2013, ജനുവരി 12, ശനിയാഴ്‌ച

പിരിമുറുക്കങ്ങള്‍ (ചെറുകഥ)


പിരിമുറുക്കങ്ങള്‍ (ചെറുകഥ)




     മനസ്സ് വല്ലാതെ വേദനിക്കുന്നല്ലോ ദൈവമേ. അസുഖം വരുമ്പോള്‍ ഉള്ള ശരീരവേദന പിന്നെയും സഹിക്കാം.

     പാതിരാക്കോഴി കൂവുന്നു. ഉറക്കം വരുന്ന ലക്ഷണമില്ല.

     എവിടെയാണ് തെറ്റ് പറ്റിയത്?  തറവാട്, അച്ഛനമ്മമാര്‍, സഹോദരിമാര്‍ എന്നൊക്കെ എന്നും മനസ്സില്‍ വിചാരിച്ചു അതുപ്രകാരം സ്നേഹപൂര്‍വ്വം പെരുമാറിയതോ, കടമകള്‍ നിറവേറ്റിയതോ? അറിഞ്ഞുകൊണ്ട് ആര്‍ക്കും ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. എല്ലാവര്ക്കും തന്നെപ്പറ്റി നല്ലതേ പറയാന്‍ ഉള്ളൂ എന്നതില്‍ സന്തോഷിച്ചിട്ടുണ്ട്.

     "അച്ഛന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, അതൊക്കെ ഒരു ഏട്ടന്റെ കടമയല്ലേ? അതില്‍ ഇത്ര പറയാന്‍ എന്തിരിക്കുന്നു?” 

    എന്റെ കുഞ്ഞനിയത്തീ, നീ ഏട്ടനോട് അത്രയും പറയേണ്ടിയിരുന്നില്ല. നിന്റെ മകന്‍ നിന്നോട് ഇനി ഒരിക്കല്‍ പറയാതിരിക്കട്ടെ: നിങ്ങള്‍ നിങ്ങളുടെ കടമയല്ലേ ചെയ്തുള്ളൂ എന്ന്.

അമ്പു കൊണ്ടുള്ള വൃണം
കാലത്താല്‍ നികന്നിടും
കാട്ടുതീ വെന്താല്‍ വനം
പിന്നെയും തളിര്ത്തിടും.......
അതെ
കേട്ടുകൂടാത്ത വാക്കാം ആയുധം പ്രയോഗിച്ചാല്‍...............?

     അവള്‍ സംസാരിക്കാന്‍ പഠിച്ചിരിക്കുന്നു - ഏട്ടന്റെ മുഖത്തുനോക്കി. വര്‍ത്തമാനം പറയാന്‍ ഒട്ടും സങ്കോചം ഇല്ലാതായിരിക്കുന്നു.

     എന്റെ മനസ്സില്‍ തട്ടി ഞാന്‍ പറഞ്ഞുപോയി. ഒരുപക്ഷെ, ഞാന്‍ പറഞ്ഞതിനുള്ള നിന്റെ ആ മറുപടി ഒരു കണക്കിന് ശരിയായിരിക്കാം. എങ്കിലും എല്ലാം അറിയുന്ന നീ ഏട്ടനോട് അങ്ങനെ പറയാമോ?

     നിന്നോട് എന്താ പറഞ്ഞത്? ഒന്ന് ഓര്‍ത്തു നോക്കട്ടെ:

     പതിനേഴാം വയസ്സില്‍ നിന്റെ ഈ ഏട്ടന്‍ ജോലി തിരക്കി നാട് വിട്ടു;

     റിട്ടയര്‍ ആയ അച്ഛന്‍, അമ്മ സഹോദരിമാര്‍ അടങ്ങുന്ന കുടുംബത്തെ ആവുംവിധം സംരക്ഷിച്ചു;

