2014 ഓഗസ്റ്റ് 30, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 47



കുഞ്ഞുകവിതകൾ - 47


Blog Post No: 277


ഹൈക്കു (ഒരു കൊച്ചു ഹാസ്യകവിത)

ഹൈക്കു കവിത വേണമത്രേ
ഹൈ ആകാൻ ഒന്ന് മിനുങ്ങി
ഹൈ ക്വാളിറ്റി ഹൈക്കു തയ്യാർ
ഹൈ ആയാൽ പലരുമിങ്ങനെ!


നിഷ്ക്കളങ്കം

പൈതങ്ങൾ ചിരിക്കുമ്പോ-
ളവരെ നോക്കി നാം ചിരിക്കുന്നു;
ചിരികൾ പലവിധ,മാന്തരാർത്ഥം പലവിധ-
മെങ്കിലു, മീ ചിരി രണ്ടുമിവിടെ നിഷ്ക്കളങ്കം.  

ചുംബന സായൂജ്യം

അവളുടെ കവിളിൽ മാതാവിന്റെ ചുംബനം
അവളുടെ ശിരസ്സിൽ പിതാവിന്റെ ചുംബനം
അധരോഷ്ഠങ്ങളിൽ മണിയറയിലെ ചുംബനം
അവൾക്കിന്നു ചുംബന സായൂജ്യം, സായൂജ്യം 


ചെണ്ടുമല്ലിപ്പൂക്കൾ


ഹായ് , കൊണ്ടച്ചെണ്ടുമല്ലി! കാണാനെന്തൊരു ചന്തം!
പന്തുപോലെ മേൽപ്പോട്ടെറിഞ്ഞു തട്ടിക്കളിക്കാം
ഒന്ന്രണ്ടുമൂന്ന് .. തുടങ്ങിയൊരുപാട് തട്ടൽ!
ഞാനോർക്കുന്നുയീ ചെണ്ടുമല്ലിപ്പൂക്കൾ
ഓണത്തിനുമായില്യമകത്തിനുമുപകരിക്കും
മറ്റനേകമാവശ്യങ്ങൾക്കും ചെണ്ടുമല്ലി വേണം
ചെണ്ടുമല്ലിയൊരു ശക്തിയാമൊരു രോഗാണുനാശക-
മാണെന്ന് ചൊന്നാൽ അതിശയോക്തിയൊട്ടുമില്ലതന്നെ
കാലെണ്ടുല മൂലകഷായം വേറിട്ട  ഹോമിയൌഷധം!


കടുക്


കടുക് ചിന്നിച്ചിതറി
കയ്യബദ്ധം പറ്റിപ്പോയ്
കലഹം ഉണ്ടാകുമെന്ന്
കാര്യസ്ഥൻ!


ഇഷ്ടവും വെറുപ്പും

ഇഷ്ടമെന്നതമൃതകുംഭം
വെറുപ്പെന്നതോ വിഷകുംഭവും
ഇഷ്ടമുള്ളയാൾ വെറുക്കുമ്പോൾ
അമൃതം വിഷമായ് മാറും 


വിവാഹസമ്മാനം

മയൂരജോടികളാം മനോഹരശിൽപ്പം
വിവാഹസമ്മാനമായ് ലഭിച്ചു
എന്തോരർത്ഥവത്തീ സമ്മാനം
ജീവിതം നടനമനോഹരമാക്കുവാൻ! 

