Blog post No: 161 -
പുതുമടിശ്ശീലക്കാർ
(ചെറുകഥ)
''താൻ വരുന്നില്ലേ?''
''ഇല്ല, ഗോപേട്ടൻ പോയിട്ട് വന്നോളൂ. എനിക്കിവിടെ കുറച്ചുകൂടി ജോലിയുണ്ട്'', ഊര്മ്മിള പറഞ്ഞു.
''ശരി.''
''ഇരുട്ടുന്നതിനു മുമ്പ്
വരണംട്ടോ.''
''ആയിക്കോട്ടെ. അമ്മയോട് പറ.''
പതുക്കെ നടക്കാം - ഗോപൻ വിചാരിച്ചു. നാട്ടിൽ വരുമ്പോൾ, പാടവരമ്പത്തുകൂടിയുള്ള സായാന്ഹസവാരിക്കെന്തൊരു
സുഖം. ഊര്മ്മി കൂടെ ഉണ്ടെങ്കിൽ അങ്ങനെ. ഇല്ലെങ്കിൽ
തന്റേതായ ലോകത്തിൽ ഇങ്ങനെ പ്രകൃതിഭംഗി ആസ്വദിച്ചു, മൂളിപ്പാട്ടും പാടിക്കൊണ്ടുള്ള നടത്തം - ദൂരെ
ദൂരെ ജോലിസ്ഥലത്ത് സ്ഥിരതാമസമാക്കിയ തനിക്കു എന്നും ഇതുപോലുള്ള അനുഭൂതി ആശ്വാസംതന്നെയാണ്.
മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ
അവിടെയൊക്കെ ഓടിക്കളിച്ച നാളുകളിലേക്ക് പായുന്നു..... മറക്കാനാവാത്ത ബാല്യം. പിന്നീട്
സ്കൂൾ ഫൈനൽ കഴിഞ്ഞ ശേഷം കൂട്ടുകാരുമൊത്ത് കണ്ട സിനിമകൾ.... അവയിലെ മറക്കാനാവാത്ത
രംഗങ്ങൾ.... സംഗീതപ്രിയനായതുകൊണ്ട് എന്നും
മനസ്സില് ഓടിയെത്തുന്ന ഗാനശകലങ്ങൾ... ഗോപൻ അവയിലൊന്ന് മൂളിക്കൊണ്ട് നടന്നു. ആരും കേള്ക്കാൻ ഇല്ല എന്ന് തോന്നിയപ്പോൾ അത് ഉറക്കെത്തന്നെയായി.
നടന്നു നടന്നു അടുത്ത ഗ്രാമത്തിലെത്തിയത്
അറിഞ്ഞില്ല. ഹൈ സ്കൂളിലേക്ക് ഇവിടെ വരണമായിരുന്നു.
ഏതായാലും കുറച്ചുകൂടി നടക്കുകതന്നെ. അല്പ്പം ദൂരെ, അതാ ഒരു കൊച്ചു ബംഗ്ലാവ് കാണുന്നു. അടുത്ത് എത്താറായപ്പോൾ, അരമതിലും ചാരി നില്ക്കുന്ന ആളെ
ശ്രദ്ധിച്ചു. അയാൾ തന്നെയും ശ്രദ്ധിക്കുന്നു എന്ന് തോന്നി.
ഓ, മനസ്സിലായി.
''ദേവനല്ലേ?''
''അതെ.........
ഗോപകുമാർ?''
ഗോപൻ ചിരിച്ചുകൊണ്ട് തലയാട്ടി. ദേവൻ അയാളെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. സ്വീകരണമുറിയിലിരുന്നു സംസാരിക്കുന്നതിനിടയിൽ അവിടേക്ക്
കടന്നു വന്ന ആളെ ദേവൻ ഗോപന് പരിചയപ്പെടുത്തി:
''എന്റെ
ഏട്ടൻ.'' പിന്നെ
എട്ടനോടായി പറഞ്ഞു, ''ഇത് ഗോപകുമാർ, കിഴക്കേ തറയിലെ. ലീവിൽ വന്നതാണ്.''
