2017, ഡിസംബർ 19, ചൊവ്വാഴ്ച

ക്ഷേത്രങ്ങൾ, ക്ഷേത്രങ്ങൾ...

Blog post no: 466-
ക്ഷേത്രങ്ങൾ, ക്ഷേത്രങ്ങൾ...


എൻറെ കുഞ്ഞനിയത്തി നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നു, ഏട്ടനും എടത്തിയമ്മക്കും ബുക്ക് ചെയ്തോട്ടെ, എൻറെ വീട് കണ്ടിട്ടില്ലല്ലോ എന്ന് പറഞ്ഞപ്പോൾ ഞാൻ ഭാര്യയോടും കൂടി ചോദിച്ച് ''ഓക്കെ'' ചെയ്തു. 

പാലക്കാട്ടിൽത്തന്നെയുള്ള, പട്ടാമ്പി  - കുമ്പിടിക്കടുത്ത് പെരുമ്പത്തുള്ള വീട്ടിൽ പോയി.  നവംബർ അവസാനത്തെ ആഴ്ചയിൽ പോകാനും കാരണമുണ്ട് - അവിടെയുള്ള വാമനമൂർത്തി അമ്പലത്തിൽ ഗുരുവായൂർ ഏകാദശി ഉത്സവമാണ്. 

കേരളത്തിന്റെ പല ഭാഗങ്ങളും ഇനിയും ഞാൻ കണ്ടിട്ടില്ല.  എന്തിനധികം ജന്മനാടായ പാലക്കാടിന്റെയും.  ഈ യാത്രയിൽ അങ്ങിനെ ചില സ്ഥലങ്ങളിൽ അവളും, അളിയനുമായി  പോകാൻ സാധിച്ചു, തറവാട്ടിലേക്കും ബന്ധുക്കളുടെയും അടുത്ത് പോകുന്നതിനുമുമ്പായി. 

പെരുമ്പലം ശ്രീകൃഷ്ണ ക്ഷേത്രം - ഒരു കൊച്ചു ക്ഷേത്രം.  അടുത്തുള്ള മൈതാനത്തിൽ ''എന്ജോയ് ബോയ്സ്'' കളിക്കുന്നു.  അതിനടുത്ത് പാതവക്കിലായി അവരുടെ ''ഏറുമാടം'' കാണാം.  അതിലിരുന്നു പത്രം വായിക്കാനും, മൊബൈൽ ഫോൺ നോക്കാനും, സംസാരിക്കാനും...

കൊടലിൽ വാമനമൂർത്തി അമ്പലം -  മൂന്നാലു പ്രാവശ്യം അവിടെ പോയി.  നാരായണീയം വായന, കൾച്ചറൽ പ്രോഗ്രാംസ് , ആന എഴുന്നള്ളത്ത്...
അതിനടുത്തുതന്നെയാണ് മൂലയാം പറമ്പത്ത് ഭഗവതി.  കുറെ പടവുകൾ കയറി പോകണം. 
പന്നിയൂർ വരാഹമൂർത്തി അമ്പലം, കേരളത്തിൽതന്നെയുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണ്. മാത്രമല്ല ഈ ക്ഷേത്രത്തിനടുത്തുള്ള ചിറയിൽനിന്നാണ് വിഷ്ണുഭഗവാൻ വരാഹമായി അവതരിച്ച് ലോകത്തെ തേറ്റയിൽ എടുത്ത് രക്ഷിച്ചത് എന്ന് വിശ്വസിക്കപ്പെട്ടുവരുന്നു.  പറയിപെറ്റു പന്തിരുകുലത്തിലെ പെരുന്തച്ചന്റെ മുഴങ്കോലും ഉളിയുമൊക്കെ ഈ ക്ഷേത്രത്തിൽ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. പെരുന്തച്ചന്റെ സഹോദരങ്ങളും ഇവിടെ സ്മരിക്കപ്പെടുന്നു.    രാ യ് ര  നെ ല്ലൂ ർ ഭഗവതി ക്ഷേത്രത്തിനോട് തൊട്ടുള്ള നാറാണത്ത് ഭ്രാന്തന്റെ ശിൽപം കാണേണ്ടതാണ്. 


