2013, ഏപ്രിൽ 17, ബുധനാഴ്‌ച

നിന്നെ സമ്മതിക്കണം (നര്മ്മം)

നിന്നെ സമ്മതിക്കണം (നര്മ്മം)
സുഹൃത്തുക്കളേ, രാമേട്ടയാണ് ഈ കഥയിലെ നായകന്‍. (ഈ പാലക്കാടന്‍ നായന്മാര്‍, മറ്റു പല വാക്കുകളെയും പോലെ, ഏട്ടനേയും അല്‍പ്പം ആറ്റിക്കുറുക്കി 'എട്ട' എന്നാക്കും. ഏട്ടമീൻ എന്നൊരു മീനിന്റെ പേര് പറയുന്ന കേട്ടിട്ടുണ്ട്. അതും ഈ ഏട്ടയുമായി ബന്ധമൊന്നുമില്ല കേട്ടോ. :) ) രാമേട്ടയെ കണ്ടാൽ ഏകദേശം ശശി തരൂരിനെ പോലെ ഇരിക്കും.  (വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അല്ല എന്ന് പറയേണ്ടതില്ലല്ലോ. ഏതായാലും നാട്ടുകാരല്ലേ. ചില സിനിമകളിലൊക്കെ ബന്ധം പറയുന്നപോലെ പറഞ്ഞാൽ, വളുഞ്ഞു വളഞ്ഞു വളഞ്ഞ ബന്ധുവുമായിരിക്കാം.) കുമാരേട്ട ഉപനായകനും. കുംബാരന്‍ എന്ന് പുള്ളിക്ക് ഒരു ഇരട്ടപ്പേരും കൂട്ടുകാരുടെ ഇടയില്‍ പ്രസിദ്ധം. പിന്നെ, രണ്ടു അപ്രധാന കഥാപാത്രങ്ങള്‍ - ഞാന്‍ അടക്കം. ക്ഷമിക്കണം - നായിക ഇല്ല. മാത്രമല്ല, ഒരു മഹിളാമണിയെങ്കിലും ഇതില്‍ ഇല്ല. ആയതുകൊണ്ട്, പുരുഷ കേസരികളേ, തരുണീമണികളേ (ഹൂം, തൊണ്ട ശരിയാക്കട്ടെ) ഈ കുത്തിക്കുറിച്ചിരിക്കുന്നത് വായിക്കാന്‍ മടി കാണിക്കല്ലേ. പ്രശ്നം ഇല്ലല്ലോ, അല്ലെ? അതോ, കട്ടേം പടോം മടക്കണോ?

ശരി, നമുക്ക് ഏതായാലും ഒരു കൈ നോക്കിക്കളയാം, എന്താ? രാമേട്ട ഒരു തനി നാടന്‍ കഥാപാത്രം ആണ്. അധികം വിദ്യാഭ്യാസം ഇല്ല. (പുള്ളിക്കാരന്‍, ഒരിക്കല്‍, തനിക്കു 'എസ്ട്ടേപ്ള്‍' ഉണ്ട് എന്ന് പറഞ്ഞത് ഞങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ പെട്ട ഒരു പാടേ.... എന്താണ് അത് എന്ന് കേള്‍ക്കണോ? ഓ പിന്നേ, അങ്ങനങ്ങ് സുഖിക്കണ്ടട്ടോ. വഴിയെ പറയാം, അല്ലാ പിന്നെ.) പ്രായത്തില്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ ആണെങ്കിലും, ഞങ്ങള്‍ക്ക് ആര്‍ക്കും അതൊരു തടസ്സം ആയിരുന്നില്ല. പുള്ളിക്കാരന്റെ ആരാധനാപാത്രം പ്രേംനസീർ ആണ്.  പ്രേംനസീറിന്റെ റിലീസ് ആയ പടം, ''ചൂട് ആറാതെ'' കാണും.  വന്നിട്ട് കഥ പറയും.  അത് ശരിക്ക് മനസ്സിലാകണമെങ്കിൽ, കേൾക്കുന്നവർ അതുപോയി കാണുകതന്നെ വേണം. രമേട്ടയെ ചുറ്റിപ്പറ്റി കുറെ കഥകള്‍ ഉണ്ട്. അതില്‍ ഒന്ന് ഇവിടെ എഴുതുകയാണ്. എല്ലാവരും തൂങ്ങിപ്പിടിച്ചിരിക്കാതെ ഒന്ന് ഉഷാര്‍ ആകൂ നോക്കട്ടെ............ അങ്ങനെ....

