2016, ജൂലൈ 31, ഞായറാഴ്‌ച

അധികപ്രസംഗവും അതിസാരവും


Blog Post no: 444-

അധികപ്രസംഗവും അതിസാരവും 


മൗനം നമുക്കാവശ്യ,മെങ്കിലോ

അതിമൗനം അനാവശ്യംതാൻ;

സംസാരം ആവശ്യ,മെങ്കിലോ

അതിസംസാരം അതിസാരംപോലെതാൻ!

അതിസാരത്തി,നൗഷധമുണ്ടെന്നാലും

ഭക്ഷണക്രമം പ്രധാനംതാൻ.

വാരിവലിച്ചു ഭക്ഷിക്കുന്നോർ-

ക്കതിസാരം ഭേദമാവില്ലതന്നെ. 

2016, ജൂലൈ 25, തിങ്കളാഴ്‌ച

മൊഹബത് സുലൈമാനി


Blog post no: 443 -


മൊഹബത് സുലൈമാനി 
ആവശ്യമുള്ളവ:

സാഹചര്യവെള്ളം, വിശ്വാസചായ, പ്രണയമധുരം.


ഉണ്ടാക്കുന്ന വിധം:

വളരെ എളുപ്പം; അല്പം ശ്രദ്ധിക്കണമെന്നുമാത്രം.
സാഹചര്യവെള്ളം തിളച്ചാൽ, ഒരല്പം വിശ്വാസചായ ഇടുക.  അത് ഒരു ഗ്ളാസ്സിലേക്കു പകരുക.
പിന്നീട്, ഒരു ഒന്ന് - ഒന്നര ടീസ്പൂൺ പ്രണയമധുരം ചേർത്ത് ഇളക്കുക.
ഒന്നാംതരം മൊഹബത് സുലൈമാനി റെഡി.

(പ്രചോദനം : Oru Suhruthu )

2016, ജൂലൈ 19, ചൊവ്വാഴ്ച

ഗ്രാമീണ വായനശാല

Block post no: 442 -


ഗ്രാമീണ വായനശാല 

ഗ്രാമീണ വായനശാലയുടെ ആവശ്യം നാം പണ്ടേ, അതായത് പഠിച്ചിരുന്ന കാലത്ത്, സ്‌കൂളിൽ പഠിച്ചിരുന്നു.  ഇന്ന് അതിന്റെ ആവശ്യം അല്ല അത്യാവശ്യം വന്നുചേർന്നിരിക്കുന്നു!  കാരണം, ഇന്നത്തെ തലമുറക്ക് പ്രത്യേകിച്ചു് വായനാശീലം കുറവ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.  കംപ്യുട്ടർ ഗെയിംസിന്റെ കാര്യത്തിലോ, ഫേസ്ബുക്ക്, വാട്ട്സപ്പ് മുതലായവയുടെ കാര്യങ്ങളിലോ അങ്ങനെ ആകാൻ വഴിയില്ല.  എന്നാൽ, വായനയുടെ കുറവ് അവരുടെ വ്യക്തിത്വത്തെ സാരമായി ബാധിക്കുന്നുണ്ട് എന്നാണ് എന്റെ എളിയ അഭിപ്രായം.

ഓരോ ഗ്രാമത്തിലും വായനശാലകൾ ആവശ്യംതന്നെ.  നമ്മുടെ ഭാഷയിലും, ആഗോളഭാഷയിലുമുള്ള പുസ്തകങ്ങൾ വായിക്കണം.

“വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും. ” —കുഞ്ഞുണ്ണിമാഷിന്റെ കവിത ഇത്തരുണത്തിൽ വളരെ വളരെ അർത്ഥവത്തതായി തോന്നുന്നു.

സാക്ഷരകേരളത്തിലെ - പട്ടണങ്ങളിലെ, ഗ്രാമങ്ങളിലെ ജനസമൂഹം ഇത് ഗൗരവമായി എടുത്തില്ല എങ്കിൽ ഈ തലമുറയോടും, അടുത്ത തലമുറകളോടും ചെയ്യുന്ന ക്രൂരതയാണ് എന്ന് ഓരോ പട്ടണ-ഗ്രാമവാസിയും മനസ്സിലാക്കുക, അതിനനുസരിച്ചു പ്രവർത്തിക്കുക എന്നതേ കരണീയമായ മാർഗ്ഗമുള്ളൂ.

ഒരിക്കൽകൂടി - വികസനങ്ങൾ എന്തെല്ലാം ഉണ്ടായാലും, വായനശാല ഇല്ലാത്ത ഗ്രാമം - അതിനു ശ്രമിക്കാത്ത ഗ്രാമവാസികൾക്ക് ചിന്താശീലവും, പ്രവർത്തനശീലവുമില്ല, അവർ നാടിന്റെ, ഗ്രാമത്തിന്റെ നന്മ ആഗ്രഹിക്കുന്നില്ല എന്നുപറഞ്ഞാൽ അതൊരു അതിശയോക്തിയാവില്ലതന്നെ.

2016, ജൂലൈ 5, ചൊവ്വാഴ്ച

പൂജക്കെടുക്കാത്ത പൂവുകൾ


Blog post no: 441 -

പൂജക്കെടുക്കാത്ത പൂവുകൾ

പൂജക്കെടുക്കാത്ത പൂക്കളെ
വെറുക്കേണ്ട കാര്യമില്ല;
പൂജക്കെടുക്കാത്തതിന് കാരണം
എന്തെങ്കിലും ഉണ്ടായിരിക്കാം.
എന്നാൽ, ആ കാരണം ഒരുപക്ഷേ
പൂക്കളുടെ കുറ്റംകൊണ്ടാവില്ല.
ആയതുകൊണ്ട്, ആവുമെങ്കിൽ
ആ പൂക്കളെ വേറെ എന്തെങ്കിലും
കാര്യത്തിന് ഉപയോഗിക്കാം.
അപ്പോൾ, പൂക്കൾക്ക് കിട്ടിയ ആ
ശാപത്തിൽനിന്നു മോചനം
കിട്ടുന്നതോടൊപ്പം അങ്ങനെ
ചിന്തിച്ചു പ്രവർത്തിച്ച
ആൾക്ക് പുണ്യവും കിട്ടുന്നു!