2014 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 46



കുഞ്ഞുകവിതകൾ - 46


Blog Post No: 276


Haiku

കടലിൽ താഴുന്നു സൂര്യൻ
മാനത്ത് തെളിഞ്ഞ ചന്ദ്രനെ
ഭൂമിയുടെ ചുമതല ഏൽപ്പിച്ചിട്ട് 

കുയിലിന്റെ പാട്ട്
കിളികളുടെ കോറസ്സ്
കാറ്റിന്റെ ചൂളംവിളി

പെരുമഴ തകർത്ത് പെയുന്നു
കുറ്റാ കൂരിരുട്ട്‌
ഇടിമിന്നൽ വഴികാട്ടി  

ഉലാത്തൽ പൂന്തോട്ടത്തിൽ
പൂക്കളുടെ സുഗന്ധം
ഇന്ദ്രിയങ്ങൾ ഉണരുന്നു  

പുഴയിൽ വീഴുന്നു മഴ
പാട്ടിന്റെ താളത്തോടെ ലയത്തോടെ
പുഴ പുളകിതഗാത്രയായി

മലകളിൽ മരങ്ങൾ
മരങ്ങളിൽ മരുന്നുകൾ
മരുന്നുകൾ മനുഷ്യർക്ക്‌

2014 ഓഗസ്റ്റ് 26, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 45



കുഞ്ഞുകവിതകൾ - 45


Blog Post No: 275


ദേവിയും പ്രിയതമയും

ആലിലകളിളകിയാടുന്നു
ദേവീക്ഷേത്രനടയിൽ
ഇളക്കത്താലിയുമതുപോലെ
പ്രിയതമയുടെ കഴുത്തിൽ  
+++


കിങ്ങിണിമോളും പൂമ്പാറ്റയും

കൊച്ചുകിങ്ങിണിതന്നുടുപ്പിൽ പൂമ്പാറ്റച്ചിത്രങ്ങൾ
കുസൃതിയവൾ ക്ഷണിച്ചു പറക്കുന്നൊരു പൂമ്പാറ്റയെ
പൂമ്പാറ്റ വന്നില്ല, ഉടുപ്പിലെ പൂമ്പാറ്റകളെയപ്പോൾ
പറന്നുപോവാനായുടുപ്പിൽ തട്ടുന്നു ആ നിഷ്ക്കളങ്ക! 
+++


കൂട്ടക്കരച്ചിൽ

കൂട്ടിലെ കിളി കരയുന്നു
കെട്ടിയിട്ട കാലി കരയുന്നു
കുടിക്കാനമ്മിഞ്ഞക്കായ് കുട്ടി
കിടപ്പിലായ കാരണവരും
+++


മാനവും മനവും

മാനം രക്ഷിക്കപ്പെടേണം പാവമാമവരുടെ
മനം സന്തോഷിക്കുമത്തരം സത്കർമ്മങ്ങളിൽ;
മാനമെന്നത് രക്ഷിക്കണം, രക്ഷിക്കപ്പെടേണം
മനത്തിനപമാനം സഹിക്കി,ല്ലൊരാളു,മൊരിക്കലും. 
+++

കുട്ടിവാനരനും കുട്ടിനരനും


മരച്ചില്ലയിലൊരു
കുട്ടിവാനരൻ
മരത്തണലിലൊരു
കുട്ടിനരൻ
കുട്ടിവാനരനും
കുട്ടിനരനും 
ചെയ്യുന്നതൊന്നുതന്നെ
കുട്ടിനരൻ
പഴംതിന്ന്
തൊലി
മേൽപ്പോട്ടെറിയുന്നു
കുട്ടിവാനരൻ
പഴംതിതിന്ന്
തൊലി
കീഴ്പ്പോട്ടെറിയുന്നു!

2014 ഓഗസ്റ്റ് 24, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 44



കുഞ്ഞുകവിതകൾ - 44


Blog Post No: 274


വവ്വാലുകൾ

പക്ഷികളവയുടെ യോഗത്തിൽ ചേർത്തില്ല വവ്വാലിനെ
മൃഗങ്ങളുടേതുപോലത്തെ വായയവക്കുണ്ടുപോൽ!
മൃഗങ്ങളുമവയുടെ യോഗത്തിൽ ചേർത്തില്ല വവ്വാലിനെ
പക്ഷികളെപ്പോലെയവ പറക്കുന്നത് കാരണം.
പക്ഷിമൃഗാദികളാദ്യമായൊരു സംയുക്ത യോഗം കൂടി
വവ്വാലുകളവിടെക്കേറിയവയുടെ സ്ഥാനമുറപ്പിച്ചു.  


