2014, ഡിസംബർ 30, ചൊവ്വാഴ്ച

എല്ലാ സുഹൃത്തുക്കൾക്കും നവവത്സരാശംസകൾ.


Blog Post No: 328 -


എല്ലാ സുഹൃത്തുക്കൾക്കും നവവത്സരാശംസകൾ.

നാം നമ്മുടെ ചുറ്റിനുമുള്ളവരോട് സ്നേഹത്തോടെ, ബഹുമാനത്തോടെ പെരുമാറണം.  ഇങ്ങനെ പറയുമ്പോൾ, എനിക്ക് എന്റെ മരിച്ചുപോയ ഒരു വലിയച്ചനെ ഓർമ്മ  വരുന്നു. എന്റെ അച്ഛൻ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞത് ഞാൻ ഇന്നെന്നപോലെ ഓർക്കുന്നു.   കാരണം,വലിയച്ചൻ വളരെ നല്ലൊരു മനുഷ്യൻ ആയിരുന്നു. നേരിട്ടുള്ള സഹോദരൻ ആയിരുന്നില്ല - ഒരു തറവാട്ടംഗം. തമ്മിൽ വയസ്സിന്റെ കാര്യത്തിൽ വലിയ വ്യത്യാസവുമില്ല.   അച്ഛൻ വല്ല പരാതിയുമായി അദ്ദേഹത്തെ സമീപിച്ചാൽ, അദ്ദേഹം പറയുമായിരുന്നത്രേ - അവൻ / അവൾ നമ്മുടെ വയസ്സിനു താഴെ അല്ലേടാ, നമ്മളൊക്കെ വേണ്ടേ ക്ഷമിക്കാൻ.  മുതിർന്നവർ ആണെങ്കിലോ, ഇങ്ങനെ - അവരൊക്കെ നമ്മുടെ വയസ്സിനു മൂത്തവരല്ലേ, നമ്മളെക്കാൾ ലോകം കണ്ടവർ, ഇതൊന്നും മനസ്സിൽ വെക്കണ്ട!

മഹാന്മാരും മഹതികളും - എല്ലാവരും ലോകം മുഴുവൻ അറിയപ്പെടുന്നില്ല.  അതിന്റെ ആവശ്യവുമില്ല.  നമ്മുടെ ഇടയിൽത്തന്നെ ചുരുക്കം ചിലരെങ്കിലും ഇങ്ങനെ അറിയപ്പെടാത്തവരുണ്ട്‌.  നാം അവരെ  അനുകരിക്കുക. നല്ലതേ വരൂ. 

ഈ   പുതുവത്സരപ്പിറവിയിൽ ഈ സന്ദേശം എന്റെ സുഹൃത്തുക്കളും ഉൾക്കൊള്ളുമെന്നു കരുതട്ടെ.  

2014, ഡിസംബർ 27, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 82Blog post No: 327 –

കുഞ്ഞുകവിതകൾ - 82കാറ്റും മഴയും

കാറ്റും മഴയുമെന്നുമുറ്റചങ്ങാതിമാർതന്നെയല്ലോ,
കാമുകിമാരെക്കാണാനവരെന്നുമൊന്നിച്ചിറങ്ങുന്നു
കാറ്റിൻ കാമുകി ലജ്ജയാൽ പുറത്തേക്കിറങ്ങാറില്ല 
കാറ്റ് കാമുകിയെക്കാണാനായകത്തേക്ക് പോകുന്നു!
കാമുകനാം മഴ ലജ്ജയാലകത്തെക്ക് പോകാറില്ല,
കാമുകിയവനെക്കാണാനായ് പുറത്തേക്കിറങ്ങുന്നു!     അമ്പലക്കുളം

അമ്പലത്തിനോടുതൊട്ടുള്ള കുളം
ഞാൻ നീന്തൽ പഠിച്ച കുളം
നടുക്ക് ''ഓമക്കുറ്റി''യുള്ള കുളം
ഓമക്കുറ്റിയിൽ കയറി താഴെ ചാടി
സുഹൃത്തുക്കളുമായി രസിച്ച കുളം
മനസ്സിൽനിന്ന് മായാത്ത കുളം
''കുളം'' ആയി എന്ന് പറയുന്നതിനോട്
യാതൊരു യോജിപ്പുമില്ലാത്ത കുളം
ദൈവീകചൈതന്യമുള്ള കുളം
തിരുവഴിയാട് നരസിംഹമൂർത്തി അമ്പലക്കുളം!  പനിനീര്പ്പൂവേ

പനിനീർപ്പൂവെന്നെ മാടിവിളിച്ചപ്പോൾ,
പതുക്കെപ്പോയ് കണ്ടു,  കണ്കുളിർക്കെ;
പരിമളവാഹിയാം പ്രസൂനമേ,  നിന്നെ
പറിച്ചുമാറ്റാതൊരു മുത്തം തരട്ടെ ഞാൻ.

