2014, ജനുവരി 8, ബുധനാഴ്‌ച

മന്ദബുദ്ധികൾ!?


Blog No: 147 - 
മന്ദബുദ്ധികൾ!?

(ലേഖനം)

ഈയിടെ ഫേസ്ബുക്കിൽ ഒരു സുഹൃത്ത്‌, രസകരമായ ഒരു സന്ദേശം ഇട്ടിരുന്നു.  ആ സുഹൃത്തിനെ എനിക്ക് പരിചയമില്ല. അൽപ്പം ധൃതിയിൽ ആയിരുന്നതുകൊണ്ട് അതിന് കമെന്റ് ഇടാൻ പറ്റിയില്ല.  പിന്നീട് നോക്കിയപ്പോൾ കണ്ടില്ല.  നീക്കം ചെയ്തതോ അതോ വീണ്ടും അൽപ്പം തിരക്കിലായ എനിക്ക് കാണാൻ പറ്റാതെയോ എന്ന് അറിയില്ല.  ഏതായാലും എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ ഇവിടെ എഴുതാം എന്ന് തോന്നി.

സന്ദേശം ഇങ്ങിനെയായിരുന്നു:  മുമ്പ് ഡോക്ടർമാർ, വക്കീലന്മാർ, എഞ്ചിനീയര്മാർ - ഇവരെയൊക്കെ ബുദ്ധിജീവികൾ ആയി കണ്ടിരുന്നു.  എന്നാൽ, ഫേസ് ബുക്കിനു നാമോവാകം - ഇവരിലും മന്ദബുദ്ധികൾ ഉണ്ടെന്നു മനസ്സിലാകുന്നു!

ആർക്കും വായിച്ചാൽ ചിരി വരുന്ന സന്ദേശം തന്നെ.  ഞാനും ചിരിച്ചു.  ചിലർ ചിരിക്കുന്നതോടൊപ്പം തല കുലുക്കി എന്നുമിരിക്കും.  എന്നാൽ..... അൽപ്പം ചിന്തിക്കുന്നവർക്ക് അതിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കാവുന്നതേയുള്ളൂ എന്നു തോന്നുന്നു.

ഇന്ന് വിദ്യാഭ്യാസത്തിന്റെ നിലവാരം പഴയതുപോലെ അല്ല.  അത് ഈ പറഞ്ഞ പ്രോഫെഷനിൽ ഉള്ളവരെ അടക്കം  ബാധിക്കുന്നു എന്നത് സത്യം. (മലയാളിയായ ഒരു സാഹിത്യപ്രേമി - പോസ്റ്റ്‌ ഗ്രാജുയേറ്റു (!) ഇംഗ്ലീഷിൽ ഒരു വരി തെറ്റാതെ എഴുതാൻ വിഷമിക്കുന്നതിന് ഞാൻ ദൃക് സാക്ഷിയായി.  ഇംഗ്ലീഷിൽ പരിജ്ഞാനമുള്ള അറബി ബോസ്സ് എന്ത് വിചാരിച്ചിരിക്കും? എനിക്ക് എന്നോട്തന്നെ ലജ്ജ തോന്നി.)
മലയാളികൾ വിദ്യാസമ്പന്നർ ആണ് എന്നാണ് വെപ്പ്.  പക്ഷെ, നേടിയ വിദ്യ ബുദ്ധിപരമായി ഉപയോഗിക്കുമ്പോഴേ  അതിനു ഒരു അർത്ഥം വരുന്നുള്ളൂ. 

ഒരു പ്രസ്തുത ജോലി ചെയ്യുന്നവർ, അല്ലെങ്കിൽ അതിനു അടിസ്ഥാനമായ വിദ്യ നേടിയവർ അതിൽ ശ്രദ്ധിക്കുമ്പോൾ, മറ്റു പല കാര്യങ്ങളും, പല കാരണങ്ങൾ കൊണ്ടും ശ്രദ്ധയിൽ പെടാതെ പോകുന്നു.  അവരെ വിവരമില്ലാത്തവർ എന്നു വിളിച്ചാൽ എങ്ങിനെയിരിക്കും?

