2017, മാർച്ച് 16, വ്യാഴാഴ്‌ച

രണ്ടു മിനിക്കഥകൾ


Blog post no: 457 - 

പാരിജാതം പാരിജാതം - അതാണവളുടെ പേര്.  പാരി എന്ന് അടുത്തു പെരുമാറുന്നവർ വിളിച്ചു.  സകലകലാവല്ലഭയായ പാരിജാതം യുവജനോത്സവങ്ങളിൽ തിളങ്ങി. 

പാരി  പിന്നീട് പ്യാരിയായി നാടകങ്ങളിൽ അഭിനയിച്ചു.  അതെ, അവൾ എല്ലാവര്ക്കും  പ്യാരി (പ്രിയപ്പെട്ടവൾ) ആയി. 

പാവം പ്യാരി.  ഒരിക്കൽ പ്യാരിയെ ആരോ ചോരി (മോഷണം) ചെയ്തുകൊണ്ടുപോയി.  അന്വേഷണം ഇപ്പോഴും തുടരുന്നു. 

എല്ലാവർക്കും പ്രിയപ്പെട്ടവളുടെയും, എല്ലാവർക്കും പ്രിയപ്പെട്ടവയുടെയും  വിധി പലപ്പോഴും ഇങ്ങനെയാണ്.  പാരിജാതമെന്ന  പ്യാരിയും അതിൽപ്പെട്ടുപോയി.  

***


പനിനീർപ്പൂവിതൾ എങ്കിലും ആ പനിനീർപ്പൂവിതൾ എവിടെനിന്നു വന്നു - അവൾ വീണ്ടും ആലോചിച്ചു.   വിശ്വേട്ടൻ സ്നേഹസമ്പന്നനാണ്.  കൂട്ടുകാരിൽ പെൺകുട്ടികൾ ധാരാളം.  അവരിലാരെങ്കിലും....   ഛെ! അങ്ങനെയുണ്ടാവുമോ? 

ആരെങ്കിലും വന്നിരുന്നോ എന്ന് ചോദിച്ചപ്പോൾ, ''ആര് വരാൻ'' എന്ന് മറുപടി.  മാത്രമല്ല, ''ആയതുകൊണ്ട്, എന്റെ പണി മുഴുവനാക്കാൻ സാധിക്കുന്നു'' എന്നും.  രണ്ടു മൂന്നു  ദിവസത്തെ ലീവെടുത്ത് തന്റെതായ  ജോലികൾ മുഴുവനാക്കുകയാണെന്നാണ് പറഞ്ഞത്.  തനിക്കാണെങ്കിൽ ലീവില്ല. പോയേ പറ്റൂ.  അതൊരു ഉപകാരം എന്ന് ചിരിച്ചുകൊണ്ട് പറയുന്നതും കേട്ടു.

ഞായറാഴ്ച നിലം തൂത്തുവാരുമ്പോൾ ഒരു പനിനീർപ്പൂവിതൾ അതാ ബാൽക്കണിയുടെ ഗ്രില്ലിലൂടെ പറന്നു വരുന്നു!  അതേ, അപ്പുറത്തെ ഫ്‌ളാറ്റിലെ ബാൽക്കണിയിൽ ചെടിച്ചട്ടികൾ റോസാച്ചെടിയുടേതാണ്.  
അവൾ തലയിൽ കൈ വെച്ചു, തലയിൽ ഒന്ന് കൊട്ടി.   വിശ്വേട്ടനെ വെറുതെ സംശയിച്ചതിൽ കരച്ചിൽ വന്നു.      

2017, മാർച്ച് 10, വെള്ളിയാഴ്‌ച

മതവും രാഷ്ട്രീയവും

Blog post no: 456 - 

മതവും രാഷ്ട്രീയവും

മതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള വിശദമായ ഒരു വിശകലനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മതവും രാഷ്ട്രീയവുമാണ് ഇന്ന് ലോകരെ ബാധിച്ചിരിക്കുന്ന രണ്ടു പ്രധാന വിഷയങ്ങൾ എന്നതുകൊണ്ട് അതേക്കുറിച്ചു പറയാതിരിക്കാൻ വയ്യെന്ന് തോന്നി.

