2014, മാർച്ച് 31, തിങ്കളാഴ്‌ച

അച്ഛമ്മയുടെ വള


Blog post No: 189 -

അച്ഛമ്മയുടെ വള

(മിനിക്കഥ)



അച്ഛമ്മയെ ശ്രദ്ധിച്ചു.  എന്തൊരു സന്തോഷമാണാ മുഖത്ത്.  കുറെ മുമ്പ് ഒരു സുഹൃത്ത് വഴി അയച്ചുകൊടുത്ത മാഗ്നെടിക് ബാൻഡ് (കാന്തികശക്തിയുള്ള വള) ഇട്ട കൈ ഇടയ്ക്കിടെ നോക്കുന്നുണ്ട്!  സ്വർണ്ണനിറമുള്ള പച്ചക്കല്ലുകൾ വെച്ച വള അച്ഛമ്മക്ക്‌ നന്നേ ഇഷ്ടപ്പെട്ടു.  കണ്ടവർക്കെല്ലാവർക്കും.   അച്ഛൻ പറഞ്ഞു - അച്ഛമ്മയുടെ രക്തസമ്മർദ്ദം കുറഞ്ഞിട്ടുണ്ടത്രേ; അതുകൊണ്ട് കഴിക്കുന്ന മരുന്നുകൾ ഡോക്ടർ കുറക്കുകയും ചെയ്തു!  പ്രകൃതിചികിത്സകനായ സുഹൃത്തിന് നന്ദി. 

മതവും രാഷ്ട്രീയവും


Blog Post No: 188 -


മതവും രാഷ്ട്രീയവും

(ചിന്തകൾ)


ആ മനുഷ്യൻ എല്ലാ മതപണ്ഡിതന്മാരുടെയും  പ്രഭാഷണം പലപ്പോഴായി ശ്രവിച്ചു.  എല്ലാ മതപുസ്തകങ്ങളും പലപ്പോഴായി വായിച്ചു;

എല്ലാ രാഷ്ട്രീയനേതാക്കാന്മാരുടെയും  പ്രസംഗം പലപ്പോഴായി ശ്രവിച്ചു.  എല്ലാ രാഷ്ട്രീയപ്പാര്ട്ടികളുടെയും സദുദ്ദേശങ്ങൾ അടങ്ങുന്ന ലേഖകൾ, പുസ്തകങ്ങൾ വായിച്ചു.

എല്ലാം എല്ലാം നല്ല കാര്യങ്ങൾതന്നെ.  നല്ലതല്ലാത്തതൊന്നുമില്ല!  എല്ലാം മനുഷ്യനന്മക്കു മാത്രം മുൻ‌തൂക്കം കൊടുക്കുന്നു!

അപ്പോൾ, എവിടെയാണ് നല്ലത് അല്ലാത്തവഒരാള് മറ്റൊരാളെ എതിർക്കുമ്പോൾ, വെറുക്കുമ്പോൾ.... എല്ലാം പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുന്നു.  അത് നേരിന്റെ വഴിയല്ല.  സ്നേഹത്തിന്റെ വഴിയല്ല.  പ്രകൃതിദത്തമായ സത്യത്തിലേക്കോ, ദൈവത്തിലേക്കോ ഉള്ള വഴിയല്ല.

വാസ്തവത്തിൽ - നേരിലേക്ക് വഴിയില്ല, സ്നേഹത്തിലേക്കു വഴിയില്ല, സത്യത്തിലേക്ക് വഴിയില്ല, ദൈവത്തിലേക്ക് വഴിയില്ല - എന്നാൽ.....   എല്ലാം തങ്ങളിൽതന്നെ ഉണ്ട് എന്ന അറിവില്ലായ്മ അല്ലെങ്കിൽ അറിവുണ്ടെങ്കിലും അതിനനുസരിച്ച് മുന്നോട്ടുപോകാത്ത മനസ്സ് വഴികൾ തേടുന്നു!  തേടിക്കൊണ്ടേയിരിക്കുന്നു, വൃഥാവിൽ.

