2017, ഡിസംബർ 19, ചൊവ്വാഴ്ച

ക്ഷേത്രങ്ങൾ, ക്ഷേത്രങ്ങൾ...

Blog post no: 466-
ക്ഷേത്രങ്ങൾ, ക്ഷേത്രങ്ങൾ...


എൻറെ കുഞ്ഞനിയത്തി നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നു, ഏട്ടനും എടത്തിയമ്മക്കും ബുക്ക് ചെയ്തോട്ടെ, എൻറെ വീട് കണ്ടിട്ടില്ലല്ലോ എന്ന് പറഞ്ഞപ്പോൾ ഞാൻ ഭാര്യയോടും കൂടി ചോദിച്ച് ''ഓക്കെ'' ചെയ്തു. 

പാലക്കാട്ടിൽത്തന്നെയുള്ള, പട്ടാമ്പി  - കുമ്പിടിക്കടുത്ത് പെരുമ്പത്തുള്ള വീട്ടിൽ പോയി.  നവംബർ അവസാനത്തെ ആഴ്ചയിൽ പോകാനും കാരണമുണ്ട് - അവിടെയുള്ള വാമനമൂർത്തി അമ്പലത്തിൽ ഗുരുവായൂർ ഏകാദശി ഉത്സവമാണ്. 

കേരളത്തിന്റെ പല ഭാഗങ്ങളും ഇനിയും ഞാൻ കണ്ടിട്ടില്ല.  എന്തിനധികം ജന്മനാടായ പാലക്കാടിന്റെയും.  ഈ യാത്രയിൽ അങ്ങിനെ ചില സ്ഥലങ്ങളിൽ അവളും, അളിയനുമായി  പോകാൻ സാധിച്ചു, തറവാട്ടിലേക്കും ബന്ധുക്കളുടെയും അടുത്ത് പോകുന്നതിനുമുമ്പായി. 

പെരുമ്പലം ശ്രീകൃഷ്ണ ക്ഷേത്രം - ഒരു കൊച്ചു ക്ഷേത്രം.  അടുത്തുള്ള മൈതാനത്തിൽ ''എന്ജോയ് ബോയ്സ്'' കളിക്കുന്നു.  അതിനടുത്ത് പാതവക്കിലായി അവരുടെ ''ഏറുമാടം'' കാണാം.  അതിലിരുന്നു പത്രം വായിക്കാനും, മൊബൈൽ ഫോൺ നോക്കാനും, സംസാരിക്കാനും...

കൊടലിൽ വാമനമൂർത്തി അമ്പലം -  മൂന്നാലു പ്രാവശ്യം അവിടെ പോയി.  നാരായണീയം വായന, കൾച്ചറൽ പ്രോഗ്രാംസ് , ആന എഴുന്നള്ളത്ത്...




അതിനടുത്തുതന്നെയാണ് മൂലയാം പറമ്പത്ത് ഭഗവതി.  കുറെ പടവുകൾ കയറി പോകണം. 




പന്നിയൂർ വരാഹമൂർത്തി അമ്പലം, കേരളത്തിൽതന്നെയുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണ്. മാത്രമല്ല ഈ ക്ഷേത്രത്തിനടുത്തുള്ള ചിറയിൽനിന്നാണ് വിഷ്ണുഭഗവാൻ വരാഹമായി അവതരിച്ച് ലോകത്തെ തേറ്റയിൽ എടുത്ത് രക്ഷിച്ചത് എന്ന് വിശ്വസിക്കപ്പെട്ടുവരുന്നു.  പറയിപെറ്റു പന്തിരുകുലത്തിലെ പെരുന്തച്ചന്റെ മുഴങ്കോലും ഉളിയുമൊക്കെ ഈ ക്ഷേത്രത്തിൽ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. 







പെരുന്തച്ചന്റെ സഹോദരങ്ങളും ഇവിടെ സ്മരിക്കപ്പെടുന്നു.    രാ യ് ര  നെ ല്ലൂ ർ ഭഗവതി ക്ഷേത്രത്തിനോട് തൊട്ടുള്ള നാറാണത്ത് ഭ്രാന്തന്റെ ശിൽപം കാണേണ്ടതാണ്. 






ഭ്രാന്തൻ ഒരു കാലിലുള്ള മന്ത് വേറൊരു കാലിലേക്ക് മാറ്റാൻ വരം വാങ്ങിയ ഒരു കഥയുണ്ട്.  ഭഗവതിയും കൂട്ടരും ചുടലയിൽ പാതിരാത്രി എത്തുമ്പോൾ, അവിടെ ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന നാറാണത്ത് ഭ്രാന്തനെ കാണുന്നു.  അയാളെ അവിടെ നിന്നും ഓടിക്കാൻ എല്ലാ അടവുകളും പയറ്റി, അവസാനം ഭഗവതി തോറ്റു.  ഭ്രാന്തനോട് എന്തെങ്കിലും വരം ചോദിക്കാൻ ആവശ്യപ്പെട്ടു.  ഒരു ഉപകാരവുമില്ലാത്ത വരം എന്ന് വരുത്തിത്തീർക്കാൻ തൻറെ ഒരുകാലിലുള്ള മന്ത് വേറെ കാലിലാക്കി തരാൻ പറയുന്നു! 

വേറൊരു സഹോദരനായ പാക്കനാരുണ്ട് ക്ഷേത്രവും ഉണ്ട്.  അവിടെ ഇതര മതത്തിലുള്ളവരെ കണ്ടു. 




പിന്നീട് നരസിംഹമൂർത്തി - അയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്തി.  ഇവിടേയ്ക്ക് പോകുന്നത് ഒരു മനയുടെ ഉള്ളിലൂടെ ആയിരുന്നു.  അവിടെ എത്തിയപ്പോൾ എം.ടി.യുടെ   ജാനകിക്കുട്ടിയുടെയും, കുഞ്യാത്തോലിന്റെയും കഥ ഓർമ്മ വന്നു.




പിന്നീട് എം.ടി.യുടെതന്നെ നിർമ്മാല്യത്തിൽ കണ്ട കാവുകൾ - വാഴക്കാവ് ഭഗവതി ക്ഷേത്രം, കൊടിക്കുന്നത്ത് ഭഗവതി ക്ഷേത്രം, പിന്നെ മുത്തുവിളയാംകുന്ന് ക്ഷേത്രം  മുതലായതൊക്കെ കണ്ടു.






