2014, നവംബർ 29, ശനിയാഴ്‌ച

മനുഷ്യമനസ്സും ദൈവവും



Blog No: 314 -
മനുഷ്യമനസ്സും ദൈവവും

(Gadyakavitha)


ദൈവമെവിടെ?

അല്ലെങ്കിൽ മനുഷ്യശക്തിക്ക് അതീതമായ ആ ശക്തിയെവിടെ?

പ്രപഞ്ചത്തിൽ, പ്രകൃതിയിൽ ആകമാനം നിറഞ്ഞുനില്ക്കുന്നു.

അപ്പോൾ?

നമ്മുടെ മനസ്സിലും മസ്തിഷ്കത്തിലും എല്ലാം.... എല്ലാം.....

ചിലപ്പോൾ നാം അഥവാ നമ്മുടെ  മനസ്സ്, മനസ്സിൽത്തന്നെ കുടികൊള്ളുന്ന ദൈവത്തെ  അനുസരിക്കുന്നു.

ചിലപ്പോൾ ഇല്ല - അല്ലെങ്കിൽ  പല കാരണങ്ങളാൽ സാധിക്കുന്നില്ല.  അതാണ്‌  സത്യം.

ഫലം?

അനുഭവിക്കാതെ നിവർത്തിയില്ല – ദൈവേശ്ച / പ്രപഞ്ച - പ്രകൃതി നിയമം!

വിശ്വാസം വരാത്തവർക്ക് ഒരു തീരാദു:ഖം വരുമ്പോൾ, എന്നെങ്കിലും, കണ്ണുകൾ എന്നെന്നേക്കുമായി അടയുന്നതിനു മുമ്പായെങ്കിലും വിശ്വാസം വന്നോളും.

2014, നവംബർ 28, വെള്ളിയാഴ്‌ച

കുഞ്ഞുകവിതകൾ - 72



Blog Post No: 313

കുഞ്ഞുകവിതകൾ - 72



വാടി

വാടിയിലെ പുഷ്പം വാടിയതിനാൽ
വാടിയ പുഷ്പം ചൂടിനോക്കിയപ്പോൾ
പുഷ്പയുടെ മുഖം വാടിപ്പോയി;
പുഷ്പവും പുഷ്പയും ''തൊട്ടാവാടി''കൾ.



മനസ്സാന്നിദ്ധ്യം

മനസ്സാന്നിദ്ധ്യം കുറവുള്ളോർ
മനസ്സാന്നിദ്ധ്യത്തിനായ് ശീലിക്കണം;
മനസ്സാന്നിദ്ധ്യമുണ്ടെങ്കിലേ
''മലപോലെ വന്നത് എലിപോലെ'' പോകൂ!



രോഗിയും ചികിത്സയും

വേറിട്ടുനിൽക്കുന്നു ഒരാൾ വേറൊരാളിൽനിന്നും
ശാരീരികവും മാനസികവുമായിത്തന്നെ;
ശരീരോഷ്മാവും രക്തസമ്മർദ്ധവു-
മെല്ലാമൊരാൾക്കയാളുടേതു മാത്രമാം.
രോഗപ്രതിരോധശക്തിയോ പല വ്യക്തികളി-
ലുറപ്പായും വേറിട്ടുനിൽക്കുമ്പോ,ളങ്ങനെയല്ലാതെ-
‘’യൊരേ  ചികിത്സയൊരുപോലെ’’ കൊടുത്താ-
ലതു രോഗിയോടു കാട്ടുന്ന ക്രൂരത മാത്രമത്രേ!  

2014, നവംബർ 26, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 71




Blog Post No: 312

കുഞ്ഞുകവിതകൾ - 71




നന്മയുള്ളവരും അല്ലാത്തവരും

ദൈവവും പിശാചും കണ്ടുമുട്ടി,
ദൈവം പിശാചിനെക്കണ്ടു  ചിരിച്ചു;
പിശാച് തിരിച്ചു ചിരിച്ചില്ല!
തന്റെ ശിങ്കിടിയോട് പറഞ്ഞു,
''പാവം ചമ്മിപ്പോയത് കണ്ടോ?'' 
ദൈവത്തിനും പ്രതിനിധിക്കും 
ആ പറഞ്ഞത്  മനസ്സിലായി;
പ്രതിനിധി മനസ്സിൽ പറഞ്ഞു,
''പിശാചേ, അതാണ്‌ നീയും
ദൈവവും തമ്മിലുള്ള വ്യത്യാസം
ദൈവം നിന്റെ എല്ലാ  
തിന്മകളും സഹിക്കുന്നു
നീയോ ദൈവത്തിന്റെ
നന്മകൾ സഹിക്കുന്നില്ല.''

