2013, ജനുവരി 22, ചൊവ്വാഴ്ച

ഇടയില്‍ എവിടെ പോയിരുന്നു? (നര്‍മ്മം)

ഇടയില്‍ എവിടെ പോയിരുന്നു?
(നര്‍മ്മം)


(മുംബൈ GPO)


     സുഹൃത്തുക്കളെ, പ്രീ-അപ്പ്രൂവല്‍, പ്രീ-ഷെഡ്യൂള്‍ എന്നൊക്കെ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ? എന്നാല്‍, പ്രീ- വെച്ചുകൊണ്ടുള്ള ഒരു മനുഷ്യന്റെ പേര്‍ കേട്ടിട്ടുണ്ടോ? കേള്‍ക്കണമെങ്കില്‍ തുടര്‍ന്ന് വായിക്കുക.

     വര്‍ഷങ്ങള്‍ക്കുമുമ്പ്, ഞാന്‍ ബോംബെ വിക്ടോറിയ ടെര്‍മിനസ് ഏരിയയില്‍ (ഇന്നത്തെ മുംബൈ ചത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് - സ്ഥലപ്പേരു വായിച്ചു ക്ഷീണിച്ചില്ലല്ലോ, അല്ലെ?) ജോലിചെയ്തിരുന്ന കാലം. GPO യില്‍ പോയി ഒരു മാര്യേജ് ഗ്രീറ്റിങ്ങ്സ് Telegram അയക്കാനുണ്ടായിരുന്നു.

     കൌണ്ടറില്‍ തിരക്ക് കണ്ടില്ല. എന്നാല്‍, അവിടെ ഡ്യൂട്ടിയില് ഉണ്ടായിരുന്ന ഒരു മറാത്തി മങ്ക എന്റെ ഫില്‍ അപ്പ്‌ ചെയ്ത ഫോം വാങ്ങി വച്ചിട്ട്, അവിടെ അടുത്തുള്ള ഇരിപ്പിടങ്ങളില്‍ ഒന്നില്‍ ആസനസ്തനാകാനും, പേര് വിളിക്കുമ്പോള്‍ വരാനും പറഞ്ഞു. ഉത്തരവ്. തിരുവായ്ക്ക് എതിര്‍വായ് ഇല്ലല്ലോ. ഞാന്‍ അങ്ങനെ ചെയ്തു.

     കുറെ നേരത്തിനു ശേഷം ഓരോരുത്തരുടെ പേര്‍ വിളിക്കുന്നതിന്റെ കിളിനാദം കേട്ടു. ഇരിപ്പിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ ഓരോരുത്തരായി, പ്രസന്നവദരരായി സ്ഥലം കാലിയാക്കി - അതുവരെ ഇരുന്നത് മുള്ളിന്റെമേല്‍ ആയിരുന്നു എന്ന മട്ടില്‍. ഓഹോ,
അപ്പോള്‍, എനിക്ക് മുമ്പ് ഒരുപാട്പേര്‍ ഉണ്ടല്ലോ. ഞാന്‍, കൈവശം ഉള്ള ടൈംസ്‌ ഓഫ് ഇന്ത്യ എടുത്ത് വായന തുടങ്ങി. എന്നെ കണ്ടു പഠിക്കിന്‍ മനുഷ്യന്മാരെ എന്ന ഗമയില്‍.....

    കിളിക്കൊഞ്ചല്‍തുടര്‍ന്നുകൊണ്ടിരുന്നു. അവിടെയും ഇവിടെയും ഒക്കെ ഇരുന്നവര്‍ അതിന്റെ താളത്തിനൊത്ത് നീങ്ങുന്നതിന്റെ ഒരു നിഴലാട്ടവും എന്റെ വായനയില്‍ കലര്‍ന്നു.

     നിമിഷങ്ങള്‍ കൊഴിഞ്ഞു വീണു. ഒരു പരിസരാവലോകനം നടത്തിയപ്പോള്‍, അടുത്തുള്ള സീറ്റുകളില്‍ ആരെയും കണ്ടില്ല. പേരൊന്നും ഇപ്പോള്‍ വിളിക്കുന്നത് കേള്‍ക്കുന്നുമില്ല. ഇതെന്താ കഥ? ഞാന്‍ എഴുന്നേറ്റു കൌണ്ടറില്‍ ചെന്ന് തിരക്കി.

     "യെ ഹേ നാ, ആപ്കാ?" (ഇതല്ലേ താങ്കളുടെ?) ആ തരുണീമണി, ബാക്കിയുള്ള ഒരേ ഒരു Telegram ഫോം അവിടെ ഉണ്ടായിരുന്നത് എടുത്ത് കാണിച്ചിട്ട് ചോദിച്ചു.

     "ബീച്മേം കി ഥ ര്‍ ഗയാ ഥാ?" (ഇടയില്‍ എവിടെ പോയിരുന്നു ?)
     അവിടെ അപ്പോള്‍ നിന്നിരുന്ന സഹായി എന്ന് തോന്നിക്കുന്ന പ്യൂണ്‍ പറഞ്ഞു: മേം ഭി യഹാംസേ പ്രീ-മ്യാന്‍ പ്രീ-മ്യാന്‍ കര്‍ക്കെ ആവാസ് ദിയാ ഥാ." (ഞാനും ഇവിടെ നിന്ന് പ്രീ-മ്യാന്‍ പ്രീ-മ്യാന്‍ എന്ന് വിളിച്ചു പറഞ്ഞിരുന്നല്ലോ.)