മതവുമായി ബന്ധപ്പെടുത്തി ദൈവത്തെക്കുറിച്ച്, പ്രകൃത്യാലുള്ള സത്യത്തെക്കുറിച്ചു പറയുകയാണെങ്കിൽ, ദൈവവിശ്വാസികളും നിരീശ്വരവാദികളും ഒരേ കാര്യംതന്നെയാണ് പറയുന്നത് എന്ന് കൂലംകഷമായ ഒരു വിചിന്തനത്തിൽനിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അഥവാ, സത്യം, ശരി, നന്മ മുതലായവയിൽനിന്നു അറിഞ്ഞോ അറിയാതെയോ വ്യതിചലിച്ചാൽ നാം നേരിടുന്ന വിഷമം മുതലായവ.

രാഷ്ട്രീയം: ഏതു ''ഇസം'' ആയാലും അവ ചില സ്ഥലങ്ങളിൽ ഒന്നിക്കുന്നുണ്ട്. സകലർക്കും സ്വീകാര്യമായ ഒരു ''ഇസം'' ഇല്ലതന്നെ. കമ്യൂണിസവും ഗാന്ധിസവും തമ്മിൽ യോജിക്കില്ല എന്ന് നാം മനസ്സിലാക്കുമ്പോൾ -

ഒരിക്കൽ ഇ. എം. എസ്. എഴുതിയ ഒരു ലേഖനത്തിന്റെ അവസാനഭാഗം ഓർമ്മ വരുന്നു - അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാർ, ഗാന്ധിയനായ ദേവ ഗൗഡ നയിക്കുന്ന സർക്കാരിന് പിന്തുണ നൽകുന്നത്..... !!!

എൻറെ ചെറുപ്പത്തിൽ അച്ഛൻ പറഞ്ഞതോർക്കുന്നു - സാധാരണക്കാരനായ ഒരാൾ ഒരു മതപ്രാസംഗികന്റെ പ്രസംഗം കേൾക്കുന്നു എന്ന് വിചാരിക്കുക. പറഞ്ഞത് ശരിയാണല്ലോ എന്ന് ആ ശ്രോദ്ധാവിനു തോന്നും. അതേ ആൾ വേറൊരു മതപ്രാസംഗികന്റെ പ്രസംഗം കേട്ടാൽ അതും ശരിയാണല്ലോ എന്ന് തോന്നും. അങ്ങനെ, അങ്ങനെ.... ഇതുപോലെത്തന്നെയാണ് രാഷ്ട്രീയത്തിന്റെ കാര്യത്തിലും.

ഈ രണ്ടു വിഷയങ്ങളിലും സത്യം ഉണ്ട്. എന്നാൽ അതുമാത്രമാണ് സത്യം എന്ന് പറയുമ്പോൾ അത് ശരിയല്ല. മനുഷ്യർ ഭിന്നാഭിരുചിയുള്ളവരാണ്. പൊതുജനം പലവിധം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ - ഒരാളുടെ ആഹാരത്തിലുള്ള അഭിരുചി, അതുപോലെ വസ്ത്രധാരണത്തിൽ... എന്നുവേണ്ടാ എല്ലാ ഇഷ്ടാനിഷ്ടങ്ങളിലും. ഇത് ഒരുപക്ഷെ, ഒന്നിലധികം പേർക്ക് ഏകദേശം ഒരുപേലെ ആയിരിക്കാം. എന്നിരിക്കിലും, ഒരു വ്യക്തി വേറൊരു വ്യക്തിയിൽനിന്നു തികച്ചും വിഭിന്നനാണ്, വിഭിന്നയാണ്.

