2014, ജൂലൈ 29, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 33



Blog Post No: 260 -

കുഞ്ഞുകവിതകൾ - 33

Haiku Poems:

അമ്പിളിയെ നോക്കി മന്ദഹസിച്ചുകൊണ്ട്
അർക്കൻ യാത്രപറഞ്ഞു പോയി
അമ്പിളിയും മണിക്കൂറുകൾക്കു ശേഷം തഥൈവ
+++


എലി തുരക്കുന്നു
പുലി ചീറുന്നു
എലിയെപ്പോലെ, പുലിയെപ്പോലെ മനുഷ്യൻ! 
+++

മനസ്സിൽ സന്തോഷം, മുഖത്ത് ദു:ഖം
മനസ്സിൽ ദു:ഖം, മുഖത്തു സന്തോഷം
മനുഷ്യജീവീ, ഇത് നിനക്കേ സാധിക്കൂ.
+++

പൂവന്റെ പരാക്രമത്തിൽ
പിടയുടെ മനം പിടഞ്ഞു
പരാക്രമം പൂവാ, പിടയോടല്ല വേണ്ടൂ
+++

കുയിൽ ചോദിച്ചു കാക്കയോട്, എന്നെപ്പോലെ പാടാമോ
കാക്ക ചോദിച്ചു കുയിലിനോട്, എന്നെപ്പോലെ നോക്കാമോ
കുയിലിന്റെ പാട്ടിനല്ല, കാക്കയുടെ നോട്ടത്തിനാണിവിടെ വില!?
+++

പൂവ് ചോദിച്ചപ്പോളവൾക്ക്
പൂക്കുലതന്നെ കിട്ടി
പണം ചോദിച്ചപ്പോൾ പണിയും!

2014, ജൂലൈ 28, തിങ്കളാഴ്‌ച

നിഷ്ക്കളങ്കം, കളങ്കം...


Blog Post No; 259 -

നിഷ്ക്കളങ്കംകളങ്കം...
.
.

കല്ലെടുപ്പിക്കുന്നുണ്ടവൾ തുമ്പിയെക്കൊണ്ട്
.
കുസൃതിക്കുടുക്കയാം മാളുക്കുട്ടി
.
കല്ലെടുക്കാൻ നോക്കുന്നു തുമ്പി, എന്നാൽ
.
കല്ലിന്റെ ഭാരം താങ്ങുന്നതേയില്ല
.
കള്ളമുള്ള ചിലർ ചെയ്യിക്കുന്നുയിങ്ങനെ
.
കള്ളമില്ലാത്ത സാധുക്കളെയൊക്കവേ
.
കളിയല്ല,  കാര്യമാണിതെല്ലാരുമറിയുന്നു 
.
കല്ലെടുപ്പിക്കുന്നത് തുമ്പിയെക്കൊണ്ടെന്നപോൽ    

2014, ജൂലൈ 27, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 32



Blog Post No: 258 -

കുഞ്ഞുകവിതകൾ - 32



കുടിക്കാൻ ജലം, പ്രളയത്തിലും ജലം
പാചകത്തിന് തീ,  ചുട്ടെരിക്കാനും തീ
ശ്വസിക്കാൻ വായു, നശിപ്പിക്കാൻ കൊടുങ്കാറ്റ്
ഇതൊക്കെയറിഞ്ഞു പെരുമാറണം നാം
പ്രാർത്ഥിക്കയും വേണം പഞ്ചഭൂതങ്ങളോട്
നമ്മെ രക്ഷിക്കാൻ, നല്ല ബുദ്ധി തോന്നിപ്പിക്കാൻ

+++

ചിലരെ നാം കാണ്മതുണ്ട് നമ്മുടെയീ ജീവിതത്തിൽ
ചാഞ്ചാല്യമെന്യേയെല്ലാം സഹിക്കുന്നവരാണവർ
ചിന്തിച്ചു ചിന്തിച്ചൊരുത്തരം കിട്ടാത്ത നമ്മൾക്ക്
ചന്തമോടെ ജീവിക്കുന്നയാ പാവങ്ങൾ മാതൃക!