     നിന്റെ അടക്കം രണ്ടു അനിയത്തിമാരുടെയും വിവാഹം നടത്തി (അച്ഛന്റെ സമ്പാദ്യം ഒരു വലിയ പൂജ്യം);

     പിന്നീട് കുടുംബസ്ഥനായ എട്ടന് രണ്ടു പെണ്മക്കള്‍ (നിങ്ങളെ രണ്ടുപേരെയും പോലെ ഓരോ ആണ്മക്കള്‍ അല്ല);

     ഇപ്പോള്‍, തറവാട് ഭാഗം വച്ചപ്പോള്‍, നീ പറയുന്നു ഏട്ടന്റെ ഭാഗവും നിനക്ക് വേണമെന്ന്! ആകാമായിരുന്നു. പക്ഷെ പരിതസ്ഥിതി അതിനനുവദിക്കുന്നില്ല കുട്ടീ. അതുമായി ബന്ധപ്പെട്ടു, നിനക്ക് അറിയില്ലെങ്കില്‍ അറിയാന്‍ വേണ്ടി ഞാന്‍ ഇതൊക്കെ ഒന്ന് പറഞ്ഞപ്പോള്‍, നീ പറയുന്നു - ഇതൊക്കെ ഏട്ടന്റെ കടമയായിരുന്നു എന്ന്! നല്ല കാര്യം. അപ്പോള്‍, അങ്ങനെയൊക്കെയാണ് ലോകം. അതെ, എനിക്ക് - ഞാന്‍ എന്ന വിഡ്ഢിക്കു എല്ലാം മനസ്സിലാകുന്നു.

     ഏതായാലും, എന്റെ കുഞ്ഞനിയത്തീ, നിന്നോടുള്ള സ്നേഹത്തിനു ഈ ഏട്ടന്‍ ഒരു കുറവ് വരുത്തിയിട്ടില്ല, വരുത്തുകയുമില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഞാന്‍ വിട്ടുതരാന്‍ ഉദ്ദേശിക്കുന്നില്ല. ഇനിയെങ്കിലും - ഈ വൈകിയ വേളയില്‍ എങ്കിലും ഞാനും ഒന്ന് ജീവിക്കാന്‍ പഠിച്ചു നോക്കട്ടെ. സാമര്‍ത്ഥ്യം ഉള്ളവര്‍ക്ക് മാത്രം ജീവിച്ചാല്‍ പോരല്ലോ. ജനിച്ചുപോയില്ലേ. ഇത് പറയെണ്ടിവരുമ്പോഴും എന്റെ മനസ്സ് നിനക്കുവേണ്ടി കേഴുന്നു. പക്ഷെ, ഏട്ടനോട് ക്ഷമിക്കുക. എനിക്കും ഒരു കുടുംബമുണ്ട്, എന്നെ സ്നേഹിക്കുന്ന ഭാര്യയും, മക്കളുമുണ്ട്. അവരുടെ മുമ്പില്‍ ജീവിക്കാന്‍ അറിയാത്ത ഒരു വിഡ്ഢിയാകാന്‍ ഞാന്‍ തയാറല്ല. എന്നോട് ക്ഷമിക്കുക. നിന്നെപോലെതന്നെയല്ലേ നിന്റെ ചേച്ചിയും? അവള്‍ക്കു അങ്ങനെ തോന്നിയില്ലല്ലോ. ഇല്ല, നീ നിനക്ക് കിട്ടിയതില്‍ തൃപ്തിപ്പെടാന്‍ നോക്കുക. ഇനി ഇക്കാര്യം എന്നോട് മിണ്ടരുത്.

     ശരിക്കൊന്നു ഉറങ്ങിയിട്ട് ദിവസങ്ങള്‍ എത്രയായി. നിദ്രാദേവീ, അനുഗ്രഹിക്കണേ - കണ്ണടച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടു കിടന്നു നോക്കട്ടെ.  