മേമ്പൊടി:  ദൈവവും പിശാചും മനുഷ്യമനസ്സിൽത്തന്നെയാണ് കുടികൊള്ളുന്നത് - ജാതി-മത ഭേദമെന്യേ! അതിൽ ഒരു സംശയവും വേണ്ട.   നന്മ ചിന്തിക്കുന്നവർ, പ്രവർത്തിക്കുന്നവർ നല്ലവർ - ദൈവത്തിന്റെ അടുത്ത ആൾക്കാർ.  അല്ലാത്തവർ മറിച്ചും.  ഒരു സ്വയവിചിന്തനം നന്നായിരിക്കും.

2014, നവംബർ 25, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 70



Blog Post No: 311

കുഞ്ഞുകവിതകൾ - 70

 


പ്രകൃതിയും മനുഷ്യനും



പ്രകൃതി മനുഷ്യനെ മനുഷ്യനാക്കുമ്പോൾ
മനുഷ്യൻ പ്രകൃതിയെ പ്രാകൃതമാക്കുന്നു;
പ്രകൃതിയെ അനുസരിക്കാൻ തയ്യാറല്ലാത്ത
മനുഷ്യന്റെ പ്രകൃതം പ്രാകൃതമാകുന്നു! 



നൊമ്പരം

നൊമ്പരമെന്ന വാക്കുതന്നെ വെറുതേ
നൊമ്പരമുണ്ടാക്കുന്നു ചിന്തിക്കുമ്പോൾ;
നൊമ്പരമുണ്ടായാലതു വിധി,യെന്നാൽ
നൊമ്പരമുണ്ടാക്കിയാലോ, അത് ചതി.



വിശ്വാസം

വിശ്വാസം നേടുന്നതൊരാശ്വാസം
വില്ലത്തരം തോന്നിയാലത്‌
വിശ്വാസം തെറ്റിക്കുമെന്നു സത്യം
വില്ലത്തരം  വേണ്ട, വിശ്വാസം മതി.  

2014, നവംബർ 23, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 69



Blog Post No: 310

കുഞ്ഞുകവിതകൾ - 69



പൂജ്യം

നന്മകളേറെയുണ്ടെന്നിരിക്കിലും
കോപ, മഹംഭാവമിത്യാദിയുണ്ടെങ്കിലോ
മറ്റുള്ളവർക്കതൊരു ശല്യമെന്നതുമാത്രമല്ല
താൻ പൂജ്യനല്ല, വ്യക്തിത്വം പൂജ്യമെന്നതുതന്നെ.

Haiku

മലമുകളിൽ ദൈവം
കയറുന്ന ഭക്തജനങ്ങൾക്ക്‌
ഇറങ്ങുമ്പോൾ സംതൃപ്തി  

***

രൂപങ്ങൾ നീങ്ങുന്നില്ല
നിഴലുകൾ നീങ്ങിക്കൊണ്ടിരിക്കുന്നു
സൂര്യനെ അനുസരിച്ചുകൊണ്ട്

കുഞ്ഞുകവിതകൾ - 68


Blog Post No: 309

കുഞ്ഞുകവിതകൾ - 68



ഇഷ്ടം

ആൽമരമെനിക്കിഷ്ട-
മാൽത്തറയെനിക്കിഷ്ട-
മവിടത്തെ കാറ്റിനെയെനിക്കിഷ്ട-
മാലിലക്കണ്ണനാദ്യത്തെ ഇഷ്ടം.



വികടസരസ്വതി

ചിലരെന്നുമനുഗ്രഹീതർ
സരസ്വതീകടാക്ഷത്താൽ;
ചിലർക്കെന്നും വിളങ്ങുന്നു
നാവിൽ ''വികടസരസ്വതി''.




ചെമ്പരത്തി

വേലിയിൽ ഭംഗിയുള്ളൊരു ചെമ്പരത്തി
വെറുതേ  അതിനെ നോക്കി നിന്നു

ചെമ്പരത്തിക്കവിതകളും
ചെമ്പരത്തിഗാനങ്ങളുമോർത്തു

പുറകിൽനിന്ന് ചിരിച്ചുകൊണ്ടൊരു ചോദ്യം -
പറിച്ചു ചെവിയിൽ വെക്കുന്നോ?