+++


നാം ജനിക്കുമ്പോൾ സന്തോഷിക്കുന്നു അച്ഛനമ്മമാർ
അവർ മരിക്കുമ്പോഴോ, ദു:ഖിക്കയും ചെയ്യുന്നു നാം
ദു:ഖം സ്നേഹത്താൽ, കടമകൾ തീർത്തുകൊണ്ടാണെന്നാകിൽ 
സംശയംവേണ്ട, സന്തോഷിക്കുമച്ഛനമ്മമാർതന്നാത്മാക്കൾ!    

2014, ജൂലൈ 26, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 31


Blog Post No: 257 -

കുഞ്ഞുകവിതകൾ - 31


പൂക്കളുടെ പേരിടുന്നു പെണ്‍കുട്ടികൾക്ക്,
.
ദേവിമാരുടെയുമിട്ടു കാണുന്നുണ്ട്,
.
നന്മയുടെ പര്യായങ്ങളും തഥൈവ!

പ്രകൃതിഭംഗിയും ദൈവീകതയും
.
തിളങ്ങിക്കാണ്‍മാനാശിക്കുന്നു
.
അവരുടെ അച്ഛനമ്മമാർ, ബന്ധുക്കൾ!
.
അതൽപ്പമെങ്കിലുമന്വര്ത്ഥമാക്കാൻ
.
ശ്രമിക്കേണമെന്നു പറയേണ്ടതില്ലല്ലോ 

Haiku Poems:

മരം മഴവെള്ളത്തിനായ്  ദാഹിച്ചു നിൽക്കവേ
മഹാവികൃതിയവൻ കാറ്റ് തട്ടിത്തെറുപ്പിച്ചു
മരത്തിനു കൊടുക്കാതെ മഴ മണ്ണിൽ വീഴ്ത്താൻ!

+++

പാവം പശുപാപി മനുഷ്യൻ പാൽ കവരുന്നു
പാവം തേനീച്ചപാപി മനുഷ്യൻ തേൻ കവരുന്നു
പാവം മനുഷ്യൻ, പാപികളെ കുറ്റപ്പെടുത്തി ക്ഷീണിക്കുന്നു  

+++


പനിനീർപ്പൂവതാ ചിരിച്ചു തലയാട്ടി വിളിക്കുന്നു
പതുക്കെ ചെന്നിട്ടവൻ  മന്ദഹസിക്കുക മാത്രം ചെയ്തു 
പറിച്ചു പിന്നെ വലിച്ചെറിയാനാവില്ലയാ പാവത്തിന് 





2014, ജൂലൈ 24, വ്യാഴാഴ്‌ച

ചിന്തകൾ

Blog Post No: 256 -
ആർ, ആരെ, ആരോട്, ആർക്ക്....

(ചിന്തകൾ)

ഭക്തി (ദൈവത്തോട് മാത്രമല്ല മനുഷ്യരോടും), ബഹുമാനം, ആരാധന, സ്നേഹം, പ്രേമം, ദയ, നീതി, കടപ്പാട്, ശരി...... ചുരുക്കത്തിൽ നന്മ ഉൾക്കൊള്ളുന്നവ - ചിലർക്ക് ചിലരോട്‌
ജീവിതത്തിൽ എന്നുമുണ്ടാകും.  ആരെ അങ്ങനെ കാണുന്നുവോ, ആർ അങ്ങനെ കണക്കാക്കുന്നുവോ അവരൊക്കെയും ഭാഗ്യവാന്മാർ/ഭാഗ്യവതികൾ, പുണ്യം ചെയ്തവർ! 
അല്ലാത്തവരൊക്കെ?................ അവരെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു - ആത്മാർത്ഥമായി, മറ്റെല്ലാ ചിന്തകളും മനസ്സിൽന്നു മാറ്റിക്കൊണ്ട്.


