2014, ജനുവരി 30, വ്യാഴാഴ്‌ച

പുതുമടിശ്ശീലക്കാർ


Blog post No: 161 -


പുതുമടിശ്ശീലക്കാർ

(ചെറുകഥ)''താൻ വരുന്നില്ലേ?''

''ഇല്ല, ഗോപേട്ടൻ പോയിട്ട് വന്നോളൂ.  എനിക്കിവിടെ കുറച്ചുകൂടി ജോലിയുണ്ട്'', ഊര്മ്മിള പറഞ്ഞു. 

''ശരി.''

''ഇരുട്ടുന്നതിനു മുമ്പ്  വരണംട്ടോ.''

''ആയിക്കോട്ടെ.  അമ്മയോട് പറ.''

പതുക്കെ നടക്കാം - ഗോപൻ വിചാരിച്ചു.  നാട്ടിൽ വരുമ്പോൾ, പാടവരമ്പത്തുകൂടിയുള്ള സായാന്ഹസവാരിക്കെന്തൊരു സുഖം.  ഊര്മ്മി കൂടെ ഉണ്ടെങ്കിൽ അങ്ങനെ. ഇല്ലെങ്കിൽ തന്റേതായ ലോകത്തിൽ ഇങ്ങനെ പ്രകൃതിഭംഗി ആസ്വദിച്ചു, മൂളിപ്പാട്ടും പാടിക്കൊണ്ടുള്ള നടത്തം - ദൂരെ ദൂരെ ജോലിസ്ഥലത്ത് സ്ഥിരതാമസമാക്കിയ തനിക്കു എന്നും ഇതുപോലുള്ള അനുഭൂതി ആശ്വാസംതന്നെയാണ്. 

മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ അവിടെയൊക്കെ ഓടിക്കളിച്ച നാളുകളിലേക്ക് പായുന്നു..... മറക്കാനാവാത്ത ബാല്യം.  പിന്നീട്  സ്കൂൾ ഫൈനൽ കഴിഞ്ഞ ശേഷം കൂട്ടുകാരുമൊത്ത് കണ്ട സിനിമകൾ.... അവയിലെ മറക്കാനാവാത്ത രംഗങ്ങൾ.... സംഗീതപ്രിയനായതുകൊണ്ട്  എന്നും മനസ്സില് ഓടിയെത്തുന്ന ഗാനശകലങ്ങൾ... ഗോപൻ അവയിലൊന്ന് മൂളിക്കൊണ്ട് നടന്നു.  ആരും കേള്ക്കാൻ ഇല്ല എന്ന് തോന്നിയപ്പോൾ അത് ഉറക്കെത്തന്നെയായി. 

നടന്നു നടന്നു അടുത്ത ഗ്രാമത്തിലെത്തിയത് അറിഞ്ഞില്ല.  ഹൈ സ്കൂളിലേക്ക് ഇവിടെ വരണമായിരുന്നു.

ഏതായാലും കുറച്ചുകൂടി നടക്കുകതന്നെ.  അല്പ്പം ദൂരെ, അതാ ഒരു കൊച്ചു ബംഗ്ലാവ് കാണുന്നു. അടുത്ത് എത്താറായപ്പോൾ, അരമതിലും ചാരി നില്ക്കുന്ന ആളെ ശ്രദ്ധിച്ചു.  അയാൾ  തന്നെയും ശ്രദ്ധിക്കുന്നു എന്ന് തോന്നി.

, മനസ്സിലായി.

''ദേവനല്ലേ?''

''അതെ......... ഗോപകുമാർ?''

ഗോപൻ ചിരിച്ചുകൊണ്ട് തലയാട്ടി.  ദേവൻ അയാളെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു.  സ്വീകരണമുറിയിലിരുന്നു സംസാരിക്കുന്നതിനിടയിൽ അവിടേക്ക് കടന്നു വന്ന ആളെ ദേവൻ ഗോപന് പരിചയപ്പെടുത്തി:

''എന്റെ ഏട്ടൻ.'' പിന്നെ എട്ടനോടായി പറഞ്ഞു, ''ഇത് ഗോപകുമാർ, കിഴക്കേ തറയിലെ.  ലീവിൽ വന്നതാണ്.''

