2015, ജൂൺ 26, വെള്ളിയാഴ്‌ച

ഇവിടെ....


Blog post no: 395 -

ഇവിടെ....


ഇവിടെ,

ജീവിതം സുഖ-ദു:ഖ സമ്മിശ്രം;
അനുകൂല സാഹചര്യത്തിൽ പഠിക്കാത്ത
മനുഷ്യൻ പ്രതികൂല സാഹചര്യത്തിൽ
പഠിക്കുകതന്നെ ചെയ്യുന്നു!


ഇവിടെ,

സന്തോഷിക്കാൻ ഏറെ;
സ്നേഹിക്കാൻ ഏറെ;
ആഗ്രഹിക്കാൻ ഏറെ;
അനുഭവിക്കാൻ ഏറെ.



ഇവിടെ,

ദു:ഖിക്കാൻ മാത്രമുള്ളതല്ല;
ദുഃഖം മറികടക്കണം -
ഈ വിചാരം ഉണ്ടായേ പറ്റൂ;
അല്ലെങ്കിൽ എന്നും ദു:ഖിക്കേണ്ടി വരും.



ഇവിടെ,

ജീവിതം ഒരു വരദാനം!
ചിന്തകൾ, പ്രവത്തികൾ
മാതൃകാപരമാകുമ്പോൾ
ദു:ഖിക്കാൻ സമയമെവിടെ?

2015, ജൂൺ 25, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 104


Blog Post No: 394 –

കുഞ്ഞുകവിതകൾ - 104


ശക്തി!

ശിശുക്കൾ നിഷ്ക്കളങ്കർ
അവരോടു നാം പൊറുക്കണം, സഹിക്കണം
അവരെ വേണ്ടപോൽ സ്നേഹിക്കണം
അപ്പോൾ, അവരുടെ അച്ഛനമ്മമാർക്ക്
സന്തോഷം, നമ്മളോട് സ്നേഹം
അച്ഛനമ്മമാരെ വേറെ
തൃപ്തിപ്പെടുത്തേണ്ടതില്ല.
അച്ഛനമ്മമാർ പ്രകൃതി / ദൈവം
നാം, നാം തന്നെ
ശിശുക്കളോ, സഹജീവികൾ
സഹജീവികളെ സ്നേഹിക്കുമ്പോൾ
പ്രകൃതിക്ക്  / ദൈവത്തിനു ഇഷ്ടം
പ്രകൃതിയെ / ദൈവത്തിനെ
പ്രീതിപ്പെടുത്താൻ വേറൊന്നും
പ്രത്യേകം വേണമെന്നില്ല
സഹജീവികളിൽ, നമ്മളിൽ
ശക്തി നിറഞ്ഞിരിക്കുന്നു!

പരിഹാരം

ഔഷധങ്ങൾക്ക് വിധേയമാണ്
മിക്ക രോഗങ്ങളെങ്കിലും,
വിധേയമാകാത്തവക്ക്
ശസ്ത്രക്രിയതന്നെ ശരണം;
ശസ്ത്രക്രിയയി,ലൊരവയവമോ
അവയവങ്ങളോ നീക്കപ്പെടാം!
സൗഹൃദത്തിൽ കാണുന്ന
കാര്യങ്ങളുമിതുപോലെ തന്നെ!
തമ്മിലൊതുക്കിത്തീർക്കുവാൻ
സാധ്യമാവുന്നില്ലയെന്നാൽ
ബന്ധം വേർപെടുത്തി,യവർ
പരിഹാരം കാണണമതിന്.
അസുഖം, ശത്രുത - രണ്ടും

ഇല്ലാതാക്കുന്നതാണു ബുദ്ധി. 

