2015 ഏപ്രിൽ 29, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 95



Blog Post No: 375 -

കുഞ്ഞുകവിതകൾ - 95

 

അനുഗ്രഹം

 

മയൂരം നടനമാടുന്നു, പൂങ്കോഴി കൂവുന്നു

പാവം പൂന്കൊഴിക്കു അതിനേ ആകൂ

കുയിൽ പാടുന്നു, കാക്ക കരയുന്നു

കേള്ക്കാൻ ഇമ്പമില്ലാത്ത ശബ്ദത്തിൽ

പാവം കാക്കയ്ക്ക് അതിനേ ആകൂ

അനുഗ്രഹിക്കപ്പെട്ട പറവകൾ

അനുഗ്രഹമില്ലാത്ത പറവകളും

കലകളാൽ അനുഗ്രഹിക്കപ്പെട്ട

മനുഷ്യജീവികളെപ്പോലെ

വിമര്ശിക്കാൻ മാത്രമറിയുന്ന

മനുഷ്യജന്തുക്കളെപ്പോലെയും

 

 

 

കൂട്ട്

 

രജനിക്ക് കൂട്ട് ചന്ദ്രനെങ്കിലോ,

ഉഷയ്ക്ക് രവിയും ചന്ദ്രനും,

സന്ധ്യക്കുമതുപോലെ തന്നെ!

ദിനരാത്രങ്ങൾക്കങ്ങനെ കാണാ-

മീ സൂര്യനും ചന്ദ്രനുമൊക്കെ

എന്നുമേ കൂട്ടിനായ് വരുന്നത്!

 

 

 

മനുഷ്യർ!

 

സ്വർഗ്ഗത്തിൽ  ദേവതമാരാണത്രെ  

നരകത്തിലോ അസുരഗണങ്ങളും.

ഭൂമിയിൽ മാനുഷരായ്പ്പിറന്നവർ

സ്വർഗ്ഗം പൂകണമെന്നാശിച്ചാലും

ചിന്തകൾ, പ്രവർത്തികളൊക്കവേ

നരകയാതനക്കായി വഴി മാറ്റുന്നു!

 

2015 ഏപ്രിൽ 25, ശനിയാഴ്‌ച

വിടുവായത്തം


വിടുവായത്തം

Blog Post No: 374 -

വിടുവായത്തം 


എത്ര ജനസമ്മിതിയാര്ജിച്ചവരും, പ്രശസ്തരായവരും ചിലപ്പോൾ അറിഞ്ഞും അറിയാതെയും വിടുവായത്തത്തിനു അടിമയായിപ്പോകുന്നു.  കൈവിട്ട ആയുധവും, വാവിട്ട വാക്കും തിരിച്ചെടുക്കാൻ സാധിക്കില്ല എന്ന സത്യം മറന്നു പോകുന്നു.  

രാം ഗോപാൽ വര്മ്മ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത് (മകനിൽ നിന്ന് അഭിനയം കണ്ടു പഠിക്കണം) എന്ന ഡയലോഗ് ആണ് ഈ കുറിപ്പിന് ആധാരം.  ഒരു കുടുംബാന്തരീക്ഷത്തിൽ, മകൻ മിടുക്കനാണ്, താൻ ഇനി അവനെ കണ്ടു പഠിക്കണം എന്ന് പറഞ്ഞാൽ അത് ആര്ക്കും ഇഷ്ടപ്പെടാതെ വരില്ല. അഭിമാനമേ തോന്നാൻ പാടൂ.  അങ്ങനെ ആണല്ലോ വേണ്ടത്.  ആ അര്ത്ഥത്തിൽ അല്ലെങ്കിൽ അത് വിടുവായത്തം തന്നെ ആണ്. 