''ഏട്ടൻ'' മുഴുവൻ കേള്ക്കാൻ ഇടകൊടുക്കാതെ, ഒരു പുഞ്ചിരി പാസ്സാക്കി എന്ന് വരുത്തി അകത്തേക്ക് വലിഞ്ഞു.  ഒരല്പ്പനേരത്തിന് ശേഷം അകത്തുനിന്നു ദേവനെ വിളിച്ചു.  ഉള്ളിലേക്ക് പോയ ദേവനോട്, ശബ്ദം താഴ്ത്തി പറഞ്ഞതാണെങ്കിലും, ഗോപന് കേള്ക്കാമായിരുന്നു:

''വല്ല പിരിവിനോ, സഹായത്തിനോ  വന്നതാണെങ്കിൽ പെട്ടെന്ന് എന്തെങ്കിലും കൊടുത്തു പറഞ്ഞു വിടാൻ നോക്ക്.  ആ പഞ്ചായത്ത് മെമ്പർ ഇപ്പോൾ വരും.  നമ്മൾ നേരത്തെ സംസാരിച്ച ആ കാര്യം ഡിസ്ക്കസ്  ചെയ്യാൻ.''

ഗോപന്റെ മുഖം വിളറി.  ദൂരെ എവിടെയും പൊകാനില്ലാത്തതുകൊണ്ട്, പാടവരമ്പിലൂടെ ആയതുകൊണ്ട് (അതും രാത്രിയാകാറായി)  വീട്ടില് ധരിച്ചിരുന്ന കൈലി മാറ്റാതെ, ഷർട്ട് മാറ്റാതെ വന്നത് ശരിയായില്ല.  അതോ....

ചമ്മൽ പുറത്ത് കാണിക്കാതെ, ഗോപൻ പറഞ്ഞു:

സന്ധ്യയായത് അറിഞ്ഞില്ല.  എന്റെ വൈഫ്‌ കാത്തിരിക്കുന്നുണ്ടാകും. താങ്ക്സ്.  സീ യു.

ദേവന് കൈ കൊടുത്തു പുറത്തേക്കു ഇറങ്ങിയപ്പോൾ, ദേവന് എന്തോ  പറയാനുള്ളത്പോലെ തോന്നി.  എങ്കിലും, കൈ ചെറുതായി വീശുകയാണ് ഉണ്ടായത്. 

ഒന്നുകൂടി തിരിഞ്ഞുനോക്കിക്കൊണ്ട് ഗോപൻ ധൃതിയിൽ നടന്നു.  അയാളുടെ മനസ്സില് എന്തൊക്കെയോ വികാരവിചാരങ്ങൾ അലയടിച്ചു.  സ്വയം മനസ്സിൽ പറഞ്ഞു:

എന്റെ പ്രിയപ്പെട്ട  നാടേ, നിന്റെ നാട്ടുകാര്ക്ക് ഒരു മാറ്റവും കാണുന്നില്ലല്ലോ.  മാത്രമല്ല, പുതുമടിശ്ശീലക്കാരും തലമറന്ന് എണ്ണ തേക്കുന്നവരും കൂടിയിട്ടുണ്ടോ എന്ന് സംശയം. 

മാനം തുടുത്തിരിക്കുന്നു.  സുന്ദരമായ വിണ്ണിന്റെ കാഴ്ച എന്തുകൊണ്ടോ ഗോപനെ സന്തോഷിപ്പിച്ചില്ല.  

വന്നതിനേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ അയാൾ നടന്നു.  ഊര്മ്മിയും അമ്മയും കാത്തിരിക്കുന്നുണ്ടാകും. 