അപ്പോള്‍, ഞാന്‍ തുടങ്ങുന്നു, ഓക്കേ? രാമ, രാമ, രാമ..........

***

ഞങ്ങളുടെ കുളിക്കാന്‍ പോക്ക്, സിനിമക്ക് പോക്ക്, അങ്ങനെ പല 'പോക്കു വരവും' ഒരുമിച്ചായിരുന്നു. ങ്ങ്ഹാ, പറഞ്ഞില്ല - രാമേട്ട നല്ലൊരു വെപ്പുകാരന്‍ ആണ് കേട്ടോ. വെപ്പുകാരന്‍ എന്ന് പറഞ്ഞപ്പോള്‍ തെറ്റിദ്ധരിക്കേണ്ട - എല്ലാവരെയും 'വെക്കാന്‍' മിടുക്കന്‍ എന്നല്ല. ആള്‍ ശുദ്ധ പാവം. സദ്യവട്ടങ്ങള്‍ ഒരുക്കുന്നതിൽ  മേല്‍നോട്ടം വഹിക്കുന്ന ആള്‍ - അതാണ്‌ ഈ  'വെപ്പുകാരന്‍'.  രാമൻ ഉണ്ടെങ്കിൽ എന്റെ ആവശ്യം ഇല്ലല്ലോ എന്ന് സ്ഥലത്തെ പ്രധാന വെപ്പുകാരനായ കിച്ചാമണി അയ്യര് തന്നെ പറഞ്ഞിട്ടുണ്ടത്രേ. 

ഒരു ദിവസം, സന്ധ്യാസമയത്ത് പുഴയില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍, രാമേട്ട പറഞ്ഞു:

"
ത്ര നല്ല സ്ഥലോല്ലേ? വ്ടന്നു പുവ്വാൻ തോന്ന്ണില്ല്യാ. പക്ഷെ, ഞാന്‍ ആലോചിക്യെണ്, ആരെങ്കിലും വ്ടെ നട്ടുരാത്രി വരാന്‍ ധൈര്യപ്പെട്‌വോ?" (കാരണം, പ്രത്യേകിച്ച്, തൊട്ടു അടുത്ത്‌ ശ്മശാനം ആണേ. പുള്ളിക്കാരന്‍, അതുമായി ബന്ധപ്പെട്ട കാര്യം ആരെങ്കിലും പറഞ്ഞുതുടങ്ങിയാല്‍, കണ്ണുരുട്ടി, ഭയവിഹ്വലനായി നിശ്ചലനായി ഇരുന്നോളും.)

"
ആര് പറഞ്ഞു, ഞാന്‍ വരുഓല്ലോ." അത് കുമാരേട്ട വക.

ചുരുക്കിപ്പറഞ്ഞാല്‍, രണ്ടുപേരുംകൂടി ഒരു പന്തയം വെക്കുകതന്നെ ചെയ്തു.

രാമേട്ട, ഒരു തെങ്ങിന്റെ പട്ടത്തണ്ട് വലിച്ചുകൊണ്ട് വന്നു. അതില്‍ ചില അടയാളങ്ങള്‍ ഒക്കെ ഇട്ടു. ആ പട്ടത്തണ്ട് ഭദ്രമായി, ആരുടേയും കണ്ണില്‍ പെടാത്ത വിധത്തില്‍ ഒരു സ്ഥലത്ത്, ഞങ്ങളെ കാണിച്ച ശേഷം വെച്ചു. അത്‌, കുമാരേട്ട രാത്രി ഒരു മണിക്ക് ഇവിടെ വന്ന് എടുത്ത്, ഞങ്ങളെ കാണിക്കണം.