2015, ജൂൺ 22, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 103


Blog Post No: 393 -
കുഞ്ഞുകവിതകൾ - 103


പ്രതികാരം

(ചിന്തകൾ)

പറഞ്ഞതിഷ്ടപ്പെട്ടില്ലെങ്കിൽ പ്രതികാരം.
ചെയ്തതിഷ്ടപ്പെട്ടില്ലെങ്കിൽ പ്രതികാരം.
മറ്റുള്ളവർക്കിഷ്ടപ്പെടാത്തത് പറയുമ്പോൾ
ഇഷ്ടപ്പെടാത്തതു ചെയ്യുമ്പോൾ
ഓര്ക്കുക - നാം സ്വയം മറ്റുള്ളവരുടെ
പ്രതികാരാഗ്നിക്ക് തീ കൊളുത്തുകയാണെന്ന്.
വിവരമുള്ളവരും വിദ്യാഭ്യാസമുള്ളവരും
ഈ പറഞ്ഞതില്നിന്നു വ്യത്യസ്തരല്ല.
മന:ശ്ശുദ്ധി ഉള്ളവർ, വിശാലഹൃദയർ  
പ്രതികാരത്തിനു മുതിരുകയില്ല.
ഈ സത്സ്വഭാവം മനുഷ്യരിലപൂർവം.




നെട്ടോട്ടം!

പാറിപ്പറക്കുന്നു വിണ്ണിലെ പറവകൾ,
നീന്തിക്കളിക്കുന്നു വെള്ളത്തിൽ മത്സ്യങ്ങൾ,
നെട്ടോട്ടമോടുന്നു ഭൂമിയിൽ മാനുഷർ -

വെട്ടിപ്പിടിക്കാനായാവതും സർവതും 

2015, ജൂൺ 20, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 102


Blog Post No: 392 -
കുഞ്ഞുകവിതകൾ - 102

പ്രകൃതിനിയമം 

ജീവിതം പൂർണ്ണമാകുന്നതു കാണുന്നു നാം  
സ്ത്രീപുരുഷന്മാർ  തമ്മിൽ  പ്രാപിക്കുമ്പോൾ;
സകല ജീവജാലങ്ങൾക്കും ചേതന-അചേതന 
വസ്തുക്കൾക്കെല്ലാമീ പ്രകൃതിനിയമം ബാധകം!
ഇളകാതുറപ്പിക്കാനുള്ളവ, വൈദ്യുതിസഹായി, 
പൂട്ട്‌, അടപ്പ് തുടങ്ങിയെല്ലാമേ ഇതിൽപ്പെടും!  



പ്രണയിതാവും, പ്രണയിനിയും, പിന്നെ പനിനീർപ്പൂവും

പനിനീർപ്പൂവ് പുഞ്ചിരിച്ചു, 
പ്രണയിതാവതാ വരുന്നു, 
പ്രണയപ്രതീകമാം തന്നെ 
പ്രണയിനിക്ക് സമ്മാനിക്കാൻ! 



പുതുമോടികൾ 


പുറത്തു മഞ്ഞു പെയ്തുകൊണ്ടിരിക്കുന്നു, 
അകത്തു പുതുമോടികളുടെ മനസ്സിൽ കുളിരും; 
പുറത്തുള്ളവർ തീ കാഞ്ഞു ആസ്വദിക്കുന്നു, 

മന-ശരീരങ്ങൾ ബന്ധപ്പെടുത്തി മിഥുനങ്ങളും! 

2015, ജൂൺ 17, ബുധനാഴ്‌ച

ഐന്‍സ്റ്റൈന്റെ കഥ

Blog Post No: 391 -

ഐന്‍സ്റ്റൈന്റെ കഥ  


ഐന്‍സ്റ്റൈന്റെ കഥ  -  സന്ദർഭവശാൽ പണ്ട് വായിച്ചത്, പഠിച്ചത് ഓർത്തുപോകുന്നു.  ആർ എഴുതിയതാണെന്നോർമ്മയില്ല.  രസകരമായ ഒരു നോവൽ പോലെ വായിച്ചുപോകാം. 