  

2014, ജനുവരി 28, ചൊവ്വാഴ്ച

അശ്രദ്ധ


Blog post No: 160 - 


അശ്രദ്ധ

(ഒരു കൊച്ചു ലേഖനം)

അശ്രദ്ധ - അല്ലെങ്കിൽ ശ്രദ്ധക്കുറവ്  - ജീവിതത്തിൽ പലതും നഷ്ടപ്പെടുത്തും.  സ്നേഹബന്ധങ്ങൾ, ജോലി.... എന്തിനധികം - ജീവൻ വരെ നഷ്ടപ്പെട്ടു എന്ന് വരാം.  ഏതൊരാളെയും പലപ്പോഴും ബാധിക്കുന്ന ഒരു കാര്യമാണിത്.  സ്വതവേ, താല്പര്യത്തോടെ, ഉന്മേഷത്തോടെ ജോലി ചെയ്തു തീര്ക്കുന്ന ഒരാൾ അൽപ്പനേരത്തെക്കു ക്ഷീണം തീര്ക്കുമ്പോഴാകാം കഷ്ടകാലം അയാളെ പിന്തുടരുന്നത്.   തീര്ച്ചയായും നമ്മുടെ പരിധിക്കു അപ്പുറം അങ്ങനെ വരുന്നു എങ്കിൽ ഒരു രക്ഷയുമില്ല.  എന്നാൽ, ശ്രദ്ധിക്കാനുള്ളത് ശ്രദ്ധിക്കുക എന്നതത്രേ കരണീയം.

വര്ഷങ്ങള്ക്ക് മുമ്പ് ഞാൻ ബോംബെ ആംബുലൻസ് കോളേജിൽ ഫസ്റ്റ് എയ്‌ഡു വിദ്യാര്ത്ഥി ആയിരുന്നപ്പോൾ പഠിച്ച ഒരു കാര്യം  പറയട്ടെ:

ജീവൻ വളരെ വിലപ്പെട്ടതാണ്‌.  അഥവാ, അതിനു തുല്യമായി വേറൊന്നുമില്ലതന്നെ. അപകടത്തിലോ അസുഖാവസ്ഥയിലോ പെട്ട ഒരാളുടെ ജീവൻ സംരക്ഷിക്കാൻ സാധിക്കുക എന്നത് വളരെ മഹത്തായ ഒരു കാര്യമത്രെ.  ആദ്യമായി, ഇവിടെ  വേണ്ടത് മനസ്സാന്നിദ്ധ്യം ആണ്.  മനസ്സ് പതറാതെ ആവുന്നതും പെട്ടെന്ന് ചെയ്യാൻ കഴിയുന്നത് ചെയ്യുക എന്നതുതന്നെ.  ഇതിലെക്കായി നാം കയ്യിൽ കിട്ടിയ, കണ്ണിൽ കണ്ട സാധനങ്ങളെന്തും തല്ക്കാല നിവൃത്തിക്കായി ഉപയോഗിക്കുക (improvise ).  അല്ലെങ്കിൽഎല്ലാം അതിന്റേതായ രീതിയിൽത്തന്നെ വേണമെന്ന് മനസ്സ് ശഠിച്ചാൽ നാം അറിഞ്ഞുകൊണ്ട് ഒരാളുടെ ജീവന് ഉത്തരവാദി ആകേണ്ടിവരും.


ചുരുക്കിപ്പറഞ്ഞാൽ, വിഷയത്തിൽ കൂടുതൽ വിശകലനം ആവശ്യമാണെന്ന് തോന്നുന്നില്ല.

ഓർമ്മക്കുറവോ, ശ്രദ്ധക്കുറവോ  ഏതെങ്കിലും കാരണവശാൽ കുറഞ്ഞവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞുകൊണ്ട് ഈ കൊച്ചുലേഖനം അവസാനിപ്പിക്കട്ടെ. 

ഫേസ് ബുക്കും സോഷ്യൽ നെറ്റ് വർക്കുംBlog post No: 159 -


ഫേസ് ബുക്കും സോഷ്യൽ  നെറ്റ് വർക്കും

(പലവക)

ഫേസ് ബുക്കിനെക്കുറിച്ചു ഒരു സുഹൃത്ത്‌ പറഞ്ഞു - ഇവിടെ എഴുതുന്നത് എല്ലാവരും കാണും.  സൂക്ഷിക്കുക.

