2013, മാർച്ച് 8, വെള്ളിയാഴ്‌ച

കുക്കട ശാകുന്തളം - ചെറുകഥ (അനുഭവകഥ)



 

ഒരു ദിവസം കാലത്ത്, ഗള്‍ഫിലെ ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതില്‍ അടച്ചുപൂട്ടി ഡ്യൂട്ടിക്ക് പോകുന്നതിനു മുമ്പായി ശ്രദ്ധിച്ചു - കുറച്ചകലെയായി ഒരു കോഴി നില്‍ക്കുന്നു. എന്റെ ഫ്ലാറ്റിലേക്കുള്ള വഴി ടെറസിലൂടെയാണ്. ഇതിനുമുമ്പ് ഇങ്ങിനെ കണ്ടിട്ടില്ലല്ലോ. ഇവിടെ അത് എങ്ങിനെ വന്നു? പുറത്താക്കി വാതില്‍ അടക്കണോ, ഞാന്‍ ആലോചിച്ചു. ഒരുപക്ഷ, ഈ കെട്ടിടത്തിലെ താമസക്കാരില്‍ ചാവി കൈവശം ഉള്ള ആരെങ്കിലും ടെറസിന്റെ വാതില്‍ തുറന്നു ഇവിടെ കൊണ്ട് വിട്ടതാകാന്‍ വഴിയുണ്ട്. ആയതുകൊണ്ട്, ഞാന്‍ ആ ചിന്തയില്‍നിന്നു പിന്തിരിഞ്ഞു.

 

തിരിച്ചു, വൈകീട്ട് ജോലികഴിഞ്ഞ് വരുമ്പോള്‍, വാതില്‍ തുറന്ന ഉടന്‍ കണ്ടു - അതാ, അതേ കഥാപാത്രം വാച്ച്‌മാന്റെ മുറിയുടെ പുറത്തുള്ള മേശമേല്‍ കയറി ഇരിക്കുന്നു! ഇപ്പോള്‍ വാച്ച്‌മാന്‍ അവിടെ താമസമില്ല.

ഞാന്‍ പതിവുപോലെ ടെറസിലൂടെ എന്റെ ഫ്ലാറ്റിലേക്ക് പോയി. വാച്ചുമാനെ മൊബൈല്‍ ഫോണില്‍ വിളിച്ചു ചോദിച്ചു അത്, താഴെ താമസിക്കുന്ന സുഡാനിയുടേതാണെന്നു മനസ്സിലായി. പിന്നീട് അതൊരു പതിവായി. ഞാന്‍ എന്നും ആ കുക്കുടത്തരുണിയെ കാണും - കാലത്തും വൈകീട്ടും. ഞാനും ചികയുന്ന സുന്ദരിയും (വി.ഡി. രാജപ്പന്‍ ചേട്ടന്റെ നായികയെപ്പോലെ) തമ്മില്‍ അടുത്തു. ഞാന്‍ അവളെ ശകുന്തള എന്ന് വിളിച്ചു. കാരണം, എന്റെ ചെറുപ്പത്തില്‍, നാട്ടിലെ വീട്ടില്‍ ഒരു കോഴിയുണ്ടായിരുന്നു.

അതിനെ ഞങ്ങള്‍ ശകുന്തള എന്നാണു വിളിച്ചിരുന്നത്. വീട്ടില്‍ ആരും മല്സ്യമാംസം കഴിക്കില്ലെങ്കിലും ആ കോഴിയെ വളര്‍ത്തിയത് അമ്മയുടെ വിശ്രമവേളകളിലെ വിനോദപ്രവര്‍ത്തികളില്‍പ്പെട്ടതായിരുന്നു.  ആയിരുന്നു. കിടക്കട്ടെ ആ പേര് ഇവിടെയും. സുഡാനി അറബിയില്‍ വല്ല പേരും ഇട്ടിട്ടുണ്ടോ എന്നറിയില്ല. ഏതായാലും ഞാന്‍ അതിനെ മലയാളീകരിച്ചു.

