2012, ഡിസംബർ 31, തിങ്കളാഴ്‌ച

പല ജാതി പൂക്കള്‍ (ലേഖനം)


പല ജാതി പൂക്കള്‍  വിടര്‍ന്നു നില്‍ക്കും...


കവിയുടെ ഭാവന എത്ര അര്‍ത്ഥവത്താണ് എന്ന് നോക്കുക.

പൂക്കള്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടെന്നു തോന്നുന്നില്ല. പലര്‍ക്കും പല പൂക്കളോടാണ് ഇഷ്ടം. മനോഹരമായ വര്‍ണ്ണങ്ങളില്‍, അഴകാര്‍ന്ന രൂപങ്ങളില്‍, പരിമളം പരത്തുന്ന പുഷ്പ്പങ്ങള്‍ ആരെയാണ് ആകര്‍ഷിക്കാത്തത്?

ഒരു പുഷ്പ്പത്തിന്റെ ഭംഗിയെക്കുറിച്ചും, അതിന്റെ സുഗന്ധത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാം. അതുപോലെത്തന്നെയല്ലേ ഒരു നല്ല മനുഷ്യനെക്കുറിച്ചും. സദ്ചിന്തകളാലും, സല്‍പ്രവര്‍ത്തികളാലും അവന്‍/അവള്‍ മുകളില്‍ പറഞ്ഞ പുഷ്പ്പത്തെപ്പോലെയാണ് എന്നര്‍ത്ഥം.

മതപരമായ, ദൈവീകമായ ആചാരാനുഷ്ടാനങ്ങളിലൊക്കെ പൂക്കള്‍ ഉപയോഗിക്കപ്പെടുന്നു. മലയാളികളുടെ, ഓണാഘോഷങ്ങളോടനുബന്ധിച്ചുള്ള പൂക്കളമൊരുക്കലും, പൂക്കളമത്സരങ്ങളും ഒക്കെ എടുത്തുപറയേണ്ട കാര്യങ്ങളാണല്ലോ.


ആര്‍ഷഭാരത സംസ്കാരം സ്ത്രീകളെ ബഹുമാനിക്കുന്നു. അവര്‍ക്ക് ദേവികളുടെയും, പൂക്കളുടെയും പേരിടുന്നു. അതെ, നമ്മുടെ പ്രകൃതം പ്രകൃതി സൌന്ദര്യത്താലും, സ്ത്രീ സൌന്ദര്യത്താലും (വെറും ബാഹ്യമല്ല) അനുഗ്രഹീതമാണ്.  ഇവിടെ പൂക്കളും സ്ത്രീകളും അതിനു മുതല്‍ക്കൂട്ടാണ്.  അതൊന്നും മനസ്സിലാക്കാത്ത കശ്മലര്‍ അവരുടെ ഭാഷയില്‍ ''പെണ്ണിനെ'' പൂവിനെ എന്നപോലെ കശക്കി എറിയുന്നു! 
കവികളും കാമുകരും തങ്ങളുടെ വിചാരവികാരപ്രകടനങ്ങള്‍ക്കായി പൂക്കളെ മാധ്യമം ആക്കുന്നു. ഒരു 'പൂവിന്റെ ജന്മം കൊതി'ക്കുന്നവര്‍വരെയാണ് ഇവരില്‍!..

വിഖ്യാതമായ ഈ ചിത്രം നോക്കൂ:
കാലില്‍ ദര്‍ഭമുന കൊണ്ടിട്ടോ
മാറില്‍ പുഷ്പശരം കൊണ്ടിട്ടോ...