ഒരു പ്രശസ്തനായ കവിയുടെ വീട്ടിൽ വൈദ്യുതി ബന്ധം പോയി.  അയൽക്കാരനായ എലെക്ട്രീഷ്യനെ വിളിച്ചു.  അയാൾക്ക്‌ കാര്യം മനസ്സിലായി. കൂടെ ഉണ്ടായിരുന്ന രണ്ടു സഹപ്രവർത്തകരോട് മിണ്ടരുത് എന്നു ആംഗ്യം കാണിച്ചു.  ഫ്യൂസ് പോയതാണെങ്കിലും, അത് പറയാതെ ഏകദേശം ഒരു അര മുക്കാൽ മണിക്കൂർ അവർ ''ജോലി'' ചെയ്തു.  ചായ, ചോറ്, നല്ലൊരു തുക - ഇതൊക്കെ കവിയിൽ നിന്ന് ഈടാക്കിയ ശേഷം രംഗം കാലിയാക്കി!  കവി മണ്ടൻ/മന്ദബുദ്ധി  അല്ലെ?

മുമ്പ്, എഞ്ചിനീയരുടെ മക്കൾ എഞ്ചിനീയര്മാർ, ഡോക്റ്ററുടെ മക്കൾ ഡോക്റ്റർമാർ.  എന്നാൽ, ഇന്ന് അതല്ല സ്ഥിതി.  ചെറിയ ജോലിയിൽ ഏർപ്പെടുന്നവർപോലും മക്കളെ പഠിപ്പിച്ചു നല്ല നിലയിലാക്കുന്നു.  സ്വാഭാവികമായും ഇവിടെ ഒരു ''ഗ്യാപ്പ്'' അനുഭവപ്പെടുന്നില്ല.  അവരൊക്കെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതോടൊപ്പം നാനാ തുറകളിൽ ഉള്ള സുഹൃത്തുക്കളെ നേടാനും, അവരുമായി സംവദിക്കാനും സമയം കണ്ടെത്തുന്നു. ഇടയ്ക്കു, മുകളിൽ പറഞ്ഞ കവിക്ക്‌ പറ്റിയപോലെ പറ്റും. 

പശ്ചാത്തലത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട്.  വിസ്തരഭയത്താൽ അതിനു മുതിരുന്നില്ല.  ഞാൻ ഒരു ബുദ്ധിജീവിയല്ല. സാധാരണക്കാരിൽ സാധാരണക്കാരൻ.  എന്നിരിക്കിലും, മുകളിൽ പറഞ്ഞ സന്ദേശം കണ്ടപ്പോൾ ഇത്രയെങ്കിലും കുറിക്കണമെന്ന് തോന്നി.


അഭ്യസ്തവിദ്യരായ മലയാളികൾ, മറ്റുള്ളവരെ കളിയാക്കുന്നതിൽ, ഈഗോ കോംപ്ലെക്സ് കൊണ്ട് നടക്കുന്നതിൽ ശ്രദ്ധിച്ചു കാണുന്നു.  ഞാനും മലയാളി തന്നെ.  എന്നാൽ, നാല് പതിറ്റാണ്ടുകൾക്ക് മേലെയായി അന്യനാട്ടിൽ ജീവിക്കുന്ന എനിക്ക് മറ്റുള്ളവരെയും പരിചയം ഉണ്ട് എന്നതിനാൽ ഇതൊന്നു എടുത്തെഴുതണം എന്നു തോന്നി.

18 അഭിപ്രായങ്ങൾ:

  1. ഡോക്ടർ എഴുതിയത് ശരിയാണ്. വിദ്യാഭ്യാസനിലവാരം താഴോട്ടുതന്നെയാണ്. പഴയ പത്താംക്ലാസ്സുകാരന്ന് ഉള്ള അറിവ് ഇന്ന് ബിരുദാനന്തര ബിരദം നേടുന്നവർക്ക്പോലുമില്ല.