മേമ്പൊടി:  മതം എന്നതിന് അഭിപ്രായം എന്നൊരർത്ഥമുണ്ട്.  അതേ അര്ത്ഥം മാത്രം മതത്തിനും രാഷ്ട്രീയത്തിനും കൊടുക്കാൻ സാധിച്ചെങ്കിൽ..... ഇഷ്ടക്കേട്, വെറുപ്പ്‌ മുതലായവയായി മാറാതിരുന്നെങ്കിൽ.... എങ്കിൽ മാത്രം നല്ലത് ഭവിക്കുന്നുദൈവാധീനം സുനിശ്ചിതം.

2014, മാർച്ച് 26, ബുധനാഴ്‌ച

മുൻകോപം


Blog Post No: 187 -


മുൻകോപം

(ചിന്തകൾ)

നമ്മളിൽ പലരും മുൻകോപികളാണ്.  സാധാരണ നിലക്ക് ഇതത്ര കുഴപ്പം വരുത്തുന്ന ഭാവം അല്ല.  പലരും പല പ്രകൃതക്കാർ ആണ്. എന്നിരിക്കിലും, പലർക്കും പലരുമായും പല സന്ദർഭങ്ങളിലും ഇടപഴകേണ്ടതുണ്ടല്ലോ. ഒരാൾ പെട്ടെന്ന് മനസ്സ് വേദനിക്കുന്ന പ്രകൃതം ഉള്ള ആൾ ആണെന്ന് വിചാരിക്കുക. ഇവർ തമ്മിൽ യോജിച്ചു പോവില്ല.  ഒരുപക്ഷെ, സാന്ദർഭികമായി ആദ്യത്തെ ആൾ കാരണം, രണ്ടാമത്തെ ആൾ ആത്മഹത്യതന്നെ ചെയ്തു എന്നുവന്നാൽ അതിൽ അതിശയിക്കാനില്ല.  മനുഷ്യമനസ്സ് - അത് അങ്ങനെയൊക്കെത്തന്നെയാണ്. 

ഈ ലോകത്തിൽ ജീവിക്കാനുള്ള അവകാശം എല്ലാവര്ക്കുമുണ്ട്.  ''കേമത്തം'' കാട്ടി, ''കേമന്മാരും'' ''കേമികളും'' ആയി ആരും ഇഹലോകവാസം വെടിയുന്നില്ല.

ആയതിനാൽ തന്നിലേക്ക് തിരിച്ചു വരിക.  മുൻകോപം എന്ന ആ സ്വഭാവവിശേഷത്തെ (ജന്മനാൽ കിട്ടിയതാണെങ്കിലും) സഹജീവികൾക്കുവേണ്ടി (അവരുടേതും തന്റേതുപോലുള്ള ജീവൻ ആണല്ലോ)  മാറ്റി എടുത്തു ശരിയായ കേമത്തം കാണിക്കുക.  അതുകൊണ്ട് നല്ലതേ വരൂ.  

2014, മാർച്ച് 25, ചൊവ്വാഴ്ച

മാധ്യമവൃത്താന്തം


Blog Post No: 186 -


മാധ്യമവൃത്താന്തം

(കവിത)

മാധ്യമത്തിലെ വൃത്താന്തങ്ങൾ
അറിയണ,മറിവു നേടണം.
എന്തെല്ലാം വൃത്താന്തങ്ങൾ
ഈ പ്രപഞ്ചത്തിലാകമാനം!
അറിവില്ലാത്തത്‌ ലജ്ജാവഹ-
മായതിനാലറിവു നേടണം.  
ഗവർണ്ണറാരെന്ന ചോദ്യത്തിന്
സെലിബ്രിറ്റി കൈമലര്ത്തുന്നു!
പുസ്തകപ്പുഴുക്കളാം വിദ്യാര്ത്ഥികൾ
ഒട്ടനവധി ’’വിയ്യയ്പി’’കൾ
ഇതൊന്നുമറിയുന്നില്ലയെന്നു സത്യം!
വേണ്ടതും വേണ്ടാത്തതും
സകലതുമുണ്ടീ പാരിലാകെ!
നല്ലത് സ്വീകരിക്കാനു-
മല്ലാത്തതു തിരസ്കരിക്കാനു-
മുള്ളോരു മനസ്സാണ് വേണ്ടതും.
മാധ്യമങ്ങൾക്കൊക്കെത്തന്നെ
രാഷ്ട്രീയത്തിന്റെ തനിനിറം!
ജാതി-മതങ്ങൾ, രാഷ്ട്രീയ-
മിതൊക്കെ ലോകരെ ഭരിക്കുന്നു!
''രാഷ്ട്രീയ''മേതു തുറകളിലും
വായനയിലുമെഴുത്തിലുമൊക്കെ കാണാം!
വായനാ-ദൃശ്യ മാധ്യമ
വൃത്താന്തങ്ങളെല്ലാംതന്നെ
വൃത്താന്തങ്ങളല്ലാതാവുമോ
നല്ലവയൊക്കെ നമുക്കെടുക്കാം
അല്ലാത്തതോ, ചവറ്റുകുട്ടയിൽ!