രാംഗോപാൽ വര്മ്മ പേരും പ്രശസ്തിയും കഴിവും ഉള്ള ആൾ തന്നെ.   നസിരുദീൻ ഷാ എന്ന അഭിനേതാവ് മമ്മൂട്ടിയുടെ പൊന്തൻമാടയിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത് - ഈ കഥാപാത്രത്തെ അനശ്വരമാക്കാൻ മമ്മൂട്ടിയെപ്പോലെ ഇന്ത്യയിൽ വേറൊരു നടൻ ഇല്ല എന്നാണ്. ഹിന്ദി സിനിമാരംഗത്ത് രാഷ്ട്രീയം ഉള്ളതുകൊണ്ട് മലയാള സിനിമാപ്രേമികൾ രക്ഷപ്പെട്ടു. അല്ലെങ്കിൽ മലയാള സിനിമക്ക് മമ്മൂട്ടി എന്ന കലാകാരനെ നഷ്ടമായേനെ. ഹിന്ദി സിനിമാരംഗത്തെ ഈ പ്രവണത അഭിനയ രംഗത്ത് മാത്രമല്ല - ഗാനാലാപന രംഗത്തും മറ്റും ഇന്നും നിലനില്ക്കുന്നു.  

വിടുവായത്തം ആണെങ്കിൽ - ഏതു തുറകളിലും, ആരായാലും  ഇഷ്ടപ്പെടില്ല.  

ഓർമ്മശക്തി


Blog post no: 373-

ഓർമ്മശക്തി

ചിലർ ഓർമ്മശക്തിയിൽ അനുഗ്രഹീതരാണ്. അങ്ങനെ അല്ലാത്ത ചിലർ സന്തം പരിശ്രമം കൊണ്ട് ഒരു പരിധിവരെ എങ്കിലും അത് സാധിച്ചെടുക്കും. രണ്ടാമത്തെ കൂട്ടർ അഭിനന്ദനം അര്ഹിക്കുന്നു.
 
ഇന്ന്, ഇൻഫർമേഷൻ ടെക്നോളൊജി ഇത്രത്തോളം പുരോഗമിച്ച നിലയിൽ, ആരും അങ്ങനെ പലതും ഓർക്കാൻ മിനക്കെടാറില്ല എന്നതാണ് സത്യം. മൊബൈൽ ഫോണിൽ ഒന്ന് നോക്കിയാൽ, ഇൻറർനെറ്റിൽ ഒന്ന് നോക്കിയാൽ ധാരാളം! വെറുതേ എന്തിനു ആലോചിച്ചു സമയം കളയുന്നു എന്ന തോന്നൽ! അപ്പോൾ, എന്നെങ്കിലും ഇതിനൊന്നും സൗകര്യം കിട്ടിയില്ലെങ്കിലോ? അപ്പ...ോൾ അറിയാം ''വിവരം''. 

നമ്മുടെ തലച്ചോറിൽ short-term memory-യും, long term memory-യും ഉണ്ട്. പലര്ക്കും രണ്ടും നല്ലപോലെ ഉണ്ടാകും. Long-term memory ഉള്ളവർ നന്നെ കുട്ടിക്കാലം മുതല്ക്കുള്ളവ ഓർത്തെടുക്കും.

താൻ ഏതു വർഷത്തിൽ, ഏതു ദിവസത്തിൽ / ദിവസങ്ങളിൽ ആയിരുന്നു ലീവ് എടുത്തത് എന്ന് കൃത്യമായി ഓര്മ്മവെച്ച് പറയുന്ന ഒരു വ്യക്തിയെ എനിക്കറിയാം. ബന്ധപ്പെട്ടവരുടെ ജന്മദിനങ്ങൾ, വിവാഹ ദിവസങ്ങള്, ചരമദിനങ്ങൾ - ഇതൊക്കെ ഓര്ത്ത് വെക്കുന്ന ഒരു മഹിളാമണിയെയും.
അങ്ങനെ ഓര്മ്മശക്തി വ്യക്തിത്വത്തിനു തിളക്കം കൂട്ടുന്നു. പ്രത്യേകിച്ച്, വിദ്യാര്ത്ഥികൾക്കും, ജോലി ചെയ്യുന്നവര്ക്കും ഇത് സഹായകം.
മനസ്സും ശരീരവും ക്ഷീണിക്കുമ്പോൾ പ്രത്യേകിച്ച് ഏകാഗ്രത നഷ്ടപ്പെടുമ്പോൾ അത് ഓര്മ്മശക്തിയെ ബാധിക്കുന്നുണ്ട്. അപ്പോൾ, അങ്ങനെയുള്ള സാഹചര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോവുക എന്നതത്രേ കരണീയം.
വാര്ദ്ധക്യം ഓര്മ്മശക്തിയെ ബാധിക്കുന്നുണ്ട്. എന്നാൽ, ബാല്യത്തിലെ ''വൃദ്ധ''ജനങ്ങളും കുറവല്ല.