മലക്കം മറിച്ചിൽ

മലക്കം മറിച്ചിലെന്നൊരു വാക്ക് കേട്ടു ഞാൻ
മലയാളികളാരൊക്കെയോ സംസാരിക്കുന്ന വേളയിൽ
മലക്കം മറിച്ചിലിൽ ബിരുദമെടുത്തവരാണവർ
മലക്കം മറിച്ചിൽ ചിലരുടെ കൂടെപ്പിറപ്പും  


കണ്ണ്   

കണ്ണിൽ നോക്കിയ കള്ളപ്പൂവാലനവളെ
കണ്ണിൽത്തന്നെ നോക്കി കരളേയെന്നു വിളിച്ചു
കണ്ണിൽനിന്നു കണ്ണെടുക്കാതായപ്പോൾ
കണ്ണിന്റെയുടമ കയ്യോങ്ങിയൊന്നു കൊടുത്തു!


പശുക്കിടാവ്‌

പശുക്കിടാവ്‌  തള്ളപ്പശുവിന്റെ  പാൽ കുടിക്കുന്നു
വീട്ടമ്മ കുട്ടിയെ മാറ്റുന്നു പാൽ കറന്നെടുക്കാൻ
കറന്ന പാൽ കാച്ചി കൊച്ചുമോന് കൊടുക്കണം
തൈരും മോരുമുണ്ടാക്കണമൂണിന്നെടുക്കാൻ
വെണ്ണയും തൈരുമൊക്കെ കരുതിവെക്കണം
പോ കിടാവേ, നിനക്കിതു വല്ലതുമറിയണോ?


സുഗന്ധവിരോധി

തരുണീമണിയവൾ കടന്നുവന്നപ്പോൾ
മുല്ലപ്പൂമണമുതിരുന്നൂ തലയിൽനിന്നും
പനിനീർമണമാണ്  ദേഹത്തുനിന്നും
ചന്ദനമണമാടകളിൽനിന്നുതിർന്നൂ
സുഗന്ധവിരോധിയാമൊരു പൂരുഷനുണ്ടവിടെ
മഹിളാമണി വന്നതുമാ പാവത്തിൻ ബോധംമറഞ്ഞുപോയ്‌!

2014 ഓഗസ്റ്റ് 23, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 43



കുഞ്ഞുകവിതകൾ - 43


Blog Post No: 273


സന്തോഷം 

എരിവെയിലിൽ തണൽ തേടി
പെരുമഴയിൽ അഭയം തേടി
ഇരുളിൽ വെളിച്ചം തേടി
വെളിച്ചത്തിൽ ഇരുൾ തേടി
ദു:ഖത്തിൽ സന്തോഷം തേടി
എന്നാൽ സന്തോഷത്തിൽ
സന്തോഷം മാത്രം തേടുന്നു
മന്നിതിൽ പിറന്ന നാം 



അമ്മയും ഞാനും
.
അമ്മ ചിരിച്ചാൽ
എനിക്ക് ചിരി വരും
അമ്മ കരഞ്ഞാൽ
എനിക്ക് കരച്ചിൽ വരും
അമ്മയും ഞാനും
കമ്പിയില്ലാ കമ്പി!  

+++


മൗനം

മൌനം വിദ്വാനു ഭൂഷണ-
മെന്നൊരു പഴഞ്ചൊല്ല് കേൾക്കുന്നു നാം,
പഴഞ്ചൊല്ലിൽ പതിരില്ലെന്നും!
മൗനമെന്നും ഭൂഷണമെന്ന്
ആരും പറയുമെന്ന് കരുതേണ്ടതില്ല.
മൗനം വിഡ്ഡിത്തമാകുന്ന,
മൗനം  ദുസ്സഹമാകുന്ന,
മൗനം അപകടകരമാകുന്ന
എത്രയോ അവസരങ്ങൾ ചിലർക്ക്
അനുഭവമുണ്ടാമീ മനുഷ്യജീവിതത്തിൽ.