മൽമലക്കാവ് അയ്യപ്പൻകാവ് ക്ഷേത്രത്തിലും, ആൽത്തറയിലും, എം.ടി. യുടെ ''നീലത്താമര'' വിരിയുന്ന കുളത്തിലുമൊക്കെ പോയി.  ആൽത്തറയിൽ, മുല്ലനേഴി ഇരുന്നു, ''കുട്ടി, വെളുത്തേടത്തെയല്ലേ'' എന്നൊക്കെ ചോദിക്കുന്നതും മറ്റും മനസ്സിൽ കണ്ടു.






തൃപ്പൻകോട്ടു    മഹാദേവ ക്ഷേത്രത്തിൽ, ശിവൻ, മാർക്കണ്ഡേയനുവേണ്ടി യമനെ വധിച്ചശേഷം ശൂലം കഴുകിയ കുളം എന്ന് വിശ്വസിക്കപ്പെട്ടുപോരുന്ന കുളവും കണ്ടു.




തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, ആലത്തിയൂർ ഗരുഡൻകാവ് (കേരളത്തിലെ ഒരേ ഒരു ഗരുഡൻ പ്രതിഷ്ഠയുള്ള ക്ഷേത്രം) എന്നിവടങ്ങളിലും പോയി.





മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചതിന്, അവിടെനിന്നു വരുമ്പോൾ അളിയനോട് ഒരു നല്ല മൂഡിൽ സംസാരിക്കാനും, നന്ദി പറയാനും പറ്റിയില്ല - അയാൾ കസിന്റെ അസുഖവുമായി ബന്ധപ്പെട്ടു തിരക്കിലായി. പ്രഭേട്ടൻ, ഞങ്ങൾ അവിടെയുണ്ടാതിരുന്നപ്പോൾ ഇടയ്ക്കിടെ വന്നു വിശേഷങ്ങൾ തിരക്കിയിരുന്നു.  ഇപ്പോൾ, സുഖമായി എന്നറിഞ്ഞു.

കടപ്പാട് - ചിത്രങ്ങൾക്ക്, അനിയത്തിയോട്. 

2017, സെപ്റ്റംബർ 9, ശനിയാഴ്‌ച

പാതാളം എയർലൈൻസ്

Blog post no: 465 -



പാതാളം എയർലൈൻസ്



ശിഷ്യൻ: ഗുരോ, ഒരാൾ എനിക്ക് വാട്ട്സ്ആപ് വഴിക്കു ഒരു സന്ദേശം ഇട്ടിരിക്കുന്നു. പാതാളം എന്നെഴുതിയ ഒരു വിമാനത്തിൽ മഹാബലി യാത്ര പറഞ്ഞു പോകുന്നു!

ഗുരു: അതെ, ഇവിടെനിന്നും പാതാളത്തിലേക്കാണ് പോകുന്നത്. അവിടെയും ആഘോഷങ്ങളുണ്ട്. കേരളത്തിലെന്നപോലെ, ഇന്ത്യയിലെന്നപോലെ അവിടെയും രാജഭരണമല്ലല്ലോ. അവിടത്തെ പ്രജകളെ കണ്ട് സുതലത്തിലേക്കു മടങ്ങും.
ശിഷ്യൻ: സുതലത്തിലേക്കോ?
ഗുരു: അതെ. ഇന്ന് പ്രചരിച്ചുകാണുന്ന കഥ സത്യമല്ല - അതായത് ബലി പാതാളത്തിൽ ആണ്, വാമനൻ ബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി എന്നത്. അത് ഒരു വികലമായ ചിന്തയാണ്. മനുഷ്യൻ സ്വപ്നജീവിയാണ്. കലാസ്വാദകനും ആസ്വാദകയുമൊക്കെയാണ്. ഭാവനാസമ്പന്നരാണ്. പുരാണങ്ങളും ഇതിഹാസങ്ങളും, ഐതിഹ്യങ്ങളും, പലപ്പോഴും ചരിത്രവും വരെ ഈ സത്യം ഉൾക്കൊള്ളുന്നു. എന്തായാലും നല്ലത് ഉൾക്കൊള്ളുക എന്ന് മാത്രം നാം തീരുമാനിച്ചാൽ മതി. വാസ്തവത്തിൽ, ബലിയുടെ തലയിൽ പാദസ്പര്ശമേല്പ്പിച്ച് സ്വർഗ്ഗത്തിന്റെ ഭാഗമായ സുതലത്തിലേക്ക് ഇന്ദ്രനുതുല്യമുള്ള സ്ഥാനം നൽകി അയക്കുകയാണുണ്ടായത്.
ഗുരു തുടർന്നു: ഒരു രാഷ്ട്രീയ സമ്പ്രദായം നല്ല നിലക്ക് മുന്നോട്ട് കൊണ്ടുപോകേണമെങ്കിൽ എത്ര നല്ല മനസ്ഥിതിയുള്ള രാഷ്ട്രീയക്കാരനും അല്പം നീതിയിൽനിന്നു വ്യതിചലിക്കേണ്ടി വരും - ധർമ്മം നിലനിർത്താൻ. ദേവന്മാരെയും, സ്വർഗ്ഗവും നിലനിർത്താൻ വിഷ്ണുവിന് ഇങ്ങനെ ചെയ്യേണ്ടിവന്നു. എങ്കിലും അതിലും ഞാനിപ്പോൾ പറഞ്ഞപോലെ ധർമ്മമുണ്ട്.
സുതലത്തിൽനിന്നും സ്വർഗ്ഗം എയർലൈൻസ് വഴിയാണ് ബലി ഇവിടെ എത്തിയത്. ആ വിമാനം തിരിച്ചുപോയി. നേരത്തെ ഏർപ്പാട് ആക്കിയപോലെ, പാതാളം എയർലൈൻസ് ബലിയെ പാതാളത്തിൽക്കു കൊണ്ടുപോകുന്നു. അവിടെനിന്നും സുതലത്തിലേക്ക് കൊണ്ടുപോകാൻ സ്വർഗ്ഗം എയർലൈൻസ് വരും.
Chithram: Courtesy: Whatsapp