മതത്തിൽ രാഷ്‌ടീയം കാണാതിരിക്കുക, രാഷ്ട്രീയത്തിൽ മതം കാണാതിരിക്കുക. അതിലുള്ള സത്യം മാത്രം അംഗീകരിക്കാൻ നോക്കുക. അത് അല്പം ബുദ്ധിമുട്ടുള്ള കാര്യംതന്നെ എങ്കിലും.

പുരാണങ്ങൾ ഐത്യങ്ങൾക്കു അടിസ്ഥാനമാണ്. പുരാണങ്ങളിൽപ്പോലും രാഷ്ട്രീയത്തിന്റെ ചുവ കാണാം. എന്നാൽ, ധർമ്മം നിലനിർത്തുന്നതിന് അത് പലപ്പോഴും അനിവാര്യമാണ് എന്ന സത്യത്തെയും നമുക്ക് അംഗീകരിക്കാതിരിക്കാൻ സാധ്യമല്ല.
നല്ല കാര്യങ്ങൾക്കായി മാത്രം ഈ രണ്ടു വിഷയങ്ങളെയും മനസ്സിലാക്കുക. പ്രവർത്തിക്കുക. അഥവാ ജീവിക്കുക. ആരു നല്ലതു പറഞ്ഞാലും അത് അംഗീകരിക്കാൻ ശ്രമിക്കുക. അഥവാ, ''മത''ത്തിനുവേണ്ടി, ''രാഷ്ട്രീയ''ത്തിനുവേണ്ടി എതിർക്കാതിരിക്കാൻ നോക്കുക. ഈ ''കച്ചവട'' യുഗത്തിൽ അത് അല്പം ബുദ്ധിമുട്ടാണ് എന്ന വസ്തുത മറക്കുന്നില്ല.
2017, ഫെബ്രുവരി 18, ശനിയാഴ്‌ച

റാണി..... മഹാറാണി


റാണി..... മഹാറാണി

(ഒരു അനുസ്മരണം)തിരുവഴിയാട് ചീരപ്പൊറ്റക്കളത്തിലേക്ക് കാലെടുത്തുവെച്ചപ്പോൾ അവൾ മനസ്സിലേക്ക് ഓടിയെത്തി - റാണി.  ഇല്ല, അവൾ വന്നില്ല, വരില്ല. കാരണം..... ദിവസങ്ങൾക്കുമുമ്പ് അവൾ ഈ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. 

റാണി - അവിടത്തെ വളർത്തുമൃഗം!  
എൻറെ പേരമകൾ ഒരിക്കൽ ''നായ'' എന്ന് പറഞ്ഞപ്പോൾ, ഗൃഹനാഥൻ ''നീതന്നെ നായ'' എന്ന് ഗൗരവത്തിൽ, ''ഫീൽ'' ചെയ്ത് പറഞ്ഞതോർക്കുന്നു! 

മുകളിൽപ്പറഞ്ഞത്തിനു കാരണമുണ്ട്.  റാണി അവിടത്തെ ഒരു അംഗമായിരുന്നു. അവൾ വീട്ടുകാർക്കും, ബന്ധുക്കൾക്കും, നാട്ടുകാർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു.  വീട്ടുകാരണവരും, വീട്ടുകാരിയും, മകനും, മരുമകളും എല്ലാം അവളെ ലാളിച്ചു വളർത്തി.    അവൾ ആ സ്നേഹം അതേപടി തിരിച്ചുകൊടുത്തു.  

എന്നാൽ, കാലം അവൾക്കു സ്വാഭാവികമായും അസുഖം സമ്മാനിച്ചു.  പേരുകേട്ട മൃഗഡോക്ടർമാർ അവളെ ചികിൽസിച്ചു. എന്നാൽ.... ഒരുദിവസം അവൾ എല്ലാവർക്കും ദു:ഖം സമ്മാനിച്ചുകൊണ്ട് ഈ ലോകത്തോട് വിടപറഞ്ഞു. 
ഗൃഹനാഥൻ ദുഃഖമടക്കാൻ പാടുപെടുന്നു, ഗൃഹനാഥ പൊട്ടിക്കരയുന്നു, മകനും മരുമകളും ദുഃഖമടക്കാൻ പാടുപെടുന്നു..... 
ഒരു പണമിടപാട് സ്ഥാപനത്തിലെ മാനേജർ ആയ സുജിത്ത്, ജോലിക്കുപോകാൻ മനസ്സുവരാതെ അവളെ ഓർത്തിരുന്ന് അവളുടെ കഥ എഴുതി.  അത് ഞാൻ എൻറെ ബ്ലോഗ്സ്പോട്ടിലും മുഖപുസ്തകത്തിലെ എൻറെ പേജിലും ഇട്ടിരുന്നു. 