രാമേട്ടയടക്കം ഞങ്ങള്‍ നാല് പേര്‍, അന്ന് രാമേട്ടയുടെ വീട്ടിലെ കോലായില്‍ കിടന്നു. രാത്രി ഏകദേശം ഒരുമണിവരെയും ആരും ഉറങ്ങിയില്ല. ഒരുമണിക്ക്, പറഞ്ഞത് പ്രകാരം, കുമാരേട്ട യാത്രയായി - ആ പട്ടത്തണ്ട് എടുത്തുകൊണ്ടു വരാന്‍.

നിമിഷങ്ങള്‍ കൊഴിഞ്ഞുവീണു. ഞങ്ങള്‍ക്ക് പേടി പിടിക്കാന്‍ തുടങ്ങി. ദൈവമേ, കുമാരേട്ടക്കു വല്ലതും സംഭവിക്കുമോ. ഇത്തവണ ഞാനും കണ്ണുരുട്ടാന്‍ തുടങ്ങി. കൂട്ടത്തില്‍ കുട്ടിയാണെങ്കിലും, അരുതാത്തത്തിനു കൂട്ട് നിന്നോ, എന്റെ കോഴിക്കാട്ടു മുത്തീ. വല്ലാത്തൊരു മൂത്രശങ്ക.

ഇല്ലാ, അതാ, കുമാരന്‍ നായര്‍ നായ കിതക്കുംപോലെ  കിതച്ചുകൊണ്ട് ഓടി എത്തി. കയ്യില്‍ പട്ടത്തണ്ടുമുണ്ട്. പട്ടത്തണ്ട് അതുതന്നെ. കുമാരേട്ടയുടെ നനഞ്ഞ കാലുകളില്‍ മണല്‍ പറ്റിപ്പിടിച്ചിരുന്നു. രാമേട്ട നെടുവീര്‍പ്പിട്ടു.

അദ്ദേഹം (രാമേട്ട) മുണ്ട് പൊക്കി. തെറ്റിദ്ധരിക്കേണ്ടട്ടോ. ബി പോസിറ്റീവ്. അനിഷ്ട സംഭവത്തിനൊന്നും അല്ല. അണ്ടര്‍വിയറിന്റെ പോക്കറ്റില്‍ കയ്യിട്ടു കാശെടുത്തതാണ്.. ഞങ്ങള്‍ ആ പൈസകൊണ്ട് പിറ്റേ ദിവസം ഒരു സിനിമ കണ്ടു. പിന്നെ, കുശാലായി ഹോട്ടല്‍ ഐറ്റങ്ങളും തട്ടി വിട്ടു.

ദിവസങ്ങള്‍ക്കു ശേഷം, കുമാരേട്ട അന്ന് നടന്ന സംഭവം വിവരിച്ചത് ഇങ്ങനെ ആയിരുന്നു:

അന്ന് കുളി കഴിഞ്ഞു വീട്ടില്‍ എത്തിയ ശേഷം, മൂപ്പര്‍ക്ക് പേടിപിടിക്കാന്‍ തുടങ്ങി. ഒരു മണിക്ക് ശ്മശാനത്തിനടുന്നത്ത്കൂടി പോകണ്ടേ? അപ്പോള്‍, ഒരു വിദ്യ പ്രയോഗിച്ചു. ഞങ്ങളുടെ കൂട്ടത്തിലുള്ള മൂന്നാമത്തെ ആളെയും കൂട്ടി, കുറെ നേരത്തിനു ശേഷം പെട്ടെന്ന് പുഴയിലേക്ക് തിരിച്ചുപോയി, ആ പട്ടത്തണ്ട് അവിടെനിന്നു എടുത്ത്, വഴിയില്‍ - ഏകദേശം പകുതി വഴിക്ക് വെച്ചു - റോഡിന്‍റെ അരികില്‍ ഇട്ടിരുന്ന വലിയ ഒരു ഉരുളങ്കല്ലിന്റെ പിന്നിലായി വെച്ചു. (ഇന്നത്തെ റോഡ്‌ റോളര്‍ ഒക്കെ വരുന്നതിനു മുമ്പ് റോഡ്‌ നന്നാക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു വലിയ ഉരുളന്‍ കല്ല് ത്യജിക്കപ്പെട്ട നിലയില്‍ അവിടെ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ വളരെ ആയി. അതിനെ 'എലമലയന്‍ കല്ല്' എന്ന് നാട്ടുകാര്‍ വിളിക്കുന്നു.)