2017, ഓഗസ്റ്റ് 26, ശനിയാഴ്‌ച

എന്റെ വായനയിൽ നിന്ന് (11)



Blog post no: 464 - 

എന്റെ വായനയിൽ നിന്ന് (11)

(ലേഖനം)

സി. എൽ. ജോസിന്റെ നാടകങ്ങളിൽ ഒന്നാണ് വിഷക്കാറ്റ്. ഈ നാടകം വായിക്കാനും കാണാനുമുള്ള ഭാഗ്യം ഉണ്ടായി. ഞാൻ പഠിച്ച സ്കൂളിൽ അവതരിപ്പിച്ച ഈ നാടകത്തിലെ നായിക തൃശ്ശൂർ എൽസി ആയിരുന്നു. ഇതൊരു സാമൂഹിക നാടകം - ജോസിന്റെ മറ്റു നാടകങ്ങളെപ്പോലെത്തന്നെ. ജീവിതത്തിലെ താളപ്പിഴകൾ ജീവിതഗന്ധിയായി അവതരിപ്പിച്ചു നാടകകൃത്ത്‌.
എനിക്കൊരിക്കലും മറക്കാനാവാത്ത അനുഭവം ആണ് ഈ നാടകം വായിച്ചതും കണ്ടതും.
+++
ശാരദ - ഓ. ചന്ദുമേനോന്റെ നോവൽ. മലയാളത്തിലെ ഒരു ആദ്യകാല നോവൽ. ആദ്യഭാഗം എഴുതി, രണ്ടാമത്തെ ഭാഗം എഴുതുന്നതിനുമുമ്പേ ഇദ്ദേഹം മരണമടഞ്ഞു. രണ്ടാമത്തെ ഭാഗം ഒന്നുരണ്ടുപേർ എഴുതി. എന്നാൽ അത് ആദ്യഭാഗവുമായി തട്ടിച്ചു നോക്കുമ്പോൾ ഒരു ഭംഗിയില്ലെന്ന് വിമർശകർ അഭിപ്രായപ്പെട്ടു. ഒരു കാലഘട്ടത്തിന്റെ കഥ. പഴയ സാഹിത്യ ശൈലി എങ്കിലും കഥയുടെ ഘടന, കാഥപാത്രങ്ങളുടെ പ്രത്യേകതകൾ... എല്ലാം ശാരദ വായിച്ചവർ മറക്കുകില്ല. ഉദാ: ഒരു വൈത്തിപ്പട്ടർ എന്ന സര്പ്പദൃഷ്ടിയുള്ള കഥാപാത്രം - ജീവിതത്തിൽ എവിടെയോ കണ്ടതായി എനിക്ക് തോന്നുന്നു. അത് സാന്ദർഭികമായി ഇടക്കൊക്കെ ഓർമ്മ വരാറുമുണ്ട്. മലയാളത്തെ സ്നേഹിക്കുന്നവർ, സാഹിത്യപ്രേമികൾ ശാരദ വായിക്കാതിരിക്കില്ല എന്ന് തോന്നുന്നു.
+++
വിജയലക്ഷ്മി പൂണോത്ത് എടുത്തു പറയുന്ന കഥകളെക്കുറിച്ച് ഓർത്തപ്പോൾ വിക്രമാദിത്യ കഥകൾ മനസ്സിലേക്ക് ഓടി എത്തി. പലരും പല രീതികളിൽ പ്രസിദ്ധപ്പെടുത്തിയ കഥകൾ. ''ഇതിനു ശരിയായ ഉത്തരം പറഞ്ഞില്ലെങ്കിൽ താങ്കളുടെ തല പൊട്ടി ചിന്നഭിന്നമാകു''മെന്ന് പറഞ്ഞു ചക്രവര്ത്തിയുടെ തോളിൽനിന്നു മരത്തിൽ പോയി തൂങ്ങുന്ന വേതാളം പറയുന്ന കഥകൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു. ഒരു അത്ഭുത ലോകത്തിലേക്ക്‌ കൊണ്ടുപോകുന്നു.

2017, ജൂൺ 27, ചൊവ്വാഴ്ച

ഇന്നത്തെ പത്രവായനയിൽനിന്ന് (3)


Blog post no: 463 -

ഇന്നത്തെ പത്രവായനയിൽനിന്ന് (3)


മുഖം - അങ്ങനെയും, ഇങ്ങനെയും! 


''ചികിൽസിച്ചു ഭേദമാക്കാനാവാത്ത അർബുദം ബാധിച്ചതിനാൽ ചൈനയിലെ സമാധാന നൊബേൽ സമ്മാനജേതാവ് ലിയു സിയാബോയെ തടവിൽനിന്നു മോചിപ്പിച്ചു.''

ചൈനയുടെ നല്ല മനസ്സ് അല്ലേ?

***

''സിക്കിം അതിർത്തിയിലേക്ക് ചൈനീസ് പട്ടാളത്തിൻറെ കടന്നുകയറ്റം. ഇന്ത്യൻ അതിർത്തിക്കുള്ളിലേക്കു കടന്നുകയറിയ സൈനികർ രണ്ടു താൽക്കാലിക ബങ്കറുകൾ തകർത്തു.''

ഇതോ, തല്ലു കൊള്ളിത്തരമല്ലേ?

2017, ജൂൺ 5, തിങ്കളാഴ്‌ച

ഔചിത്യം


ഔചിത്യം
.

''മലയാളത്തിൽ 'രണ്ടാമൂഴം', മറുഭാഷകളിൽ 'മഹാഭാരത' എന്ന് ഇന്നത്തെ പത്രത്തിൽ വായിച്ചു. എംടിയുടെ രണ്ടാമൂഴം, വിവാദങ്ങൾക്കൊടുവിൽ അങ്ങനെയാകുന്നു.

ആദ്യം പറഞ്ഞത് തികച്ചും ഉചിതം. അങ്ങനെതന്നെ വേണം. മലയാളി സാഹിത്യ/കലാസ്വാദകർ പറഞ്ഞപോലെതന്നെ. എന്നാൽ രാണ്ടാമതു പറഞ്ഞത് ഉചിതം അല്ല - തികച്ചും.