+++

ആദ്യത്തെ പാപം

(ചിന്തകൾ)

തന്നെത്തന്നെ സ്നേഹിച്ചു  (സ്വാര്ത്ഥത)  അതുവഴി മറ്റു വേണ്ടപ്പെട്ടവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി, പ്രവര്ത്തിക്കാതിരിക്കുക  എന്നതാണ് നാം ചെയ്യുന്ന ആദ്യത്തെ പാപം.  അതുവഴി മറ്റു പാപങ്ങൾ യാന്ത്രികമായി ചെയ്തുകൂട്ടുന്നു. നാം നമ്മളായത് / നമ്മളാകുന്നത് എപ്പോഴാണ്ചിന്തിച്ചാൽ കിട്ടുന്നതേയുള്ളൂ.

പ്രപഞ്ചത്തിലാകമാനം, സർവ ചരാചരങ്ങളിലും (എന്നുവെച്ചാൽ നമ്മിലും) നിറഞ്ഞിരിക്കുന്ന, നമ്മെക്കാൾ, എത്രയെത്രയോ വലിയ ആ ശക്തിയെ - പ്രകൃത്യാലുള്ള ശക്തി എന്ന് യുക്തിവാദികൾ പറഞ്ഞോട്ടെ / ദൈവീകമായ ശക്തി എന്ന് വിശ്വാസികൾ പറഞ്ഞോട്ടെ - രണ്ടും ഒന്നുതന്നെ)  ധിക്കരിച്ചാൽ, വിപരീതഫലം ഉടൻ അല്ലെങ്കിൽ പിന്നീട് ഉണ്ടാകും എന്നത് ഉറപ്പ്. 

മുകളിൽ പറഞ്ഞപോലെ നമ്മില്ത്തന്നെ ഉള്ള ആ ശക്തിയെ മാനിക്കുക.  സ്വാര്ത്ഥതയിൽ തുടങ്ങിവെക്കുന്ന കാര്യങ്ങൾ നാശത്തിലേ കലാശിക്കൂ.  അപ്പോൾഅത് വേണ്ടാ.

''ലോകാ സമസ്താ സുഖിനോ ഭവന്തു.''   

2014, ജൂലൈ 23, ബുധനാഴ്‌ച

''ചുക്കുമു ളകുതി പ്പലി''




Blog Post No: 255 -
''ചുക്കുമു ളകുതി പ്പലി''

(അനുഭവം)


അഞ്ചാം ദിവസം  ഞാനും  വാമഭാഗവുംകൂടിയുള്ള  രാമായണപാരായണത്തിനിടയിൽ പദസമുച്ചയം ഒന്നുപോലെ രണ്ടുതവണ എന്റെ നാവിനു വഴങ്ങാതെ വന്നു.  അപ്പോഴേക്കും മൗനം പാലിച്ച പങ്കാളി അതുകേട്ടു പൊട്ടിച്ചിരിച്ചു.  ഞാനും ചിരിയിൽ പങ്കുകൊണ്ടു.  എന്റെ എഴുത്തച്ഛൻ മുത്തച്ഛാ....

 കഴിഞ്ഞ വർഷം ഞാൻ ഒറ്റക്കായിരുന്നപ്പോൾ  കർക്കടകമാസത്തിൽ വായിച്ചു മുഴുമിപ്പിച്ചിരുന്നു.  ഇത്തവണ ആൾ കൂടെയുള്ളപ്പോൾ ഞാന്തന്നെയാണ് ഒന്നിച്ചു വായിക്കാമെന്നു പറഞ്ഞത്.

ചിരിച്ചതുകൊണ്ടു മാത്രം എന്നെ വിട്ടില്ല.  ''നിങ്ങൾ പറഞ്ഞ കാര്യംപോലെ - നിങ്ങളുടെ അമ്മ പലപ്പോഴും വായിച്ചപോലെ - ചുക്കുമു ളകുതി പ്പലി എന്ന മട്ടിലായിപ്പോയി.    അപ്പോൾഞാൻ വടികൊടുത്ത്‌ അടി വാങ്ങി എന്നർത്ഥം.  അതെന്താണെന്നോ?