2014, ഡിസംബർ 25, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 81Blog No: 326 –

കുഞ്ഞുകവിതകൾ - 81
ചിന്താവിഷയം - സുഖദു:ഖങ്ങൾ

ഒരു കുന്നിനൊരു കുഴി,
ഒരു ദുഖത്തിനൊരു സന്തോഷ-
മിങ്ങനെ നിമ്നോന്നതങ്ങ-
ളെന്നുമുണ്ടാകുന്നു ജീവിതത്തിൽ;
സുഖത്തിൽ സന്തോഷിക്കുന്ന നാം,
ദുഃഖം വരാമെന്നുമോർക്കണം,
അതേറ്റുവാങ്ങാനായ് മനസ്സു
കെട്ടിപ്പടുക്കണം, തയ്യാറാകണ-
മങ്ങനെ ദുഃഖത്തിന്നാഴം കുറയ്ക്കാം!വ്യത്യാസം

ചക്രവാളത്തിന്റെ നിറം മാറുന്നു,
പ്രകൃത്യാൽ, കാലാവസ്ഥക്കനുസരിച്ച്;
മനുഷ്യന്റെ നിറം മാറുന്നു,
പ്രകൃതത്തിന്, സന്ദർഭത്തിനനുസരിച്ച്!
പ്രകൃതി മനുഷ്യനെ സംരക്ഷിക്കുന്നു,
മനുഷ്യൻ പ്രകൃതിയെ ചതിക്കുന്നു!തൊട്ടാവാടി

തൊട്ടാൽ വാടും
തൊട്ടില്ലെങ്കിൽ വാടില്ല
തൊടാതിരിക്കുന്നതെങ്ങനെ
തൊട്ടാവാടീ, നിന്റെയൊരു കാര്യം... 

2014, ഡിസംബർ 22, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 80Blog No: 325 –

കുഞ്ഞുകവിതകൾ - 80


Haiku


പുറത്ത് തണുപ്പ് 
വീട്ടിനകത്തും തണുപ്പ് 
മനസ്സിൽ ചൂട്


ചാറ്റൽമഴയും ഇളംവെയിലും 
ചങ്ങാതിമാരുടെ സമാഗമം സന്തോഷം 
ചക്രവാളത്തിൽ മാരിവില്ല്


വാകപ്പൂമരം 
മാരുതന്റെ ഗാഡാലിംഗനം 
പുഷ്പവൃഷ്ടിതലയിൽ പുഷ്പവൃഷ്ടി 
മനസ്സിൽ ആനന്ദഗംഗ 
കല്യാണമണ്ഡപം

2014, ഡിസംബർ 17, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 79Blog No: 324 –

കുഞ്ഞുകവിതകൾ - 79


ഭക്തി

അമ്പലത്തിൽ ശംഖു്നാദം,
മസ്ജിദിൽ ബാങ്കുവിളി,
പള്ളിയിൽ മണിയടി -
ദൈവവിശ്വാസം -
എല്ലാം ഭക്തിമയം;
അതുകൊണ്ട് ഉദ്ദേശിക്കുന്ന
ഒരേ സന്ദേശം ഭക്തർ
ഉൾക്കൊള്ളുന്നുവെങ്കിൽ......ദ്രോഹം


അർക്കശോഭയിൽ ഹരിതാഭ തൂകുമീ
സസ്യലോകം  മാനവബന്ധുക്കളല്ലോ
നിന്ദിക്കുന്നു ഈ ബന്ധുക്കളെ ചിലർ
പ്രകൃതിവിരുദ്ധമാം ചെയ്തികളാലേ,
നിഷ്കളങ്കരാം മറ്റുള്ള മാനുജരതിൻ
തിക്തഫലമനുഭവിക്കുമെന്നു നിശ്ചയം!

2014, ഡിസംബർ 15, തിങ്കളാഴ്‌ച

മഞ്ഞുതുള്ളിയുടെ പതനം!Blog Post No: 323


മഞ്ഞുതുള്ളിയുടെ പതനം!


ചേമ്പിലകൾ മഞ്ഞുതുള്ളിയെ
സ്വന്തമാക്കാൻ ആഗ്രഹിച്ചു.
അതാ വരുന്നു മഞ്ഞുതുള്ളി!
അത് ഒരു ഇലയിൽ തങ്ങി;
ആ ഇല സന്തോഷിച്ചപ്പോഴേക്കും
മഞ്ഞുതുള്ളി  കൈവിട്ടുപോയി.
അത് വേറൊരു ഇലയിൽപ്പോയ് തങ്ങി.
അനന്തരം മഞ്ഞുതുള്ളി
മണ്ണിൽ പതിച്ചു മരിച്ചു!
ആഗ്രഹിച്ചവരെല്ലാം തൃപ്തരാകാതെ,
ആഗ്രഹിച്ചവരെയെല്ലാം
തൃപ്തരാക്കാനാകാതെ
മഞ്ഞുതുള്ളി
മണ്ണിൽ വീണു മരിച്ചു!