പുരാണകഥകളെക്കുറിച്ചു മലയാളികളെപ്പോലെതന്നെ മറ്റുള്ളവർക്കും ബോധമുണ്ട്. രണ്ടാമൂഴത്തിന്റെ അടിസ്ഥാനത്തിൽ ചിത്രമെടുത്ത് ''മഹാഭാരത'' എന്നുപറഞ്ഞാൽ എങ്ങനെ ശരിയാകും? എംടിക്ക് അദ്ദേഹത്തിന്റേതായ വീക്ഷണമുണ്ട്. ആ വീക്ഷണം ''ഒരു വടക്കൻ വീരഗാഥ''യിലും വൈശാലിയിലുമൊക്കെ നാം കണ്ടു. രണ്ടാമൂഴം എന്നതും അഭ്രപാളിയിൽ അതുപോലെയോ അതിലപ്പുറമോ തിളങ്ങും. ഇത് മലയാളിയുടെ പ്രതീക്ഷ.

തന്നെപ്പോലെ ബുദ്ധി മറ്റുള്ളവർക്കില്ല എന്ന് ചിലർ വിചാരിക്കുന്നുണ്ട്. എന്നാൽ മുഴുവൻ മലയാളികളും അങ്ങനെയല്ല. അപ്പോൾ? അത് വേണ്ട. ഭീമായണ്, ഭീമായണം, ഭീമായനം, അല്ലെങ്കിൽ അതുപോലെ വേറെന്തെങ്കിലും ആണെങ്കിൽ (ഭീമന്റെ കഥയായതുകൊണ്ട്), അതാണ് ഉചിതം. അതിന്റെ പേരാണ് ഔചിത്യം. അല്ലാതെ, മഹാഭാരതം എന്നല്ല. അത് മലയാളിക്കല്ല, മറ്റുള്ളവർക്കും അറിയാം. അപ്പോൾ? അത് വേണോ?

2017, മേയ് 13, ശനിയാഴ്‌ച

സ്ത്രീയും പുരുഷനും - ജീവിതത്തിലും കഥകളിലും.


Blog post no: 460 - 

സ്ത്രീയും പുരുഷനും - ജീവിതത്തിലും കഥകളിലും.



ജീവിതമില്ലാതെ കഥയില്ല.  കഥയില്ലാതെ ജീവിതവുമില്ല. കഥ ജീവിതഗന്ധിയാകുമ്പോൾ വായന സുഖകരമാവുന്നു.  അതിൽ ദു:ഖമുണ്ടാകാം, സന്തോഷമുണ്ടാകാം,  രണ്ടും കലർന്നതാകാം. സാധാരണനിലക്കു സ്ത്രീയും പുരുഷനുമുണ്ടാകാം. 

ജീവിതത്തിൽ സ്ത്രീക്കു പുരുഷനേക്കാൾ പ്രാധാന്യം ഉണ്ടാകാം.  സ്ത്രീ സാധാരണനിലക്കു കൂടുതൽ ബുദ്ധിമുട്ടുന്നുണ്ടാകാം.  അനുകമ്പ അർഹിക്കുന്നുണ്ടാകാം.  ഇവിടെ എടുത്തുപറയാനുള്ളത് - സാധാരണനിലേക്ക് എന്ന വാക്കാണ്.  അല്ലാതെ, അത് പുരുഷനുമാകാം.  അതുകൊണ്ടാണല്ലോ, ആരെപ്പറ്റി എഴുതിയാലും കഥ ജീവിതഗന്ധിയാകുമ്പോൾ നമുക്ക് വായനാസുഖം ലഭിക്കുന്നു. 

എത്രയോ മഹാന്മാർ സ്ത്രീയെക്കുറിച്ചു നല്ലതെഴുതി.  അത്രയും അല്ലെങ്കിലും തിരിച്ചും.  
  
ഈയിടെ വാട്ട്സപ്പിൽ സ്ത്രീയെക്കുറിച്ചു വളരെ നല്ലനിലക്ക് ഒരു സന്ദേശം  കണ്ടു.  നല്ലത്.  

എന്നാൽ, പുരുഷൻ അതിനു വിപരീതം ആണ് എന്ന് വരുന്നില്ല.  വിവാഹത്തിന് മുമ്പും പിമ്പും, സ്വന്തം അച്ഛനമ്മമാർക്കും, സഹോദരങ്ങൾക്കും,  ഭാര്യക്കും മക്കൾക്കും വേണ്ടി ബുദ്ധിമുട്ടുന്ന വെറും സാധാരണക്കാരായ പുരുഷന്മാരും, പിൽക്കാലത്തെങ്കിലും അതിലൊന്നും വലിയ കാര്യമില്ല എന്ന് വിചാരിക്കുന്ന സ്ത്രീകളും ഇല്ലേ?  

ആയതുകൊണ്ട്, സന്ദേശങ്ങൾ എന്തോ ആകട്ടെ.  അത് ഉൾക്കൊള്ളുക.  വ്യക്തിപരമായി തട്ടിച്ചുനോക്കുക, വിശകലനം ചെയ്യുക, നല്ല നിലക്ക് മുന്നോട്ടുപോകുക.  അല്ലാതെ, അതേക്കുറിച്ചു തർക്കിച്ചിട്ടു ഒരു കാര്യവുമില്ല. 

ഈ എഴുതിയതിനു അടിക്കുറിപ്പായി എഴുതാതെ വയ്യ: 

വർഷങ്ങൾക്കുമുമ്പ്, എന്നുവെച്ചാൽ ഒരു നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ മുംബൈയിലെ ഒരു കൊച്ചു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു.  ഡോ. കഹൻചന്ദ് ഹണ്ട എന്ന ബോസ്സിന്റെ ഭാര്യ ഒരിക്കൽ ഓഫീസിൽ വന്നപ്പോൾ എന്നോട് കുശലം ചോദിച്ചു - അവർ അവരുടെ പഞ്ചാബി/ഉർദു ഹിന്ദിയിൽ.

ഒറ്റക്കാണോ താമസം? 

അല്ല, ഒരു ജ്യേഷ്ടസഹോദരനും (കസിൻ) രണ്ടു സുഹൃത്തുക്കളുമായി താമസിക്കുന്നു.   