     അത് ശരി. അപ്പോള്‍, അതാണ്‌ കാര്യം. മനസ്സിലായോ കൂട്ടരേ?

     മെസ്സേജില്‍ തന്നെയുള്ള അവസാന വാക്ക് - അയക്കുന്ന ആളുടെ പേര് ആണ് ഈ കളവാണിയും സഹായിയും വിളിച്ചു പറഞ്ഞത്: പ്രേമന്‍. അത് കല്യാണിക്കാന്‍ പോകുന്ന കൂട്ടുകാരന്‍ എന്നെ എങ്ങനെ വിളിക്കുന്നോ അതുപോലെതന്നെ ആകട്ടെ എന്ന് ഞാന്‍ വിചാരിച്ചു:
P R E M A N എപ്പടി?

     വൈകീട്ട്, റൂം മേറ്റ്സിനോട് ഈ കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് നന്നേ രസിച്ചു. ഒരു ചങ്ങാതി പറഞ്ഞു, 'സാരമില്ല, വെള്ളക്കാരന്റെ അത്രയ്ക്ക് അങ്ങോട്ട്‌ നിറം ഇല്ല എന്നല്ലേ ഉള്ളൂ, പ്രീ മ്യാന്‍ ഈസ്‌ ഓക്കേ. അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി.

16 അഭിപ്രായങ്ങൾ:

 1. ഭാഗ്യം ! ഞാനാണ്‌ കൊടുത്തിരുന്നതെങ്കിൽ ഇങ്ങിനെ വിളിച്ചേക്കുമായിരുന്നേനെ. " മേഡ്‌... ഹൂ" എന്ന്‌. (MADHU)

  മറുപടിഇല്ലാതാക്കൂ
 2. ഹേയ് അജിത്‌ ഭായ്, ഇനി എന്നെ അങ്ങിനെ ഒന്നും കേറി വിളിക്കല്ലേ :)
  നന്ദി.

  മറുപടിഇല്ലാതാക്കൂ
 3. @Madhusudanan Pv:
  മേഡ്‌... ഹൂ? യൂ എന്ന് പറഞ്ഞാല്‍ എങ്ങിനെ ഇരിക്കും? ! ഹ ഹ
  നന്ദി, സര്‍.

  മറുപടിഇല്ലാതാക്കൂ
 4. രസകരമായി സാര്‍.,
  ഭാഷാന്തരം വരുത്തുമ്പോഴുണ്ടാകുന്ന പൊല്ലാപ്പ്!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. ഹഹ കൊള്ളാം മാഷേ.

  എന്റെ ഒരു ബന്ധുവിന് ഇതേ പോലെ ദുബായ് എയര്‍പോര്‍ട്ടില്‍ വച്ചാണെന്ന് തോന്നുന്നു സമാനമായ ഒരനുഭവം ഉണ്ടായി. "നിതേഷ് പൊന്‍പന്‍കുളങ്ങര" എന്ന പേരിന് അവിടിരുന്ന മദാമ്മ "മിസ്റ്റര്‍ പൊന്‍ പാന്‍" എന്ന് കുറേ തവണ വിളിച്ചിട്ടും അദ്ദേഹം അനങ്ങിയില്ല. കുറേ കഴിഞ്ഞ് പേര് വിളിയ്ക്കാതായപ്പോള്‍ ചെന്ന് ചോദിച്ചപ്പോള്‍ ആ മദാമ്മ അദ്ദേഹത്തെ "യൂ പൊന്‍ പാന്‍?" എന്ന് വീണ്ടും ചോദിച്ചപ്പോഴാണ് ആളിന് സംഭവം കത്തിയത് :)

  മറുപടിഇല്ലാതാക്കൂ
 6. നന്ദി, ശ്രീ.
  ഇങ്ങിനെ പലര്‍ക്കും അനുഭവങ്ങള്‍ കാണും.

  മറുപടിഇല്ലാതാക്കൂ
 7. പ്രിയ ഡോക്ടര്‍,

  നല്ല ഒരു അനുഭവം രസകരമായിത്തന്നെ അവതരിപ്പിച്ചു. സമാനമായ സംഭവങ്ങള്‍, വീട്ടുപേരുകൂടി ചേര്‍ത്തുള്ള മലയാളികളുടെ പേരുകള്‍ അറബികള്‍ വായിക്കുമ്പോള്‍ ഉണ്ടാവുന്നത്, പലപ്പോഴും കൌതുകകരമായി തോന്നിയിട്ടുണ്ട്!!

  മറുപടിഇല്ലാതാക്കൂ
 8. ഞാനും ചിരിയില്‍ പങ്കുചേരുന്നു...

  മറുപടിഇല്ലാതാക്കൂ

.