പൂവുകളുമായി ബന്ധപ്പെട്ട കവിതകളേക്കാള്‍ കൂടുതല്‍ സിനിമാഗാനങ്ങളാണ് ഓര്‍മ്മവരുന്നത്. ഒരുപക്ഷെ, നമ്മുടെ ഭാഷയില്‍ സിനിമാഗാനങ്ങളുടെ എണ്ണത്തിലുള്ള ബാഹുല്യംതന്നെ ആയിരിക്കാം അതിനു കാരണവും. പോരാത്തതിനു ഈ ഗാനങ്ങളെല്ലാം ഇടയ്ക്കു വല്ലപ്പോഴുമെങ്കിലും കേള്‍ക്കുന്നതും ആണല്ലോ? ആയതുകൊണ്ട്, അങ്ങനെയുള്ള ഗാനങ്ങളുടെ കുറച്ചു വരികള്‍ നമുക്ക് നോക്കാം:
.
നിന്റെ മിഴിയില്‍ നീലോല്‍പ്പലം
നിന്നുടെ ചുണ്ടില്‍ പൊന്നശോകം...
.
താമരപ്പൂ നാണിച്ചു
നിന്റെ തങ്കവിഗ്രഹം വിജയിച്ചു
.
കാറ്റുവന്നൂ കള്ളനെപ്പോലെ
കാട്ടുമുല്ലക്കൊരുമ്മ കൊടുത്തു...
.
ചെമ്പരത്തിപ്പൂവേ ചൊല്ല്
ദേവനെ നീ കണ്ടോ
.
കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
ഉടുക്കാന്‍ വെള്ളപ്പുടവ...
.
തെച്ചി മന്താരം തുളസീ
പിച്ചകമാലകള്‍ ചാര്‍ത്തി...
.
പാരിജാതം തിരുമിഴി തുറന്നൂ
പവിഴമുന്തിരി പൂത്തു വിടര്‍ന്നൂ...
.
അല്ലിയാമ്പല്‍ കടവിലന്നരക്ക് വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം...
'
സ്വര്‍ണ്ണത്താമര ഇതളിലുറങ്ങും
കണ്ണ്വതപോവന കന്യകേ...
.
വിസ്തരഭയത്താല്‍ കൂടുതല്‍ കുറിക്കുന്നില്ല. ഇനി, നിങ്ങള്‍ക്കാകാം.  

ശിവപ്പ്‌ റോജ എന്ന് തമിഴിലും, റെഡ് റോസ് എന്ന് ഹിന്ദിയിലും സിനിമ കണ്ടതായി ഓര്‍ക്കുന്നു. സിനിമയെക്കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നില്ല . റെഡ് റോസ് സ്നേഹത്തിന്റെയും, സൗന്ദര്യത്തിന്റെയും, രാഗവികാരത്തിന്റെയും ഒക്കെ സിംബല്‍ ആണ്. അതുപോലെ പല പൂക്കളും പലതിന്റെയും സിംബല്‍ ആണ്.

കാര്‍കൂന്തലില്‍ മുല്ലപ്പൂ ചൂടുന്ന മലയാളി മങ്കമാരെപ്പറ്റിയും ജമന്തി, കനകാംബരം തുടങ്ങിയ പൂക്കള്‍ ചൂടുന്ന തമിഴ് തരുണികളെപ്പറ്റിയും ഞാന്‍ ഒരിക്കല്‍ സന്ദര്‍ഭവശാല്‍ ഒരു സുഹൃത്തിനോട്‌ സംസാരിക്കാന്‍ ഇടയായി. അപ്പോള്‍, ഒരു കള്ളച്ചിരിയോടെ അയാള്‍ മൊഴിഞ്ഞു:

മുല്ലപ്പൂവും, മുല്ലപ്പൂവിന്റെ ഗന്ധവുമുള്ള മധുവിധു രാത്രികള്‍... ഹാ ഹാ... അതൊന്നു വേറെ തന്നെ.

പല പൂക്കള്‍ക്കും ഔഷധഗുണമുള്ളതിനാല്‍, ഔഷധനിര്‍മ്മാണത്തിലും പൂക്കള്‍ ഉപയോഗിക്കപ്പെടുന്നു. കാലെണ്ടുല മൂലകഷായം (Homoeopathic preparation) ആന്റിബയോട്ടിക് ആണ്. ചെണ്ടുമല്ലിപ്പൂവിനെയാണ് (marigold flower) കാലെണ്ടുല എന്ന് പറയുന്നത്. അതുപോലെ, ആ യു ര്‍ വേ ദ ത്തിലും, മറ്റു വൈദ്യശാഖകളിലും ഒരുപാട് പുഷ്പ്പങ്ങള്‍ ഔഷധങ്ങളായി വരുന്നുണ്ട്. (ബാച്ച് ഫ്ലവര്‍ റെമെഡീസ്, alt. medicine-നില്‍ പെടുന്നു. മാനസിക ചികിത്സക്ക് വരെ ഫലപ്രദമായ ഔഷധങ്ങള്‍ ഇതിലുണ്ട്.

