2014, ഏപ്രിൽ 30, ബുധനാഴ്‌ച

മനുഷ്യർ


Blog Post No: 206 -


മനുഷ്യർ

മനുഷ്യർ വിവേകബുദ്ധിയുള്ളവരത്രേ
മനുഷ്യത്വം കാണിക്കുന്നവരോ
മന്നിതിലെത്രയെന്നത് ചിന്ത്യമല്ലോ 


ആരോഗ്യം

ആരോഗ്യമുള്ളവരായ് ജീവിക്കണോ നമ്മൾക്ക്
അനുസരിക്കണം നമ്മുടെ പ്രകൃതിമാതാവിനെ
അങ്ങനെയല്ലെന്നാകിലോ വിപരീതഫലം സുനിശ്ചിതം




നാശം

സ്വരച്ചേർച്ചയില്ലാത്തവരേ
സ്വയം മറക്കരുത് നിങ്ങൾ
സ്വയം നശിക്കരുത് നിങ്ങൾ

- = o0o = - 

2014, ഏപ്രിൽ 29, ചൊവ്വാഴ്ച

ഇങ്ങനീണ്ടോ ഒരു കുടി?........


Blog Post No: 205 -


ഇങ്ങനീണ്ടോ ഒരു കുടി?........

(ഒരു കൊച്ചു നർമ്മം)





''നിങ്ങടെ ഈ കുടി ഞാൻ നിർത്തിത്തരും.''

''ഉവ്വുവ്വ്, നെന്നെക്കൊണ്ട് അതിനാവില്ലാ.''

''ആവുമോ ഇല്ല്യോന്നു ഞാൻ കാണിച്ചു തരാം.''

മരുമകളുടെയും മകന്റെയും സംഭാഷണം അല്പം ഉറക്കെയായതിനാൽ അമ്മ അത് കേട്ട്,  എന്തോ പന്തികേട്‌ തോന്നിയതിനാൽ, മരുമകളോട് ചോദിച്ചു.  അപ്പോൾ, മരുമകൾ:

''ഭയങ്കര കുടി.'' ഹാസ്യമോ, പരിഹാസമോ - അമ്മക്ക് മനസ്സിലായില്ല.

''ആര്?''

''ഇനി ഇവടെ വേറൊരാൾ ഉണ്ടോഅമ്മയുടെ മകൻ തന്നെ.''

''എന്താ മോളെ ഈ പറേണേഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ.''

അമ്മ പരിഭ്രമിച്ചു.

''ഉണ്ണുമ്പോൾ വേണം, രാത്രി വേണം, പിന്നെ ഇടയ്ക്കു സാധിക്കുമ്പോൾ ഒക്കെ മോന്തണം.''

''ശിവ ശിവ; വെറുതെ നീ എന്റെ മോനെപ്പറ്റി ഇല്ലാവചനം പറേരുത്ട്ടോ.''

''ഉള്ള കാര്യംതന്ന്യാ പറേണ്.  അത് അമ്മ്യേം കാണുന്നുണ്ടല്ലോ. അതോ, വെള്ളം ചേർക്കാതെ അല്ലേ അടി?''

''ങേ, ഞാൻ കാണുന്നുണ്ട്ന്നോ?''

''അതെ, ഒരു ലിറ്ററിന്റെ മോര് വാങ്ങിക്കൊണ്ടു വന്നാൽ രണ്ടു ദിവസേത്തെക്ക് ഇല്ല. ഒക്കെ അമ്മേടെ മോന്തന്ന്യാ മോന്തുന്നത്.  ഇങ്ങനീണ്ടോ ഒരു കുടി''

2014, ഏപ്രിൽ 27, ഞായറാഴ്‌ച

മലയാളം ടെലിവിഷൻ പരമ്പരകൾ - ഒരു കൊച്ചു അവലോകനം


Blog Post No: 204 - 


മലയാളം ടെലിവിഷൻ പരമ്പരകൾ - ഒരു കൊച്ചു അവലോകനം

(ലേഖനം)


വിവിധ  ടെലിവിഷൻ ചാനലുകൾ പ്രക്ഷേപണം ചെയ്യുന്ന പരമ്പരകളെ കുറിച്ചുള്ള ഈ ലേഖകന്റെ വീക്ഷണമാണിത്.

പ്രാദേശികമായവ, ഗ്രാമ്യഭാഷകൾ സംസാരിക്കുന്നത് തികച്ചും സ്വാഗതാർഹം തന്നെ.  അവിടെ, എഴുത്തുഭാഷ (പഴയ ചലച്ചിത്രങ്ങളിലെന്നപോലെ) ഉപയോഗിക്കുന്നത് ഉചിതമല്ലതന്നെ.  അതല്ല എങ്കിൽ, സ്വാഭാവികത നഷ്ടപ്പെടും.  പുതിയ പുതിയ ടെക്നിക്കുകൾ, സമകാലികമായ വിഷയങ്ങൾ എന്നിവയൊക്കെ അഭിനന്ദനാർഹം.