ശരിയാണ്.  സൂക്ഷിക്കണം.  സൂക്ഷിച്ചാലും രക്ഷയില്ല.  ''പാര''കൾ  പിറകെ വന്നെന്നു വരും.  കാരണം, മലയാളിക്ക് ''ന്യൂസ് പിടിക്കാൻ'', ''ന്യൂസ് പടര്ത്താൻ'', പറ്റുമെങ്കിൽ അല്പ്പം  വളച്ചൊടിച്ചു അങ്ങനെ ''ആൾ ആകാൻ'', അതിന്റെ ലഹരിയിൽ ആറാടാൻ അപാര താല്പ്പര്യം കണ്ടു വരുന്നു.  എല്ലാവരെയും ഒന്നടങ്കം പറയുകയല്ല.  ഞരമ്പ്‌ രോഗികളെപ്പോലെ, ഇതും ഒരുതരം ''രോഗികള്'' തന്നെ. ഒരിക്കൽ ഞാൻ ഒരു തമാശ എഴുതി.  എല്ലാവര്ക്കും രസിച്ചു.  അതാ വരുന്നു ഒരു ഫോട്ടോ കമെന്റ് - കയ്യിൽ കല്ലും പിടിച്ചുകൊണ്ടു മുണ്ട് മടക്കിക്കുത്തി (ഭാഗ്യത്തിന് ഒരുപാട് കയറ്റിക്കുത്തിയിട്ടില്ല) - ഓടിക്കോ, ഇല്ലെങ്കിൽ ഏറു കൊള്ളും! പരിചയമില്ലാത്ത ആ കമെന്റ് ഇട്ട മനുഷ്യൻ വലിയൊരു മാനസിക സംതൃപ്തിയോടെ ഉറങ്ങാൻ കിടന്നിരിക്കും. 

ഇനി, ഇത് സോഷ്യൽ നെറ്റ് വർക്കിലും  അങ്ങനെതന്നെ.  സഹിക്കവയ്യാതായപ്പോൾ, ഏതായാലും ഓപ്ഷൻ ഉള്ള നിലക്ക് കമെന്റ്സ് വെരിഫിക്കേഷൻ തല്ക്കാലം  ആയിക്കളയാം എന്ന് തോന്നി അങ്ങനെ ചെയ്തു.  അപ്പോൾ, അതാ വരുന്നു ഒരു കമെന്റ്സ് - ഓ, ഇങ്ങനെ ആണെന്ന് അറിഞ്ഞില്ല; എന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തി; ഞാൻ കൊച്ചാക്കപ്പെട്ടപോലെ! 

അയ്യോ, ഞാൻ ഇദ്ദേഹത്തിന്റെ ഈജീഓയിൽ മുട്ടി വേദനിപ്പിച്ചോ എന്റെ ഫഗവാനേ....ഏതായാലും ഈ ''വെരിഫിക്കേഷൻ'' വേണ്ട.  

[ എന്റമ്മോ ഈ മലയാളി മനസ്ഥിതി ഇങ്ങനെയൊക്കെയൊ? ]  

മലയാളി അല്ലാത്ത ഒരു സുഹൃത്ത്‌ - മലയാളം പഠിച്ചു, മലയാളത്തെയും മലയാളികളെയും താലോലിക്കുന്ന ഒരു ദേഹം എന്നെ കോണ്ടാക്റ്റ് ചെയ്തു.  ആ സഹൃദയനു ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായാലോ മോശം, മോശം.

2014, ജനുവരി 27, തിങ്കളാഴ്‌ച

ഇഷ്ടം


Blog-post No: 158 -

ഇഷ്ടം

(ചിന്താവിഷയം)

 

ചിലർക്ക് ചിലരോട് ഇഷ്ടം തോന്നും.

ഇഷ്ടം, സ്നേഹം എന്നതൊക്കെ ദൈവീകം ആണ്.

എന്നിരിക്കിലും, ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതുമൊക്കെ ആ നിലക്ക് ആയിരിക്കണം എന്നില്ല.