എത്രയെത്ര പൂക്കള്‍ - എന്തെല്ലാം കാര്യങ്ങള്‍ക്കായി, ഏതെല്ലാം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നവ - പൂക്കളെപ്പറ്റിയുള്ള ഒരു വിശദമായ പഠനമല്ല ഈ ലേഖനത്തില്‍ ഉദ്ദേശിച്ചത്. എന്നിരിക്കിലും, ഈ ലേഖനത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളോടൊപ്പം, താങ്കളുടേതായ അറിവുകളും, ഗാന-കവിതാശകലങ്ങളും, പൂക്കളുടെ ചിത്രങ്ങളും ഒക്കെ ഇവിടെ പങ്കുവെക്കുക. പൂക്കളുടെ നൈര്‍മ്മല്യവും, ഗുണഗണങ്ങളും നമ്മില്‍ നിറയട്ടെ. 

ഇതാ സ്നേഹത്തിന്റെ സൌഹാര്‍ദ്ദത്തിന്റെ ഒരുപിടി പൂക്കള്‍......


2012, ഡിസംബർ 28, വെള്ളിയാഴ്‌ച

നാമധേയങ്ങള്‍ (കവിത)


നാമധേയങ്ങള്

(തുള്ളല്‍ കവിത)
 



 

 



പേരുകള്‍, പേരുകള്‍ - എന്തെല്ലാം പേരുകള്‍

പേരുകള്‍ നല്ലതും, പ്രവര്‍ത്തികള്‍ ചീത്തയും!

നല്ല പേര്‍ വിളിക്കുന്നു ശിശുക്കളെയൊക്കെയും

നല്ലനിലയില്ത്തന്നെ ചിന്തിച്ച പോലവേ

എന്നിരിക്കിലും നാമവുമായൊരു ബന്ധവുമില്ലാതെ

എതിരായ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നു ചിലര്‍

ദയാനന്ദനെന്നയാള്‍ ഒരു ദയയുമില്ലത്തവന്‍

ദാനശീലന്, ദാനം എന്തെന്നറിവീലപോല്‍

ധര്മ്മവീരനോ ഒരു ധര്‍മ്മവും ചെയ്യില്ല

സുശീല എന്നൊരു പേരുള്ള മഹിളാമണി

സുശീലങ്ങളൊന്നുമില്ലാത്തവള്‍തന്നെ

ശാന്ത എന്നൊരു പേരുള്ള മങ്കയും

ശാന്തതയുമായൊരു ബന്ധവുമില്ലത്രേ

സൌമ്യയെന്നൊരു സുന്ദരികുട്ടിയെ

സൌമ്യമായൊരിക്കലും കണ്ടവരില്ലത്രേ.

പേരുകള്‍, പേരുകള്‍ - എന്തെല്ലാം പേരുകള്‍

പേരുകള്‍ നല്ലതും, പ്രവര്‍ത്തികള്‍ ചീത്തയും!

2012, ഡിസംബർ 27, വ്യാഴാഴ്‌ച

ലഹരി (ചെറുകഥ)




ചെറുകഥ






നജീബ് തന്റെ മുറിക്കകത്ത് കടന്നു, പതുക്കെ വാതില്‍ ചാരിവെച്ചു. അവിടമാകെ പരിമളം പരന്നിരിക്കുന്നു - ഒരു ഹൂറിയെപ്പോലെ സുന്ദരിയായ തന്റെ പുതുമണവാട്ടിയുടെ സാമീപ്യം വിളിച്ചറിയിച്ചുകൊണ്ട്.

കട്ടിലില്‍ ഇരിക്കുകയായിരുന്ന മൈമുന നജീബിനെക്കണ്ടതും എഴുന്നേറ്റു നിന്നു.അടുത്തുപോയി, അവളുടെ തോളില്‍ ഒരു കൈ വെച്ചു, മറ്റേ കൈകൊണ്ടു മുഖം പിടിച്ചുയര്‍ത്തി, സുറുമയെഴുതിയ അഴകാര്‍ന്ന നയനങ്ങളില്‍ നോക്കിക്കൊണ്ട്‌ ചോദിച്ചു:

"ന്റെ മൈമുനാ, ന്നോട് ക്ഷമിക്കൂലെ?"