ആഹാരം?

വെച്ച് കഴിക്കുന്നു. 

വീട്ടിലെ മറ്റു  പണികൾ - അലക്ക്, മുറി വൃത്തിയാക്കൽ.... ?

എല്ലാം ഞങ്ങൾതന്നെ ചെയ്യുന്നു. 

അവർ വിടർന്ന കണ്ണുകളോടെ നോക്കി.  

എല്ലാം ഒറ്റയ്ക്ക്? 

അതെ.   

പിന്നീടങ്ങോട്ടും കഥ തുടർന്നു - വര്ഷങ്ങളോളം...

2017, ഏപ്രിൽ 18, ചൊവ്വാഴ്ച

ഒരു സായംസന്ധ്യയിൽ..... മുംബൈ പാട്ടോളം സംഗീതസദ്യയിൽ.....


Blog post no: 459 -

ഒരു സായംസന്ധ്യയിൽ..... മുംബൈ പാട്ടോളം സംഗീതസദ്യയിൽ.....



ഞെരളത്ത് കലാശ്രമം മുംബൈ പാട്ടോളം - ഒരു തനി കേരളം സംഗീതോത്സവത്തിൽ ഒരു കാണിയാകാൻ, ശ്രോദ്ധാവാകാൻ ഭാഗ്യമുണ്ടായി - ഇന്നലെ.  കൂടെ സുഹൃത്തും ബന്ധുവുമായ ഗോപിയും (പി. ഗോവിന്ദൻകുട്ടി നായർ, പ്രസിഡന്റ്, മുംബൈ കണ്യാർകളി സംഘം).  അവിടെ എത്തിയപ്പോൾ കണ്യാർകളി സംഘത്തിന്റെ  ജീവനാഡികളായ ഉദയകുമാർ, നാരായണൻ കുട്ടി, ജയരാജ്,  അമ്പിളി (അരവിന്ദ്) തുടങ്ങിയവരെയൊക്കെ കണ്ടു. സിനിമ/സീരിയൽ/നാടക നടിയും  എന്റെ  ഒരു മരുമകളുമായ ജ്യോത്സ്നയെയും കുടുംബത്തെയും, പല പരിചയക്കാരെയും കണ്ടു.  

സ്ഥലത്ത് എത്തിയപ്പോൾത്തന്നെ നാടകനടനും, അവതാരകനുമായ പ്രസാദ്, ഷൊർണൂരിന്റെ പ്രൗഢഗംഭീരമായ ശബ്ദം മൈക്കിലൂടെ ഒഴുകുന്നുണ്ടായിരുന്നു. 


സുജിത്തിന്റെ ഇടക്കവാദ്യം ഗംഭീരമായി.  കലാശ്രമത്തിലെ ഞെരളത്ത് ഹരിഗോവിന്ദൻ പിന്നീട് ഒരു സന്ദർഭത്തിൽ വളരെ സരസമായി പറഞ്ഞപോലെ, വംശനാശം വന്നുപോകാനിടയുള്ള കലാകാരന്മാരിൽ  - ഇന്ന് ജീവിച്ചിരിക്കുന്ന ചുരുക്കം ചില പ്രഗത്ഭരിൽ  ഒരാൾ!   

മാപ്പിള ഷെഹനായി - വളരെ നന്നായിരുന്നു.  ചില കേട്ടു പരിചയമുള്ള മാപ്പിളപ്പാട്ടുകൾ അവർ സംഗീതമയമാക്കി. 

ഗോദാമുരിപ്പാട്ടും, തോറ്റംപാട്ടും അവതരിപ്പിച്ച കലാകാരന്മാർ ഇത്ര പ്രാചീനമായ, പ്രശസ്തമായ (എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അത്രയ്ക്ക് പരിചയമില്ലാത്ത) അവരുടെ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവച്ചപ്പോൾ, അത് പറഞ്ഞപ്പോൾ വികാരാധീനനായി.  പാട്ടു തുടങ്ങുന്നതിനു മുമ്പായി, കഥ ചെറുതായി വിവരിച്ചു.  അസുരന്മാരാൽ, മനുഷ്യർക്ക് ജീവിക്കാൻ വയ്യാതായപ്പോൾ, ദേവന്മാർ അവരുടെ രക്ഷക്കായി കാമധേനുവിനെ ഭൂമിയിലേക്കയച്ചു.  അതുമായി ബന്ധപ്പെട്ടതാണ് ആദ്യം പറഞ്ഞത്.  ശങ്കരാചാര്യരും വേഷം മാറിവന്ന ശിവനും തോറ്റംപാട്ടിൽ കഥാപാത്രങ്ങളായി.  

കുത്തിയോട്ടപ്പാട്ടിൽ പ്രധാനമായി ശാകുന്തളം കഥയായിരുന്നു.  

പിന്നീട്, വാസുദേവനും (ശ്രീക്കുട്ടൻ) കൂട്ടരും കണ്യാര്കളിപ്പാട്ടു അവതരിപ്പിച്ചു.  അതിൽ, പരിചമുട്ടും (മുസ്ലിം കൂട്ടപ്പൊറാട്ട്) ചെറുമിപ്പൊറാട്ടും, വെള്ളക്കൊടിച്ചി-വേശക്കോടിച്ചിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.  ഞങ്ങളുടെ ദേശത്തിൽ (തിരുവഴിയാട്) എന്റെ പതിനാറാം വയസ്സിനു മുമ്പ് (ഇന്ന് അത് തിരിച്ചിട്ടാൽ, അതിലധികം ആയി :) ) ഞാനും മുംബൈ കണ്യാർകളി സംഘത്തിന്റെ പ്രസിഡന്റ് ഗോപിയും ചെറുമിക്കുട്ടികൾ കളിച്ചത് എന്നും ഓർക്കും.  സവർണ്ണരെന്നോ അവര്ണ്ണരെന്നോ വ്യത്യാസം കാണാതിരുന്ന, സവർണ്ണരെന്നു പറയപ്പെടുന്നവർ അവർണ്ണരുടെ കൈകോർത്ത് ആടിപ്പാടുകയാണ് കണ്യാർകളിൽ.  അന്ന്, ചെറുമിക്കുട്ടികളെ ഒരുനോക്കു കാണാനായി (അതിനു ശേഷംവേണം പണിക്കു പോകാൻ) അക്ഷമരായി നിൽക്കുന്ന സാക്ഷാൽ ചെറുമികളെ, അവരുടെ സന്തോഷഭാവം ഞാൻ നിന്നെന്നപോലെ ഓർക്കുന്നു.... പോലല്ലാ ലല്ലേ......   കേട്ടപ്പോൾ, വാസ്തവത്തിൽ അടുത്തിരുന്ന ഗോപിയെയും കൂട്ടി സ്റ്റേജിൽ കയറി പഴയ ചെറുമിക്കുട്ടികളായി ആടിത്തകർത്താലോ എന്ന് തോന്നിപ്പോയി! 

