2014, മേയ് 28, ബുധനാഴ്‌ച

പ്രണയം
Blog post No: 220 - 

പ്രണയം


(മിനിക്കഥ)

ലില്ലി - എന്തു നല്ല പേര്!  സാഹിത്യപ്രേമിയായ താൻ ആ പേര് പല കഥകളിലും കണ്ടു.  ക്രമേണ....... ആ പേരിനോട് എന്തെന്നില്ലാത്ത ഒരു..... പ്രണയം.  ശബ്ദത്തിന്റെ ഉടമയെ കാണാതെ (അശരീരി) ശബ്ദത്തെ ഇഷ്ടപ്പെടുംപോലെ.  ഇതാ,  അവസാനം, അവിചാരിതമായി ഒരുവൾ ആ പേരിൽ   കടന്നു വരുന്നു, പരിചയപ്പെടുന്നു.   ആരായാലും  ലില്ലീ, നായികേ,  നിന്നെ  ഈയുള്ളവൻ പ്രണയിക്കുന്നു.  നിനക്ക് ഇഷ്ടമല്ലെങ്കിൽ കൂടി,  ഈ പ്രണയം നിന്നോടുണ്ടായിരിക്കും - മൌനമായി,  മാന്യമായി...

കുഞ്ഞുകവിതകൾ - 4


Blog post No: 219 -

കുഞ്ഞുകവിതകൾ - 4


പ്രണയം

പ്രണയമലർ വിരിയുമ്പോൾ
നറുമണം പടരുന്നു;
പ്രണയമലർ കൊഴിയുമ്പോൾ
മാനസം പിടയുന്നു   
--


ഒരേ മനുഷ്യൻ, ഒരേ വായ

''അതിലെന്തുണ്ട് വായിക്കാൻ?
രണ്ടു വരികളെഴുതിവെച്ചിരിക്കുന്നു.''
''ആർക്കു നേരമിതൊക്കെ വായിക്കാൻ?
എഴുതി നിറച്ചിരിക്കുന്നു.''   
--


എല്ലാം വേണമെന്നിരിക്കിലും....

നവരസങ്ങളിലേതു വേണമീ ജീവിതത്തിൽ 
നവരസങ്ങളെല്ലാം വേണ്ടിവരുമീ ജീവിതത്തിൽ!

മസാലകളിലേതു വേണമീ ഉപദംശത്തിൽ
മസാലകളെല്ലാം വേണ്ടിവരുമീ ഉപദംശത്തിൽ!

എല്ലാം നിറഞ്ഞൊരീ ഭൂമുഖത്തിൽ
എല്ലാമാവശ്യമായെന്നിരിക്കും!

ആവശ്യമുള്ളതാണെല്ലാമെന്നിരിക്കിലും
ആവശ്യമില്ലാത്തതുപയോഗിക്കാതിരിക്കൂ!
 

2014, മേയ് 26, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ --3Blog Post No: 218 -

കുഞ്ഞുകവിതകൾ --3

മുഖപുസ്തകം

മുഖപുസ്തകം
മുടങ്ങുമ്പോൾ
മുഴുവനായ് പോകുന്ന
മുഖപ്രസാദം
മുഴുവനായ്ത്തന്നെ തിരിച്ചെത്തുന്നു
മുഖപുസ്തകം കിട്ടുമ്പോൾ!

മനുഷ്യമൃഗം

മൃഗം (സിംഹം) ഗർജിക്കുന്നു
മനുഷ്യനും ഗർജിക്കുന്നു
മൃഗത്തിന് വിവേകബുദ്ധിയില്ലത്രേ
മനുഷ്യനോ അതൊക്കെയുണ്ടെന്നും!


വേരോടെ പിഴുതെറിയൂ...

അഹങ്കാരം,
അസൂയ,
അത്യാഗ്രഹം,
അക്രമാസക്തി,
ആത്മപ്രശംസ,
ആദിയായവയുണ്ടോ -
ആത്മവിചിന്തനം ചെയ്യൂ,
അറുത്തുമുറിക്കാതെ വേരോടെ പിഴുതെറിയൂ
അപ്പോൾ കാണാം ജീവിതത്തിന്റെ ചമത്കാരം.  ദൈവഹിതം (പ്രകൃതി നിയമം)Blog Post No; 217 - 
ദൈവഹിതം (പ്രകൃതി നിയമം)
(ചിന്തകൾ)

ദൈവഹിതം അഥവാ പ്രകൃതിനിയമം
മനുഷ്യരാൽ മാറ്റാമെന്നത് വെറും വ്യാമോഹം.
എന്നാൽ, മനുഷ്യന് മറ്റു ജീവജാലങ്ങളെക്കാൾ
ബുദ്ധിപരമായി ചിന്തിക്കാനും
പ്രവത്തിക്കാനും കഴിയും എന്നത് വാസ്തവം.
ഏറ്റവും നല്ല ചികിത്സകൻ ദൈവം
അഥവാ ദൈവത്തിന്റെ ഭാഗമായ പ്രകൃതിതന്നെ.
മനുഷ്യ-ചികിത്സകൻ
ആ മഹാചികിൽസകനെ സഹായിക്കുമ്പോൾ
മനുഷ്യൻ ദൈവസന്നിധിയിലെത്തുന്നു
അഥവാ പ്രകൃതിയിലേക്ക് മടങ്ങുന്നു.