    മറുപടിഇല്ലാതാക്കൂ
  2. ഒന്നിനും പൂര്‍ണമായി ശ്രദ്ധയര്‍പ്പിക്കാന്‍ സാധിക്കാത്തവരായിരിക്കുന്നു നമ്മള്‍. പിന്നെങ്ങനെ ശരിയാകും? എല്ലാം കുറച്ചുണ്ട്.. ഒന്നും മുഴുവനില്ല.. എന്നാല്‍ സകലതും അറിയാമെന്ന് വിചാരിക്കുകയും ചെയ്യും..അങ്ങനെയാണ് നമ്മള്‍ പലപ്പോഴും പലയിടത്തും പരിഹാസപാത്രങ്ങളാകുന്നത്.

    മറുപടിഇല്ലാതാക്കൂ

  3. ഭാഷയുമായി ഇടപഴകേണ്ട കാര്യങ്ങളിലാണ്‌ കൂടുതൽ ബുദ്ധിമാന്ദ്യം കാണുന്നത്‌.. ‘സ്പെല്ലിങ്ങ്’ എന്നതിനു യാതൊരു പ്രാധാന്യവും ഇന്നത്തെ തലമുറ നല്കുന്നില്ല. അത്‌ ശ്രേഷ്ഠ്ഭാഷയിലായാലും ആംഗ്ലേയത്തിലായാലും. എല്ലാം എസ്.എം.എസ് രൂപത്തിലായി മാറി. അറിവിന്റെ കാര്യം പിന്നെ പറയാനുണ്ടോ ?

    മറുപടിഇല്ലാതാക്കൂ
  4. ഡോക്ടർ വിദ്യാഭ്യാസ നിലവാരം വളരെ വളരെ താഴ്ന്നിരിക്കുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് എന്ന നിലയിൽ വിദ്യാഭ്യാസം താഴ്ന്നു ജീവിക്കാൻ വേണ്ട അറിവ് അല്ല വെറും തൊഴിലിനു വിദ്യാഭ്യാസം എന്ന നില വന്നു. ആഴം നഷ്ടപ്പെട്ടു പരപ്പ് കൂടി അത്ര മാത്രം. മലയാളി സമൂഹത്തിൽ നില നില്ക്കുന്ന അപകര്ഷത ബോധം ആണ് ഇംഗ്ലീഷ് അതിൽ തന്നെ രണ്ടു തരത്തിൽ ഉണ്ട് എല്ലാം അറിയാമെങ്കിൽ മാത്രമേ അത് ഉപയോഗിക്കാവൂ എന്നുള്ള ചിലരുടെ നിര്ബന്ധം ചെറിയ തെറ്റിന് വലിയ പരിഹാസം കൊടുക്കുന്ന ശീലം രണ്ടും മാറണം നന്നായി ഈ ചെറിയ ലേഖനത്തിന്റെ വല്യ പാഠം

    മറുപടിഇല്ലാതാക്കൂ
  5. ഒരു വിരൽ ചൂണ്ടുമ്പോൾ മൂന്നുവിരലുകളെക്കാണാതെ മലയാളികൾ..!!! ഡോക്ടറുടെ ഫേസ്ബുക്ക് സുഹൃത്ത് ആ മൂന്നു വിരലുകളെക്കണ്ട് കാണില്ല. :)

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  6. പണ്ടത്തെ പത്താം ക്ലാസുകാരനും നമ്മളുടെ കാലത്തെ പത്താം ക്ലാസുകാരനും ഇന്നത്തെ പത്താം ക്ലാസുകാരനും... ഗ്രാഫ് താഴേക്കു തന്നെ.
    പക്ഷെ ഇന്നത്തെ നല്ല സ്കൂളുകളിൽ പഠിക്കുന്നവരെ ഇതിൽ കൂട്ടരുത് കേട്ടോ ഡോക്ടറെ.

    മറുപടിഇല്ലാതാക്കൂ
  7. നല്ലൊരു വിലയിരുത്തലായി ഡോക്ടര്‍.
    വായനാശീലം അറിവ് വളര്‍ത്തുന്നു!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.