റാണീ, നിൻറെ ആത്മാവിനു നിത്യശാന്തി ലഭിക്കുമാറാകട്ടെ. റാണി, വീട്ടുവളപ്പിൽ അന്ത്യവിശ്രമം കൊള്ളുന്നു.  

2017, ജനുവരി 18, ബുധനാഴ്‌ച

എം. ജി. ആർ.

Blog Post no: 454 -
17/01/2017

എം. ജി. ആർ.

എംജിയാറിൻറെ ജന്മശതാബ്ദിയാണിന്ന്.  തമിഴ്നാട് തങ്ങളുടെ പ്രിയപ്പെട്ട തലൈവരുടെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കുന്നു. 

മേലകത്ത് ഗോപാലമേനോൻ രാമചന്ദ്രൻ,  എം. ജി. ആർ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടപ്പോഴും തമിഴ്നാട്ടുകാർ പുരട്ചി നടികർ, നടികർ മന്നൻ, മുടിചൂടാ മന്നൻ, മക്കൾ തിലകം, ചക്രവർത്തി, മധുരൈ വീരൻ, കലൈ മന്നൻ തുടങ്ങി എത്രയോ പേരുകൾ ഇട്ടു!  പണ്ട്, പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. ശാന്തകുമാർ തമിഴരുടെ മനസ്ഥിതിയെക്കുറിച്ച് ഒരു ലേഖനമെഴുതിയപ്പോൾ എഴുതി: തമിഴർ പൊതുവെ ശുദ്ധഹൃദയരാണ്.  അവർക്കിഷ്ടപ്പെട്ടാൽ ആരായാലും അവരെ വാനോളം പുകഴ്ത്തും, ആരാധിക്കും, ജീവൻവരെ കൊടുക്കാൻ തയ്യാറാകും.  അതിനൊരു ഉദാഹരണമാണ് മലയാളിയായ എം.ജി.ആർ. 

അതെ, എം.ജി.ആർ എൻറെ നാട്ടുകാരനാണ് (പാലക്കാട്) എന്ന് മറ്റുള്ളവരോട് പറയുന്നതിൽ ഞാനും അഭിമാനിച്ചു.  അദ്ദേഹത്തിൻറെ എത്രയെത്ര സിനിമകൾ കണ്ടിരിക്കുന്നു.  കുറെ മുമ്പ്, താഹിർ എന്ന തൃശ്ശിനാപ്പള്ളിക്കാരൻ പറഞ്ഞപ്പോഴും എനിക്കഭിമാനം തോന്നി:  എന്നാ സാർ, എംജിയാറാ?  അതെന്താണെന്നു ചോദിച്ചപ്പോൾ, പുള്ളിക്കാരൻ പറഞ്ഞു - എംജിയാർക്കു മീശ ഇല്ല, മീശയുടെ സ്ഥാനത്ത് വരച്ചുവെക്കും.  എനിക്കതുകേട്ടപ്പോൾ ചിരിയും വന്നു.  അതെ, ഞാൻ കുറച്ചുകാലം അങ്ങനെ ചെയ്തിരുന്നു.  

നടനും, നടികർ തിലകവും, ഭരത് അവാർഡ് ജേതാവുമൊക്കെയായി, പിന്നീട് ആ അന്യസംസ്ഥാനം ഏറെക്കാലം ഭരിക്കുകയും ചെയ്ത, ഒരു ജനതയുടെ മനസ്സ് കവർന്ന ആ പ്രതിഭക്കു മരണമില്ല.  പ്രണാമം. 