എന്നാൽ........

ഭാഷാധ്വംസനം, അതിപ്രസരം, അവിശ്വസനീയം എന്നൊക്കെയുള്ള വാക്കുകളുടെ അർത്ഥം - ആന്തരാർത്ഥം ശരിയായി ഗ്രഹിക്കണം എങ്കിൽ, ഇന്ന് കാണുന്ന മലയാളം സീരിയലുകൾ കണ്ടാൽ മതിയാകും! 

കെട്ടുറപ്പില്ലാത്ത കഥകൾ, നിരർത്ഥകമായ വാക്കുകൾ, വാചകങ്ങൾ, ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോൾ റിമോട്ട് കണ്ട്രോൾ എടുത്തു ഓഫ്‌ ചെയ്യാൻ പാകത്തിൽ പ്രക്ഷേപണം ചെയ്തുകാണുന്ന, മനം മടുപ്പിക്കുന്ന സീരിയലുകൾ ഒരു തടസ്സവുമില്ലാതെ മുന്നോട്ടുപോകുന്നു  എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. 

പഴഞ്ചൊല്ലുകൾ, അതേപടി പറയുന്നതിൽ, തെറ്റാതെ മലയാളം എഴുതിക്കാട്ടുന്നതിൽ ഈ പരമ്പരകളുടെ അണിയറപ്രവർത്തകർ നന്നേ പുറകിലാണ്. 

മലയാളം - ശ്രേഷ്ഠപദവി കിട്ടിയ ഭാഷ, സാഹിത്യത്തിൽ, കവിതകളിൽ, ചലചിത്രങ്ങളിൽ ദേശീയ, അന്തർദേശീയ നിലവാരം പുലർത്തിയ ഭാഷ - ഇങ്ങനെ ടി.വി. സീരിയലുകൾ വഴി ധ്വംസനം ചെയ്യപ്പെട്ടുകാണുമ്പോൾ ഭാഷാപ്രേമികൾക്കു സഹിക്കാൻ പറ്റാത്തവിധമുള്ള ഈ ദുരവസ്ഥയിൽനിന്ന് രക്ഷപ്പെടാൻ എന്ത് ചെയ്യണമെന്നത് ചിന്തിക്കേണ്ട ഒരു വിഷയമല്ലേ

സീരിയലുകൾ കാണാതിരുന്നാൽ മതിയല്ലോ എന്ന് ചിലർ ചോദിക്കുമായിരിക്കും.  അതല്ലല്ലോ അതിന്റെ ഒരു രീതി.  നമുക്ക് വേണ്ടപ്പെട്ടവർക്ക് വല്ലതും സംഭവിക്കുമ്പോൾ  നാം അത് അവരുടെ കാര്യമല്ലേ എന്ന് വിചാരിക്കാറില്ലല്ലോ. 

മാതൃഭാഷ ഇവിടെ വികലമാക്കപ്പെടുകയാണ്.... ഭാഷാമാതാവിനെ തുലനം തെറ്റുന്ന അവസ്ഥയിലേക്ക് തള്ളിവിടുകയാണ്. 

ഭാഷാപ്രേമികളുടെ പ്രതികരണമറിയാൻ ആഗ്രഹമുണ്ട് - ഒരു പ്രസ്തുത പരമ്പരയെ കുറിച്ചോ, വ്യക്തിയെക്കുറിച്ചോ ഉള്ള പരാമർശം ഒഴിവാക്കിക്കൊണ്ട്.

2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

ചില നഗ്നസത്യങ്ങൾ


Blog Post No: 203 -


ചില നഗ്നസത്യങ്ങൾ
(ചിന്തകൾ)

സംശയം - അറിവുമായി ബന്ധപ്പെടുത്തുമ്പോൾ അഭിനന്ദനാർഹമാകുന്നു;
അകാരണമായി, അസ്ഥാനത്താകുമ്പോൾ അറിവില്ലായ്മായാകുന്നു.

സ്നേഹം - ഏത്ര  സുന്ദരമായ പദം;
വൈരാഗ്യം വൈരൂപ്യം നിറഞ്ഞതും.

ജീവിതം - മരണത്തിന്റെ തുടക്കമാണെന്ന് എല്ലാർക്കുമറിയാം;
മരണം ഇനിയൊരു ജീവിതത്തിന്റെ തുടക്കമാണെന്ന് അറിഞ്ഞവർ ആരുമില്ല (മത വിശ്വാസങ്ങൾ അല്ലാതെ).