 

കാലത്ത് വാതില്‍ പൂട്ടുന്നതിന് മുമ്പായി എന്റെ കണ്ണുകള്‍ ശകുന്തളയെ പരതും. അവള്‍ക്കു അത് മനസ്സിലായപോലെ, അല്‍പ്പം ദൂരെനിന്നു എന്നെ നോക്കുന്നുണ്ടായിരിക്കും. എന്തൊക്കെയോ മനസ്സിലാകുന്നപോലെയോ, പറയാന്‍ ഉള്ളതുപോലെയോ ഒക്കെ തോന്നും. പക്ഷിമൃഗാദികളുടെ ഭാഷ അറിഞ്ഞെങ്കില്‍ അവയുമായി സംസാരിക്കാന്‍ എന്ത് രസമായിരിക്കും. അവയ്ക്ക് എന്തെല്ലാം പറയാന്‍ ഉണ്ടാകും? നമുക്ക് ചോദിക്കാനും. (മുമ്പ് ഞാന്‍,  Blind Welfare മാസികയുടെ ഉപ പത്രാധിപര്‍ ആയിരുന്നപ്പോള്‍, ഒരാള്‍ Polyglot  എന്നൊരു കവിത എഴുതിയത് ഓര്‍മ്മ വരുന്നു.  Polyglot  എന്ന് പറഞ്ഞാല്‍ പല ഭാഷകള്‍  അറിയുന്ന ആള്‍ എന്ന അര്‍ത്ഥമാണെങ്കിലും താന്‍ സൌകര്യാര്‍ത്ഥം പക്ഷിമൃഗാദികളുടെ ഭാഷകള്‍കൂടി അറിയുന്നവന്‍ എന്നാക്കുന്നു എന്ന് ആദ്ദേഹം ആമുഖത്തില്‍ പറയുന്നുണ്ട്. ഞാന്‍ അങ്ങിനെ ആയിരുന്നെങ്കില്‍... വെറുതെ ആശിച്ചുപോയി.)

 

ദിവസങ്ങള്‍ കഴിയുന്തോറും ഞാനും ശകുന്തളയും തമ്മില്‍ വളരെ അടുത്തു. എന്നെ കാണുന്ന മാത്രയില്‍തന്നെ അന്നനടയുമായി അവള്‍ എന്റെ ചാരത്തണയും. ഞങ്ങള്‍ മൌനമായി സംസാരിച്ചു. കാലത്തും വൈകീട്ടും. രണ്ടുനേരവും ഞാന്‍ ആ മിണ്ടാപ്രാണിയെ കാണുന്നകാര്യം ഉറപ്പു വരുത്തി. അങ്ങിനെ ദിവസങ്ങള്‍ കുറെ കടന്നു പോയി.

ഒരു ദിവസം വൈകുന്നേരം ഞാന്‍ എന്റെ ആ സഖിയെ കണ്ടില്ല. ടെറസുമുഴുവന്‍ നോക്കി. ഇല്ല. വിശ്വാസം വരാതെ ലാപ്ടോപ്ബാഗ്‌ ഫ്ലാറ്റില്‍ കൊണ്ടുവേച്ചശേഷം വീണ്ടും നോക്കി. കാണുന്നില്ലല്ലോ. താഴെ പോയി നോക്കി, കണ്ടില്ല. മനസ്സ് എന്തുകൊണ്ടോ അസ്വസ്ഥമായി.

 

വാച്ചുമാനെ മൊബൈല്‍ ഫോണില്‍ വിളിച്ചു ചോദിച്ചു. വളരെ 'കൂള്‍ ആയി' അയാള്‍ തന്റെ ബൊങ്കാളി ഹിന്ദിയില്‍ പറഞ്ഞു: അതൊക്കെ എപ്പോഴേ ആ സുഡാനികളുടെ വയറ്റില്‍ പോയിക്കാണും.