ഓര്മ്മശക്തിക്ക് ചികിത്സ ഉണ്ട്. പ്രകൃതിശാസ്ത്രത്തിലും അതുമായി ബന്ധപ്പെട്ട ചികിത്സകളിലും, മറ്റു കാര്യങ്ങളിൽ എന്നപോലെതന്നെ രോഗിക്ക് ഒരു മുഴുവൻ ചികിത്സ (holistic treatment) ആണ് ആവശ്യം; അല്ലാതെ ''ഓര്മ്മക്കേടിന് മാത്ര’’മുള്ള ചികിത്സ അല്ല.

അപ്പോൾ, ഓര്മ്മശക്തി കുറവുള്ളവർ വേവലാതിപ്പെടെണ്ട കാര്യമില്ല. അത് മെച്ചപ്പെടുത്താനുള്ള വഴികൾ നോക്കിയാൽ മതി. പ്രധാനമായും ഒരു ഉറച്ച തീരുമാനം - ഇത് ഞാൻ മാറി എടുക്കും എന്നത് തന്നെ.

2015 ഏപ്രിൽ 22, ബുധനാഴ്‌ച

അക്ഷയ-ത്രിതീയ


Blog Posy No: 372 -


അക്ഷയ-ത്രിതീയ

 

(മിനിക്കഥ)

 
അക്ഷയ-ത്രിതീയ ദിവസം ഒന്നും വാങ്ങാതിരിക്കുന്നതെങ്ങനെ?  സ്വര്ണ്ണം - പേരിനു മാത്രം (അത് മതി) - വാങ്ങിക്കളയാം.  അവൾ കണവനെയുംകൂട്ടി പ്രശസ്തമായ ഒരു  സ്വര്ണ്ണക്കടയിൽ കയറി, ഒരു കൊച്ചു ലോക്കറ്റ് നോക്കി.  തൂക്കം അതിൽ എഴുതിയിട്ടുണ്ട്.  തൂക്കി നോക്കണമെന്നു പറഞ്ഞപ്പോൾ, അല്പ്പം തിരക്കാണ്, മറ്റുള്ളവർ വെയിറ്റ് ചെയ്യുന്നു, തൂക്കം ഇതിലുണ്ടല്ലോ  എന്നായി  സേല്സ്മാൻ.  എന്നാൽ, പിന്നെ വരാം എന്ന് പറയാൻ തുടങ്ങി, അപ്പോഴേക്കും  അയാള് തൂക്കിനോക്കി.  എഴുതിവെച്ചതിലും നന്നേ കുറവ്!  വേറെ എടുക്കാം എന്ന് പറഞ്ഞപ്പോൾ, കണവൻ അല്പം ഗൌരവത്തോടെ പറഞ്ഞു, ''അതിൽ തൂക്കം ഉണ്ടാകും, സ്വര്ണ്ണം ആണെന്ന് ആര്ക്കറിയാം.''
''നിങ്ങള്ക്ക് തിരക്കല്ലെ, ഞങ്ങൾ പിന്നെ വരാം'' എന്നവൾ പുഞ്ചിരിച്ചു പറഞ്ഞുകൊണ്ട്, കണവന്റെ കയ്യും പിടിച്ചു  അവിടെനിന്നുമിറങ്ങി.
 