2016, ഡിസംബർ 2, വെള്ളിയാഴ്‌ച

ബാല്യത്തിലെ മൗനി

Blog post no: 453

ബാല്യത്തിലെ മൗനി

ബാല്യത്തിലെ ഞാൻ
''മൗനം വിദ്ധ്വാനു ഭൂഷണം''
എന്ന മട്ടിൽത്തന്നെ ആയിരുന്നു.
അപ്പോൾ ഒരാൾ
മൗനം വിഡ്ഡ്യാനു ഭൂഷണം
എന്ന് സ്വയം ''ഉണ്ടാക്കി'' പറഞ്ഞിരുന്നു.
ബാല്യത്തിൽനിന്നു കൗമാരത്തിലേക്കും
യൗവ്വനത്തിലേക്കും മദ്ധ്യവയസ്സിലേക്കും
ജീവിതം ചേക്കേറിയപ്പോൾ
പലപ്പോഴും മൗനം വാചാലമായി.
ഈ ജീവിതയാത്രയിൽ ഞാനിതാ വീണ്ടും
മൗനത്തിലേക്കു തിരിച്ചുപോകുന്നു.
മാനം വേണമെങ്കിൽ....
മൗനം പാലിക്കുക -
മനസ്സ് മന്ത്രിക്കുന്നു;
മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു.....

2016, നവംബർ 10, വ്യാഴാഴ്‌ച

വിശ്വാസം

Blog post no: 452 -

വിശ്വാസം

(ചിന്താവിഷയം)

ഒരു കാര്യത്തെക്കുറിച്ചുള്ള വിശ്വാസം, ഒരാളെക്കുറിച്ചുള്ള വിശ്വാസം - എല്ലാം മനസ്സിൽ വേരൂന്നിയാൽ അത് മാറ്റാൻ നന്നേ പ്രയാസമാണ് അഥവാ, മനസ്സിൽ അങ്ങനെ വേരൂന്നിയ വിശ്വാസം തെറ്റാണെങ്കിലും ശരിയാണെങ്കിലും, നല്ലതാണെങ്കിലും, അല്ലെങ്കിലും.  ആ നിലക്ക് അങ്ങനെ വിശ്വസിക്കുന്ന ആളോട് എതിരായി എന്തുപറഞ്ഞാലും അത് ആ ആൾ ചെവിക്കൊള്ളില്ല എന്നർത്ഥം.  അത് മനസ്സിലാക്കി മറ്റുള്ളവർ സംസാരം നിർത്തുക, പെരുമാറുക എന്നൊക്കെയേ കരണീയമായതുള്ളൂ.  

വിശ്വാസം സ്നേഹത്തിന്റെ പുറത്താക്കാം, ഭക്തിയുടെ ആകാം, മതത്തിന്റെ - ജാതിയുടെ ആകാം, രാഷ്ട്രീയം ആകാം - അങ്ങനെ എന്തും ആകാം.  ഒരാളുടെ വിശ്വാസം അയാളെ രക്ഷിക്കട്ടെ - അല്ലാതൊന്നും പറയാനില്ല.  കാരണം, വിശ്വാസത്തിനു അതിന്റെ ഉടമസ്ഥനെ/ഉടമസ്ഥയെ വേദനിപ്പിക്കാനും അയാളെത്തന്നെ ഇല്ലാതാക്കാനുംവരെ കഴിയും! 

ഏതായാലും, ''വിശ്വാസം'' എന്നത് മുകളിൽപ്പറഞ്ഞപോലെയൊക്കെയായ നിലക്ക്, വിശ്വാസം ഒരാൾ ഊട്ടിയുറപ്പിക്കുന്നത്, വേരുറപ്പിക്കുന്നത് നല്ലപോലെ ആലോചിച്ചേ ആകാവൂ എന്നുവരുന്നു.  മാത്രമല്ല, ഇടയ്ക്കു സാധിക്കുമ്പോഴെല്ലാം ഒരു സ്വയം വിശകലനവും അഭികാമ്യം.  അതോടൊപ്പം ആ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കയും വേണം.  