ഞാൻ പറഞ്ഞിരുന്നു - അമ്മ പലപ്പോഴും വാക്കുകൾ തെറ്റിക്കുമ്പോൾ  മലയാളം അധ്യാപകൻകൂടി ആയിരുന്ന അച്ഛൻ അത് തിരുത്തിക്കൊടുക്കാൻ നോക്കും.  ഈ വിഷയമാണ് ഇവിടെ ഒര്മ്മിക്കപ്പെട്ടത്‌.  ഒന്നാമത് ഞാൻ ഓണ്‍ലൈൻ വേർഷൻ ആണ് വായിക്കുന്നത്.  അതിൽ തെറ്റുകൾ ഉണ്ട്.   രണ്ട്, ക്ഷീണിച്ചു ഉറക്കം വരാൻ നേരത്ത് ഏകാഗ്രതയും കുറഞ്ഞു.  ഇങ്ങനെയൊക്കെ പറഞ്ഞാൽ, ബുദ്ധിജീവികൾ പറഞ്ഞു എന്ന് വരും -  Bad workman quarrels with the tools, വല്ലഭനു പുല്ലും ആയുധം എന്നൊക്കെ.

സാരമില്ല, തെറ്റ് തിരുത്തി മുന്നോട്ടു പോകണം.  അങ്ങനെ ഈ മഹിളാമണിയുടെ മുമ്പിൽ തോല്ക്കരുതല്ലോ.

രാമ രാമ.......

2014, ജൂലൈ 20, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 30



Blog Post No: 254 -

കുഞ്ഞുകവിതകൾ - 30


ഹൈക്കു

ഞാൻ സന്തോഷിച്ചപ്പോൾ
അവർ ദു:ഖിച്ചു
അവരെ സന്തോഷിപ്പിച്ച് ഞാനും സന്തോഷിച്ചു 

+++

ഞാനിതാ നിന്നിലേക്ക്‌ വീഴുന്നുവെന്നു  ഇല മുള്ളിനോട്
നിനക്ക് വീഴാതെ വഴിയില്ലെന്ന  വിഷമം  വേണ്ടെന്നും
കേടുപറ്റിയാൽത്തന്നെ താൻ രക്ഷിച്ചോളാമെന്നും മുള്ള്!

+++

മഴത്തുള്ളി താമസിയാതെ നിന്നിൽ പതിക്കുമെന്ന്
മന്ദമാരുതൻ മരത്തോടു കുറ്റം പറഞ്ഞപ്പോൾ
മഴയെ കാത്തിരിക്കുന്നു നിന്നെയല്ലെന്ന് മരം!

+++

അറിവു നേടുന്നു ചിലർ നല്ലപോലെ
അതുവഴി നല്ല ചിന്തകളുമുദിക്കുന്നു അവർക്ക്!
അതുപോൽ വർത്തിക്കാതെ ജന്മം പാഴാക്കുന്നുമുണ്ട്!

2014, ജൂലൈ 19, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 29



Blog Post No: 253 -

കുഞ്ഞുകവിതകൾ - 29


പ്രതിഫലേശ്ചയരുതൊരിക്കലും
പ്രകൃതിയെക്കണ്ടു പഠിക്കണം നാം
പ്രകൃതമത്തരത്തിലാക്കണം
പ്രശ്നങ്ങളെല്ലാം തീരുമപ്പോൾ

+++

കൊല്ലാക്കൊല ചെയ്യുന്നു ചിലരെ ചിലർ 
കരുണയില്ലാത്ത നീചമനസ്ക്കർ 
കല്ലിനെ വെല്ലുന്ന ഹൃദയത്തിനുടമകൾ 
കാലമവരെ വെറുതെ വിടില്ലൊരിക്കലും