അവൾ പറഞ്ഞു, ''ഇങ്ങനെ ചൂടായി സംസാരിക്കരുതുട്ടോ.  ശ്രദ്ധിക്കുന്നവർ ഉണ്ടാകും.  ഇത് കച്ചവടലോകം ആണ്.  നമ്മടെ വണ്ടിടെ പുറകെ ഒരു വണ്ടി വന്നു ആക്സിഡൻറ് ഉണ്ടാക്കാൻ വലിയ പാടൊന്നുമില്ല. 
അയാള് ചിരിച്ചു.  ഭാര്യയുടെ ലോകവിവരത്തിൽ മനസ്സാ അഭിനന്ദിച്ചു. 
 
 

2015 ഏപ്രിൽ 21, ചൊവ്വാഴ്ച

ദൈവവും പിശാചും


Blog Post No: 371 -


ദൈവവും പിശാചും

 
(ഒരു കുസൃതിമാളു പരമ്പര)

 

 
മുത്തച്ഛൻ വായിച്ചുകൊണ്ടിരിക്കുമ്പോൾ, മാളൂട്ടി വന്നു മുത്തച്ഛന്റെ മടിയിൽ കയറി ഇരിക്കുന്നു.

 
ഇനി, എന്തെങ്കിലും ചോദിച്ചുകൊണ്ടും പറഞ്ഞുകൊണ്ടും ഇരിക്കും ഈ കുട്ടിക്കഥാപാത്രം.

 
അതാ, പ്രതീക്ഷിച്ചപോലെ തന്നെ -

 
''മുറ്റച്ചാ, എനിച്ചു പിശാചിനെ പേട്യാ.''

 
''അത്യോ?  എന്തിനാ പേടിക്ക്‌ണേ.  പേടിക്കണ്ടാട്ടോ. അതിനെ ഒഴിവാക്ക്യാ മതി.''

 
''എനിച്ചു ദൈവത്തിനെ വല്യേ ഇഷ്ടോണ്.''

 
''നല്ല കാര്യം.  ദൈവത്തിനെ ഇഷ്ടോല്യാത്തോരുണ്ടോ മാളൂട്ടീ?  അത് പോട്ടെ.  ഈ ദൈവോം പിശാചും എവടെണ് ഇരിക്ക്ണ്ന്നറിയ്വോ? 

 
''എവടെനു  മുറ്റച്ചാ?''

 
''മനുഷ്യന്റെ അതായത് നമ്മടെക്കെ മനസ്സില്.  നല്ലത് എന്നത് ദൈവം.  അല്ലാത്തത് പിശാച്.  മനസ്സിലായ്വോ?''

 
''ഉവ്വ്''

 
''കൂടുതൽ നല്ലതല്ലാത്തത് വിചാരിക്ക്ണ, ചെയ്യ്‌ണ മനുഷ്യരെ സൂക്ഷിക്കുക - അവരെക്കൊണ്ടു പിശാചു വേണ്ടാത്തതൊക്കെ ചെയ്യിക്കും.''

 
''അപ്പൊ, അങ്ങനെല്ല ആള്വോളെ പേടിച്ചാ മതില്ലേ?''

 
''അതെ.  അവരോടു സൂക്ഷിച്ചു പെരുമാറുക. അവരെ ഒഴിവാക്കുക.''

 
''ശരി, ശരി.''  മാളൂട്ടി തല കുലുക്കി

 
''മാളൂട്ടി മുത്തച്ഛന്റെ കണ്ണിൽനിന്നും കണ്ണട എടുത്തു സ്വന്തം കണ്ണിൽ വെക്കാൻ ശ്രമിക്കുന്നു. 

 
മുത്തച്ഛൻ: ദാ, ഇതല്ലേ നന്നല്ലാത്തത്?''

 
''ശരി, ശരി.  ഇന്നാ.''

 
മാളൂട്ടി കണ്ണട മടക്കിക്കൊടുത്തു.  മുത്തച്ഛൻ മാളൂട്ടിയുടെ കവിളിൽ ഒരുമ്മയും.

