2015, ജൂൺ 11, വ്യാഴാഴ്‌ച


Blog Post No: 389 -

സ്നേഹനിധി 


സ്നേഹം എന്ന പാവനമായ വികാരം മനസ്സിൽ പതിഞ്ഞാൽ ഓര്മ്മ നശിക്കാൻ തുടങ്ങുമ്പോൾ പോലും അത് തിളങ്ങിക്കൊണ്ടേ ഇരിക്കും.

ഞാൻ രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ ലോകത്തോട്‌ വിടപറഞ്ഞ എന്റെ അച്ഛനെക്കുറിച്ചാണ് എഴുതുന്നത്. 

മരിക്കുന്നതിനുമുമ്പ് ഏകദേശം ഓര്മ്മ മുഴുവൻ പോയി. ഓർമ്മയുണ്ടായിരുന്ന സമയത്തൊക്കെ ആ മസ്തിഷ്കത്തിന്റെ തിളക്കം വേണ്ടപ്പെട്ടവരും പരിചയമുള്ളവരും ഒക്കെ അറിഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ടു ഒന്നുരണ്ടു കാര്യങ്ങൾ മാത്രം ഞാൻ ഇവിടെ കുറിക്കട്ടെ:  

ഒരു ബാങ്കിന്റെ കടലാസ്സിൽ ഞാൻ അച്ഛനോട് പേരെഴുതി സൈൻ ചെയ്യാൻ ആവശ്യപ്പെട്ടു.  ഒന്ന് ആലോചിക്കുന്നപോലെ തോന്നി. പിന്നീട് രാമൻകുട്ടി നായർ എന്നതിന് പകരം കൃഷ്ണൻകുട്ടി നായർ എന്നെഴുതി!  അത് കുറെ മുമ്പ് മരിച്ചുപോയ അച്ഛന്റെ അനിയന്റെ പേരാണ്.  സ്വന്തം പേര് പെട്ടെന്ന് മറന്ന പോലെ.  എന്നാൽ അനിയന്റെ പേര് - മനസ്സിൽ നിറഞ്ഞുനിന്നത് വെളിയിൽ വന്നു!  ഞാൻ വേറൊരു കടലാസ്സിൽ രാമൻകുട്ടി നായർ എന്നെഴുതാൻ പറഞ്ഞു; എഴുതുകയും ചെയ്തു. 

ഇനി ഒരിക്കൽ - ''ഇത് ജാനുവിന്റെ കുട്ടി അല്ലെ?'' കോലായിൽ ഓടിക്കളിക്കുന്ന കുട്ടിയെ ചൂണ്ടിക്കാണിച്ചു അമ്മയോട് ചോദിക്കുന്നു. അമ്മ, ''അല്ല, പൊന്നന്റെ (എന്റെ).''  അച്ഛൻ പെട്ടെന്ന് എന്തോ ഓർത്തപോലെ - അതെ, അതെ.  എന്നും പറഞ്ഞു ഒരു ചമ്മിയ ചിരിയും പാസ്സാക്കി. 

ഒരു പെങ്ങളുടെ കുട്ടി അല്ലെ എന്നായിരുന്നു മനസ്സിൽ!  പെങ്ങന്മാര്ക്കും അവരുടെ മക്കള്ക്കുമൊക്കെ ഹൃദയത്തിൽ എന്നും സ്ഥാനം.  അത് സ്വന്തം മകന്റെകൂടി കുട്ടി ആണ് എന്ന് പെട്ടെന്ന് മറന്നപോലെ!  (എന്റെ ഭാര്യ അച്ഛന്റെ ഒരു പെങ്ങളുടെ മകൾ ആണ്.) 

സ്നേഹനിധി എന്ന് നാം പറയാറില്ലേ?  ആ സ്നേഹനിധി എന്ന വാക്ക് എന്റെ അച്ഛനെ പോലെയുള്ളവരെ ഉദ്ദേശിച്ചാണ്.  ആ ''നിധി'' കൈമോശം വന്നിട്ട് വർഷങ്ങൾ എത്രയോ ആയി.  (എന്റെ കണ്ണുകൾ ഈറനണിയാനുള്ള പുറപ്പാടായി; ഞാൻ നിർത്തട്ടെ.)  ആ ''നിധി'' ഇന്നും എന്നെയും (ഒരുപക്ഷെ മറ്റു വേണ്ടപ്പെട്ടവരെയും) ഊണിലും ഉറക്കത്തിലും വരെ വന്നു സന്ദര്ശിക്കുന്നു!  

7 അഭിപ്രായങ്ങൾ:

.