ഭ്രാന്തൻ ഒരു കാലിലുള്ള മന്ത് വേറൊരു കാലിലേക്ക് മാറ്റാൻ വരം വാങ്ങിയ ഒരു കഥയുണ്ട്.  ഭഗവതിയും കൂട്ടരും ചുടലയിൽ പാതിരാത്രി എത്തുമ്പോൾ, അവിടെ ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന നാറാണത്ത് ഭ്രാന്തനെ കാണുന്നു.  അയാളെ അവിടെ നിന്നും ഓടിക്കാൻ എല്ലാ അടവുകളും പയറ്റി, അവസാനം ഭഗവതി തോറ്റു.  ഭ്രാന്തനോട് എന്തെങ്കിലും വരം ചോദിക്കാൻ ആവശ്യപ്പെട്ടു.  ഒരു ഉപകാരവുമില്ലാത്ത വരം എന്ന് വരുത്തിത്തീർക്കാൻ തൻറെ ഒരുകാലിലുള്ള മന്ത് വേറെ കാലിലാക്കി തരാൻ പറയുന്നു! 

വേറൊരു സഹോദരനായ പാക്കനാരുണ്ട് ക്ഷേത്രവും ഉണ്ട്.  അവിടെ ഇതര മതത്തിലുള്ളവരെ കണ്ടു. 
പിന്നീട് നരസിംഹമൂർത്തി - അയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്തി.  ഇവിടേയ്ക്ക് പോകുന്നത് ഒരു മനയുടെ ഉള്ളിലൂടെ ആയിരുന്നു.  അവിടെ എത്തിയപ്പോൾ എം.ടി.യുടെ   ജാനകിക്കുട്ടിയുടെയും, കുഞ്യാത്തോലിന്റെയും കഥ ഓർമ്മ വന്നു.
പിന്നീട് എം.ടി.യുടെതന്നെ നിർമ്മാല്യത്തിൽ കണ്ട കാവുകൾ - വാഴക്കാവ് ഭഗവതി ക്ഷേത്രം, കൊടിക്കുന്നത്ത് ഭഗവതി ക്ഷേത്രം, പിന്നെ മുത്തുവിളയാംകുന്ന് ക്ഷേത്രം  മുതലായതൊക്കെ കണ്ടു.


മൽമലക്കാവ് അയ്യപ്പൻകാവ് ക്ഷേത്രത്തിലും, ആൽത്തറയിലും, എം.ടി. യുടെ ''നീലത്താമര'' വിരിയുന്ന കുളത്തിലുമൊക്കെ പോയി.  ആൽത്തറയിൽ, മുല്ലനേഴി ഇരുന്നു, ''കുട്ടി, വെളുത്തേടത്തെയല്ലേ'' എന്നൊക്കെ ചോദിക്കുന്നതും മറ്റും മനസ്സിൽ കണ്ടു.


തൃപ്പൻകോട്ടു    മഹാദേവ ക്ഷേത്രത്തിൽ, ശിവൻ, മാർക്കണ്ഡേയനുവേണ്ടി യമനെ വധിച്ചശേഷം ശൂലം കഴുകിയ കുളം എന്ന് വിശ്വസിക്കപ്പെട്ടുപോരുന്ന കുളവും കണ്ടു.
തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, ആലത്തിയൂർ ഗരുഡൻകാവ് (കേരളത്തിലെ ഒരേ ഒരു ഗരുഡൻ പ്രതിഷ്ഠയുള്ള ക്ഷേത്രം) എന്നിവടങ്ങളിലും പോയി.

മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചതിന്, അവിടെനിന്നു വരുമ്പോൾ അളിയനോട് ഒരു നല്ല മൂഡിൽ സംസാരിക്കാനും, നന്ദി പറയാനും പറ്റിയില്ല - അയാൾ കസിന്റെ അസുഖവുമായി ബന്ധപ്പെട്ടു തിരക്കിലായി. പ്രഭേട്ടൻ, ഞങ്ങൾ അവിടെയുണ്ടാതിരുന്നപ്പോൾ ഇടയ്ക്കിടെ വന്നു വിശേഷങ്ങൾ തിരക്കിയിരുന്നു.  ഇപ്പോൾ, സുഖമായി എന്നറിഞ്ഞു.

കടപ്പാട് - ചിത്രങ്ങൾക്ക്, അനിയത്തിയോട്.