2014, മാർച്ച് 20, വ്യാഴാഴ്‌ച

സുരക്ഷിതത്വം

Blog post No: 185 -


സുരക്ഷിതത്വം

(കവിത)


വീട്ടിലെ വാതിലുകളടക്കുന്നുപൂട്ടുന്നു

അലമാരകളടക്കുന്നു, പൂട്ടുന്നു;

പെട്ടികളടക്കുന്നു, പൂട്ടുന്നു;

സുരക്ഷിതത്വം വേണമല്ലോ.

ആഹാരം, പാനീയമൊക്കെയടച്ചു വെക്കുന്നു -

ആരോഗ്യപരിരിക്ഷ വേണമല്ലോ.

എന്നാലേ, എന്റെ പൊന്നുചങ്ങാതീ,

പലപ്പോഴും വായടക്കാൻ സാധിക്കുന്നില്ലല്ലോ 

അടക്കാൻ സാധിച്ചാലോ,

''മൌനം വിദ്വാനു ഭൂഷണം'' -

അതുതന്നെ വലിയ സുരക്ഷിതത്വം!

അപകീര്‍ത്തി

Blog Post No: 184 -


അപകീര്‍ത്തി

(അനുഭവം)


''തീ ഇല്ലാതെ പുക ഉണ്ടാകുമോ?'' പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്.  ഏറെക്കുറെ ശരിയായിരിക്കാം.  എന്നാൽ, മനസ്സാ, വാചാ അറിയാത്ത ചില കാര്യങ്ങൾ ചിലരിൽ ചുമത്തി ചിലർ സായൂജ്യമടയുന്നത്  കാണാം.  അവർക്ക് അവരുടെതായ വ്യാഖ്യാനങ്ങളും  ഉണ്ടാകും!    

വളരെക്കാലമായി ഒരു മറുനാടന്‍ മലയാളിയായ ഞാന്‍ അനുഭവങ്ങളില്‍നിന്നു - മലയാളികളുമായ ഇടപഴകലില്‍ നിന്ന് അറിയുന്നു,  നമ്മുടെ ആളുകളെക്കൂടി (മലയാളികളെ) സൂക്ഷിക്കണം.  എപ്പോഴാണ്, എവിടെനിന്നാണ് പാര വരിക എന്ന് പറയുകവയ്യ. 