 

 

2015 ഏപ്രിൽ 18, ശനിയാഴ്‌ച

വാക്കുകൾ


Blog Post No: 370 -

വാക്കുകൾ


വാക്കുകൾ മാനുഷനാശ്വാസമേകുമ്പോൾ
വാക്കുകൾതന്നെയസഹ്യവുമാകുന്നു!

ആശ്വാസവചനത്തിൽ ദൈവംശമുള്ളപ്പോൾ
അസഹ്യവചനങ്ങൾ പൈശാചികമാകുന്നു!

സഹൃദയർതൻ വാക്കുകൾ മുറിവുണക്കുമ്പോൾ
സഹൃദയരല്ലാത്തവർ  മുറിപ്പെടുത്തുന്നതും സത്യം!

വാക്കുകളാൽ സുഖപ്പെടുത്തുന്നുണ്ട്  ചിലർ,
വാക്കുകൾകൊണ്ട് ഹനിക്കുന്നുമുണ്ട്  ചിലർ!
 
വാക്കുകൾ മാനുഷനന്മക്കായ് തീരട്ടെ,
വാക്കുകൾ ലോകനന്മക്കായ് ഭവിക്കട്ടെ.

2015 ഏപ്രിൽ 17, വെള്ളിയാഴ്‌ച

വാകപ്പൂക്കൾ


Blog Post No: 369 -

വാകപ്പൂക്കൾ 





കുസൃതിക്കുടുക്കകൾ
വാകമരച്ചോട്ടിൽ കൂടി നിന്നു.
പൂക്കൾക്കായി കൈനീട്ടി.
മരം കെറുവിച്ചു കാട്ടി -
പൂക്കൾ തരില്ലെന്ന മട്ടിൽ!
അവർ മരം പിടിച്ചുകുലുക്കി.
മരമുണ്ടോ അനങ്ങുന്നു.
ഒരു കുസൃതി, കാറ്റിനെ വിളിച്ചു.
മന്ദമാരുതനത് കേട്ടു!
അല്പ്പം ശക്തിയോടെ
മരച്ചില്ലകൾ പിടിച്ചു കുലുക്കി.
മരം അവരുടെ  മേൽ
വാകപ്പൂക്കൾ ചൊരിഞ്ഞു!

2015 ഏപ്രിൽ 15, ബുധനാഴ്‌ച

മേടം, ഇടവം...


Blog Post No: 368 -


മേടം, ഇടവം...


എന്റെ ചെറുപ്പത്തിൽ, അമ്മ എന്നെ മലയാളമാസങ്ങളുടെ പേരുകൾ പഠിപ്പിച്ചത് ഇങ്ങനെ ആണ് –


മേടം, ഇടവം....


കുറച്ചു മുതിർന്നപ്പോൾ, ഞാൻ അമ്മയോട് ചോദിച്ചു –


അമ്മേ, ചിങ്ങം, കന്നി... അങ്ങനെ അല്ലെ മലയാളമാസങ്ങൾ തുടങ്ങേണ്ടത്?


അപ്പോൾ, അത് കേട്ടുകൊണ്ട് വന്ന അദ്ധ്യാപകനായ അച്ഛൻ മറുപടി പറഞ്ഞു -


നമ്മുടെ ഭാഗത്ത്‌ വിഷു മുതൽ ആണ് വര്ഷം തുടങ്ങുന്നത്. അതായത്    അതാണ്‌ അമ്മ അങ്ങനെ പഠിപ്പിച്ചത്.


അതെ, അയല്ക്കാരായ തമിഴ്നാട്ടുകാരും അങ്ങനെയാണല്ലോ കണക്കാക്കുന്നത്.  ചിങ്ങം വരട്ടെ, അപ്പോൾ നോക്കാം. 


അപ്പോൾ, എല്ലാവര്ക്കും വിഷു ആശംസകൾ, പുതുവത്സരാശംസകൾ.
വിഷുപ്പുലരി പിറന്നു 
വിഷുപ്പക്ഷി പാടുന്നു 
വിഷുക്കണി തിളങ്ങുന്നു
വിഷുവിന്റൈശ്വര്യം 
വിശാലമായ് തിളങ്ങട്ടെ!