എക്സ്  എന്ന കള്ളൻ എന്നൊരു അദ്ധ്യായമുണ്ട്.  ആൽബെർട്ട് ആൽജിബ്രയിൽ മോശമായിരുന്നു. എത്ര പഠിച്ചാലും തലയിൽ കയറില്ല.  ആ കുട്ടിയാണ് പില്ക്കാലത്ത് ലോകം കണ്ട ശാസ്ത്രജ്ഞന്മാരിൽ മുൻപന്തിയിൽ തന്നെ ഇടം നേടിയ ആൾ. 

ഒരു കോളേജിൽ ആദ്യമായി പഠിപ്പിക്കാൻ എത്തിയപ്പോൾ, പരിചയപ്പെടലിന്റെ ഭാഗമായി വിദ്യാര്ത്ഥികൾ ചോദിച്ചു - സാറിന്റെ പേര്?

ആൽബെർട്ട് ഐൻസ്റ്റൈൻ.

വിദ്യാര്ത്ഥികൾ അന്തം വിട്ടു.  കേട്ടിട്ടുണ്ട് ധാരാളം.  പടം കണ്ടിട്ടുണ്ട്. ഒന്നുകൂടി മുഖത്തേക്ക് സൂക്ഷിച്ചു നോക്കി - അതെ. അതേ ചപ്രത്തല! അതേ കണ്ണുകൾ, അതേ ഭാവം!   തങ്ങൾ ഭാഗ്യമുള്ളവരാണ്.

ഐൻസ്റ്റൈൻ സിദ്ധാന്തങ്ങൾ ഏറെ പ്രസിദ്ധമാണ്.
സമയത്തിന്റെ വിലയെക്കുറിച്ച് അദ്ദേഹം പഠിപ്പിച്ചത് ഇങ്ങനെയായിരുന്നു: 

1. നിങ്ങൾ നിങ്ങളുടെ ചൂണ്ടുവിരൽ ഒരു ചിമ്മിനിവിളക്കിന്റെ ആഴിയിൽ കാട്ടുക.  എത്ര നേരം കാട്ടും?

2. നിങ്ങൾക്ക്, നിങ്ങൾക്കിഷ്ടപ്പെട്ട ഒരു സർവാംഗസുന്ദരിയുമായി സൊള്ളിക്കൊണ്ടിരിക്കാൻ അവസരം ലഭിച്ചു എന്ന് കരുതുക. എത്രനേരം നിങ്ങൾ അങ്ങനെ ചെയ്യും? 

ഇനി രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക.  സമയത്തിന്റെ വില അറിയും!  രണ്ടാമത്തെത്തിന്റെ താല്പ്പര്യം ഏതിലും കാണിക്കാൻ നോക്കുക.  

2015, ജൂൺ 13, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 101



Blog Post No: 390 -

കുഞ്ഞുകവിതകൾ - 101

ആകർഷണ സിദ്ധാന്തം

മയൂരം നർത്തനമാടുന്നു ഇണയെ-
യാകർഷിക്കുന്നതിന്നായ്‌,
കലാപരമായ് മുന്നേറുന്നു
അങ്ങനെ പ്രേമവും കാമവും!
മനുഷ്യനും കെട്ടുന്നു ''വേഷം''
ഇണയെയാകർഷിക്കുവാനായ്‌
കലയും, ചിലപ്പോൾ ''കൊല''വരെയും
ജീവിതത്തിലനുഭവിക്കുന്നതിന്നായ്‌!


അദൃശ്യ ശക്തികൾ

മരത്തിന്റെ ഇലകൾ ഇളകുന്നു,
മാരുതന്റെ സാന്നിധ്യം -
മറഞ്ഞിരിക്കുന്ന ശക്തി!

മുഖം പ്രസാദിക്കുന്നു,
മധുരവിചാരങ്ങളാൽ -
മറഞ്ഞിരിക്കുന്ന ശക്തി! 


