2015, മാർച്ച് 29, ഞായറാഴ്‌ച

കോളേജു മതി


Blog Post No: 360 -
കോളേജു മതി
(ഒരു കുസൃതിമാളു പരമ്പര)
മാളൂട്ടി ബാൽക്കണിയുടെ ഗ്രില്ലിൽ പിടിച്ചു കയറി,   വീട്ടിനു പുറകുവശത്തുള്ള കെ.ജി. ക്ലാസ്സുകളിലേക്ക് നോക്കി നിന്നു.  അവിടെ കുട്ടികൾ കരയുന്നു. അവർ എന്തിനാണ് കരയുന്നതെന്നു മാളുട്ടിക്ക് മനസ്സിലായില്ല.
അപ്പോൾ,  അവിടേക്ക്  കുട്ടുമാമ (മാളുട്ടിയുടെ അമ്മയുടെ കസിൻ) വന്നു.
''കുട്ടുമാമേ, കുട്ടുമാമേ കുട്ട്യേള് ന്തിനാ കരേണ്?''
കുട്ടുമാമ:
''അതോ, അവര് വികൃതി കാട്ട്യേപ്പോ, ടീച്ചര് അടിച്ചു. അതിനാ കരേണ്. മാളൂട്ടീം സ്കൂളില് പോകാൻ തൊടങ്യാ, വികൃതി കാട്ടുമ്പോ ഇതുപോലെ ടീച്ചര് തല്ലും.''
മാളൂട്ടിക്ക് പേടിയായി.  താൻ ഒരു കൊച്ചു വികൃതി ആണെന്ന് സ്വയം ബോധം ഉണ്ട്!
''അപ്പൊ, കുട്ടുമാമേം ടീച്ചരു തല്ല്വോ?''
''ഏയ്, ഞാൻ കോളേജിൽ അല്ലെ?  അവടെ അടിക്കില്ല്യ.''
മാളൂട്ടിക്ക് സമാധാനം ആയി. 

മാളൂട്ടി :
''അപ്പൊ, മാളൂനും കോളെജി പോയാ മതി.  സ്കൂളില് പോണ്ട.''

2015, മാർച്ച് 26, വ്യാഴാഴ്‌ച

സമ്മാനം


Blog Post no: 358

സമ്മാനം 

(മിനിക്കഥ)


സ്വർണത്തിൽ പൊതിഞ്ഞ, വിലപിടിപ്പുള്ള വാച്ച്! എത്രയോ വര്ഷങ്ങളായി അവൾ  ഉപയോഗിക്കുന്നു. 

അത് കയ്യിൽ കെട്ടുമ്പോൾ കാണാൻ എന്തൊരു ഭംഗി. അത് പ്രദാനം ചെയ്യുന്ന മാനസികോന്മേഷം വേറെ! 

ചങ്ങലയുടെ കൊളുത്ത് ഒന്ന് അയഞ്ഞപ്പോൾ ശരിയാക്കിയതായിരുന്നു. അത് വീണ്ടും അയഞ്ഞതാണെന്ന് തോന്നുന്നു. തിരക്കിൽ എവിടെയോ വീണുപോയത് അറിഞ്ഞതെ ഇല്ല. ഇഷ്ടപ്പെട്ട വാച്ച് പോയതിൽ അല്ല - തന്റെ ഒരു ജന്മദിനത്തിനു  ഒരടുത്ത ബന്ധു സമ്മാനിച്ചതായിരുന്നു അത്!

ഒരാൾ ഇഷ്ടത്തോടെ തരുന്ന സമ്മാനം ഇഷ്ടത്തോടെ എന്നും കൊണ്ടുനടന്നിരുന്നത് നഷ്ടപ്പെട്ടപ്പോഴുള്ള മനോവിഷമം അവൾ  ശരിക്കും അനുഭവിച്ചു. വേറൊന്നു അതിനു പകരം ആവില്ലല്ലോ. 

2015, മാർച്ച് 25, ബുധനാഴ്‌ച

പൂക്കളും മാളുട്ടിയും


Blog Post No: 357 -


ഒരു കുസൃതിമാളു പരമ്പര



 

പൂക്കളും മാളുട്ടിയും

പൂക്കൾ വിരിഞ്ഞു നില്ക്കുന്നത് കണ്ടപ്പോൾ   മാളുട്ടിക്ക് സന്തോഷമായിപൂക്കള്ക്ക് എന്തൊരു ഭംഗിഎന്തൊരു മണം!

എന്നാൽ, അവയൊക്കെ അവിടെത്തന്നെയിരുന്നു വാടും, കൊഴിയും - ഇത്രയും ആലോചിച്ചപ്പോൾ അവളുടെ മുഖവും വാടി.