ഒരാൾക്ക്‌ നല്ലത് ചിന്തിക്കുന്ന, പ്രവര്ത്തിക്കുന്ന ആളോട് ആയിരിക്കാം;

വേറൊരാൾക്ക് അങ്ങനെ അല്ലാത്ത ആളോട് ആവാം!

രണ്ടാമത്തെ കാര്യത്തിൽ - ദൈവീകമായ കാര്യം പൈശാചികമായി മാറുകയാണ്.  അത് ഒരു തീപ്പൊരിപോലെ എല്ലാം കത്തിനശിപ്പിക്കാൻ പ്രാപ്തമാണ് - കളവു പറയുന്നത്, അസൂയപ്പെടുന്നത്, പരദൂഷണം പറയുന്നത്, മോഷ്ടിക്കുന്നത്..... എല്ലാം എല്ലാം.

അപ്പോൾ, നല്ല നിലക്ക് ചിന്തിക്കുന്നവരോട്, പ്രവർത്തിക്കുന്നവരോട് ഇഷ്ടം കാണിക്കുക.  അത് ശോഭിക്കും, കത്തിനശിക്കാതിരിക്കും.

ഇക്കാര്യത്തിൽ ഓരോ വ്യക്തിയും ഒരു  സ്വയവിചിന്തനം ചെയ്തു നോക്കിയാൽ അറിയാവുന്നതേയുള്ളൂ.

2014, ജനുവരി 21, ചൊവ്വാഴ്ച

ജാഗ്രത!


Blog No: 157 -


ജാ ഗ്ര ത !

(ഒരു കുഞ്ഞുകവിത)


ദാഹം, വിശപ്പ്‌, കാമം,

മോഹം മുതലായവയൊക്കെ

ശമിക്കുന്നതുവരെ ആർത്തിയും

അത്യാർത്തിയുമൊക്കെയുണ്ടാകാം;

വിവേകബുദ്ധിയുണ്ടെന്നു (!?)

അഭിമാനിക്കുന്ന മനുഷ്യർ

മൃഗതുല്യരായെന്നു വരാം -

ആണ്‍ പെണ്‍ ഭേദമെന്യേ!

മൃഗതൃഷ്ണ മണക്കുന്നുവെങ്കിൽ....

ജാഗ്രത! ജാഗ്രത! ജാഗ്രത!


2014, ജനുവരി 19, ഞായറാഴ്‌ച

ഞാൻ ആര്?

Blog-post No: 156 -

ഞാൻ ആര്?

(ഗദ്യകവിത)


തന്റെ കണ്ണിൽ കാണുന്നത് മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

തന്റെ കാതിൽ കേൾക്കുന്നത്‌ മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

താൻ മണക്കുന്നത് മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

താൻ രുചിക്കുന്നത്  മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

താൻ പറയുന്നത് മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

താൻ ചെയ്യുന്നത് മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

ചുരുക്കത്തിൽ, തന്റെ ബുദ്ധിയിൽ ഉദിക്കുന്നതും, അറിയുന്നതും മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

''ഞാൻ'' ''ഞാൻ'' എന്ന് കാഹളം മുഴക്കുന്ന ഈ ''ചിലർ'' ഇതിനൊക്കെ എതിരായി സ്വന്തം കാര്യത്തിൽ സംഭവിക്കുമ്പോൾ മാത്രം മനസ്സിലാക്കുന്നു -

അതെ, ''ഞാൻ'' എന്നതിനപ്പുറം ''ഞാൻ അല്ലാത്ത ഒരു ശക്തി'' ഉണ്ടെന്ന്!

അപ്പോഴും, ആ ചിലരിൽ ചിലരെങ്കിലും വൃഥാവിൽ വീണ്ടും പഴയ പല്ലവിതന്നെ പാടുന്നു!

2014, ജനുവരി 15, ബുധനാഴ്‌ച

കുമാരനാശാന്‍


Blog-post No: 155 -

കുമാരനാശാന്‍

(അനുസ്മരണം)
ആശയഗംഭീരനായ ആശാന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട്  ഇന്നെക്കൂ തൊണ്ണൂറു വര്‍ഷങ്ങള്‍!  