അട്ടപ്പാടി സംഘത്തിന്റെ പാട്ട് മുഴുവൻ കേൾക്കാൻ പറ്റിയില്ല.  (വാഹന സൗകര്യം നോക്കി അല്പം നേരത്തെ ഇറങ്ങേണ്ടിവന്നു.) കഴിവുള്ള  കലാകാരന്മാർ!

അതെ, അവതാരകൻ സൂചിപ്പിച്ചപോലെ, പ്രാചീന കലകളുടെ, സംഗീതത്തിന്റെ എന്തെല്ലാം ഭാവങ്ങൾ! അതിൽ അറുപതോളം ''പാട്ടോളം'' നാട്ടിൽ അവതരിപ്പിച്ചു എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി.  

പാട്ടോളത്തിന്, കലാകാരന്മാർക്ക്, അണിയറപ്രവർത്തകർക്ക്, ആസ്വാദകർക്ക് കൂപ്പുകൈ. 

ചിത്രത്തിൽ: കണ്യാർകളിപ്പാട്ടുകൾ അവതരിപ്പിച്ച ശ്രീക്കുട്ടനും കൂട്ടരും ആദരിക്കൽ ചടങ്ങിനു ശേഷം. 

2017, ഏപ്രിൽ 6, വ്യാഴാഴ്‌ച

കമ്പിയില്ലാക്കമ്പി


Blog post no: 458 -

കമ്പിയില്ലാക്കമ്പി 


നീ എന്നിൽ കൊളുത്തിയ

സ്നേഹത്തിന്റെ  തിരിനാളം

അണയാതിരിക്കുന്നേടത്തോളം

സംശയമേ വേണ്ട, എന്നിലെ

ആത്മാർത്ഥ സ്നേഹത്തിന്റെ

കമ്പിയില്ലാക്കമ്പി സന്ദേശങ്ങൾ

നിന്നിലേക്ക്‌  മരണംവരെയും

എത്തിക്കൊണ്ടേയിരിക്കും.

2017, മാർച്ച് 16, വ്യാഴാഴ്‌ച

രണ്ടു മിനിക്കഥകൾ


Blog post no: 457 - 

പാരിജാതം 



പാരിജാതം - അതാണവളുടെ പേര്.  പാരി എന്ന് അടുത്തു പെരുമാറുന്നവർ വിളിച്ചു.  സകലകലാവല്ലഭയായ പാരിജാതം യുവജനോത്സവങ്ങളിൽ തിളങ്ങി. 

പാരി  പിന്നീട് പ്യാരിയായി നാടകങ്ങളിൽ അഭിനയിച്ചു.  അതെ, അവൾ എല്ലാവര്ക്കും  പ്യാരി (പ്രിയപ്പെട്ടവൾ) ആയി. 

പാവം പ്യാരി.  ഒരിക്കൽ പ്യാരിയെ ആരോ ചോരി (മോഷണം) ചെയ്തുകൊണ്ടുപോയി.  അന്വേഷണം ഇപ്പോഴും തുടരുന്നു. 

എല്ലാവർക്കും പ്രിയപ്പെട്ടവളുടെയും, എല്ലാവർക്കും പ്രിയപ്പെട്ടവയുടെയും  വിധി പലപ്പോഴും ഇങ്ങനെയാണ്.  പാരിജാതമെന്ന  പ്യാരിയും അതിൽപ്പെട്ടുപോയി.  

***


പനിനീർപ്പൂവിതൾ 



എങ്കിലും ആ പനിനീർപ്പൂവിതൾ എവിടെനിന്നു വന്നു - അവൾ വീണ്ടും ആലോചിച്ചു.   വിശ്വേട്ടൻ സ്നേഹസമ്പന്നനാണ്.  കൂട്ടുകാരിൽ പെൺകുട്ടികൾ ധാരാളം.  അവരിലാരെങ്കിലും....   ഛെ! അങ്ങനെയുണ്ടാവുമോ? 

ആരെങ്കിലും വന്നിരുന്നോ എന്ന് ചോദിച്ചപ്പോൾ, ''ആര് വരാൻ'' എന്ന് മറുപടി.  മാത്രമല്ല, ''ആയതുകൊണ്ട്, എന്റെ പണി മുഴുവനാക്കാൻ സാധിക്കുന്നു'' എന്നും.  രണ്ടു മൂന്നു  ദിവസത്തെ ലീവെടുത്ത് തന്റെതായ  ജോലികൾ മുഴുവനാക്കുകയാണെന്നാണ് പറഞ്ഞത്.  തനിക്കാണെങ്കിൽ ലീവില്ല. പോയേ പറ്റൂ.  അതൊരു ഉപകാരം എന്ന് ചിരിച്ചുകൊണ്ട് പറയുന്നതും കേട്ടു.

ഞായറാഴ്ച നിലം തൂത്തുവാരുമ്പോൾ ഒരു പനിനീർപ്പൂവിതൾ അതാ ബാൽക്കണിയുടെ ഗ്രില്ലിലൂടെ പറന്നു വരുന്നു!  അതേ, അപ്പുറത്തെ ഫ്‌ളാറ്റിലെ ബാൽക്കണിയിൽ ചെടിച്ചട്ടികൾ റോസാച്ചെടിയുടേതാണ്.  
അവൾ തലയിൽ കൈ വെച്ചു, തലയിൽ ഒന്ന് കൊട്ടി.   വിശ്വേട്ടനെ വെറുതെ സംശയിച്ചതിൽ കരച്ചിൽ വന്നു.      

