2014, മേയ് 8, വ്യാഴാഴ്‌ച

യഥാർത്ഥ ഭക്തി



Blog Post No: 210 -  
യഥാർത്ഥ ഭക്തി

(എന്റെ ചിന്തകൾ)

പ്രകൃതിയിലേക്കുള്ള, പ്രപഞ്ചശക്തിയിലേക്കുള്ള (സർവശക്തി/സർവശക്തനിലേക്കുള്ള) മാർഗ്ഗമാണ് ഭക്തി.  ഭക്തിക്ക് സ്നേഹം, ദയ, നന്മ, നീതി തുടങ്ങിയ അനേകം നല്ല അർത്ഥങ്ങളുണ്ട്!

പ്രകൃതി ദൈവത്തിന്റെ സൃഷ്ടിയോ ദൈവംതന്നെയോ ആണ്.  പ്രകൃതിക്ക് വിരുദ്ധമായി അറിഞ്ഞോ അറിയാതെയോ പ്രവർത്തിക്കുമ്പോൾ പ്രശ്നങ്ങൾ തുടങ്ങുകയായി. വളരെ വളരെ - അനിർവചനീയമായ - ഈ ശക്തി പ്രപഞ്ചത്തിൽ ആകമാനം നിറഞ്ഞിരിക്കുന്നു - സർവചരാചരങ്ങളിലും, ഓരോ അണുവിലും പരമാണുവിലും.  അങ്ങനെ നോക്കുമ്പോൾ നാം എല്ലാവരിലും!  എന്നുവെച്ചാൽ, നാം ശരിയായി ചിന്തിക്കുമ്പോൾ, പ്രവർത്തിക്കുമ്പോൾ അത് ഭക്തിയായി - ദൈവത്തിലേക്കുള്ള മാർഗ്ഗമായി.

ഭക്തി സ്വന്തം സൌകര്യംപോലെ, വിശ്വാസംപോലെ, ആചാരംപോലെയൊക്കെ ആകാം.  എന്നാൽ, വഴിപാടുകൾ, നേർച്ചകൾ... ഇതൊക്കെ കഴിച്ചു പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ വേറൊരാളെ നിന്ദിക്കുകയാണെങ്കിൽ, വേറൊരാൾക്ക് നേരെ വിരൽ ചൂണ്ടുകയാണെങ്കിൽ  സംശയമേ വേണ്ട - തന്നിൽതന്നെ കുടികൊള്ളുന്ന, വേറൊരാളിൽ കുടികൊള്ളുന്ന ദൈവത്തിനെയാണ് നിന്ദിക്കുന്നത്! 

പരമഭക്തനായ ഒരാൾ, വേറൊരാളോട് ''ഈഗോ'' വെച്ച് സംസാരിക്കുന്നത് കണ്ടപ്പോൾ തോന്നി - മനുഷ്യാ, നിങ്ങൾ ചെയ്യുന്നതെന്തെന്ന് ആലോചിക്കാനുള്ള ബുദ്ധിപോലും നിങ്ങൾക്കില്ലല്ലോ.  കഷ്ടം.

സാന്ദർഭികമായി, ഒരു കഥ ഓർമ്മ വരുന്നു:

പണ്ട്, കാശി വിശ്വനാഥക്ഷേത്രത്തിലെ പൂജാരി ഒരു സ്വപ്നം കണ്ടു.  ഒരു പ്രസ്തുത ദിവസം രാവിലെ പൂജ കഴിഞ്ഞ ശേഷം  പ്രസാദം വിതരണം ചെയ്യുമ്പോൾ, ഏതു യഥാർത്ഥ ഭക്തനാണോ / ഭക്തയാണോ പ്രസാദം വെച്ച തളികയിൽ തൊടുന്നത്, അക്ഷണം ആ തളിക സ്വർണ്ണത്തളികയായ് മാറും!  ആ തളിക ആ യഥാർത്ഥ ഭക്തന്/ഭക്തക്ക് ഉള്ളതാണ്. 