2015, ജൂൺ 11, വ്യാഴാഴ്‌ച


Blog Post No: 389 -

സ്നേഹനിധി 


സ്നേഹം എന്ന പാവനമായ വികാരം മനസ്സിൽ പതിഞ്ഞാൽ ഓര്മ്മ നശിക്കാൻ തുടങ്ങുമ്പോൾ പോലും അത് തിളങ്ങിക്കൊണ്ടേ ഇരിക്കും.

ഞാൻ രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ ലോകത്തോട്‌ വിടപറഞ്ഞ എന്റെ അച്ഛനെക്കുറിച്ചാണ് എഴുതുന്നത്. 

മരിക്കുന്നതിനുമുമ്പ് ഏകദേശം ഓര്മ്മ മുഴുവൻ പോയി. ഓർമ്മയുണ്ടായിരുന്ന സമയത്തൊക്കെ ആ മസ്തിഷ്കത്തിന്റെ തിളക്കം വേണ്ടപ്പെട്ടവരും പരിചയമുള്ളവരും ഒക്കെ അറിഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ടു ഒന്നുരണ്ടു കാര്യങ്ങൾ മാത്രം ഞാൻ ഇവിടെ കുറിക്കട്ടെ:  

ഒരു ബാങ്കിന്റെ കടലാസ്സിൽ ഞാൻ അച്ഛനോട് പേരെഴുതി സൈൻ ചെയ്യാൻ ആവശ്യപ്പെട്ടു.  ഒന്ന് ആലോചിക്കുന്നപോലെ തോന്നി. പിന്നീട് രാമൻകുട്ടി നായർ എന്നതിന് പകരം കൃഷ്ണൻകുട്ടി നായർ എന്നെഴുതി!  അത് കുറെ മുമ്പ് മരിച്ചുപോയ അച്ഛന്റെ അനിയന്റെ പേരാണ്.  സ്വന്തം പേര് പെട്ടെന്ന് മറന്ന പോലെ.  എന്നാൽ അനിയന്റെ പേര് - മനസ്സിൽ നിറഞ്ഞുനിന്നത് വെളിയിൽ വന്നു!  ഞാൻ വേറൊരു കടലാസ്സിൽ രാമൻകുട്ടി നായർ എന്നെഴുതാൻ പറഞ്ഞു; എഴുതുകയും ചെയ്തു. 

ഇനി ഒരിക്കൽ - ''ഇത് ജാനുവിന്റെ കുട്ടി അല്ലെ?'' കോലായിൽ ഓടിക്കളിക്കുന്ന കുട്ടിയെ ചൂണ്ടിക്കാണിച്ചു അമ്മയോട് ചോദിക്കുന്നു. അമ്മ, ''അല്ല, പൊന്നന്റെ (എന്റെ).''  അച്ഛൻ പെട്ടെന്ന് എന്തോ ഓർത്തപോലെ - അതെ, അതെ.  എന്നും പറഞ്ഞു ഒരു ചമ്മിയ ചിരിയും പാസ്സാക്കി. 

ഒരു പെങ്ങളുടെ കുട്ടി അല്ലെ എന്നായിരുന്നു മനസ്സിൽ!  പെങ്ങന്മാര്ക്കും അവരുടെ മക്കള്ക്കുമൊക്കെ ഹൃദയത്തിൽ എന്നും സ്ഥാനം.  അത് സ്വന്തം മകന്റെകൂടി കുട്ടി ആണ് എന്ന് പെട്ടെന്ന് മറന്നപോലെ!  (എന്റെ ഭാര്യ അച്ഛന്റെ ഒരു പെങ്ങളുടെ മകൾ ആണ്.) 