2017, മാർച്ച് 10, വെള്ളിയാഴ്‌ച

മതവും രാഷ്ട്രീയവും

Blog post no: 456 - 

മതവും രാഷ്ട്രീയവും

മതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള വിശദമായ ഒരു വിശകലനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മതവും രാഷ്ട്രീയവുമാണ് ഇന്ന് ലോകരെ ബാധിച്ചിരിക്കുന്ന രണ്ടു പ്രധാന വിഷയങ്ങൾ എന്നതുകൊണ്ട് അതേക്കുറിച്ചു പറയാതിരിക്കാൻ വയ്യെന്ന് തോന്നി.

മതവുമായി ബന്ധപ്പെടുത്തി ദൈവത്തെക്കുറിച്ച്, പ്രകൃത്യാലുള്ള സത്യത്തെക്കുറിച്ചു പറയുകയാണെങ്കിൽ, ദൈവവിശ്വാസികളും നിരീശ്വരവാദികളും ഒരേ കാര്യംതന്നെയാണ് പറയുന്നത് എന്ന് കൂലംകഷമായ ഒരു വിചിന്തനത്തിൽനിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അഥവാ, സത്യം, ശരി, നന്മ മുതലായവയിൽനിന്നു അറിഞ്ഞോ അറിയാതെയോ വ്യതിചലിച്ചാൽ നാം നേരിടുന്ന വിഷമം മുതലായവ.

രാഷ്ട്രീയം: ഏതു ''ഇസം'' ആയാലും അവ ചില സ്ഥലങ്ങളിൽ ഒന്നിക്കുന്നുണ്ട്. സകലർക്കും സ്വീകാര്യമായ ഒരു ''ഇസം'' ഇല്ലതന്നെ. കമ്യൂണിസവും ഗാന്ധിസവും തമ്മിൽ യോജിക്കില്ല എന്ന് നാം മനസ്സിലാക്കുമ്പോൾ -

ഒരിക്കൽ ഇ. എം. എസ്. എഴുതിയ ഒരു ലേഖനത്തിന്റെ അവസാനഭാഗം ഓർമ്മ വരുന്നു - അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാർ, ഗാന്ധിയനായ ദേവ ഗൗഡ നയിക്കുന്ന സർക്കാരിന് പിന്തുണ നൽകുന്നത്..... !!!

എൻറെ ചെറുപ്പത്തിൽ അച്ഛൻ പറഞ്ഞതോർക്കുന്നു - സാധാരണക്കാരനായ ഒരാൾ ഒരു മതപ്രാസംഗികന്റെ പ്രസംഗം കേൾക്കുന്നു എന്ന് വിചാരിക്കുക. പറഞ്ഞത് ശരിയാണല്ലോ എന്ന് ആ ശ്രോദ്ധാവിനു തോന്നും. അതേ ആൾ വേറൊരു മതപ്രാസംഗികന്റെ പ്രസംഗം കേട്ടാൽ അതും ശരിയാണല്ലോ എന്ന് തോന്നും. അങ്ങനെ, അങ്ങനെ.... ഇതുപോലെത്തന്നെയാണ് രാഷ്ട്രീയത്തിന്റെ കാര്യത്തിലും.

ഈ രണ്ടു വിഷയങ്ങളിലും സത്യം ഉണ്ട്. എന്നാൽ അതുമാത്രമാണ് സത്യം എന്ന് പറയുമ്പോൾ അത് ശരിയല്ല. മനുഷ്യർ ഭിന്നാഭിരുചിയുള്ളവരാണ്. പൊതുജനം പലവിധം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ - ഒരാളുടെ ആഹാരത്തിലുള്ള അഭിരുചി, അതുപോലെ വസ്ത്രധാരണത്തിൽ... എന്നുവേണ്ടാ എല്ലാ ഇഷ്ടാനിഷ്ടങ്ങളിലും. ഇത് ഒരുപക്ഷെ, ഒന്നിലധികം പേർക്ക് ഏകദേശം ഒരുപേലെ ആയിരിക്കാം. എന്നിരിക്കിലും, ഒരു വ്യക്തി വേറൊരു വ്യക്തിയിൽനിന്നു തികച്ചും വിഭിന്നനാണ്, വിഭിന്നയാണ്.

മതത്തിൽ രാഷ്‌ടീയം കാണാതിരിക്കുക, രാഷ്ട്രീയത്തിൽ മതം കാണാതിരിക്കുക. അതിലുള്ള സത്യം മാത്രം അംഗീകരിക്കാൻ നോക്കുക. അത് അല്പം ബുദ്ധിമുട്ടുള്ള കാര്യംതന്നെ എങ്കിലും.

പുരാണങ്ങൾ ഐത്യങ്ങൾക്കു അടിസ്ഥാനമാണ്. പുരാണങ്ങളിൽപ്പോലും രാഷ്ട്രീയത്തിന്റെ ചുവ കാണാം. എന്നാൽ, ധർമ്മം നിലനിർത്തുന്നതിന് അത് പലപ്പോഴും അനിവാര്യമാണ് എന്ന സത്യത്തെയും നമുക്ക് അംഗീകരിക്കാതിരിക്കാൻ സാധ്യമല്ല.
നല്ല കാര്യങ്ങൾക്കായി മാത്രം ഈ രണ്ടു വിഷയങ്ങളെയും മനസ്സിലാക്കുക. പ്രവർത്തിക്കുക. അഥവാ ജീവിക്കുക. ആരു നല്ലതു പറഞ്ഞാലും അത് അംഗീകരിക്കാൻ ശ്രമിക്കുക. അഥവാ, ''മത''ത്തിനുവേണ്ടി, ''രാഷ്ട്രീയ''ത്തിനുവേണ്ടി എതിർക്കാതിരിക്കാൻ നോക്കുക. ഈ ''കച്ചവട'' യുഗത്തിൽ അത് അല്പം ബുദ്ധിമുട്ടാണ് എന്ന വസ്തുത മറക്കുന്നില്ല.




