2013, ഡിസംബർ 31, ചൊവ്വാഴ്ച

ആരംഭശൂരത്വം


My Blog No: 142 - 

ആരംഭശൂരത്വം 

 

ആരംഭശൂരത്വം

  - ഈ വാക്കിനു അഗാധമായ അർത്ഥമുണ്ട്.  ഒരു നല്ല ദിവസത്തിൽ, അല്ലെങ്കിൽ ഏതാനും നല്ല ദിവസങ്ങളിൽ നാം തുടക്കത്തിൽ നല്ലത് ചിന്തിക്കുന്നു, പ്രവര്ത്തിക്കുന്നു. അതിനുശേഷം ക്രമേണ അത് അന്യമാകുന്നു!  അഥവാ, നമ്മുടെ ശ്രദ്ധക്കുറവുകൊണ്ട്മടികൊണ്ട്, വിവരക്കേടുകൊണ്ട് അങ്ങിനെ ആയിപ്പോകുന്നു.

 

മുകളിൽ പറഞ്ഞ പ്രവണതയിൽനിന്ന് ദൈവവിശ്വാസം ഇല്ലാത്തവരും, ഉള്ളവരും, മതപരമായ ആചാരാനുഷ്ഠാങ്ങളിൽ വിശ്വാസം ഇല്ലാത്തവരും, ഉള്ളവരും - ഏകദേശം എല്ലാവരുംതന്നെ  തികച്ചും വിമുക്തരല്ല. നാം അങ്ങിനെ ആയാൽ പോരല്ലോ.

 

ഒരു ദൃഡനിശ്ചയം അത്യാവശ്യം.  ഞാൻ പറഞ്ഞുവന്നത് - പുതുവൽസരപ്പിറവിയിൽ നാം ചിലത് മനസ്സിൽ കുറിക്കുന്നു - ചില നല്ല കാര്യങ്ങൾ.  തെറ്റുകൾ ആവര്ത്തിച്ചുകൂടാ.  എന്നാൽ ഇത് ഒരു ആരംഭശൂരത്വം ആയി പരിണമിക്കാതിരിക്കട്ടെ. മറിച്ചായാൽ, അതിനു ഉത്തരവാദികൾ നാം തന്നെയാണ് എന്നത് മറക്കരുത്.

 

നല്ല ചിന്തകൾ, പ്രവത്തികൾ  നല്ല മനസ്സിൽ ഉരുത്തിരിയുന്നതോടൊപ്പം നാം മാനസികമായി ആരോഗ്യമുള്ളവരാകുന്നു.  അത് ശരീരത്തിന് അങ്ങേ അറ്റം ഗുണം ചെയ്യുന്നു.

 

അതെ, ആരോഗ്യം അഥവാ രോഗമില്ലാത്ത അവസ്ഥ നമുക്കുണ്ടാവട്ടെ.

 

ഒരിക്കൽക്കൂടി -

ആരംഭശൂരത്വം എന്ന വേണ്ടാതീനത്തെ  ആട്ടി ഓടിക്കുക.

 


എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകൾ.

2013, ഡിസംബർ 29, ഞായറാഴ്‌ച

അബദ്ധം പറ്റിയതാണേ...

My Blog No: 141 -
അബദ്ധം  പറ്റിയതാണേ...

(അനുഭവം)


നല്ല തിരക്ക്.  കൂടെ നടന്നിരുന്ന വാമഭാഗം എവിടെ എന്ന് വിചാരിച്ച നിമിഷംതന്നെ അയമ്മയുടെ* കൈ എന്റെതുമായി കോര്ത്തതായി മനസ്സിലായി.  ''കയ്യീത്തന്നെ മുറുക്കിപ്പിടിച്ചോട്ടോ, എന്താരു തെരക്ക്.'' ഇത് കേട്ടതും കൈ കോർത്ത ആൾ പെട്ടെന്ന് കൈ പി ൻ വ ലി ച്ചു.  ഞാൻ തല തിരിച്ചു ശരിക്കൊന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് വേറൊരു മഹിളാമണി   ആയിരുന്നു. തന്റെ ആൾ അല്ല എന്ന് മനസ്സിലായതും പരിഭ്രമിച്ചു കൈ  വിട്ടതാണേ.

ഞാൻ ആലോചിച്ചു - നേരെ മറിച്ചാണ് സംഭവിച്ചതെങ്കിലോഎന്റമ്മേ, ഓർക്കാൻ വയ്യ.  അധികം താമസിയാതെതന്നെ, ഒരൽപം മുന്നിൽ  നടക്കുന്ന എന്റെ മഹിളാമണിയെ കണ്ടതും ഞാൻ വിവരം പറഞ്ഞു. ''പാവം, അബദ്ധം പറ്റിയതാണേ'', ഞാൻ കൂട്ടിച്ചേര്ത്തു.  

അതാ വരുന്നു പ്രതികരണം.  അതൊരു ''വടി കൊടുത്തു അടി വാങ്ങൽ'' ആയിപ്പോയി.

''ന്നിട്ടോ, നിങ്ങളും ശരിക്കും കയ്യീപ്പിടിച്ചോ?''


- - -  


*അയമ്മ - ആ അമ്മ (ഒരു പാലക്കാടൻ  പ്രയോഗം)