2014, മേയ് 18, ഞായറാഴ്‌ച

ചാപല്യം!?
Blog Post No: 216 -
ചാപല്യം!?

(മിനിക്കഥ)

അവളൊരു ദു:ഖപുത്രി.  സന്ദർഭവശാൽ ആ കഥയറിഞ്ഞപ്പോൾ  അവനു എന്തെന്നില്ലാത്ത വിഷമം തോന്നി.  ആ സഹതാപമാണോ അവളോട്‌ സ്നേഹം തോന്നാൻ കാരണംഅറിയില്ല.  ഏതായാലും, അവളുടെ ചിത്രം മനസ്സിൽ മായാതെ കിടക്കുന്നു. അവളുടെ വാക്കുകൾ ഇപ്പോഴും കാതിലിരിക്കുന്നു.....   അവൻ ആ സത്യം പറഞ്ഞപ്പോൾ, അതൊരു ചാപല്യം അല്ലെ എന്ന് മറുചോദ്യം!  ആണോതാമസിയാതെ മറക്കുന്നതാണെങ്കിൽ.... അതെ, ചാപല്യം തന്നെ. അല്ലെങ്കിൽ..... അല്ല.

2014, മേയ് 15, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 2


Blog post No: 215 -


കുഞ്ഞുകവിതകൾ - 2

1. ഹൈക്കു

ബിംബങ്ങളില്ലാത്ത
ഹൈക്കു കവിതകൾ
നിരർത്ഥകമായ
ജല്പനങ്ങളത്രെ  

***


2. മോഹനാംഗിമാർ

മന്ദസ്മിതം തൂകുന്ന
മോഹനാംഗിമാർതൻ 
മനോരഥമാർക്കുമേ
മനസ്സിലാകില്ലൊരിക്കലും 

***

3. കള്ളി?

കള്ളിപ്പാലകൾ, കള്ളിയുടുപ്പുകൾ
കള്ളിമുള്ളുകൾ, കള്ളിമുള്ള,നീ
കള്ളിയെന്നൊരു വാക്കിങ്ങനെ കേട്ടാൽ
കള്ളമിതിലുണ്ടെന്ന വിചാരം വേണ്ടാ.2014, മേയ് 14, ബുധനാഴ്‌ച

''പ്രിയേ, നീ എന്റെ പ്രിയ ആകുന്നു.''

Blog Post No; 214 - 

''പ്രിയേ, നീ എന്റെ പ്രിയ ആകുന്നു.''

(അനുഭവം)


(From PRIYA)

ഇത് ശ്രീ മധുവിന്റെ ഒരു ഡയലോഗ്.

കട്ടച്ചിറ വിനോദ് എന്ന മുഖപുസ്തക സുഹൃത്ത് ചോദ്യം ഇടുന്നു:

ഹിന്ദി ഗായകൻ മഹേന്ദ്ര കപൂര് പാടിയ മലയാളം പാട്ട് ഏതു ചിത്രത്തിലേതാണ്?

കണ്ടതും ഞാൻ ഉത്തരമിട്ടു:  പ്രിയ.  ഗാനം - ബോംബെ, ബോംബെ.....

എങ്ങനെ മറക്കുംവര്ഷങ്ങള്ക്ക് മുമ്പ് കണ്ടതെങ്കിലും മനസ്സില് മായാതെ കിടക്കുന്ന ചിത്രം.  മറക്കാത്ത കഥ (സി. രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവൽ).  സംവിധായകനും നടനും മധു.  ലില്ലി ചക്രവര്ത്തി എന്ന ബെന്ഗാളി നടി നായിക. തുളസി എന്ന അമ്പലവാസി യുവതി സാഹചര്യങ്ങൾക്ക് അടിമപ്പെട്ടു ബോംബെയിലെത്തി പ്രിയ ആയി മാറുന്നു. അടൂർ ഭാസിക്ക് വ്യത്യസ്തമായ സഹനടന്റെ റോൾ.  ബഹദൂർ പഞ്ചാബി സ്ത്രീയെ കല്യാണം കഴിച്ച കുട്ടൻ സിംഗ്! ശങ്കരാടി ബാനെർജി. 

സുഹൃത്തെ, ഓർമ്മകൾ....

നന്ദി.

2014, മേയ് 13, ചൊവ്വാഴ്ച

അക്കരപ്പച്ചയിലെ....Blog Post No: 213 -
അക്കരപ്പച്ചയിലെ....