 

എന്റെ മുഖം വിളറിവെളുത്തു. മനുഷ്യാ നീ എന്തിനെങ്ങിനെ വേവലാതിപ്പെടുന്നു - ഞാന്‍ എന്നോടുതന്നെ ചോദിച്ചു. ഈ ഭൂമുഖത്ത് ഒന്നിനും ഒരു വിലയില്ല - സ്നേഹത്തിനും ജീവനും എന്നൊക്കെ മനുഷ്യന്‍ പറയുന്നുണ്ടല്ലോ. എന്നാല്‍ തന്റെയും, തന്റെ വേണ്ടപ്പെട്ടവരുടെയും സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ക്കായി/ഉദരപൂരണത്തിനായി മനുഷ്യന്‍ പക്ഷിമൃഗാദികളെ - ആ മിണ്ടാപ്രാണികളെ കൊന്നു തിന്നുന്നു. നിന്നെ അങ്ങിനെ ഒരു മൃഗം ചെയ്‌താല്‍??? അത് മഹാപാപമായി - അക്രമം ആയി അല്ലെ?

 

ഏതാനും ദിവസങ്ങളിലെ സൌഹൃദത്തിനു അന്ത്യം സംഭവിച്ചിരിക്കുന്നു. ശകുന്തളക്കുവേണ്ടി എന്റെ മനസ്സ് വേദനിച്ചു.

 

സന്ദര്‍ഭവശാല്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അച്ഛന്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍മ്മ വന്നു: ഒരാളോടും, ഒന്നിനോടും അമിതമായ സ്നേഹം അരുത്. അത് മിക്കവാറും വേദനയിലേ കലാശിക്കൂ. ശരിയാണ് പിത്രുവാക്യം ഓര്‍മ്മയുണ്ടെങ്കിലും, പലപ്പോഴും ഇതാ ഈയുള്ളവന്‍ ഇങ്ങിനെയൊക്കെ അനുഭവിക്കാന്‍ വിധിക്കപ്പെട്ടതാണ് എന്ന് തോന്നുന്നു.

ബന്ധമൊന്നുമില്ലെങ്കിലും, പഴയ ഒരു ശോകഗാനം എന്തുകൊണ്ടോ ഓര്‍ത്തുപോയി -

ശകുന്തളേ നിന്നെ ഓര്‍മ്മ വരും....

 ശകുന്തളേ, ശകുന്തളേ......

 

ഇത്രയും എഴുതിയപ്പോള്‍, അതാ മനസ്സില്‍ എവിടെയോ മിന്നിമറയുന്നു - പല സിനിമകളിലും കണ്ടിട്ടുള്ള, എന്റെ പേരുള്ള, ആ നിത്യഹരിതനായകന്‍റെ ചിരിച്ചുകൊണ്ടുള്ള രോദനം!

28 അഭിപ്രായങ്ങൾ:

  1. സുഡാനിക്കറിയില്ലല്ലോ,അഭിഞ്ജാന ശകുന്തളവും,ഈ അഭിനവ ദുഷ്യന്തന്റെ വേദനയും..ഹ..ഹ..ഹ

    എന്തായാലും ഈ കുക്കുടപുരാണം ഇഷ്ടമായി.ഡോക്ടർ പറഞ്ഞ പോലെ മിണ്ടാപ്രാണികളുടെ
    വേദന ആരറിയുന്നു..??!!

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത്ര പെട്ടെന്ന്, കഥ വായിച്ചു അഭിപ്രായം പറഞ്ഞതില്‍, സന്തോഷം, നന്ദി സുഹൃത്തേ.

      ഇല്ലാതാക്കൂ
  2. കൊന്നാല് പാപം തിന്നാല് തീരുമെന്നാണല്ലോ പറയുന്നത്. ഒരു പക്ഷെ മനുഷ്യന്റെ പാപബോധത്തില് നിന്നുണ്ടായ ചൊല്ലായിരിക്കുമത്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊന്നാല്‍ പാപം തിന്നാല്‍ തീരും
      ഇത് ഞാന്‍ കണ്ടെത്തി
      വാഴ്വിന്‍ പൊരുളേത്......................