സ്നേഹനിധി എന്ന് നാം പറയാറില്ലേ?  ആ സ്നേഹനിധി എന്ന വാക്ക് എന്റെ അച്ഛനെ പോലെയുള്ളവരെ ഉദ്ദേശിച്ചാണ്.  ആ ''നിധി'' കൈമോശം വന്നിട്ട് വർഷങ്ങൾ എത്രയോ ആയി.  (എന്റെ കണ്ണുകൾ ഈറനണിയാനുള്ള പുറപ്പാടായി; ഞാൻ നിർത്തട്ടെ.)  ആ ''നിധി'' ഇന്നും എന്നെയും (ഒരുപക്ഷെ മറ്റു വേണ്ടപ്പെട്ടവരെയും) ഊണിലും ഉറക്കത്തിലും വരെ വന്നു സന്ദര്ശിക്കുന്നു!  

2015, ജൂൺ 10, ബുധനാഴ്‌ച

അനിയൻ വാവ


Blog Post No: 388 -

അനിയൻ വാവ 

(ഒരു കുസൃതിമാളു പരമ്പര)


വിദ്യാലയത്തിനു അവധിക്കാലമായതിനാൽ മാളൂട്ടി അന്നും വൈകിയിട്ടാണ് എഴുന്നേറ്റത്.  എഴുന്നേറ്റ ഉടൻ വിവരം കിട്ടി - മേമ (ചെറിയമ്മ) പ്രസവിച്ചു - ആണ്‍കുട്ടി!  അവൾക്കു സന്തോഷവും സങ്കടവും തോന്നി.  ആശുപത്രിക്ക് പോകുമ്പോൾ തന്നെ എന്തുകൊണ്ട് കൊണ്ടുപോയില്ല!

ഏതായാലും, അവൾ വൈകാതെ മറ്റുള്ളവരുടെ കൂടെ ആശുപത്രിയിൽ എത്തി.  കുഞ്ഞിനെക്കണ്ടപ്പോൾ മുഖം വികസിച്ചു.  ''അയ്യോ, അങ്ങന്നെ അപ്പൂനെപ്പോലെല്ലേ?''  (അവളുടെ അനിയൻ).  ''അതെ, അത് ചേട്ടൻ വാവ, ഇത് അനിയൻ വാവ'', മുത്തച്ഛൻ പറഞ്ഞത് കേട്ട് അവളുടെ അച്ഛമ്മ ശരിവെച്ചു ചിരിച്ചു.  

കുറിപ്പ്:  എന്റെ ചെറിയ മോൾക്ക് ജൂണ്‍ മൂന്നിന് (3.6.2015) ഒരു ആണ്കുഞ്ഞു ജനിച്ച സന്തോഷവിവരം ഞാൻ കൂട്ടുകാരുമായി ഈ അവസരത്തിൽ പങ്കുവെക്കട്ടെ. 

2015, ജൂൺ 8, തിങ്കളാഴ്‌ച

അലാറം

Blog Post No: 387 -


അലാറം


''താക്കോൽ കൊടുക്കാതരുണോദയത്തിൽ

താനേ തുറക്കും വലിയോരലാറം.''

അത്തരത്തിലൊരലാറമില്ലായ്കയാൽ

ബാറ്റെറിയിട്ടൊരലാറം നാം വെക്കുന്നു!

കാലത്തലാറം കൂവിയുണര്ത്തുമ്പോൾ

ഉറക്കം മുറികയാലസ്വസ്ഥമാകുന്നു മനം!

വൈകിയാലും തോന്നേണം തന്നെത്താൻ -

അലാറം നമ്മെ സഹായിക്കാൻ നോക്കുന്നു,

നന്ദിയില്ലെങ്കിലും നന്ദികേടരുതെന്ന്.

അലാറത്തെയൊരു ബിംബമായ്ക്കാണണം,

നമ്മെ സഹായിക്കുമമ്മയെ പോലവേ,


ഉണര്ന്നു വര്ത്തിച്ചു ജീവിതം നേരിടാൻ!