മൈമുന നിമിഷനേരത്തേക്ക് ഒന്നും ഉരിയാടിയില്ല. പിന്നീട് അവളുടെ വിറയാര്‍ന്ന ചെഞ്ചുണ്ടുകളില്‍ നിന്നും വാക്കുകള്‍ പുറത്തു വന്നു:

"പൊറുക്കേണ്ടത് ങ്ങടെ ഇക്കേല്ലേ, പിന്നെ പടച്ചോനും?"

നജീബ്, അതെ എന്നര്‍ത്ഥത്തില്‍ തലയാട്ടി. അയാള്‍ വളരെ പാശ്ചാത്താപവിവശനായി കാണപ്പെട്ടു. ഒരു ദുര്‍ബലനിമിഷത്തില്‍നജീബ് തന്റെ ഇക്കയെ തെറ്റിദ്ധരിച്ചു. അതിനെല്ലാം കാരണം ആ നശിച്ച ഉമ്മാച്ചുമ്മയാണ്. അവരുടെ സ്വഭാവം നല്ലപോലെ അറിയാം. ഇവിടെയുള്ളത് അവിടെ പറയും; അവിടെനടന്നത് മുഴുവന്‍ ഇവിടെ പറയും - മാത്രമോ അതൊക്കെ പൊടിപ്പും തൊങ്ങലുമൊക്കെ വെച്ചുകൊണ്ടായിരിക്കുകയും ചെയ്യും. ഓരോ ജന്മങ്ങള്‍ അങ്ങനെ. നജീബിന് അരിശം വന്നു. അതോടുകൂടി വിചാരം തന്നിലേക്ക് തിരിച്ചുവന്നു. അതെ, തന്നെവേണം പറയാന്‍ - മണ്ടന്‍, തിരുമണ്ടന്‍. വിദ്യാസന്ബന്നനെന്നു പറഞ്ഞിട്ടെന്തു കാര്യം? അയാള്‍ സ്വയം കുറ്റപ്പെടുത്തി. തന്നോളം വിദ്യാഭ്യാസം ഇക്കക്കില്ല.

മൈമുനയുമായി ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറയുന്ന സലിമിനെ ദൂരെനിന്നു കണ്ടിരുന്നു.സീനത്ത് മന്സിലിന്റെ - വീടിന്റെ ഉമ്മറത്ത, നിറഞ്ഞ വെളിച്ചത്തില്‍ മൈമുന പൊട്ടിപ്പൊട്ടി ചിരിക്കുന്നു! അവിടെ എത്തുന്നതിനു മുമ്പായിത്തന്നെ ആ നശിച്ച ഉമ്മ ഓടിവന്നു വിഷം കുത്തിവെച്ചു.

"മോനെ നജീബെ, ജ്ജ് ഇപ്പഴാണാ ബര്ണത്? ന്റെ റബ്ബേ. അബടെ കണ്ടാ, ജ്ജ് ഇല്ലാത്തപ്പ.......

മധുവിധുവിന്റെ മാസ്മരലഹരി അയവിറക്കിക്കൊണ്ട് വരികയായിരുന്ന നജീബിന്റെ രക്തം പെട്ടെന്ന് തിളച്ചു. അത് സലിമിനോട് തികച്ചും നീരസത്തോടെ സംസാരിക്കാന്‍ ഇടയാക്കുകയാണ്‌ണ്ടായിരുന്നത്.

"ന്റെ നജീബെ, നീ എന്താ....കുടിച്ചിരിക്ക്ണാ?" പുതുമാരനെ കാണാതെ വിഷമിച്ചിരിക്കുന്ന മൈമുന എന്ന അനിയത്തിക്കുട്ടിയെ സമാധാനിപ്പിക്കാന്‍ കുറച്ചുനേരം തമാശകള്‍ പറയുകയായിരുന്നു എന്നും മറ്റും അതിന്റേതായ രീതിയില്‍ സലിം പറഞ്ഞപ്പോളാണ് നജീബിന് തലയ്ക്കു വെളിവ് വീഴുന്നത്.