2015 ഏപ്രിൽ 14, ചൊവ്വാഴ്ച

വിഷു

 
Blog Post No: 367 -
വിഷു
 
വിഷുവിനു  സദ്യ   അടുത്തകാലത്ത് തുടങ്ങിയതാണ്‌.  പണ്ട് വിഷു എന്നുപറഞ്ഞാൽ, പ്രധാനം വിഷുക്കഞ്ഞിതന്നെ.
 
വര്ഷങ്ങള്ക്ക് മുമ്പ് ഓലവക്കോട് റെയിൽവെ ഓഫീസിൽ (ഇന്നത്തെ പാലക്കാട് ജങ്ക്ഷൻ) തമിഴന്മാർ ഒരുപാട് ഉണ്ടായിരുന്നു.  പാലക്കാട്ടുകാർ വിഷുവിനെക്കുറിച്ച് വാതോരാതെ സംസാരിച്ചപ്പോൾ, ഒരു തമിഴൻ സുഹൃത്തിന് സഹിച്ചില്ല.   അയാള് പറഞ്ഞു - ഞാനും വിഷുവിനു നിങ്ങളുടെ വീട്ടിലേക്കു വരുന്നുണ്ട് . 
 
'' സന്തോഷം'', സഹപ്രവര്ത്തകൻ പറഞ്ഞു.
 
വിഷുവിന്റെ പിറ്റേദിവസം, നമ്മുടെ തമിഴൻ സുഹൃത്തിനോട്  വേറൊരു  സുഹൃത്ത് ചോദിച്ചു - മലയാളി സുഹൃത്തിന്റെ വീട്ടില് പോയിരുന്നു  അല്ലെ? എങ്ങനെ ഉണ്ടായിരുന്നു വിഷു?
 
''എന്നാ വിഷു  അയ്യാ.  അന്ത ആള് കഞ്ചി തന്നു.''   :(  :)

2015 ഏപ്രിൽ 12, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 94




Blog Post No: 366 -

കുഞ്ഞുകവിതകൾ - 94



സഹജം

 
അരുതാത്തത് ചെയ്യാൻ

ആരുമറിയാതെ ചെയ്യാൻ

അവനിയിൽ മനുജര്ക്ക്

ആഗ്രഹങ്ങൾ സഹജം.    

 

സഹനം

 

സഹിക്കില്ല സാധാരണക്കാർ,

സഹിക്കുന്നു സഹൃദയരേറെ;

സഹനശക്തി കുറയുന്നോര്ക്ക്    

സമനില തെറ്റിയെന്നും വരാം.

 

സഹനശക്തി ജന്മസിദ്ധം ചിലര്ക്ക്

സ്വായത്തമാക്കുന്നുണ്ടതു ചിലര്;

സ്വായത്തമാക്കുന്ന ആ ചിലര്

സഹൃദയരായ് കണക്കാക്കപ്പെടും. 

 

 
വാചനം വചനം


വാചനം വചനത്തിലെത്തിക്കുമ്പോൾ

വായിച്ചവരോ വാചനാമൃതം

വയറു നിറയെ ഭക്ഷിച്ചെന്നു തോന്നാൻ

വചനനായകൻ കുത്തികുറിക്കും
 
വാചനം ദൂഷണപരമായിക്കൂടതന്നെ.    
 

2015 ഏപ്രിൽ 11, ശനിയാഴ്‌ച

ചാപ്പി



Blog Post No: 365 -

ചാപ്പി 

(അനുഭവം)

നിങ്ങൾ ചാപ്പി കുടിച്ചിട്ടുണ്ടോ?  ഞാൻ കുടിച്ചിട്ടില്ല.  എന്നാൽ ഒരിക്കൽ ചാപ്പി എന്താണെന്ന് കാണുകയുണ്ടായി. 

