2016, മാർച്ച് 24, വ്യാഴാഴ്‌ച

അപ്പുവും അപ്പൂപ്പനും


Blog post No: 432 -

അപ്പുവും അപ്പൂപ്പനും

(ബാല സാഹിത്യം)


അപ്പു, അപ്പൂപ്പന്റെ കയ്യിൽപ്പിടിച്ചു നടന്നു. നടക്കുന്നതിനിടയിൽ അപ്പൂപ്പനോട്‌ എന്തൊക്കെയോ സംശയങ്ങൾ ചോദിച്ചു. അപ്പൂപ്പൻ അതിനു ഉചിതമായ മറുപടികൾതന്നെ കൊടുത്തു.

''അപ്പൂപ്പാ, ഞാൻ ഇനി കുറച്ചുദൂരം തന്നേ നടക്കട്ടെ?''

അപ്പൂപ്പൻ മനസ്സല്ലാ മനസ്സോടെ സമ്മതിച്ചു. ''സൂക്ഷിച്ചു നടക്കണം'', ഒരു മുന്നറിയിപ്പ് കൊടുക്കാനും മറന്നില്ല.

''ശരി''. അപ്പു ഉത്സാഹത്തോടെ നടന്നു. ഒരു കൊച്ചു കുന്നു കയറി. പുറകിൽ അപ്പൂപ്പനും. അപ്പു സന്തോഷം കൊണ്ട് തുള്ളിച്ചാടി.

കുന്നിറങ്ങി കുറെ കഴിഞ്ഞപ്പോൾ അപ്പു ഒരു കുഴിയിൽ അറിയാതെ കാൽ വെച്ചു. പാവം വീണു കരയാൻ തുടങ്ങി. അപ്പൂപ്പൻ സമാധാനിപ്പിച്ചു. എന്നിട്ട്, അപ്പുവിന്റെ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കിക്കൊണ്ട് ഒരു ഉപദേശവും കൊടുത്തു:

നമ്മുടെ ജീവിതവും ഇതുപോലെ ആണ്. കുന്നും കുഴിയും നിറഞ്ഞത്. കുന്നു കയറുമ്പോൾ സന്തോഷിക്കുന്ന നാം, കുഴിയിൽ വീഴുമ്പോൾ ദു:ഖിക്കുന്നു. കുഴിയിൽ വീഴാതെ ശ്രദ്ധിക്കുക. വീണാൽ, ദുഖിക്കാതെ, സ്വയം ആശ്വസിക്കാൻ നോക്കുക.

''മനസ്സിലായോ?'' അപ്പൂപ്പൻ അപ്പുവിനോട് ചോദിച്ചു.

''ഉവ്വ്'' അപ്പു കരച്ചിനിടയിൽ ചിരിക്കാൻ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു. വീണ്ടും അപ്പൂപ്പന്റെ കൈ പിടിച്ചു നടന്നു.

2016, മാർച്ച് 21, തിങ്കളാഴ്‌ച

സമാധാനം!


Blog-post No: 431-

സമാധാനം!

സമാധാനമെവിടെയെന്നു തിര-

ക്കുന്നു ഞാൻ കാലങ്ങളായ്;

സമാധാനമൊട്ടുമേ കണ്ടില്ല ഞാ-

നൊരിക്കലു,മെവിടെയുമിന്നേവരെ !

പെട്ടെന്നൊരിക്കലുദിച്ചുയെൻ 

ചിന്തയിലൊരു പുത്തൻ വെളിച്ചം -

സമാധാനത്തോടെ വീക്ഷിക്കണം,

ചിന്തിക്കണം, വർത്തിക്കണ-

മെങ്കിൽ നീയനുഭവിക്കും.... 

യുഗയുഗങ്ങളായ് തിരക്കുന്ന 

നിന്നുള്ളിൽത്തന്നെയുള്ളയീ

സർവ്വവ്യാപിയാം സമാധാനം!