2016, ഒക്‌ടോബർ 9, ഞായറാഴ്‌ച

ഒരമ്മമ്മയുടെ ആത്മഗതം


Blog post no: 451 -

ഒരമ്മമ്മയുടെ ആത്മഗതം

(അമ്മയിൽനിന്നും സ്വീകരിച്ച  ഗർഭപാത്രത്തിൽ (Uterus Transplantation ) പിറന്ന മകനുമായി ഒരമ്മയുടെ   ചിത്രവും വാർത്തയും ഇന്നത്തെ പത്രത്തിൽ   കണ്ടു.  അതാണ് ഈ കൊച്ചുകവിതക്കു ആധാരം.)അമ്മമ്മയല്ല ഞാനമ്മയുമാണ് പൊന്നോമന-

ക്കുഞ്ഞേ നിന്റെ, എൻ ഗർഭപാത്രത്തിൽ

പിറന്ന നിൻ സ്വന്തമമ്മയെപ്പോലവേ!

ഗർഭപാത്രമെന്നോമനപുത്രിക്ക്

നൽകാതിരുന്ന സർവശക്താ, എൻ

ഗർഭപാത്രമവൾക്കു നൽകാൻ

തോന്നിപ്പിച്ചു, വിജയിപ്പിച്ചു നീ.

ഗർഭപാത്രമില്ലെന്ന സന്താപവു-

മില്ലിപ്പോൾ, ഗർഭശ്രീമാനായുള്ളോരു

പുത്രനെയും സമ്മാനിച്ചു നീ!


2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

മോഷണഭ്രമം


Blog post no: 450 -

മോഷണഭ്രമം 

(ചിന്താവിഷയം) 

ക്ലെപ്‌റ്റോമാനിയ എന്നൊരു വാക്കുണ്ട്.  അതായത് മോഷണഭ്രാന്ത്/മോഷണഭ്രമം.  ചിലർക്ക് എന്ത്, എവിടെ കണ്ടാലും മോഷ്ടിക്കാനുള്ള ഒരു താല്പര്യം കൂടും.  അതുകൊണ്ടു പ്രത്യേകിച്ച് ഒരു ഉദ്ദേശ്യം ഉണ്ടാവണം എന്നില്ല.  താൻ അത് നേടി എന്ന ഒരു ആത്മസംതൃപ്തി!  എന്നാൽ പലനാൾ കള്ളൻ ഒരു നാൾ അകപ്പെടുമല്ലോ.  

പറഞ്ഞുവന്നത്, മുഖപുസ്തകത്തിലും മുകളിൽപ്പറഞ്ഞ പ്രവണതക്ക് അടിമയായവർ കുറവില്ല. ഒരു കടപ്പാട് പോലും വെക്കാതെ നല്ല രചനകൾ അതേപടി, തങ്ങളുടെ സൃഷ്ടിയാണ് എന്ന് വരത്തക്കവിധത്തിൽ പോസ്റ്റ് ചെയ്യുന്നു! 

''കൊണ്ടുപോകില്ല ചോരന്മാർ....'' എന്ന് ചെറുപ്പത്തിൽ വിദ്യാലയത്തിൽ പഠിച്ചവർതന്നെ വിദ്യ മോഷ്ടിക്കുന്നു! 

സാഹിത്യ/പോസ്റ്റ് മോഷ്ടാക്കളേ, അതൊന്നും വേണ്ടെന്നേ. രണ്ടെങ്കിൽ രണ്ടു വരികൾ നമുക്ക് നമ്മുടെ സ്വന്തമായി എഴുതാൻ നോക്കാം.  തെറ്റുകൾ മറ്റുള്ളവർ ചൂണ്ടിക്കാണിച്ചാൽ അതുൾക്കൊണ്ടു മുന്നോട്ടു പോകാം.  എന്നാൽ രക്ഷയുണ്ട്. എന്നാലേ രക്ഷയുള്ളൂ. 

