2017, മാർച്ച് 16, വ്യാഴാഴ്‌ച

രണ്ടു മിനിക്കഥകൾ


Blog post no: 457 - 

പാരിജാതം 



പാരിജാതം - അതാണവളുടെ പേര്.  പാരി എന്ന് അടുത്തു പെരുമാറുന്നവർ വിളിച്ചു.  സകലകലാവല്ലഭയായ പാരിജാതം യുവജനോത്സവങ്ങളിൽ തിളങ്ങി. 

പാരി  പിന്നീട് പ്യാരിയായി നാടകങ്ങളിൽ അഭിനയിച്ചു.  അതെ, അവൾ എല്ലാവര്ക്കും  പ്യാരി (പ്രിയപ്പെട്ടവൾ) ആയി. 

പാവം പ്യാരി.  ഒരിക്കൽ പ്യാരിയെ ആരോ ചോരി (മോഷണം) ചെയ്തുകൊണ്ടുപോയി.  അന്വേഷണം ഇപ്പോഴും തുടരുന്നു. 

എല്ലാവർക്കും പ്രിയപ്പെട്ടവളുടെയും, എല്ലാവർക്കും പ്രിയപ്പെട്ടവയുടെയും  വിധി പലപ്പോഴും ഇങ്ങനെയാണ്.  പാരിജാതമെന്ന  പ്യാരിയും അതിൽപ്പെട്ടുപോയി.  

***


പനിനീർപ്പൂവിതൾ 



എങ്കിലും ആ പനിനീർപ്പൂവിതൾ എവിടെനിന്നു വന്നു - അവൾ വീണ്ടും ആലോചിച്ചു.   വിശ്വേട്ടൻ സ്നേഹസമ്പന്നനാണ്.  കൂട്ടുകാരിൽ പെൺകുട്ടികൾ ധാരാളം.  അവരിലാരെങ്കിലും....   ഛെ! അങ്ങനെയുണ്ടാവുമോ? 

ആരെങ്കിലും വന്നിരുന്നോ എന്ന് ചോദിച്ചപ്പോൾ, ''ആര് വരാൻ'' എന്ന് മറുപടി.  മാത്രമല്ല, ''ആയതുകൊണ്ട്, എന്റെ പണി മുഴുവനാക്കാൻ സാധിക്കുന്നു'' എന്നും.  രണ്ടു മൂന്നു  ദിവസത്തെ ലീവെടുത്ത് തന്റെതായ  ജോലികൾ മുഴുവനാക്കുകയാണെന്നാണ് പറഞ്ഞത്.  തനിക്കാണെങ്കിൽ ലീവില്ല. പോയേ പറ്റൂ.  അതൊരു ഉപകാരം എന്ന് ചിരിച്ചുകൊണ്ട് പറയുന്നതും കേട്ടു.

ഞായറാഴ്ച നിലം തൂത്തുവാരുമ്പോൾ ഒരു പനിനീർപ്പൂവിതൾ അതാ ബാൽക്കണിയുടെ ഗ്രില്ലിലൂടെ പറന്നു വരുന്നു!  അതേ, അപ്പുറത്തെ ഫ്‌ളാറ്റിലെ ബാൽക്കണിയിൽ ചെടിച്ചട്ടികൾ റോസാച്ചെടിയുടേതാണ്.  
അവൾ തലയിൽ കൈ വെച്ചു, തലയിൽ ഒന്ന് കൊട്ടി.   വിശ്വേട്ടനെ വെറുതെ സംശയിച്ചതിൽ കരച്ചിൽ വന്നു.      

2017, മാർച്ച് 10, വെള്ളിയാഴ്‌ച

മതവും രാഷ്ട്രീയവും

Blog post no: 456 - 

മതവും രാഷ്ട്രീയവും

മതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള വിശദമായ ഒരു വിശകലനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മതവും രാഷ്ട്രീയവുമാണ് ഇന്ന് ലോകരെ ബാധിച്ചിരിക്കുന്ന രണ്ടു പ്രധാന വിഷയങ്ങൾ എന്നതുകൊണ്ട് അതേക്കുറിച്ചു പറയാതിരിക്കാൻ വയ്യെന്ന് തോന്നി.

മതവുമായി ബന്ധപ്പെടുത്തി ദൈവത്തെക്കുറിച്ച്, പ്രകൃത്യാലുള്ള സത്യത്തെക്കുറിച്ചു പറയുകയാണെങ്കിൽ, ദൈവവിശ്വാസികളും നിരീശ്വരവാദികളും ഒരേ കാര്യംതന്നെയാണ് പറയുന്നത് എന്ന് കൂലംകഷമായ ഒരു വിചിന്തനത്തിൽനിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അഥവാ, സത്യം, ശരി, നന്മ മുതലായവയിൽനിന്നു അറിഞ്ഞോ അറിയാതെയോ വ്യതിചലിച്ചാൽ നാം നേരിടുന്ന വിഷമം മുതലായവ.