2016, മാർച്ച് 12, ശനിയാഴ്‌ച

ഞങ്ങളുടെ വഴക്കു തീർന്നു!


Blog Post No: 430 -

ഞങ്ങളുടെ വഴക്കു തീർന്നു!

(മിനിക്കഥ)


അവൾ കാലു മാറി, മാസങ്ങളോ വർഷങ്ങളോ ആയി ''അടുത്ത്'' പെരുമാറി, മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചശേഷം!

ദിവസങ്ങൾ കഴിഞ്ഞു. അവനു ഭൂതോദയം ഉണ്ടായി. തനിക്ക് എവിടെയാണ് തെറ്റു പറ്റിയത്? ശരിക്കും ഒരു ''പോസ്റ്റ്‌മോര്ട്ടെം'' നടത്തി. അനന്തരം അതുപ്രകാരം ''ആ ക് ഷ ൻ'' എടുത്തു. എല്ലാം ശുഭം! അവൻ ഉള്ളുതുറന്നു ചിരിച്ചു.

അവൾക്കെഴുതുകതന്നെ ചെയ്തു - ഞങ്ങൾ ഭാര്യാഭര്ത്താക്കന്മാരുടെ വഴക്കു തീർന്നു കേട്ടോ. പ്രേമ, കാമ വികാരങ്ങളിൽ, ചെയ്തികളിൽ ഉത്സുകരായി സന്തോഷത്തോടെ ജീവിക്കുന്നു. നീ തന്ന ഉർവശിശാപത്തിൽ വിഷമം തോന്നിയിരുന്നുവെങ്കിലും അതൊരു ഉപകാരമായി ഭവിച്ചിരിക്കുന്നു. നന്ദി, നന്ദി.

2016, മാർച്ച് 7, തിങ്കളാഴ്‌ച

ഇന്നു മഹാശിവരാത്രി.


Blog post no: 429 -

ഇന്നു മഹാശിവരാത്രി.


പണ്ട് ശിവരാത്രിക്ക് എല്ലാവരും രാത്രി ഉറക്കം കളഞ്ഞ് പല വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നത് ഓര്മ്മവരുന്നു. അതിൽ പ്രധാനം തവിട്ടുക്കുറി.

കുറെ തവിട് കൊണ്ടുവന്നു വെക്കും. ഓരോരുത്തരും ഒരു നിശ്ചിത നാണയം മുടക്കും. അഞ്ചു പൈസ, പത്ത് പൈസ..... അതൊക്കെ തവിട്ടിൽ നല്ലപോലെ കലര്ത്തി എത്ര ആളുകൾ ഉണ്ടോ അത്ര ഭാഗങ്ങൾ ആക്കി വിഭജിക്കും. ഓരോ തവിട്ടുക്കൂനയിലും കളിക്കാരുടെ പേരുകൾ എഴുതിയ തുണ്ടുകടലാസ് കുലുക്കിഎടുത്തശേഷം വെക്കും. തവിട് നല്ലപോലെ തിരഞ്ഞ് അതിൽനിന്നു കിട്ടുന്ന നാണയം / നാണയങ്ങൾ അയാൾക്ക്‌ സ്വന്തം. ചിലപ്പോൾ ഒന്നുമുണ്ടാവില്ല. ചിലര്ക്ക് നല്ലപോലെ കിട്ടും. കളി തുടരും. ചിലര് പാപ്പരാകും. ചിലര് ''കടം'' വാങ്ങിച്ചത് കൊടുക്കാൻ ആവാതെ ചമ്മും. ചിലര് ''ചില്ലറപ്പണക്കാർ'' ആകും. മിക്കവാറും തറവാട്ടിലുള്ള എല്ലാവരും പങ്കെടുക്കും. ബന്ധുക്കളും അയല്പക്കക്കാരും ഉണ്ടാകും.

അങ്ങനെയും ഒരു കാലം.