2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

ആശുപത്രി

Blog post no: 449 -

ആശുപത്രി 

അസ്പതാൽ എന്ന് ദൂരെനിന്നു കണ്ടപ്പോൾ ഒന്ന് അടുത്തുചെന്നു നോക്കിക്കളയാം എന്ന് തോന്നി.  

അത് മുഴുവനായി ഞാൻ വായിച്ചു -

ബീമാർ താലോം കെ അസ്പതാൽ!  അതായത് അസുഖമുള്ള പൂട്ടുകൾക്കുള്ള ആശുപത്രി. 

മനസ്സിലായോ?  പൂട്ടും താക്കോലും റിപ്പർ ചെയ്തു, അത് വേണമെങ്കിൽ പുതുതായി ഉണ്ടാക്കിക്കൊടുക്കുന്ന 
സ്ഥലം.  

ഒന്നുകൂടി വ്യക്തമാക്കിയാൽ - കീ മേക്കർ, പൂട്ടും താക്കോലും കിട്ടുന്ന സ്ഥലം. 

തല കറങ്ങുന്നുണ്ടോ?  വന്നോളൂ, മരുന്നുതരാം.   

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

അല്പം മസാലദോശ വിശേഷങ്ങൾ


Blog post no: 448 -

അല്പം മസാലദോശ വിശേഷങ്ങൾ
(നർമ്മം)

മസാലദോശ - ജീവിതത്തിലെ പല സന്ദര്ഭങ്ങളിലും എനിക്ക് മറക്കാനാവാത്ത ചില അനുഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ചിലത് ഇതാ -
എന്റെ ഒരു ഏട്ടൻ കാർന്നോർ ബോംബെയിൽ ആദ്യമായി എത്തിയപ്പോൾ, ആഹരിക്കുന്നതിനായി ഒരു ഉഡുപ്പി ഹോട്ടലിൽ കയറി. ''2 മസാലദോശ'' - ഓർഡർ പാസ്സാക്കി. രണ്ടാമത്തെ ആൾ ആര് എന്ന് പാവം വെയ്റ്റർ നോക്കുന്നത് മനസ്സിലാക്കി, ''ദൂസരാ ആദ്മി നഹി. ദോനോം മേരെക്കോഹീ ഹേ'' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മാതൃ കയായി. 

ഇത് അങ്ങോർതന്നെ മറ്റുള്ളവരോട് പറയാൻ മടികാണിച്ചില്ല എന്ന വാസ്തവം ആണ് ഇത് എഴുതാൻ കാരണം എന്ന് പറയേണ്ടതില്ലല്ലോ.

***

ഇദ്ദേഹംതന്നെ പണ്ട് ഞാനുമായി മലമ്പുഴ ഡാമിലെ ഒരു ഹോട്ടലിൽ കയറിയപ്പോൾ, ''ചട്ട്ണി കൊണ്ടുവരൂ'' എന്ന് വൈറ്ററോട് പറഞ്ഞു. മസാലദോശ ഓർഡർ ചെയ്തു കഴിഞ്ഞു.
വൈറ്ററുടെ ആത്മാഭിമാനം ആളിക്കത്തി. ''ഏതാ ഐറ്റം വേണ്ടതെന്നു പറഞ്ഞാൽ മതി. ചട്ട്ണിയും സാമ്പാറുമൊക്കെ അതിനോടൊപ്പം വരും.'' പാവം, നമ്മുടെ കഥാനായകൻ വിചാരിച്ചു, മസാലദോശ വരുന്നതിനുമുമ്പ് ചട്ട്ണി വരട്ടെ. അതും നുണഞ്ഞുകൊണ്ടു ഇരിക്കാമല്ലോ എന്ന്.
***