2017, ഫെബ്രുവരി 18, ശനിയാഴ്‌ച

റാണി..... മഹാറാണി


റാണി..... മഹാറാണി

(ഒരു അനുസ്മരണം)



തിരുവഴിയാട് ചീരപ്പൊറ്റക്കളത്തിലേക്ക് കാലെടുത്തുവെച്ചപ്പോൾ അവൾ മനസ്സിലേക്ക് ഓടിയെത്തി - റാണി.  ഇല്ല, അവൾ വന്നില്ല, വരില്ല. കാരണം..... ദിവസങ്ങൾക്കുമുമ്പ് അവൾ ഈ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. 

റാണി - അവിടത്തെ വളർത്തുമൃഗം!  
എൻറെ പേരമകൾ ഒരിക്കൽ ''നായ'' എന്ന് പറഞ്ഞപ്പോൾ, ഗൃഹനാഥൻ ''നീതന്നെ നായ'' എന്ന് ഗൗരവത്തിൽ, ''ഫീൽ'' ചെയ്ത് പറഞ്ഞതോർക്കുന്നു! 

മുകളിൽപ്പറഞ്ഞത്തിനു കാരണമുണ്ട്.  റാണി അവിടത്തെ ഒരു അംഗമായിരുന്നു. അവൾ വീട്ടുകാർക്കും, ബന്ധുക്കൾക്കും, നാട്ടുകാർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു.  വീട്ടുകാരണവരും, വീട്ടുകാരിയും, മകനും, മരുമകളും എല്ലാം അവളെ ലാളിച്ചു വളർത്തി.    അവൾ ആ സ്നേഹം അതേപടി തിരിച്ചുകൊടുത്തു.  

എന്നാൽ, കാലം അവൾക്കു സ്വാഭാവികമായും അസുഖം സമ്മാനിച്ചു.  പേരുകേട്ട മൃഗഡോക്ടർമാർ അവളെ ചികിൽസിച്ചു. എന്നാൽ.... ഒരുദിവസം അവൾ എല്ലാവർക്കും ദു:ഖം സമ്മാനിച്ചുകൊണ്ട് ഈ ലോകത്തോട് വിടപറഞ്ഞു. 
ഗൃഹനാഥൻ ദുഃഖമടക്കാൻ പാടുപെടുന്നു, ഗൃഹനാഥ പൊട്ടിക്കരയുന്നു, മകനും മരുമകളും ദുഃഖമടക്കാൻ പാടുപെടുന്നു..... 
ഒരു പണമിടപാട് സ്ഥാപനത്തിലെ മാനേജർ ആയ സുജിത്ത്, ജോലിക്കുപോകാൻ മനസ്സുവരാതെ അവളെ ഓർത്തിരുന്ന് അവളുടെ കഥ എഴുതി.  അത് ഞാൻ എൻറെ ബ്ലോഗ്സ്പോട്ടിലും മുഖപുസ്തകത്തിലെ എൻറെ പേജിലും ഇട്ടിരുന്നു. 

റാണീ, നിൻറെ ആത്മാവിനു നിത്യശാന്തി ലഭിക്കുമാറാകട്ടെ. 



റാണി, വീട്ടുവളപ്പിൽ അന്ത്യവിശ്രമം കൊള്ളുന്നു.  

2017, ജനുവരി 18, ബുധനാഴ്‌ച

എം. ജി. ആർ.

Blog Post no: 454 -
17/01/2017

എം. ജി. ആർ.





എംജിയാറിൻറെ ജന്മശതാബ്ദിയാണിന്ന്.  തമിഴ്നാട് തങ്ങളുടെ പ്രിയപ്പെട്ട തലൈവരുടെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കുന്നു. 

മേലകത്ത് ഗോപാലമേനോൻ രാമചന്ദ്രൻ,  എം. ജി. ആർ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടപ്പോഴും തമിഴ്നാട്ടുകാർ പുരട്ചി നടികർ, നടികർ മന്നൻ, മുടിചൂടാ മന്നൻ, മക്കൾ തിലകം, ചക്രവർത്തി, മധുരൈ വീരൻ, കലൈ മന്നൻ തുടങ്ങി എത്രയോ പേരുകൾ ഇട്ടു!  പണ്ട്, പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. ശാന്തകുമാർ തമിഴരുടെ മനസ്ഥിതിയെക്കുറിച്ച് ഒരു ലേഖനമെഴുതിയപ്പോൾ എഴുതി: തമിഴർ പൊതുവെ ശുദ്ധഹൃദയരാണ്.  അവർക്കിഷ്ടപ്പെട്ടാൽ ആരായാലും അവരെ വാനോളം പുകഴ്ത്തും, ആരാധിക്കും, ജീവൻവരെ കൊടുക്കാൻ തയ്യാറാകും.  അതിനൊരു ഉദാഹരണമാണ് മലയാളിയായ എം.ജി.ആർ. 

അതെ, എം.ജി.ആർ എൻറെ നാട്ടുകാരനാണ് (പാലക്കാട്) എന്ന് മറ്റുള്ളവരോട് പറയുന്നതിൽ ഞാനും അഭിമാനിച്ചു.  അദ്ദേഹത്തിൻറെ എത്രയെത്ര സിനിമകൾ കണ്ടിരിക്കുന്നു.  കുറെ മുമ്പ്, താഹിർ എന്ന തൃശ്ശിനാപ്പള്ളിക്കാരൻ പറഞ്ഞപ്പോഴും എനിക്കഭിമാനം തോന്നി:  എന്നാ സാർ, എംജിയാറാ?  അതെന്താണെന്നു ചോദിച്ചപ്പോൾ, പുള്ളിക്കാരൻ പറഞ്ഞു - എംജിയാർക്കു മീശ ഇല്ല, മീശയുടെ സ്ഥാനത്ത് വരച്ചുവെക്കും.  എനിക്കതുകേട്ടപ്പോൾ ചിരിയും വന്നു.  അതെ, ഞാൻ കുറച്ചുകാലം അങ്ങനെ ചെയ്തിരുന്നു.  

നടനും, നടികർ തിലകവും, ഭരത് അവാർഡ് ജേതാവുമൊക്കെയായി, പിന്നീട് ആ അന്യസംസ്ഥാനം ഏറെക്കാലം ഭരിക്കുകയും ചെയ്ത, ഒരു ജനതയുടെ മനസ്സ് കവർന്ന ആ പ്രതിഭക്കു മരണമില്ല.  പ്രണാമം.