പൂജാരി ഇത് വിളംബരം ചെയ്തു.  സ്വയം വിചാരിക്കുകയും ചെയ്തു - വര്ഷങ്ങളായി പൂജ ചെയ്യുന്ന താൻ അല്ലാതെ ആരാണിവിടെ യഥാർത്ഥ ഭക്തൻ!

ആ ദിവസം വന്നു.  പല ഭക്തരും തളികയിൽ തൊട്ടു. എന്നാൽ, അല്പം വൈകിയിട്ടെത്തിയ ഒരു യുവാവ് തളികയിൽ തൊട്ടതോടുകൂടി തളിക സ്വർണ്ണത്തളികയായ് മാറി!

പലരും ശ്രദ്ധിക്കാതെ കടന്നുപോയ ഒരു കാര്യം -
ക്ഷേത്രത്തിനു പുറത്ത് അതിരാവിലെമുതൽ തണുത്തു വിറച്ചു ഒരു പാവപ്പെട്ട മനുഷ്യൻ കിടന്നിരുന്നു.  അതുകണ്ട് മനസ്സലിഞ്ഞു താൻ ഉടുത്ത കനമുള്ള വസ്ത്രം അയാളെ അണിയിച്ച ശേഷമായിരുന്നു യുവാവ് അർദ്ധനഗ്നനായി ക്ഷേത്രത്തിൽ എത്തിയത്! 

13 അഭിപ്രായങ്ങൾ:

  1. കുട്ടികള്‍ക്കും വലിയവര്‍ക്കും പറ്റിയ ഒരു വിഷയാവതരണം .യഥാര്‍ത്ഥ ഭക്തി എങ്ങിനെയായിരിക്കണമെന്ന് ഉദാഹരണ സഹിതം തന്നെ മനസ്സിലാക്കിത്തരുന്നു. സന്തോഷം ഡോക്ടര്‍ ..

    മറുപടിഇല്ലാതാക്കൂ
  2. "അവനവനാത്മസുഖത്തിനാചരിക്കു- ന്നവയപരന്നു സുഖത്തിനായ് വരേണം"
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  3. കപടഭക്തിയുടെ മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ രത്നം പോലെ തിളങ്ങുന്നതും, ദൈവത്തിന്റെ കണ്ണിൽപ്പെടുന്നതും യഥാർഥഭക്തിയല്ലാതെ മറ്റൊന്നാവില്ല.


    കപടഭക്തിയുടെ അർത്ഥശൂന്യത തുറന്നു കാട്ടുന്ന, യഥാർഥ ഭക്തിയുടെ വജ്രശോഭ വിതറുന്ന ചിന്തകൾ...


    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  4. പ്രകൃതി സൃഷ്ടികളെ മനുഷ്യന്‍ അവന്റെ സുഖസൌകര്യത്തിനനുസരിച്ച് ചെത്തി മിനുക്കുമ്പോഴോ മാറ്റമെന്ന പേരില്‍ മനുഷ്യന്‍ അതില്‍ മാറ്റം വരുമ്പോഴൊ ഒക്കെ താല്‍ക്കാലികമായി ശരിയും പുതുമയും ലഭിക്കുന്നുവെങ്കിലും കാണാപ്പഴുതുകളായി മനുഷ്യനൊപ്പം ചേരുന്ന അറിയപ്പെടാവികാരങ്ങള്‍ മനുഷ്യനെ മൃഗമാക്കുന്ന അവസ്ഥയിലേക്ക് തന്നെ നയിക്കുകയാണെന്നാണ് സമീപകാല സംഭവങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവ് സൂചിപ്പിക്കുന്നതെന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  5. നല്ലൊരു ചിന്ത സത്യമാണ് നാരദരെ പരീക്ഷിച്ച വിഷ്ണുവിന്റെ കഥയും ഓര്മ വന്നു

    മറുപടിഇല്ലാതാക്കൂ
  6. ഹൃദ്യം തന്നെ ഈ ചിന്ത
    നന്നായി പറഞ്ഞു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.