ചെറുപ്പത്തിൽ, അച്ഛന്റെ തറവാട്ടിൽ എനിക്കുവേണ്ടി ഒരു പൂജ നടന്നു.  അമ്മയുടെ തറവാട്ടിൽ നിന്ന് അമ്മയും, ഞാനും, കുറച്ചു ബന്ധുക്കളുമടക്കം അവിടെ എത്തി.  കൂട്ടത്തിൽ രാധേട്ടൻ എന്ന വേണ്ടപ്പെട്ട ഒരാളും ഉണ്ടായിരുന്നു. 

''ഇവര്ക്കൊക്കെ, കാപ്പിയോ ചായയോ എന്താ വേണ്ടത് എന്ന് വെച്ചാൽ കൊടുക്കിൻ.'', കാരണവർ അകത്തേക്ക് നോക്കി തറവാട്ടമ്മമാരോട് പറഞ്ഞു. 

നിമിഷങ്ങള്ക്കകം, കാപ്പി വേണ്ടവർക്ക് കാപ്പിയും, ചായ വേണ്ടവർക്ക് ചായയും എത്തി. അത് കുടിക്കാൻ തുടങ്ങുമ്പോഴേക്കും, അമ്മ അമ്മക്കുള്ള കാപ്പി ഒരു ഡവറയിൽ, ഒരു സ്റ്റീൽ ഗ്ലാസ്സും പിടിച്ചു അവിടെ എത്തി. ഭർത്രുഗൃഹത്തിലെ ആതിഥ്യമര്യാദയിൽ സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നും വന്നവരെ ശ്രദ്ധിക്കണമല്ലോ.   എല്ലാവരും സംസാരം പൊടിപൊടിക്കുന്നു.  പൊട്ടിച്ചിരിക്കുന്നു.  രാധേട്ടൻ, പകുതി നിറച്ച സ്റ്റീൽ ഗ്ലാസും കയ്യിൽ പിടിച്ചു തമാശകൾ പറയുന്നു. 

''ഇതെന്താ രാധേ, കുറച്ചേ വേണ്ടൂ?  ഇന്നാ കുറച്ചുകൂടി.'' അമ്മ, രാധേട്ടൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് രാധേട്ടന്റെ ഗ്ലാസ് നിറച്ചു കഴിഞ്ഞു.  
ചിരിച്ചുകൊണ്ട് മൂപ്പർ ചോദിച്ചു - ഇതെന്താ ഇതിൽ ഒഴിച്ചത്? 

അമ്മ:   കാപ്പി. 

രാധേട്ടൻ:   അപ്പോൾ ഇത് ചാപ്പി ആയി! ഞാൻ ചാപ്പി കുടിക്കില്ല.  
ഞങ്ങൾ എല്ലാവരും ചിരിച്ചു.  അമ്മക്ക് അബദ്ധം പറ്റി.  ചായയിൽ കാപ്പി ഒഴിച്ചു!.

അമ്മ അത് വാങ്ങി അകത്തുകൊണ്ടുപോയി കളഞ്ഞു.  ചായയുമായി തിരിച്ചെത്തി. 


2015 ഏപ്രിൽ 9, വ്യാഴാഴ്‌ച

കണി


Blog Post No: 364


കണി

 
 

കണിക്കൊന്നകൾ പൂത്തു

കണിവെള്ളരികൾ കായ്ച്ചു

കണികാണാനൊരുങ്ങുന്നു

കേരളീയരെവിടെയും!

 

കണികൂട്ടണം വിഷുവിന്നു

കണി കാണണം കണ്ണനെ

കൈനീട്ടം കൊടുക്കണം

കൈനീട്ടം വാങ്ങണം

 

കണികണ്ടു ശീലിച്ചോർ

കണികണ്ടില്ലയെന്നാൽ

കാണുമവർ കണി മനസ്സിൽ

കണിയുടെ ഫലം കിട്ടാൻ!