കവിയും കാമുകനും ഭ്രാന്തുണ്ടത്രേ
കാമുകനല്ല ഞാൻ

കവിയാണോ? ആണെങ്കിലുമല്ലെങ്കിലും 
കവിമനമാണോ ഇത് കേൾപ്പിച്ചത്?

ചോദ്യകർത്താവിനാണോ ഭ്രാന്ത്
ചെമ്പരത്തി വരുത്തിവെച്ചൊരു കാര്യം!

2014, നവംബർ 20, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 67




 Blog Post No: 308

കുഞ്ഞുകവിതകൾ - 67




പട്ടണ ഭംഗി



മൈസൂർ ചാമുണ്ടിഹിൽസ്
ഇറങ്ങുമ്പോൾ താഴെ 
മൈസൂരിന്റെ ഭംഗി
സൗദി, റിയാദിലെ
കിംഗ്‌ഡം ടവറിന്റെ
സ്കൈബ്രിഡ്ജിൽ
നിന്നുള്ള കാഴ്ചപോലെ
മനോഹരം!



അവരുടെ കണ്ണുകൾ
.
അയാൾ കണ്ണുരുട്ടിക്കാണിച്ചപ്പോൾ ഭയം,
അയാൾ കണ്ണുകാണാത്തവനെന്നറിഞ്ഞപ്പോൾ സഹതാപം;
അവളുടെ കണ്ണുകൾ ചിത്രത്തിൽ കാണുമ്പോൾ മനോഹരം,
അവൾ  കണ്ണുകാട്ടി വിളിച്ചപ്പോൾ സംഭ്രമം!
  


ഭക്തി!?

തൊഴുകയ്യോടെ പ്രാർത്ഥിക്കുന്നു ചിലർ
തോന്നുന്നതോ ഭക്തിയല്ലാത്തതും,
തൊഴിയ്ക്കണം ചിലരെയെന്നുള്ള
തോന്നലാണീ ''ഭക്തശിരോമണികൾ''ക്ക്!    

2014, നവംബർ 19, ബുധനാഴ്‌ച

ഒന്നു കൊന്നുതരാമോ?


Blog post no: 307 -


ഒന്നു കൊന്നുതരാമോ?

(ഓട്ടന്തുള്ളൽ)


സമയപരിധി : 3 നിമിഷം

അവതരണം :  ഡോ.  പി.  മാലങ്കോട്


പിൻപാട്ട് :

ബിനു വാസുദേവൻ
സത്താർ അൽ-മവാഹിബ്

***


ഭക്ഷണപ്രിയനാം കഥാനായകന്ന്

പിൻപാട്ട് :
ഭക്ഷണപ്രിയനാം കഥാനായകന്ന്


കേൾക്കണേ, പ്രമേഹം വന്നു, പിന്നെ

പിൻപാട്ട് :
ഭക്ഷണപ്രിയനാം കഥാനായകന്ന്
കേൾക്കണേ, പ്രമേഹം വന്നു, പിന്നെ


രക്ത സമ്മർദ്ധവും വന്നു;

പിൻപാട്ട് :
രക്തസമ്മർദ്ധവും വന്നു;


മധുരം വേണ്ടാ, ഉപ്പും വേണ്ടായെന്ന്

പിൻപാട്ട് :
മധുരം വേണ്ടാ, ഉപ്പും വേണ്ടായെന്ന്


വൈദ്യശിരോമണി കൽപ്പിച്ച നേരത്ത്

പിൻപാട്ട് :
കൽപ്പിച്ച നേരത്ത്


പായസപ്രിയനാം,
ഉപ്പിലിട്ടതിഷ്ടംപോൽ തട്ടുന്നയാളാം

പിൻപാട്ട് :
പായസപ്രിയനാം,
ഉപ്പിലിട്ടതിഷ്ടംപോൽ തട്ടുന്നയാളാം

നമ്മുടെ നായകൻ കരഞ്ഞൂപറയുന്നൂ

പിൻപാട്ട് :
നമ്മുടെ നായകൻ കരഞ്ഞൂപറയുന്നൂ


''ഹെന്നെയൊന്നു കൊന്നുതരാമോ വൈദ്യരേ''
(കരയുന്നു)

പിൻപാട്ട് :
നമ്മുടെ നായകൻ കരഞ്ഞൂപറയുന്നൂ
''ഹെന്നെയൊന്നു കൊന്നുതരാമോ വൈദ്യരേ''