2014, ഡിസംബർ 13, ശനിയാഴ്‌ച

അഗ്നി, വായു, വെള്ളം.

Blog No: 322 -


അഗ്നി, വായു, വെള്ളം.


തീയുംകാറ്റും, വെള്ളവും
മൂന്നും പൊതുവേ ശാന്ത-
രെന്നാലതിശക്തരാണവർ!
അടുപ്പിലെ തീ കത്തിക്കാ-
നൂതുന്നത് സഹായക,മെന്നാൽ
തീ പടര്ന്നുപിടിച്ചാലോ,
ഇളംകാറ്റിനതു കെടുത്താ-
നാവില്ലതന്നെ.
ചെറിയ തീ, നല്ലൊരു കാറ്റി-
ലണഞ്ഞുപോകുന്നു;
വെള്ളത്തിൻ പ്രകൃതവു-
മിതുപോലെയൊക്കെത്തന്നെ.
പ്രളയമുണ്ടായാലൊരു
രക്ഷയില്ലെന്നോർത്തുകൊൾക.
ചില വ്യക്തികൾതൻ പ്രകൃതവു-
മീ പ്രകൃതിശക്തികളെ-
യോർമ്മപ്പെടുത്തുന്നില്ലേ?
പ്രകൃതിശക്തികളും
മനുഷ്യപ്രകൃതങ്ങളുമിങ്ങനെ
ബന്ധപ്പെട്ടു കിടക്കുന്നതു
നോക്കുക, അതറിഞ്ഞു നിങ്ങൾ
മുന്നോട്ടു പോവുക...

2014, ഡിസംബർ 10, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 78Blog No: 321 –

കുഞ്ഞുകവിതകൾ - 78


മന്ദഹാസം

മന്ദഹസിക്കും വദനവും, പിന്നെ
മന്ദഹസിപ്പിക്കും വദനവുമെല്ലാം
മന്ദതയകറ്റും  തീർച്ച,യപ്പോൾ
മന്ദഹസിക്കൂ, മന്ദഹസിപ്പിക്കൂ നിങ്ങൾ.
വേദന

അറിയുന്നു ഞാൻ വേദനിക്കുന്നു നിൻ ദേഹമെന്ന്,
അറിയുന്നു ഞാൻ വേദനിക്കുന്നു നിൻ  മനമെന്നും;
ദേഹവേദനക്ക്‌ ചികിത്സയുപകരിക്കുമെങ്കിലും,
മനോവേദനക്ക് നീതന്നെ വിചാരിക്കണം.


സ്നേഹം

സ്നേഹത്തിൽ ''ഞാൻ''  അരുത്,''നീ'' ആയിരിക്കണം മുഖ്യം,
സ്നേഹത്തിൽ കളവരുത് , സത്യമായിരിക്കണം സ്നേഹം,
സ്നേഹത്തിൽ പ്രതിഫലേശ്ച അരുത്, സ്നേഹം മാത്രം,
സ്നേഹത്തിൽ സ്വാർത്ഥത അരുത്, ത്യാഗം വേണ്ടിവരും.  


ചർച്ചയും തർക്കവും

മാന്യതയുള്ളവർ ചർച്ച ചെയ്യുന്നു,
മാന്യതയോടെതന്നെ തുടരുന്നു;
മാന്യതയില്ലാത്തവർ തർക്കിക്കുന്നു,
മാന്യതയില്ലാതെ അതു  തുടരുന്നു.

2014, ഡിസംബർ 8, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 77
Blog No: 320 –

കുഞ്ഞുകവിതകൾ - 77

(Haiku)

പാട്ടിന്റെ പാലാഴി
നൃത്തത്തിലെ നടനവൈഭവം
ആസ്വാദനം ആനന്ദകരം


മിന്നൽ കണ്ണഞ്ചിപ്പിക്കുന്നു
ദുന്ദുഭിനാദം കാതിൽ മുഴങ്ങുന്നു
പ്രകൃതിയുടെ ഭാവമാറ്റം


ഇടിനാദം മുഴങ്ങുന്നു
കൂണുകൾ പുറത്തുവരുന്നു
ഭൂമിയുടെ ഭ്രൂണങ്ങൾ  


കുളത്തിൽ താമര
കുന്നിന്മുകളിൽ സൂര്യൻ
കാമുക സംഗമം