രാഷ്ട്രീയം: ഏതു ''ഇസം'' ആയാലും അവ ചില സ്ഥലങ്ങളിൽ ഒന്നിക്കുന്നുണ്ട്. സകലർക്കും സ്വീകാര്യമായ ഒരു ''ഇസം'' ഇല്ലതന്നെ. കമ്യൂണിസവും ഗാന്ധിസവും തമ്മിൽ യോജിക്കില്ല എന്ന് നാം മനസ്സിലാക്കുമ്പോൾ -

ഒരിക്കൽ ഇ. എം. എസ്. എഴുതിയ ഒരു ലേഖനത്തിന്റെ അവസാനഭാഗം ഓർമ്മ വരുന്നു - അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാർ, ഗാന്ധിയനായ ദേവ ഗൗഡ നയിക്കുന്ന സർക്കാരിന് പിന്തുണ നൽകുന്നത്..... !!!

എൻറെ ചെറുപ്പത്തിൽ അച്ഛൻ പറഞ്ഞതോർക്കുന്നു - സാധാരണക്കാരനായ ഒരാൾ ഒരു മതപ്രാസംഗികന്റെ പ്രസംഗം കേൾക്കുന്നു എന്ന് വിചാരിക്കുക. പറഞ്ഞത് ശരിയാണല്ലോ എന്ന് ആ ശ്രോദ്ധാവിനു തോന്നും. അതേ ആൾ വേറൊരു മതപ്രാസംഗികന്റെ പ്രസംഗം കേട്ടാൽ അതും ശരിയാണല്ലോ എന്ന് തോന്നും. അങ്ങനെ, അങ്ങനെ.... ഇതുപോലെത്തന്നെയാണ് രാഷ്ട്രീയത്തിന്റെ കാര്യത്തിലും.

ഈ രണ്ടു വിഷയങ്ങളിലും സത്യം ഉണ്ട്. എന്നാൽ അതുമാത്രമാണ് സത്യം എന്ന് പറയുമ്പോൾ അത് ശരിയല്ല. മനുഷ്യർ ഭിന്നാഭിരുചിയുള്ളവരാണ്. പൊതുജനം പലവിധം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ - ഒരാളുടെ ആഹാരത്തിലുള്ള അഭിരുചി, അതുപോലെ വസ്ത്രധാരണത്തിൽ... എന്നുവേണ്ടാ എല്ലാ ഇഷ്ടാനിഷ്ടങ്ങളിലും. ഇത് ഒരുപക്ഷെ, ഒന്നിലധികം പേർക്ക് ഏകദേശം ഒരുപേലെ ആയിരിക്കാം. എന്നിരിക്കിലും, ഒരു വ്യക്തി വേറൊരു വ്യക്തിയിൽനിന്നു തികച്ചും വിഭിന്നനാണ്, വിഭിന്നയാണ്.

മതത്തിൽ രാഷ്‌ടീയം കാണാതിരിക്കുക, രാഷ്ട്രീയത്തിൽ മതം കാണാതിരിക്കുക. അതിലുള്ള സത്യം മാത്രം അംഗീകരിക്കാൻ നോക്കുക. അത് അല്പം ബുദ്ധിമുട്ടുള്ള കാര്യംതന്നെ എങ്കിലും.

പുരാണങ്ങൾ ഐത്യങ്ങൾക്കു അടിസ്ഥാനമാണ്. പുരാണങ്ങളിൽപ്പോലും രാഷ്ട്രീയത്തിന്റെ ചുവ കാണാം. എന്നാൽ, ധർമ്മം നിലനിർത്തുന്നതിന് അത് പലപ്പോഴും അനിവാര്യമാണ് എന്ന സത്യത്തെയും നമുക്ക് അംഗീകരിക്കാതിരിക്കാൻ സാധ്യമല്ല.
നല്ല കാര്യങ്ങൾക്കായി മാത്രം ഈ രണ്ടു വിഷയങ്ങളെയും മനസ്സിലാക്കുക. പ്രവർത്തിക്കുക. അഥവാ ജീവിക്കുക. ആരു നല്ലതു പറഞ്ഞാലും അത് അംഗീകരിക്കാൻ ശ്രമിക്കുക. അഥവാ, ''മത''ത്തിനുവേണ്ടി, ''രാഷ്ട്രീയ''ത്തിനുവേണ്ടി എതിർക്കാതിരിക്കാൻ നോക്കുക. ഈ ''കച്ചവട'' യുഗത്തിൽ അത് അല്പം ബുദ്ധിമുട്ടാണ് എന്ന വസ്തുത മറക്കുന്നില്ല.