(ആത്മകഥാംശം)
ചോണുക്കുട്ടി ജയിച്ചിടാവൂ
രാമന്കുട്ടിയോടൊത്ത്.......
മാലങ്കോട്ടെ തറവാട്ടിലെ ചുവരില്‍ ഈ അടുത്തകാലത്ത് വരെ
ഉണ്ടായിരുന്നു -
ഏകദേശം ഏഴു പതിറ്റാണ്ട്കള്‍ക്ക് മുമ്പ് തൂക്കിയിട്ട ആ മംഗളപത്രം! അമ്മയും അച്ഛനും ഈ ലോകത്തോട് വിടപറഞ്ഞിട്ട് വര്‍ഷങ്ങള്‍
ആയി. അച്ഛന്റെയും അമ്മയുടെയും വിവാഹം മുരുകമാമ (അമ്മയുടെ അമ്മാവന്‍) - മാലങ്കോട്ടെ മുരുകന്‍ നായര്‍, മുടപ്പല്ലൂര്‍ എന്ന തറവാട്ടു കാരണവര്‍ ആയ കവി വഴിക്കുതന്നെയായിരുന്നു. സ്കൂള്‍ മാനേജേരും ഹെഡ് മാസ്റ്ററുമായിരുന്ന
മുരുകമാമയുടെ അതേ സ്കൂളില്‍അദ്ധ്യാപകനായിരുന്നു അച്ഛന്‍.
എന്റെ അമ്മക്ക് അക്കാലത്ത് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട്എനിക്ക് മുമ്പുണ്ടായിരുന്നവര് പ്രസവത്തിലും, അതിനു ശേഷവും മരിച്ചുപോവുകയായിരുന്നു. അങ്ങിനെ കണ്ണിലുണ്ണിയായി വളര്‍ത്തിയ
ഈയുള്ളവനെ, പഴനിയില്‍ കൊണ്ടുപോയി ചോറ് കൊടുക്കണം എന്ന് മുരുകമാമ അച്ഛനെയും അമ്മയെയും ഉപദേശിച്ചു. (തന്റെ പേരും
മുരുകന്‍ എന്നാണല്ലോ എന്നാണു അച്ഛന്‍ വ്യംഗ്യഭാഷയില്‍
പറഞ്ഞത്.) ഇനി ആ പേരുതന്നെ ഇടണം എന്ന് പറയുമോ എന്ന് ചോദിച്ചപ്പോള്‍, എന്തുകൊണ്ട് ആയിക്കൂടാ -
എന്നാല്‍ മുരുകന്‍ എന്ന് വേണ്ടാ, മുരുകന്റെ വേറെ ഏതെങ്കിലും പേര് ആകട്ടെ എന്നായത്രേ. അങ്ങിനെ കുമാരന്‍ എന്ന പേര് തീര്‍ച്ചയാക്കി.
വെറും കുമാരന്‍ ഒരു രസംപോരാ കുറച്ചു സ്നേഹവും അവിടെ കിടക്കട്ടെ എന്ന്
മുരുകമാമയുടെ വേറൊരു മരുമകള്‍ പറഞ്ഞു - അതത്രേ പ്രേമകുമാരന്‍.
പറഞ്ഞപോലെതന്നെ പഴനിയില്‍ വെച്ചായിരുന്നു എന്റെ
ചോറൂണും പേരിടീലും നടന്നത്. വഴിയില്‍ വെച്ച് മുത്തശ്ശിയെയും (അച്ഛമ്മ)
കൊച്ചുകുട്ടിയായിരുന്ന അച്ഛന്‍പെങ്ങളുടെ മകനെയും കാണാതായി, അവസാനം കണ്ടുപിടിച്ച കഥ അച്ഛന്‍എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട്.
ഇങ്ങിനെയൊക്കെ ആണെങ്കിലും, സന്ദര്‍ഭവശാല്‍ എഴുതട്ടെ - മുരുകനില്‍ മാത്രമല്ല ജനിച്ച മതത്തിലെ അറിയപ്പെടുന്ന ഏതു ദേവീദേവന്മാരുടെ പേരുകളിലും, അതുപോലെതന്നെ മറ്റു മതങ്ങളിലെ സങ്കല്‍പ്പങ്ങളിലും ഞാന്‍
ആ ''ശക്തിവിശേഷത്തെ'' - പ്രപഞ്ച ശക്തിയെ/ദൈവത്തെ കാണുന്നു. സ്വാര്‍ത്ഥതല്‍പ്പരരായ മനുഷ്യജീവികള്‍ ആണ് തങ്ങളുടെ തുലോം തുച്ചമായ അറിവിന്റെ
അടിസ്ഥാനത്തില്‍ ദൈവത്തെയും, മനുഷ്യനെയും, മതത്തെയും എല്ലാം വേര്‍തിരിക്കുന്നത് എന്നും.