      എല്ലാം മനുഷ്യനെന്ന സ്വാര്‍ത്ഥജീവിയുടെ ഒഴിവുകഴിവുകള്‍ അല്ലെ....
      നന്ദി, സുഹൃത്തേ.

      ഇല്ലാതാക്കൂ
  3. എന്റെ ചെറുപ്പത്തില്‍, നാട്ടിലെ വീട്ടില്‍ ഒരു കോഴിയുണ്ടായിരുന്നു.ശകുന്തള അല്ല. ശീലാവതി എന്നായിരുന്നു അവളുടെ പേര്‍
    ഒരു ദിവസം എന്റെ ഏട്ടന്റെ ചില കൂട്ടുകാര്‍ വീട്ടില്‍ വന്നപ്പോള്‍ അവളെ അവര്‍ക്ക് വേണ്ടി കശാപ്പു ചെയ്തു. ഞാന്‍ കോളേജില്‍ നിന്ന് വന്നപ്പോള്‍ അമ്മ പറഞ്ഞു ശീലാവതി ഇല്ല എന്നു...അന്ന് ഞാന്‍ കുറെ കരഞ്ഞു. .
    നമ്മള്‍ ഒക്കെ ഇത്ര പാവം മനസ്സിന് ഉടമകള്‍ ആയതു കൊണ്ടാവാം ഇത് വായിച്ചപ്പോഴും എനിക്ക് സങ്കടം വന്നു.

    മറുപടിഇല്ലാതാക്കൂ
  4. അതെ, അതെ - എല്ലാം ഒരേ നുകത്തില്‍ കെട്ടി വലിക്കേണ്ട ജാതികള്‍ എന്ന് മറ്റുള്ളവര്‍ പറഞ്ഞു എന്ന് വരും. ഹ ഹ
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. ലോകപരിചയം കൊണ്ടുസിദ്ധിച്ച ഡോക്ടറുടെ അച്ഛന്‍ നല്‍കിയ ഉപദേശം
    സാരവത്താണ്...........
    ഗള്‍ഫില്‍ വളര്‍ത്തുന്ന (ഭാഷയറിയാത്ത) കുക്കുടവുമായുള്ള ബന്ധവും,വേര്‍പാടിന്‍റെ വേദനയും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. വളരെ മനോഹരമായി അവതരിപ്പിച്ചു..
    വല്ലഭന് പുല്ലും ആയുധം പോലെ,അയലത്തെ കോഴിയെക്കൊണ്ട് പല കാര്യങ്ങളും പറയിപ്പിച്ചു.
    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  7. ജീവിയ്ക്കാനുള്ള അവകാശം മനുഷ്യനുമാത്രമൊന്നുമല്ല. നമ്മള്‍ പലപ്പോഴും അത് വിസ്മരിയ്ക്കുന്നു. സാറിന്റെ അനുഭവക്കുറിപ്പുകളെല്ലാം വളരെ ഹൃദ്യമാകുന്നുണ്ട്. ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  8. പല കാര്യങ്ങളും ഒരേ സമയം തെറ്റും ശരിയും ആകാറുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് സര്‍. ചിലര്‍ക്ക് normal എന്ന് തോന്നുന്ന പല കാര്യങ്ങളും മറ്റു ചിലര്‍ക്ക് abnormal ആവാം. മനുഷ്യര്‍ അങ്ങിനെയാണ്.
      Thank u v much.

      ഇല്ലാതാക്കൂ
  9. എല്ലാവരുടെയും കാഴ്ചപ്പാട്‌ ഒരേപോലെയല്ലല്ലോ. ഒന്നു ചത്ത്‌ മറ്റൊന്നിന്‌ വളം. "കറി തിന്നാൻ കറി വന്നു കറി വീണു കറി ചത്തു" എന്ന പഴംചൊല്ല്‌ ഓർമ്മയിൽ വരുന്നു.ചീര തിന്നാൻ ആട്‌ വന്നു തേങ്ങ വീണ്‌ ആട്‌ ചത്തതാണ്‌ വിഷയം. ശകുന്തളയ്ക്ക്‌ അന്ത്യാഞ്ജലികൾ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, അതാണ്‌ ഞാന്‍ രാംജിസാറിനോടും പറഞ്ഞത്. ആദരാഞ്ജലികള്‍ വായിച്ചപ്പോള്‍ ഞാന്‍തന്നെ ചിരിച്ചുംപോയി. നന്ദി, സര്‍.