 

2015 ഏപ്രിൽ 8, ബുധനാഴ്‌ച

ചിത


Blog Post No: 363 -
 
ചിത
(ഒരു പഴയ ഓര്മ്മ)
 
വര്ഷങ്ങള്ക്ക് മുമ്പ് -
''പ്രേം, വാട്ട്‌ ഈസ്‌ ചിത ഇന് യുവർ ലാംഗ്വേജ്?''
ഒരു പഴയ സഹപ്രവര്ത്തക, പാര്സിത്തരുണി എന്നോട് ചോദിച്ചു.
ഞാൻ അതിന്റെ ആംഗലേയപദം പറഞ്ഞപ്പോൾ, അവൾക്കു പിടികിട്ടിയില്ല. 
വിശദീകരിച്ചു - വിറകുകൾ കൂട്ടി വെക്കുക, അതിനു മുകളിൽ ജഡം, പിന്നെ തീക്കൊളുത്തും.
''യു ഡോണ്ട് നോ.''  അതും പോരാഞ്ഞു, ഹിന്ദിയിൽ ഇത്രയുംകൂടി കൂട്ടിച്ചേര്ത്തു: 
''തും ബുദ്ദു ഹേ.''  അതും പറഞ്ഞു അവൾ നടന്നു.
ഞാൻ ഫൂൾ ആണെന്നോ.  പുറകെ പോയി ഒരടി വെച്ചുകൊടുക്കാനാണ് തോന്നിയത്. പെണ്ണായിപ്പോയില്ലേ.
 
പിറ്റേ ദിവസം, അവൾ വന്നു  പറഞ്ഞു - ഐ ഗോട്ട് ഇറ്റ്‌ - ബാഡ്‌, ബാഡ്‌.   (ഓ, ചീത്ത!)
''പോട്ടെ, ആരാ നീ ചീത്ത ആണെന്ന് പറഞ്ഞത്?''
''ദാറ്റ് ബാഡ് ഗേൾ - രാജശ്രീ മേനോൻ.''
എനിക്ക് വല്ലാതെ ചിരി വന്നു.
അപ്പോൾ അവൾ എന്റെ മണ്ടക്കിട്ട് ഒരു കൊട്ടും തന്നു സ്ഥലം വിട്ടു.
*** 
പാവം, അവൾ മാരകമായ അസുഖം വന്നു (അര്ബുദം) മരിച്ചു പോയി. അവൾ പുകവലിക്കുമായിരുന്നു. അതാണ്‌ രാജശ്രീ പറഞ്ഞത് - അവൾ കേള്ക്കെ   ഒരാളോട്, അവൾ ചീത്ത ആണെന്ന്!
ചിത, ചീത്ത എന്നൊക്കെ കേട്ടാൽ ഈ സംഭവം എനിക്കോര്മ്മ വരും.

2015 ഏപ്രിൽ 5, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 93




Blog Post No: 362 -

കുഞ്ഞുകവിതകൾ - 93


 

പുഴയും  പൂമരവും

 

തെളിനീർ ഉൾക്കൊണ്ടു 

പുഴ   മന്ദം മന്ദമൊഴുകുന്നു;

പുഴയോരത്തെ പൂമരം

കാറ്റിനെ കൂട്ടുപിടിച്ച്

ചില്ല താഴ്ത്തി പുഴയെ

ഇക്കിളിയിട്ടുകൊണ്ടിരിക്കുന്നു!

അതും പോരാഞ്ഞു അവളിൽ

ഇടയ്ക്കിടെ പുഷ്പവൃഷ്ടിയും!
 
 

വീക്ഷണം


വീക്ഷണമൊന്നാകുമ്പോൾ,

വീക്ഷണങ്ങൾ സമാനമാകുമ്പോൾ,

വീക്ഷിക്കുന്നവരൊരേ തൂവൽപ്പക്ഷികളെപ്പോലെ!

വീക്ഷണങ്ങൾ വിഭിന്നമാകുമ്പോൾ

വീക്ഷിക്കുന്നവരോരോരോ  തൂവൽപ്പക്ഷികളെപ്പോലെയും.

വീക്ഷണം വിഭിന്നമാകുന്നത് സഹജ,മെന്നാൽ

വിമര്ശിക്കാനായി വീക്ഷിക്കുന്നവർ വിഡ്ഢികളും.