കുഞ്ഞുമനസ്സിൽ, മുത്തച്ഛൻ പറഞ്ഞുകൊടുത്ത വലിയ കാര്യം ഓര്മ്മ വന്നുആദ്യം മനസ്സിലായില്ല, പിന്നെ മനസ്സിലായി -

സന്തോഷത്തിനു ശേഷം സങ്കടം വരാംഅത് പ്രകൃതി നിയമമാണ്ദൈവഹിതമാണ്എല്ലാം അനുസരിച്ചേ പറ്റൂ, സഹിച്ചേ പറ്റൂ. വിഷമിച്ചിട്ടു കാര്യമില്ല

ശരി, മാളുട്ടി തന്നെത്താൻ തലയാട്ടി. അവൾ വീണ്ടും ഉഷാറായിമുത്തച്ഛനോട് ഇനിയും ഒരുപാട് ചോദിക്കാനുണ്ട്
 

2015, മാർച്ച് 24, ചൊവ്വാഴ്ച

ടാമരിന്റ്റ് സൂപ്പ്

Blog Post No: 356 -

ടാമരിന്റ്റ് സൂപ്പ്
 
പണ്ടൊക്കെ തറവാടുകളിൽ പിച്ചളപ്പാത്രങ്ങൾ കൂടുതൽ ഉണ്ടാകുമായിരിന്നു.  ഇന്നത്തെപ്പോലെ സ്റ്റീൽ പാത്രങ്ങൾ അല്ല.  ഈയം പൂശിയില്ല എങ്കിൽ പാത്രത്തിൽ വെക്കുന്ന  പ്രത്യേകിച്ച് പുളിരസം ഉള്ള കറികൾ പെട്ടെന്ന് കേടുവരും.  അതിൽ പ്രാധാന്യം മുളക് വറത്ത പുളി (തറവാട്ടു  പുളി)!
തറവാട്ടിൽ എന്നും പ്രതീക്ഷിക്കാതെ വിരുന്നുകാർ ഉണ്ടാകും.  തറവാട്ടമ്മമാർ ഊണ് കഴിക്കാ തുടങ്ങുമ്പോഴേക്കും കറികളൊക്കെ കഴിയാറാകും.  അപ്പോൾ, ഒരു ''എളുപ്പവഴിയിൽ ക്രിയ'' ചെയ്യലാണ് ''പുളി'' പരിപാടി.
പുളിമരം ഉള്ളതുകൊണ്ട് കുടത്തിൽ അടച്ച പുളി എന്നും ഉണ്ടാകും.  (ഇന്നും ഞാൻ അതാണ്‌ ഉപയോഗിക്കുന്നത്.)  നാട് വിട്ട ശേഷവും ''തറവാട്ടുപുളി''യുടെ ടേസ്റ്റ്  നാവില്നിന്നു പോയിട്ടില്ല.  അപ്പോൾ, ഇന്നും വല്ലപ്പോഴും ഞാൻ അതുണ്ടാക്കും.
ഒരിക്കൽ അതുണ്ടാക്കി, സഹമുറിയനായ ചന്ദ്രകുമാർ സിംഗ് എന്നാ മണിപ്പൂര്കാരന് കൊടുത്തു.  പുള്ളിക്ക് അത് ''ക്ഷ'' രസിച്ചു.  ഇത് ''രസം'' ആണോ എന്ന് ചോദിച്ചു.  അയാള് എന്റെ ''രസ''വും കുടിച്ചിട്ടുണ്ട്.  ഞാൻ പറഞ്ഞു - ടാമരിന്റ്റ് സൂപ്പ്!  (അത് പറഞ്ഞപ്പോൾ എനിക്കുതന്നെ ചിരി വന്നു.)   പുള്ളി അത് നുണച്ചു   നുണച്ചുകൊണ്ട് ഇനിയും വേണം എന്നായി.  ഞാൻ പറഞ്ഞു - അളവിൽ കൂടുതൽ കഴിച്ചാൽ ലൂസ് മോഷൻ ഉണ്ടാകും.  ബാപ് രെ.  പുള്ളി കുടി മതിയാക്കി.
അച്ചാ, യെ ബോലനാ - യെ കൈസാ ബനാത്താ ഹേ?
ഞാൻ പറഞ്ഞുകൊടുത്തു -
വെളിച്ചെണ്ണയിൽ കടുകു വറത്തിടുമ്പോൾ, കറിവേപ്പിലയുടെ കൂട്ടത്തിൽ അരിഞ്ഞുവെച്ച കുറച്ചു ചെറിയ ഉള്ളിയും, വറ്റൽമുളകും, ഇഞ്ചി അറിഞ്ഞതും, ഉലുവ (വെന്തയം)യും ഇട്ടു വഴറ്റുക.  പിന്നീട് വെള്ളത്തിൽ ഇട്ടുവെച്ച പുളി പിഴിഞ്ഞ്   പുളിവെള്ളം അതിൽ ചേര്ക്കുക.  ആവശ്യത്തിനു വെള്ളവും. 
പിന്നെ, മഞ്ഞൾപൊടി, പാകത്തിന് ഉപ്പ്.  കറി ഒന്നും ഇല്ലെങ്കിൽത്തന്നെ ചമ്മന്തി പോലെ ഇതും സഹായകം! ഒരു കപ്പിൽ അല്ലെങ്കിൽ കൊച്ചു ഗ്ലാസിൽ എടുത്തു ഇടയ്ക്കിടെ കുറച്ചു കുറച്ചായി  കഴിച്ചാൽ ചോറ് കൊണ്ട് വന്നത്  പോരാ എന്ന് വരും! തറവാട്ട് പുളിയുടെ മഹത്വം!