വേണം
വെണ്ണ വേണം പിന്നെ
നെയ്യും കഴിക്കും ഞാൻ

നറുതേൻ ഭുജിക്കും ഞാൻ
തേൻചേർന്നുള്ളതെല്ലാമേ
മൃഷ്ടാന്നം ഭുജിക്കും ഞാൻ 

ആഘോഷമുള്ളപ്പോൾ
വിധത്തിലും തരത്തിലും
കേക്കുകൾ കിട്ടുന്ന-
തെല്ലാമേ  കഴിക്കും ഞാൻ
കേക്കുകൾ നന്നാവാൻ
മുട്ടവേണമെന്നത്
മറ്റുള്ളോരെപ്പോലെ
ഞാനുമറിയുന്നു

തോലുകൊണ്ടുണ്ടാക്കിയ
പാദരക്ഷകൾ വേണം
കളസം മുറുക്കാനായ്
അരപ്പട്ട കെട്ടണം
പൈസ സൂക്ഷിക്കുവാൻ
തോലുകൊണ്ടുള്ളോരു
പണസഞ്ചിയും വേണം 
തണുപ്പകറ്റാനായ്
ചെമ്മരിയാടിന്റെ
രോമം കൊണ്ടുണ്ടാക്കിയ
കമ്പിളിയും വേണം!

അമ്പലത്തിൽ പോയി
ശംഖു വിളിക്കണം
തോലുകൊണ്ടാക്കിയ
ചെണ്ടയും കൊട്ടണം

ഈച്ചകൾ പാറ്റകൾ
ശല്യമാകുമ്പോൾ ഞാൻ
ഒട്ടുമാലോചിക്കാതെ
ഉന്മൂലനം ചെയ്യുന്നു

അറിഞ്ഞും അറിയാതെൻ
വാക്കുകൾ ചെയ്തികൾ
വെറുപ്പുളവാക്കുന്നു
നിങ്ങളിൽ ചിലരിലും

സസ്യഭുക്കായ ഞാൻ(?)
മാംസം ഭുജിക്കില്ലെങ്കിലും
മാംസാംശമിങ്ങനെ
വിട്ടുമാറുന്നതേയില്ല!  

അയ്യോ, അതല്ല.....


Blog Post No: 232 -


അയ്യോ, അതല്ല.....

(മിനിക്കഥ)

അയാൾ ഈയിടെ പരിചപ്പെട്ട ഒരു മഹിളാമണിക്ക് ഇട്ട ചാറ്റ് സന്ദേശത്തിന് മറുപടിയായി തികച്ചും പ്രതീക്ഷിക്കാത്ത ഒരു സ്റ്റിക്കർ - ഹൃദയം വെച്ചു നീട്ടുന്നു!  ഉടൻ വേറൊന്ന് - സാധാരണ നിലക്കുള്ളത്.  അതിനു താഴെ ഒരു കുറിപ്പ്:  അയ്യോ, ക്ഷമിക്കണം.  ഇതിനു അൽപ്പം മുമ്പ് ഇട്ട സ്റ്റിക്കർ  അബദ്ധവശാൽ ''സെന്റ്‌'' ആയതാണ്.  മൊബൈൽ ഫോണിൽ അയച്ചു പരിചയം ഇല്ലാത്തതുകൊണ്ടാ.  അയാൾക്ക്‌ അത് മനസ്സിലായെങ്കിലും വെറുതെ തമാശിച്ചു - ഞാൻ ശരിക്കും വിചാരിച്ചു അത് എനിക്ക് അയച്ചതുതന്നെയെന്ന്! പിന്നീട് ചിരിയുടെ ഒരു എംബ്ലെം ഇട്ടുകൊണ്ട്‌ പറഞ്ഞു - വിഷമിക്കേണ്ട കേട്ടോ, എനിക്ക് മനസ്സിലായി അബദ്ധം പറ്റിയതാണെന്ന്.  സോ, ഡോണ്ട് വറി, ബി ഹാപ്പി. 

-=o0o=- 

2014, ജൂൺ 16, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 12




Blog post No: 230 -

കുഞ്ഞുകവിതകൾ - 12


ഹൈക്കു

എന്തൊരു ചന്തം, എന്തൊരു ഗന്ധം
കണ്ണും കരളും കവരുന്ന
മലർവാടിതന്നെയിത്!  

+++

ഹൈക്കു

സുന്ദരിപ്പൂവ്‌ കോരിത്തരിച്ചു
മധു നുകരാൻ
ശലഭമെത്തുന്നു

+++

പത്തു മനുഷ്യർക്ക്‌ പത്തഭിപ്രായം
പത്തു മനുഷ്യർക്ക്‌ പത്തു മതം
പത്തു മനുഷ്യർക്ക്‌ പത്തു ജാതി
പത്തു മനുഷ്യർക്ക്‌ പത്തു രാഷ്ട്രീയം
പത്തു മനുഷ്യർക്കും
പത്തു കൈവിരലുകൾ വീതം 
പത്തു കാൽവിരലുകൾ വീതം 
പത്തു തലകളില്ല, ഒരേ ഒരു ത ല മ ണ്ട !