പ്രകൃതി - പ്രകൃതിക്കനുസരിച്ചു ജീവിക്കുന്നവർ ആരോഗ്യമുള്ളവരും, ദീർഘായുസ്സുള്ളവരുമാകുന്നു;
പ്രകൃതിയെ ധിക്കരിക്കുന്നവർ മറിച്ചും.

അമ്മ - അമ്മയെ സ്നേഹിക്കുന്നവർ അനുഗ്രഹീതർ;
വെറുക്കുന്നവർ ശപിക്കപ്പെട്ടവർ.
+++

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

ഇയാൾക്ക് വേറെ പണി ഒന്നുമില്ലേ?


Blog Post No; 202 -


ഇയാൾക്ക് വേറെ പണി ഒന്നുമില്ലേ?

ഒരു ഓർമ്മക്കുറിപ്പ്‌)





നാലു പതിറ്റാണ്ടുകൾക്ക് മുമ്പ്, കല്യാണ്‍ (മഹാരാഷ്ട്ര) NRC കോളനിയിൽവെച്ച് നടന്ന ഒരു ഗാനമേള.

ഗാനമേളക്ക് പോകാൻ തീരുമാനിച്ചപോൾ മനസ്സ് വല്ലാതെ സന്തോഷിച്ചു.  പ്രിയഗായകൻ ദാസേട്ടനെ നേരിട്ട് കാണാൻ പോകുന്നു, പാട്ട് കേൾക്കാൻ പോകുന്നു!  പണ്ട്, തറവാട്ടിലെ പാറുമുത്തി (മുത്തശ്ശി) റേഡിയോവിൽ  സരസച്ചേച്ചി തുടർച്ചയായി വെക്കുന്ന ദാസേട്ടന്റെ പാട്ടുകൾ കേട്ട് പറയുമായിരുന്നു:

‘’ഇയാൾക്ക് വേറെ പണീന്നൂല്യേത്ര പാടും മനുഷ്യൻങ്ങനെ പാട്യാൽ ന്തിനു കൊള്ളും?’’ 

ഹ ഹ ചിരിക്കാതെന്തു ചെയ്യാനാണ്.

''ഇടയകന്യകേ പോവുക നീ''യിൽ തുടങ്ങിയ ഗാനമേള ഞാൻ നല്ലപോലെ ആസ്വദിച്ചു.  അടുത്തുതന്നെ റിലീസ് ആകാൻ പോകുന്ന പിക്നിക് എന്ന പടത്തിലെ പാട്ട് - ചന്ദ്രക്കല മാനത്ത് ചന്ദനനദി.... എന്ന ഗാനം അതിലെ പ്രത്യേകത ആയിരുന്നു. പിക്നിക് 1975-ൽ റിലീസ് ആയി.   

ആദ്യമായി, അദ്ദേഹം അവിടെകൂടിയ എല്ലാവരോടും എഴുന്നേറ്റുനിന്ന് ഒരു നിമിഷം തന്നോടൊപ്പം പ്രാർത്ഥിക്കാനായി ആവശ്യപ്പെട്ടു - ഏതാനും ദിവസങ്ങള്ക്ക് മുമ്പ് ദിവംഗതനായ ഗുരുവിന്റെ (ചെമ്പൈ) ആത്മശാന്തിക്കായി!

പിന്നീട്, സലീൽ ചൌധരി രംഗത്ത് വന്നു. പ്രശസ്തനായ ആ സംഗീത സംവിധായകന്റെ അന്നത്തെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഞാൻ ഇന്നെന്ന പോലെ ഓർക്കുന്നു:

Yesudas, my friend has got a golden sound!

ദാസേട്ടന്റെയും ഒരു കൊച്ചുപ്രസംഗം ഉണ്ടായിരുന്നു.  താൻ ഒറ്റക്കല്ലെന്നും ഒരു ''വിദ്യാർത്ഥി''യും കൂടെ പാടാൻ ഉണ്ടെന്നും - സുജാത!

പിന്നീടൊരിക്കൽ, മാട്ടുംഗ (ബോംബെ) ഷണ്മുഖാനന്ദ  ഹാളിൽ വെച്ച് നടന്ന ദാസേട്ടന്റെ ഗാനമേളക്കു പോകാനുള്ള  ഭാഗ്യം എനിക്കുണ്ടായി.  അന്നും അദ്ദേഹം എല്ലാവരെയും എഴുന്നേറ്റു നിർത്തിച്ചു അദ്ദേഹത്തിന്റെ കൂടെ ഒരു നിമിഷം പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു.  അത് മലയാളികളുടെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായിരുന്ന വയലാറിന്റെ ആത്മശാന്തിക്കായിരുന്നു.

