Blog No: 176 -
നമ്മുടെ ഭാഷ
(ലേഖനം)
നമ്മുടെ ഭാഷയിൽ, മറ്റു ഭാഷകളിലെന്നപോലെത്തന്നെ അംഗീകരിക്കപ്പെട്ട വാക്കുകൾ, പ്രയോഗം മുതലായവയൊക്കെയുണ്ട്.
എഴുതുന്നതിൽ പലർക്കും പല രീതിയാണ്. എഴുതുന്നത് ശരിയാണെങ്കിലും, പലർക്കും വായിക്കുന്നവര്ക്ക് താല്പ്പര്യമുണ്ടാക്കത്തക്ക വിധത്തിൽ
എഴുതാൻ സാധിക്കും. പലർക്കും അത് സാധിക്കില്ല.
എന്നാൽ അതല്ല ഇവിടെ ഉദ്ദേശിക്കുന്നത്.
പഴഞ്ചൊല്ലുകൾ - അതേപടി ഉപയോഗിക്കേണ്ടതാണ്.
പത്രങ്ങളും, ആനുകാലികപ്രസിദ്ധീകരണങ്ങളും, ദൃശ്യമാധ്യമങ്ങളുമൊക്കെ ഇവയെ പലപ്പോഴും ശരിയായ രീതിയിൽ അല്ലാതെയും,
വളച്ചൊടിച്ചും പ്രയോഗിക്കുന്നത് കാണുമ്പോൾ വിഷമം
തോന്നാറുണ്ട്. നമുക്ക് ഭാഷയ്ക്ക് ഒരു
'മുതല്ക്കൂട്ടു'' നൽകാനായില്ലെങ്കിലും ഉള്ള ''മുതൽ'' നശിപ്പിക്കരുതല്ലോ.
ഒരുപക്ഷെ, ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ
നിലവാരം കുറഞ്ഞതോ, അലസതയോ അഥവാ ഓർമ്മിച്ചുവെച്ച്
ശരിയായി പ്രയോഗിക്കാൻ മിനക്കെടാതിരിക്കുന്നതോ ഒക്കെ ഇതിനു കാരണങ്ങൾ ആണ്. സംശയമുള്ളവ സംശയം തീര്ത്തശേഷം ആയാൽ പോരെ? പിന്നെ, അറിയാത്തത് അല്ലെങ്കിൽ തെറ്റിച്ചത് മറ്റുള്ളവർ ചൂണ്ടിക്കാണിക്കുമ്പോൾ പലര്ക്കും തുറന്ന
മനസ്സോടെ സമ്മതിക്കാനും വിഷമം കാണുന്നു.
നമ്മുടെ പൂർവ്വികർ, ഭാഷയിലെ എഴുത്തുകാർ, കവികൾ എന്നിവരുടെ രചനകളിൽനിന്ന് ഒരു ഭാഗം എടുത്ത് എഴുതുമ്പോൾ
അത് ശരിയായി എഴുതിയില്ലെങ്കിൽ അവരോടും, ഭാഷയോടും ചെയ്യുന്ന കടുത്ത അനീതിയാകും.
’’മലകളിളകിലും മഹാജനാനാം മനമിളകാ’’ എന്ന കവിവാക്യം അതേപോലെ എഴുതിയില്ല എങ്കിൽ കവിയോടും ഭാഷയോടും
ചെയ്യുന്ന ദ്രോഹം തന്നെയാണ്.
''കാക്ക കുളിച്ചാൽ കൊക്കാകാ '' എന്ന പഴമൊഴി അങ്ങനെതന്നെ
എഴുതണം. മനമിളകാ എന്ന് പറഞ്ഞാൽ മനസ്സ് ഇളകുകയില്ല; കൊക്കാകാ എന്നാൽ കൊക്ക് (കൊറ്റി) ആകില്ല. എന്നാൽ, ഒരാൾ എന്നോട് പറഞ്ഞു
- കൊക്കാകില്ല എന്നാണു വേണ്ടത്; എന്താണീ കൊക്കാകാ (പരിഹസിച്ചുകൊണ്ട്, സ്വയം ശരിയും, ഞാൻ എഴുതിയത് തെറ്റും
എന്ന് സമരത്ഥിച്ചുകൊണ്ട്) എന്ന് ചോദിച്ചാൽ എന്ത് മറുപടി പറയാനാണ്?
ഇങ്ങനെ വേറെയും പല വസ്തുതകളും ഉണ്ട്. എന്നാൽ, ഞാൻ ഉദ്ദേശിച്ചത് മാന്യവായനക്കാർ
അതിന്റേതായ ശരിയായ രീതിയിൽത്തന്നെ എടുക്കുമെന്ന വിശ്വാസത്തിൽ ഈ കൊച്ചു ലേഖനം അവസാനിപ്പിക്കട്ടെ.
അതെ, ഉപകാരം ചെയ്തില്ലെങ്കിലും, ഉപദ്രവിക്കരുതല്ലോ - ഭാഷയെ പരിക്കേൽപ്പിക്കരുത്, കൊല്ലരുത്!