''ഏട്ടൻ'' മുഴുവൻ കേള്ക്കാൻ ഇടകൊടുക്കാതെ, ഒരു പുഞ്ചിരി പാസ്സാക്കി എന്ന് വരുത്തി അകത്തേക്ക്
വലിഞ്ഞു. ഒരല്പ്പനേരത്തിന് ശേഷം അകത്തുനിന്നു
ദേവനെ വിളിച്ചു. ഉള്ളിലേക്ക് പോയ ദേവനോട്, ശബ്ദം താഴ്ത്തി പറഞ്ഞതാണെങ്കിലും, ഗോപന് കേള്ക്കാമായിരുന്നു:
''വല്ല പിരിവിനോ, സഹായത്തിനോ
വന്നതാണെങ്കിൽ പെട്ടെന്ന് എന്തെങ്കിലും കൊടുത്തു പറഞ്ഞു വിടാൻ നോക്ക്. ആ പഞ്ചായത്ത് മെമ്പർ ഇപ്പോൾ വരും. നമ്മൾ നേരത്തെ സംസാരിച്ച ആ കാര്യം ഡിസ്ക്കസ് ചെയ്യാൻ.''
ഗോപന്റെ മുഖം വിളറി. ദൂരെ എവിടെയും പൊകാനില്ലാത്തതുകൊണ്ട്, പാടവരമ്പിലൂടെ ആയതുകൊണ്ട് (അതും രാത്രിയാകാറായി) വീട്ടില് ധരിച്ചിരുന്ന കൈലി മാറ്റാതെ, ഷർട്ട് മാറ്റാതെ വന്നത് ശരിയായില്ല. അതോ....
ചമ്മൽ പുറത്ത് കാണിക്കാതെ, ഗോപൻ പറഞ്ഞു:
സന്ധ്യയായത് അറിഞ്ഞില്ല. എന്റെ വൈഫ് കാത്തിരിക്കുന്നുണ്ടാകും. താങ്ക്സ്. സീ യു.
ദേവന് കൈ കൊടുത്തു പുറത്തേക്കു
ഇറങ്ങിയപ്പോൾ, ദേവന്
എന്തോ പറയാനുള്ളത്പോലെ തോന്നി. എങ്കിലും, കൈ ചെറുതായി വീശുകയാണ് ഉണ്ടായത്.
ഒന്നുകൂടി തിരിഞ്ഞുനോക്കിക്കൊണ്ട്
ഗോപൻ ധൃതിയിൽ നടന്നു. അയാളുടെ മനസ്സില് എന്തൊക്കെയോ
വികാരവിചാരങ്ങൾ അലയടിച്ചു. സ്വയം മനസ്സിൽ പറഞ്ഞു:
എന്റെ പ്രിയപ്പെട്ട നാടേ, നിന്റെ നാട്ടുകാര്ക്ക് ഒരു മാറ്റവും കാണുന്നില്ലല്ലോ. മാത്രമല്ല, പുതുമടിശ്ശീലക്കാരും തലമറന്ന് എണ്ണ തേക്കുന്നവരും
കൂടിയിട്ടുണ്ടോ എന്ന് സംശയം.
മാനം തുടുത്തിരിക്കുന്നു. സുന്ദരമായ വിണ്ണിന്റെ കാഴ്ച എന്തുകൊണ്ടോ ഗോപനെ സന്തോഷിപ്പിച്ചില്ല.
വന്നതിനേക്കാൾ ഇരട്ടിയിലധികം
വേഗത്തിൽ അയാൾ നടന്നു. ഊര്മ്മിയും അമ്മയും
കാത്തിരിക്കുന്നുണ്ടാകും.