2014, ഏപ്രിൽ 21, തിങ്കളാഴ്‌ച

പ്രണയത്തിന്റെ പ്രതിഫലം


Blog Post No: 201 -


പ്രണയത്തിന്റെ പ്രതിഫലം

(മിനിക്കഥ)

''ആന കൊടുത്താലും ആശ കൊടുക്കരുത്'' എന്ന് കേട്ടിട്ടുണ്ട്.  അവന്റെ മനസ്സ് വല്ലാതെ നീറി.  അതെ, അവൾ മുന്കയ്യെടുത്തുവല്ലാതെ ആശിപ്പിച്ചു.  വിശ്വസിക്കാൻ നന്നേ പാടുപെട്ടു എങ്കിലും അവൾ മധുരമുള്ള വാക്കുകളാൽ മനം കവരുകയായിരുന്നു.  മൃദുലവികാരങ്ങളെ തൊട്ടുണർത്തി.  നാളുകൾക്കു ശേഷം ഇപ്പോൾ അവൾ പറയുന്നു - പൊട്ടാ, നീ ഇതൊക്കെ കാര്യമായി എടുത്തോ?!  രാക്ഷസി.  ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെയാണോഈ പാവത്തിനോടിത് വേണ്ടിയിരുന്നില്ല.  പ്രണയച്ചൂടിൽ സുഖമനുഭവിച്ച മനസ്സിന് ഭാരമേറിവരുന്നു, തളർന്നു പോകുന്നു.  ദൈവമേ, പലരും പാടിപ്പുകഴ്ത്തുന്ന സ്ത്രീ എന്ന സൃഷ്ടി നിന്റെ സൃഷ്ടി തന്നെയോഅതോ, ഈയുള്ളവന് നീ വിധിച്ച ശിക്ഷാനടപടിക്കായി അവളെ നിയോഗിച്ചോ  

സന്തോഷം, നന്ദി....


Blog Post No: 200 - 


സന്തോഷം, നന്ദി....

ഞാൻ കുത്തിക്കുറിക്കുന്നത് വായിച്ചു, വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുന്ന കൂട്ടുകാരോട് ഞാൻ എന്റെ സന്തോഷവും നന്ദിയും അറിയിക്കട്ടെ.

ഈ തിരക്ക് പിടിച്ച  ജീവിതത്തിൽ ഇടയ്ക്കു കിട്ടുന്ന ഒഴിവിൽ മനസ്സിൽ തോന്നിയത് പകര്ത്തുന്നു.  അതിൽ യോജിപ്പുള്ളവരും ഇല്ലാത്തവരും ഉണ്ടാവാം.  ''വിയോജിപ്പ്'' മനസ്സിലാക്കാൻ ശ്രമിക്കുന്നു.  അതുപ്രകാരം ഒരു പുനർവിചിന്തനത്തിനും. 

എന്റെ അനുഭവങ്ങൾഞാൻ നേരിട്ടറിഞ്ഞ മറ്റുള്ളവരുടെ അനുഭവങ്ങൾ, ഭാവന... എല്ലാം എന്റെ ബ്ലോഗിൽ ഉണ്ടാകും.  ഒരാൾ ജീവിതത്തിൽ, ഏതു തുറകളിൽ ആണെങ്കിലും, കേവലം വിദ്യാർത്ഥി  മാത്രമാണ് .  എനിക്ക് പരിചയമുള്ള മേഖലകളിലും, എഴുത്തിൽ  പ്രത്യേകിച്ചും ഞാൻ എന്നും വിദ്യാർത്ഥി തന്നെ. 

നമ്മുടെ ഭാഷയിലെ ആചാര്യന്മാരും ആചാരിണികളും  എഴുതിയതെല്ലാം/എഴുതുന്നതെല്ലാം  വായിക്കാൻ  സാധിക്കുന്നില്ല.    കുറെക്കാലമായി വായനവും കുറവ്.  എന്നിരിക്കിലും എഴുത്ത്, മുകളിൽ പറഞ്ഞപോലെ  ഏതാനും വരികളിലെങ്കിലും ഒരു ഉദ്ദേശ്യത്തോടുകൂടി നടക്കുന്നു.

ബ്ലോഗിൽ എന്നപോലെ മുഖപുസ്തകത്തിലും സമയം കിട്ടുമ്പോഴെല്ലാം ഞാൻ വരാറുണ്ട്. അഭിപ്രായങ്ങൾ കുറിക്കാൻ, എന്റെ കുറിപ്പുകൾ പോസ്റ്റ്‌ ചെയ്യാൻ...


പ്രതികരണത്തിൽ ഞാൻ സന്തുഷ്ടനാണ്.  കൂട്ടുകാരേ, നിങ്ങള്ക്ക് എന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത.  ഇരുനൂറാമത്തെ എന്റെ ഈ പോസ്റ്റ്‌ [മലയാളം]  - സന്തോഷം, നന്ദി -   നിങ്ങൾക്കു സമർപ്പിക്കുന്നു.