      ഇല്ലാതാക്കൂ
  10. ഒരു ദുഷ്യന്തന്‍ വൈകുന്നേരം ലാപ്ടോപ്ബാഗുമായി (പഴയ മലരമ്പ് പോലെ) വരുന്നത് കാത്തുനിന്ന ശകുന്തളയെ , കശ്മലന്‍ സുഡാനി മഹര്‍ഷി ശപിച്ച് ചില്ലിചിക്കനാക്കി.....:(

    ഒന്നിനേം അധികം സ്നേഹിക്കരുത് ന്ന് പറയല്ലേ ഡോ., സ്നേഹിക്കാന്‍ മാത്രമല്ലേ മനുഷ്യന് സാധിക്കൂ..., ദുഃഖം സ്നേഹത്തിന്റെ ആഫ്ടര്‍ എഫെക്റ്റ് ആണെന്ന് മാത്രം.

    മറുപടിഇല്ലാതാക്കൂ
  11. ഹ ഹ ഹ നന്ദി, സുഹൃത്തേ.
    സ്നേഹിച്ചോ മാഷെ, ഹൃദയം തുറന്നു സ്നേഹിച്ചോ. ഞാന്‍ ഒട്ടും എതിരല്ല. പക്ഷെ, എന്നെപ്പോലെ കരയാന്‍ നില്‍ക്കരുത് എന്ന് മാത്രം. :)

    മറുപടിഇല്ലാതാക്കൂ
  12. പാവം ശകുന്തള എന്ന് പറയാനുള്ള അവകാശം എനിക്ക് ഇല്ല ചേട്ടാ .. ചെറുപ്പത്തിലേ (പാപ -പുണ്യങ്ങളുടെ തിരിച്ചറിവ് വരും മുമ്പേ) ഇറച്ചിയും മീനും കഴിച്ചു ശീലമായത് കൊണ്ട്, അതില്‍ വലിയ വിഷമം അനുഭവപ്പെട്ടിട്ടില്ല .. എന്നാലും ഈ അനുഭവം വായിച്ചപ്പോള്‍ വിഷമം തോന്നി എന്ന് പറയാതെ വയ്യ ... എഴുത്ത് നന്നായി .. ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  13. ഇത് ഏട്ടാ മുന്‍പ് മെയില്‍ അയച്ചത് ഞാന്‍ വായിച്ചിട്ടുണ്ട്.
    നാട്ടിലെ ഓര്മ വന്നു. പണ്ട് നമ്മുടെ അമ്മ കോഴിക്കുട്ടികളെ കാക്ക കൊതികൊണ്ടുപോകതിരിക്കാന്‍ കളര്‍ അടിച്ചു വിടും എന്നിട്ട് പറയും അതിനെ നോക്കണം ട്ടോ കാക്ക കൊതികൊണ്ടുപോകാതെ എന്ന്.
    അതിനൊക്കെ ഇപ്പോള്‍ പുനര്‍ജ്ജന്മം കിട്ടിക്കാണും അല്ലെ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, ഹാ ഹാ
      ശരിയാണ്. നേരത്തെ അയച്ചുതന്നിരുന്നു,നര്‍മ്മം നന്നായിരിക്കുന്നു എന്ന കമെന്റും എഴുതിയിരുന്നു.
      നന്ദി.

      ഇല്ലാതാക്കൂ
  14. ശകുന്തളേ നിന്നെ ഓര്‍മ്മ വരും

    മറുപടിഇല്ലാതാക്കൂ
  15. ഏകാന്തതയില്‍ കോഴിയും സഖിയായി വരും. ബ്ലോഗ് നന്നായി.

    മറുപടിഇല്ലാതാക്കൂ

.