+++

കരിങ്കൂവളംപോലുള്ള നയനങ്ങൾ
എള്ളിൻപൂ പോലുള്ള നാസിക
പനിനീർപോലുള്ള അധാരോഷ്ഠങ്ങൾ
മുല്ലപ്പൂമൂട്ടുകൾപോലുള്ള ദന്തനിരകൾ
പ്രകൃതിഭംഗിയുടെ ഒരു ഭാഗം
സ്ത്രീസൌന്ദര്യത്തിനു നല്കുന്നു
ഭാവനാസമ്പന്നർ, കവിശ്രേഷ്ടർ

2014, ജൂലൈ 18, വെള്ളിയാഴ്‌ച

കുഞ്ഞുകവിതകൾ - 28



Blog Post No: 252 -

കുഞ്ഞുകവിതകൾ - 28


ആനന്ദമേകുന്ന നായകൻ ഹേതുവായ്
ആനന്ദനടനമാടുന്നൂ നായിക
ആനന്ദിക്കേണ, മാനന്ദിപ്പിക്കേണം
ആനന്ദമയമാക്കണമീ ജീവിതമെപ്പോഴും 

+++

സന്തോഷവും സംതൃപ്തിയുമീജീവിതത്തിൽ
സംതൃപ്തിയോടെയന്വർത്ഥമാക്കുവാൻ
സത്യമായുമാശകൾ നിയന്ത്രിച്ചുകൊണ്ട്
സന്മനസ്സു കാണിക്കണമെന്നോർക്കണം നാം  

+++

പകൽവെട്ടത്തിൽ പൊള്ളുന്നു എൻ ദേഹം 
പൌർണ്ണമി വെട്ടത്തിലോ കുളിർക്കുന്നു എൻ മനം
പറയേണ്ടതില്ലീയർക്കചന്ദ്രന്മാർ രണ്ടും
പ്രചോദനമാണെനിക്ക് കുത്തിക്കുറിക്കുവാൻ

+++

2014, ജൂലൈ 15, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 27



Blog Post No: 251 -

കുഞ്ഞുകവിതകൾ - 27

Haiku


നല്ലതും ചീത്തയും നിറഞ്ഞയീ ജീവിതത്തിൽ
നല്ലത് മാത്രം ആഗ്രഹിക്കുന്ന നാം
നല്ല പേരിട്ടു  വിളിക്കുന്നു നമ്മുടെ മക്കളെ.

+++

മന്ദമാരുതന്റെ മൃദുസംഗീതത്തിൽ
മന്ദം മന്ദം പെയ്യുന്ന മഴയുടെ താളത്തിൽ
മന്ദഹസിക്കുന്നു വൃക്ഷലതാദികൾ

+++

മുഖകമലദർശനം  വേണമെന്നു ചൊന്നയാൾ
മോന്തായമിനി കാണേണ്ടെന്നു  ചൊല്ലുന്നു!
മുഖകമലം മോന്തായമാക്കാനെന്തെളുപ്പം!

+++

പറന്നുപോകുന്നതായി സ്വപ്നമെന്ന്!
പറക്കൽ വെറും സ്വപ്നമായിരിക്കട്ടെ
പറക്കാൻ ശ്രമിച്ചാൽ വിവരമറിയും

+++

അഴക്‌ വെളിപ്പിനുണ്ട്, കറുപ്പിനും
അഴക്‌ സപ്തവർണ്ണങ്ങൾക്കുമുണ്ട്
അഴക്‌ തോന്നാത്ത മനസ്സിൽ അഴുക്ക്

+++
ആ പാവം മനുഷ്യനെ ദുര്നടപ്പുകാരനെന്നു വിളിച്ചു ജനം,
ഒടിഞ്ഞ കാൽ വെച്ച് നടന്നപ്പോൾ! വഴിപിഴച്ചവനെന്നുമാരോപിച്ചു അവർ,
വഴി അറിയാതെ വേറെ വഴി പോയപ്പോൾ!

+++