14 അഭിപ്രായങ്ങൾ:

  1. kudumbam nokkunn ellavarkkum ithaanu gathi. aniyathi veettil ninnu irakki vittillallo athu bhagyamayi.

    മറുപടിഇല്ലാതാക്കൂ
  2. @Prajesh: കഥ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി സുഹൃത്തേ

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ ഡോക്ടര്‍,
    കുടുംബ ഭാരം ചുമക്കാന്‍ വിധിക്കപ്പെടുന്ന എല്ലാവര്ക്കും ഒടുവില്‍ കാത്തിരിക്കുന്ന വിധി മിക്കപ്പോഴും ഇങ്ങനെ തന്നെ ആവാനാണ് സാധ്യത.ചുറ്റുമുള്ള പല കാഴ്ച്ചകളും ഇത് തന്നെ കാണിച്ചുതരുന്നു.
    വൈകിയെത്തുന്ന വീണ്ടുവിചാരം കുറച്ചെങ്കിലും നേരത്തെയായിരുന്നെന്കില്‍ അല്പ്പമെന്കിലും മനോവേദന ഒഴിവാക്കാമായിരുന്നു!!!

    മറുപടിഇല്ലാതാക്കൂ
  4. @മോഹന്‍, കഥ വായിച്ചു കമന്റ്സ് ഇട്ടതില്‍ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. മറുപടികൾ
    1. നന്ദി, അജിത്‌ ഭായ്.
      അതെ. ''കർമം ചെയ്യുന്നതിനു മാത്രമേ നിനക്ക് അധികാരമുള്ളു. ഒരിക്കലും നീ ഫലത്തെ ഉദ്ദേശിക്കരുത്.''
      ഫലം ഇല്ലെങ്കിലും ദോഷം ആവരുതല്ലോ.

      ഇല്ലാതാക്കൂ
  6. കുടുംബ ബന്ധങ്ങളുടെ കഥ.ഇക്കാലത്ത് തീരെക്കാണാത്ത ഒരു വല്യേട്ടനെ ഭംഗിയായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, സര്‍.
      അതെ, ജീവിതം മുന്നോട്ടുപോയതോടുകൂടി വല്യേട്ടന്‍ പ്രാരാബ്ധക്കാരനായി. അത് ഒരാള്‍ മനസ്സിലാക്കി. വേറൊരാള്‍ മനസ്സിലാക്കിയില്ല.

      ഇല്ലാതാക്കൂ
  7. ജീവിതം പലര്‍ക്കും ഇങ്ങിനെയാണ്‌. .
    ഇനി മറ്റുള്ളവരാല്‍ ചതിക്കപ്പെടാതെ ജീവിക്കണം എന്ന് കരുതിയാലും ഇത്തരം മനസ്സുകള്‍ക്ക് സഹായിക്കാന്‍ മാത്രമേ കഴിയു എന്നതാണ് വസ്തുത.

    മറുപടിഇല്ലാതാക്കൂ
  8. ഇത്‌ മിക്ക കുടുംബസ്നേഹികൾക്കും നേരിടുന്ന അനുഭവം തന്നെയാണ്‌. വൈകിയാണെങ്കിലും തിരിച്ചറിവുണ്ടാവുകയും ഉചിതമായ തീരുമാനം എടുക്കാൻ തോന്നിയതും നന്നായി. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  9. ബാലേട്ടന് എന്ന സിനിമയില് ബാലേട്ടന് പറയുന്ന ഒരു വാചകമുണ്ട്.....വാങ്ങിക്കുന്നവന് വാങ്ങിച്ചു കൊണ്ടേയിരിക്കും....കൊടുക്കുന്നവന് കൊടുത്തുകൊണ്ടേയിരിക്കും....അതാണ് ലോകത്തിന്റെ നിയമം

    മറുപടിഇല്ലാതാക്കൂ
  10. @Anu Raj: ബ്ലോഗ്‌ വായിച്ചു, അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ

.