ഞാൻ ബഹറിനിൽ ഉണ്ടായിരുന്നപ്പോൾ, ഗൾഫ് ഡെയിലി ന്യൂസിൽ ഒരു ദേഹം എഴുതിയത് ഓർക്കുന്നു - പുള്ളിക്കാരൻ ഹോട്ടലിൽ കയറി ആറു മസാലദോശകൾ ഒന്നിച്ചു ഓർഡർ ചെയ്യുമത്രേ! (വയറ്റിൽ കോഴിക്കുട്ടികൾ ഉണ്ടോ എന്തോ)! ഒരിക്കൽ അത് ദർശിച്ച ഒരു സർദാർജി ചിരി പാസ്സാക്കിയപ്പോൾ, എഴുന്നേറ്റു ഒന്ന് പൊട്ടിച്ചാലോ എന്ന് നമ്മുടെ എഴുത്തുകാരന് തോന്നിയത്രേ. ഇങ്ങനെ അവഹേളിക്കുകയോ - അല്ലാ പിന്നെ.

***
പഴയ ഒരു ഹിന്ദി സിനിമാനടൻ (വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ആൾ) മൊട്ടത്തലയൻ ഷെട്ടി ഉണ്ടായിരുന്നു. അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയിൽ അദ്ദേഹം താഴ്മയായി മൊഴിഞ്ഞു:
''ഞാൻ താരമൊന്നുമല്ലന്നേ, മസാലദോശക്കു പേരുകേട്ട ഒരു സാധാരണ ഉടുപ്പിക്കാരൻ.''
***

വെളിയിൽ കറങ്ങിനടന്ന ഒരവസരത്തിൽ എന്റെ വാമഭാഗം പറഞ്ഞു - മസാലദോശ തിന്നിട്ടു കുറേ ആയി. ആയിക്കളയാം - ഞാൻ പറഞ്ഞു. കാര്യം സാധിക്കുകയും ചെയ്തു.
പിന്നീടൊരിക്കൽ, വീട്ടിൽ ഉണ്ടാക്കി. വീട്ടുകാരി പറഞ്ഞു - ഈ സാധനത്തിനല്ലേ നമ്മൾ അന്ന് ...... രൂപ കൊടുത്തത്? വയറു മാനംപോലെ കത്ത്ണൂ. എന്നുപറഞ്ഞാൽ, മനസ്സ് വല്ലാതെ വേദനിക്കുന്നു എന്ന് പാലക്കാടൻ ഭാഷ്യം! ഞാൻ മനസ്സിൽ പറഞ്ഞു - എന്റെ ഭാര്യേ, ഞാൻ അങ്ങനെ പണ്ട് ഹോട്ടലിൽ കൊടുത്ത പൈസയും, സിനിമ കണ്ട പൈസയുമൊക്കെ ഉണ്ടെങ്കിൽ ഇന്നൊരു മണിമാളിക കെ ട്ടാമായിരുന്നു. പക്ഷെ, പറഞ്ഞില്ല. ബോധം പോയാലോ.
***

എന്റെ ഒരു സുഹൃത്ത്, എന്താ കഴിക്കുക എന്ന് ചോദിച്ചപ്പോൾ, പറഞ്ഞു:
മദാലസ ആയിക്കളയാം.
മദാലസയോ?
അതേടോ, ആ വാക്കിനു എന്തൊരു ചന്തം. മസാലദോശ, മസാലദോശ - മനസ്സിലായോ?
***

ഒന്നുരണ്ടു ഫിലിപ്പിനോ സുഹൃത്തുക്കൾക്ക് ഞാൻ മസാലദോശ വാങ്ങിച്ചുകൊടുത്ത് കൃതകൃത്യനായി - അറിയട്ടെ അവർ ഈ സൗത്ത് ഇന്ത്യൻ ഡിഷിന്റെ മഹത്വം. അതിലൊരാൾ പിന്നീട് ഒരു സുഹൃത്തിനോട് പറയുന്ന കേട്ടു - ഞാൻ പുള്ളിക്കാരന് പൊട്ടറ്റോ കറി നിറച്ച കുബൂസ് വാങ്ങിച്ചുകൊടുത്തത്രെ!