പഴയ ചലചിത്രങ്ങൾ, പാട്ടുകൾ...... എന്നും എനിക്ക് പ്രിയപ്പെട്ടതാണ്.  പലതും കഥയുടെ മേന്മകൊണ്ട്, ചിത്രീകരണത്തിന്റെ ഭംഗികൊണ്ട്, ഗാനത്തിന്റെ മാധുര്യംകൊണ്ട് നമ്മുടെ ഹൃദയത്തിൽ ഇടം നേടിയവയായിരിക്കും.

പണ്ട്, ഓലമേഞ്ഞ ടാക്കീസിൽ മാറ്റിനിക്കു ഓലക്കീറുകൾക്കിടയിൽ കൂടി സൂര്യരശ്മികൾ ശല്യം ചെയ്താലും, സിനിമയും, പാട്ടുകളുമെല്ലാം നിത്യഹരിതം....

അവയിലൊന്ന് - ഒരു യുഗ്മഗാനം, പ്രേമഗാനം ഇതാ:

അക്കരപ്പച്ചയിലെ അന്ജനചോലയിലെ
ആയിരം ഇതളുള്ള പൂവേ
ആര്ക്കുവേണ്ടി വിടര്ന്നു നീ
അല്ലിപ്പൂവേ...

ഈ ഗാനം പാടാൻ, കേൾക്കാൻ:


(ഈ സയ്റ്റിനോട് കടപ്പാട്)

2014, മേയ് 12, തിങ്കളാഴ്‌ച

നിർഭാഗ്യവശാൽ ഞാനൊരു സ്ത്രീ അല്ല!


Blog Post No; 212 -

നിർഭാഗ്യവശാൽ ഞാനൊരു സ്ത്രീ അല്ല!

(നർമ്മാനുഭവം)

ഇത് എന്റെ അനുഭവമല്ല, എന്റെ അച്ഛന്റെ.  അച്ഛൻ മരിച്ചിട്ട് ഇരുപതു വർഷങ്ങൾ പിന്നിട്ടു.  എന്നാൽ, സാന്ദർഭികമായി എന്നും അച്ഛന്റെയും, അച്ഛനുമായി ബന്ധപ്പെട്ടതുമായ  കാര്യങ്ങളും ഓർമ്മ വരുന്നു.

അധ്യാപകനാകുന്നതിനു മുമ്പ്, ബ്രിട്ടീഷ് ഇന്ത്യയിലെ എയർഫോർസിൽ ആയിരുന്നു.  അച്ഛൻ പറഞ്ഞിരുന്ന, ട്രെയിനിംഗ് സമയത്തുണ്ടായ രസകരമായ അനുഭവങ്ങളിലൊന്നു ഇതാ: 

ട്രെയിനിംഗ് നടക്കുന്നതിനിടയിൽ തലയിലെ തൊപ്പി താഴെ വീണു.  വെള്ളക്കാരൻ ട്രെയിനർക്ക്  അത് ഇഷ്ടപ്പെട്ടില്ല.  

“How did it happen?’’

‘’I don’t know, Sir.’’

‘’What? From which place are you?’’

‘’Far South.’’

‘’Faar South?  No name for that place?’’

‘’Yes, Malabar.’’


'', മലബാർ.  ഞാൻ കണ്ടിട്ടുണ്ടല്ലോ, മലബാറിൽ സ്ത്രീകൾ അവരുടെ തലയിൽ വെള്ളം നിറച്ച കുടങ്ങൾ ഒന്നൊന്നായി മേലേക്ക്  മേലെ വെച്ച് ഒരു പ്രശ്നവുമില്ലാതെ കൊണ്ടുപോകുന്നത്.'' 

കുസൃതിക്കാരനായ അച്ഛൻ മൊഴിഞ്ഞു:

‘’But, unfortunately, I am not a lady, Sir.’’


അതുകേട്ടു എല്ലാവരും ചിരിച്ചു.  ട്രെയിനർക്ക് ദേഷ്യം  വന്നു. പണിഷ്മെന്റ് ആയി അവിടെ നിന്ന് ഒരു നിശ്ചിത ദൂരത്തേക്കു ഓടാൻ കൽപ്പിച്ചു.

കേൾക്കാതെ നിവർത്തിയില്ലല്ലോ.  ഓടി.  തിരിച്ചു അവിടെനിന്നു സാവധാനത്തിൽ നടന്നു.  വേഗത്തിൽ ഓടാൻ ട്രെയിനർ ആംഗ്യം കാട്ടുന്നുണ്ട്.  വീണ്ടും കുസൃതി.  അത് കണ്ടില്ല എന്ന് നടിച്ചു.  അടുത്ത് എത്താറായപ്പോൾ ഓടി.  ചോദിച്ചപ്പോൾ, അടുത്ത് എത്തിയപ്പോൾ മാത്രമാണ് കണ്ടത്, മനസ്സിലായത് എന്ന മറുപടിയും കൊടുത്തു.

''ട്രെയിനെർ വിചാരിച്ചുകാണും - ഇവൻ നന്നാവില്ല'' എന്നാണു അന്നത്തെ കുസൃതിവീരൻ പറഞ്ഞത്!