ഇല്ലിക്കാ, ഞാന്‍ കുടിച്ചിരുന്നില്ല. എന്നാല്‍ അതിനേക്കാള്‍ വലിയഒരു ലഹരി തലയ്ക്കു പിടിച്ചിരിക്കയായിരുന്നു - പുതുമണവാട്ടിയെന്ന ലഹരി. അതിന്റെകൂടെ ആ നശിച്ച.... ഛെ, വളരെ മോശമായിപ്പോയി. ഇക്കയോട് മാപ്പ് ചോദിച്ചു. ആ നല്ല മനുഷ്യന് തന്നോട് ഒരു വിരോധവുമില്ല. അതങ്ങനെയാണ്. താന്‍ ഇക്കയുടെ മുമ്പില്‍ എത്രയോ ചെറിയവന്‍ - എട്ടും പൊട്ടും തിരിച്ചരിയാത്തവന്‍. തമ്മില്‍ രണ്ടുവയസ്സിന്റെ വ്യത്യാസമേ ഉള്ളൂ എന്നതുകൊണ്ടോ എന്തോ,ഒരു സുഹൃത്തിനെപ്പോലെ പേരും, പലപ്പോഴും ഇക്ക എന്നും താന്‍ വിളിക്കുന്ന ഒരു ശുദ്ധഹൃദയന്‍....നജീബിന്റെ ഹൃദയം വല്ലാതെ വേദനിച്ചു.

വീണ്ടുവിചാരമില്ലാതെ, എടുത്തുചാട്ടംകൊണ്ട്, അനിഷ്ടകാര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എടാ വിവരമില്ലതവനെ, ഈ വിവരം ഇക്കതന്നെ നിന്നോട് എത്ര പ്രാവശ്യം പല സന്ദര്‍ഭങ്ങളിലായി സൂചിപ്പിച്ചിട്ടില്ല? അയാള്‍ സ്വയം ചോദിച്ചു.

"ഇക്ക ക്ഷമിച്ചു, ഇനി നീ ക്ഷമിച്ചൂന്നു പറ ന്റെ കരളേ", നജീബ് ഒരുവിധം പറഞ്ഞൊപ്പിച്ചു. മൈമുന പുത്യാപ്ലയുടെ നെഞ്ചില്‍ മുഖമമര്ത്തിക്കൊണ്ട് തേങ്ങി. അവള്‍ മുഖമുയര്ത്തിക്കൊണ്ട്, നജീബിന്റെ മുഖത്തുനോക്കി ചോദിക്കുകതന്നെ ചെയ്തു:

"ഇത്രേം കാലായിട്ടും ങ്ങക്ക് ഇക്കേനെ മനസ്സിലായില്ല. അപ്പഴ് ഇന്നലെ മിനിഞ്ഞാന്ന് ബന്ന എന്നേങ്ങനെ മനസ്സിലാകും, ബിശ്വസിക്കും?"

നജീബ് ആ വാക്കുകളുടെ ആന്തരാര്‍ത്ഥം മനസ്സിലാക്കി, ഒന്ന് പകച്ചുപോയി. പിന്നീട്, തന്റെ പ്രേയസിയെ സ്നേഹപൂര്‍വ്വം ഒന്നുകൂടി തന്നിലേക്ക് ചേര്‍ത്തുപിടിച്ചു; സ്വപ്നത്തിലെന്നപോലെ പുലമ്പി - മനസ്സിലാകും, എനിക്കെല്ലാം മനസ്സിലാകും എന്റെ പൊന്നേ.

പരിസരബോധമുണ്ടായതുപോലെ നജീബ് പെട്ടെന്ന് വാതിലിനടുത്തേക്ക് നടന്നു. ചാരിയിട്ടിരുന്ന വാതില്‍ ശരിക്കടച്ചു. എന്നിട്ട്, മൈമുനയെനോക്കി. അവളുടെയും അതുവരെയുണ്ടായിരുന്ന മൂഡു മാറിത്തുടങ്ങിയിരിക്കുന്നു. അപ്പോള്‍, അയാള്‍ പെട്ടെന്നോര്‍മ്മ വന്നൊരു പഴയ ഗാനം ഒരു കള്ളച്ചിരിയോടെ പാടി:

ലഹരീ, ലഹരീ, ലഹരീ

ലാസ്യ ലഹരീ, ലാവണ്യ ലഹരീ

ലഹരി ലഹരി ലഹരി......

മൈമുന എല്ലാം മറന്നു ചിരിച്ചുതുടങ്ങി. അതെ, ലഹരിമയം! അവള്‍ യാന്ത്രികമായി മുന്നോട്ടുനീങ്ങി, തന്റെ മാരന്‍ നീട്ടിയ കരങ്ങളില്‍ ഒതുങ്ങി..............