ഈ വല്ലിയിൽ നിന്നു ചെമ്മേപൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാംനൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീവിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻഅമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂനീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പംഎല്ലാ-
മോമനേ, ദേവസങ്കല്പം.

അമ്മ പാടി കേള്‍പ്പിച്ച ഈ കവിത കുമാരനാശാന്റേതാണെന്ന് (പുഷ്പവാടി) പിന്നീട് എനിക്ക്‌ മനസ്സിലായി. 

അന്നുമുതലെ ആശാന്‍ കവിതകളോട്‌ എനിക്ക്‌ താല്‍പ്പര്യമായിരുന്നു.  ആശാന്റെ ചണ്ഡാലഭിക്ഷുകി വായിച്ചത് ഒരു അനുഭവംതന്നെയായിരുന്നു. അതിലെ ഒരു ഭാഗംആറാം ക്ലാസ്സിൽ ആയിരുന്നപ്പോൾ പഠിച്ചത് ഓര്ക്കുന്നു:


ദാഹിക്കുന്നു ഭഗിനീകൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ

ഓമലേതരു തെല്ലെന്നതു കേട്ടൊ-
രാ മനോഹരിയമ്പരന്നോതിനാൾ:-

അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ?

നീചനാരിതൻ കൈയാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ?

കോപമേലരുതേജലം തന്നാ‍ലും
പാപമുണ്ടാ മിവളൊരു ചണ്ഡാലി;

ഗ്രാമത്തിൽ പുറത്തിങ്ങു വസിക്കുന്ന
ചാമർ’ നായകൻ തന്റെ കിടാത്തി ഞാൻ

ഓതിനാൻ ഭിക്ഷുവേറ്റ വിലക്ഷനായ്
ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,

ചോദിക്കുന്നു നീർ നാവുവരണ്ടഹോ!
ഭീതിവേണ്ടാതരികതെനിക്കു നീസാറാമ്മ ടീച്ചര്,  ഇത് രീതിയിൽ ചൊല്ലി,  പരാവർത്തനം പറയുന്നത്കേട്ട് ആശാന്റെ ആത്മാവ് സന്തോഷിച്ചിരിക്കണം!   മുഴുവൻ കവിത വായിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. ആശാൻ ആശയഗംഭീരൻ ആണല്ലോ. ഇനി,  ഇത് വായിക്കാനിടയായ ഒരു സംഭവം പറയാതിരിക്കാൻ വയ്യ:


ഒരു സഹൃദയൻതന്റെ തീവണ്ടി യാത്രയിൽമുകളിലെ ബെർത്തിൽ കിടന്നു പുസ്തകം വായിക്കുന്ന ഒരു ഹിപ്പിവേഷധാരിയെ കണ്ടതിനെക്കുറിച്ച് എഴുതിയത് വായിച്ചു - ‘’അയാള് വായിച്ചു വളരെ രസിക്കുന്നുണ്ട്. വല്ല കാമകേളികളും വായിച്ചു രസിക്കുകയാകാം - അല്ലാതെ ഇക്കൂട്ടര്ക്ക് എന്ത് പണി.’’ എന്നാൽ,  അത് കുമാരനാശാന്റെ ഒരു കവിതയായിരുന്നു! അങ്ങിനെയെങ്കിൽ ആശാന്റെ കവിതകളിൽ ഏതെങ്കിലും കിട്ടിയാൽ വായിച്ചിട്ടുതന്നെ കാര്യം - ഞാൻ മനസ്സില് കുറിച്ചിട്ടു. ഭാഗ്യത്തിന് മുകളിൽ പറഞ്ഞപോലെയെങ്കിലും പരിചയമുള്ള ചണ്ഡാലഭിക്ഷുകിതന്നെ ആദ്യം കിട്ടുകയും ചെയ്തു.


യശ:ശ്ശരീരനായ മഹാകവിക്കു പ്രണാമം.