പലപ്പോഴായി എഴുതിയ ഇരുനൂറിലധികം  കത്തുകള്‍, കൊച്ചു ലേഖനങ്ങള്‍ ബഹറിനില്‍ നിന്ന് ഇറങ്ങുന്ന ആദ്യത്തെ ഇംഗ്ലീഷ് പത്രം, 'ഗള്‍ഫ്‌ ഡെയിലി ന്യൂസ്‌' എന്റേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരുവിധം എല്ലാ രചനകള്‍ക്കും നല്ല അഭിപ്രായങ്ങള്‍ വായനക്കാരില്‍ നിന്നും കിട്ടി.  അപ്പോള്‍ അതാമലയാളിയായ ഒരു സുഹൃത്ത്‌ എന്റെ ഒരു എഴുത്തിനെ വികലമായി വ്യാഖ്യാനിച്ചു കമന്റ്സ് ഇട്ടിരിക്കുന്നു.  ജന്മനാല്‍ ''തൊലിക്കട്ടി'' അല്പം കുറവായ  എനിക്ക് അത് വായിച്ചപ്പോൾ വിഷമമായി.    പൊതുജനം പലവിധം തന്നെ. അഭിപ്രായം ആകാം, അഭിപ്രായ വ്യത്യാസം ആകാം, ക്രിയാത്മകമായ വിമര്ശനം ആകാം - എന്നാൽ ഇതൊന്നും അല്ല എങ്കിലോ? അതും, എഴുതുന്നതിൽ ഒരു സാമാന്യമര്യാദപോലും പാലിക്കാതെ.    ഇതിനു ഒരു മറുപടി എങ്ങനെ കൊടുക്കണം എന്നാലോചിച്ചുകൊണ്ടിരിക്കേ, രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അഭിപ്രായത്തിനു ഒരു എതിര്‍ അഭിപ്രായം ഒരാള്‍ ഇട്ടു. പേരുകൊണ്ട് ശ്രീലങ്കക്കാരി എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ, ഡോക്റ്ററുടെ വാക്കുകള്‍ വളച്ചൊടിച്ചു അഭിപ്രായം ഇട്ടത് ശരിയായില്ല എന്നും, അത് ഗള്‍ഫ്‌ ഡെയിലി ന്യൂസ്‌ തന്നെ പ്രസിദ്ധീകരിച്ചത് ശരിയായില്ല എന്നും, ഈ കോളം വഴി ഡോക്റ്ററെ തന്നെപോലുള്ള വായനക്കാര്‍ക്ക് നന്നായി അറിയാം എന്നും അവര്‍ എഴുതി.  മാത്രമല്ല, ഡോക്റ്ററുടെ ഒരു ലേഖനം തന്റെ ജീവിതത്തില്‍ തന്നെ ഒരു വഴിത്തിരിവ് ആയിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എനിക്കവരെ അറിയില്ല(എനിക്ക് വല്ലാത്ത സന്തോഷം തോന്നി.  അപ്പോൾനമ്മുടെ ആൾക്കാർ അല്ലാത്തവർ പോലും എന്നെ, എന്റെ എഴുത്തിനെ മനസ്സിലാക്കുന്നു എന്ന സന്തോഷം തന്നെ.)  ഈ വായനക്കാരി പറഞ്ഞ ലേഖനം, പില്‍ക്കാലത്ത് രണ്ടുപ്രാവശ്യം മിനിസ്ട്രി ഓഫ് ഹെല്‍ത്തിന്റെ (ഗവര്‍മെന്റ് ഓഫ് ഇന്ത്യ) ഒഫീഷ്യല്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. അത്   രണ്ടു പ്രാവശ്യവും എനിക്ക് honorarium നേടിത്തത്തരികയും ചെയ്തു!   

ഞാന്‍ പറഞ്ഞുവന്നത്, എന്നെ അപകീര്‍ത്തിപ്പെടുത്താന്‍  എന്റെ എഴുത്തിനെ ദുര്‍വ്യാഖ്യാനം ചെയ്ത ആ മലയാളി സുഹൃത്തിന്റെ അതിബുദ്ധിയെക്കുറിച്ചാണ്.  ഞാൻ ചിന്തിച്ചിട്ടുണ്ട് - എന്തുകൊണ്ടാണ് നമ്മുടെ സുഹൃത്തുക്കൾ ഇങ്ങനെ പെരുമാറുന്നത്.  അതുകൊണ്ട് എന്താ  അവര്ക്കുള്ള നേട്ടം

മുകളിൽ എഴുതിയത് അല്പം പഴയ കാര്യം.  പിന്നീട് ഇ-മെയിലും ഫേസ്ബുക്കും ഒക്കെ പ്രചാരത്തിൽ ആയപ്പോൾ മനസ്സിലായി (അനുഭവം കുറവെങ്കിലും) ഇവരുടെ കാലവും വന്നിരിക്കുന്നു. ഇവർ പലപ്പോഴും വേണ്ടിവന്നാൽ ഫെയ്ക്ക് ഐഡികളിൽ യഥേഷ്ടം വിലസുന്നു....