പാതിരാത്രി നേരെ, കുമാരേട്ട, എലമലയങ്കല്ലിന്റെ പുറകില്‍ വെച്ചിരുന്ന പട്ടത്തണ്ടുമായി മടങ്ങി. വഴിയില്‍ തന്നെയുള്ള സ്കൂള്‍ എത്തുന്നതിനു മുമ്പായി, വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്ന പാടത്ത് ഇറങ്ങി കാലുകള്‍ നനച്ചു. സ്കൂളിനു പുറത്ത് അറ്റകുറ്റപ്പണികള്‍ക്കായി വെച്ചിരുന്ന്ന മണലില്‍ ഒരു ഒരു കൊച്ചു താണ്ഡവനൃത്തം തന്നെ പാസ്സാക്കി. കുറച്ചു നേരം അവിടെ ഇരുട്ടിന്റെ മറവില്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ ഇരുന്നു. അനന്തരം, ബാണം തൊടുത്തുവിട്ടപോലെ ഓടി എത്തി.
ഇത്രയുമാണ് ഫ്ലാഷ് ബാക്ക്. അപ്പോള്‍ മാത്രമാണ്, ഞാന്‍ കഥയൊക്കെ അറിയുന്നത്. അമ്പട വീരാ കുംബാരാ.

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. രാമേട്ടക്ക് ഇപ്പോഴും ഇതൊന്നും അറിയില്ല! ഈ കഥ ഓര്‍മ്മപ്പെടുത്തിയാല്‍, രാമന്‍ നായര്‍, കുമാരന്‍ നായരോട് ഇപ്പോഴും പറയും, തലയാട്ടി, കണ്ണുകള്‍ ഉരുട്ടിക്കൊണ്ട്‌:

"
നെന്നെ സമ്മതിക്കണോടപ്പാ."


ഇനി, മുകളിൽ ആദ്യം രാമേട്ട പറഞ്ഞ എസ്റ്റെപിള് എന്താണ് എന്ന് അറിയേണ്ടേ? ഗ്യാസ് ട്രബിള്! 


27 അഭിപ്രായങ്ങൾ:

  1. പഴയ വീരകഥകള്‍ വെറും നിഷ്കളങ്കമായ തമാശകളാണ്.അത് കേട്ടിരിക്കുക ഒരു പ്രത്യേക രസവും അതിന്റെ ഭാഗമാവുക ഒരു ഭാഗ്യവുമാണ്. ആ ബാല്യകാലം വീണ്ടും അയവിറക്കാനായി.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഓര്‍ക്കാന്‍ രസകരമായ എന്തൊക്കെ അനുഭവങ്ങള്‍ അല്ലെ ,,,എന്തായാലും, കുമാരേട്ടയെ ഞാന്‍ സമ്മതിച്ചു ,ശ്മശാനത്തിലെക്ക് പോയില്ലെങ്കിലും ആ നട്ടപാതിരക്കു ഇത്രയെങ്കിലും ഒപ്പിച്ചില്ലേ ....

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട് ....കൂടുതല്‍ നര്‍മ്മ കഥകള്‍ പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Welcome to my blog.
      സന്തോഷം, നന്ദി, സുഹൃത്തേ.
      ഇതുകൂടാതെ നർമ്മങ്ങൾ, ലേബലുകൾ എന്നതിന്റെ താഴെ, നർമ്മo - ശ്രദ്ധിക്കുമല്ലോ.

      ഇല്ലാതാക്കൂ
  4. 'രമേട്ട' അസാധ്യകഥാപാത്രാണല്ലോ.. ഡോക്ടര്‍ സാറേ...!!!
    'മുണ്ട് പൊക്കി. തെറ്റിദ്ധരിക്കേണ്ടട്ടോ. ബി പോസിറ്റീവ്. അനിഷ്ട സംഭവത്തിനൊന്നും അല്ല. അണ്ടര്‍വിയറിന്റെ പോക്കറ്റില്‍ കയ്യിട്ടു കാശെടുത്തതാണ്.'
    നര്‍മ്മംന്ന്‍ വെച്ചാ.. ഇങ്ങനെ കാച്ചണം സാറേ..!!!
    പഴേ ഒരു ഭാസി-ബഹദൂര്‍ പടം കണ്ട പ്രതീതി..
    പണ്ടത്തെ ഓര്‍മ്മകള്‍ പാടവരമ്പും, കുളവും..!!
    ഒക്കെ ഒരു രസാ..ന്‍റെ.. സാറേ..
    ആയുഷ്മാന്‍ ഭവ:

    മറുപടിഇല്ലാതാക്കൂ
  5. കുമാരൻ നായരുടെ നനഞ്ഞ കാലും,കാലിലെ മണലും... സാഹചര്യത്തെളിവുകൾ എന്നെയൊന്നു തെറ്റിദ്ധരിപ്പിച്ചു കളഞ്ഞു.

    കള്ളമല്ലൊട്ടു ഞാൻ ശങ്കിച്ചു പോയിതേ
    പുള്ളി പേടിച്ചങ്ങു മുള്ളിയതാണെന്ന്..!!


    പിന്നല്ലേ സത്യമറിഞ്ഞത്. അമ്പട വീരാ കുംബാരാ...


    നർമ്മം കലക്കി ഡോക്ടർ.

    ശുഭാശംസകൾ...



    http://sugandham1.blogspot.com/2013/04/blog-post.html

    മറുപടിഇല്ലാതാക്കൂ
  6. രാമേട്ടയെ സമ്മതിയ്ക്കണം കേട്ടോ. ഇനിയും ഇത്തരം പ്രതീക്ഷിയ്ക്കുന്നു. താങ്കളുടെ നിഷ്കളങ്കമായ ഒരു വേറിട്ട ശൈലി തന്നെ ഉരുത്തിരിഞ്ഞു വരുന്നുണ്ട്. ആശംസകള്‍ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  7. പ്രിയ ഡോക്ടര്‍,

    നര്‍മ്മത്തില്‍ ചാലിച്ച് എഴുതിയ സംഭവം നന്നായി!!
    ഞാന്‍ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുള്ളതുപോലെ താങ്കളുടെ രചനകളിലെ
    വൈവിദ്ധ്യം എന്നെ എപ്പോഴും അതിശയിപ്പിക്കുന്നു!!!!
    നന്മ്മകള്‍ നേരുന്നു ഡോക്ടര്‍, ഒപ്പം ആശംസകളും.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്ച്ചയായും ഈ പ്രോത്സാഹനം തന്നെയാണ് വൈവിദ്ധ്യമുള്ള രചനകള്ക്ക് പിന്നിൽ.
      സന്തോഷം, നന്ദി, സുഹൃത്തേ

      ഇല്ലാതാക്കൂ
  8. പഴയകാലത്തെ ഓര്‍മ്മയിലെ അനുഭവങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ
    ശൈലീവൈദഗ്ധ്യത്തോടെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
    ഇനിയും എത്രയെത്ര രാമേട്ടയും,കുമാരേട്ടയും അല്ലേ ഡോക്ടര്‍.
    അതിനായി കാത്തിരിക്കുന്നു.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  9. നടന്നുപോന്ന വഴികളില്‍ ഇങ്ങിനെ എന്തെല്ലാം ഏതെല്ലാം മറപറ്റിയിട്ടുണ്ടാവും.ചികഞ്ഞെടുക്കുമ്പോള്‍ ഗൃഹാതുരത്വം വഴിഞ്ഞൊഴുകും...ഇവിടെയും ഒരു നര്‍മ്മ ശകലം ചെറുപ്പത്തെ അയവിറക്കുന്നു.അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  10. രാമേട്ടയേയും കുമാരേട്ടയേയുമൊക്കെ വളരെ ഇഷ്ടപ്പെട്ടു .... നര്മ്മം പരഞ്ഞൊപ്പിക്കാൻ പ്രത്യേക സിദ്ധി തന്നെയുണ്ട്‌. ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  11. എന്താണ് ബ്ലോഗുകള്‍ എനിക്കു കിട്ടുന്നില്ലല്ലോ.?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാൻ ഷെയർ ചെയ്യാറുണ്ടല്ലോ. ചെക്ക് ചെയ്യൂ സർ.
      Thanks.

      ഇല്ലാതാക്കൂ
  12. ഈ രാമേട്ട നമ്മടെ കണ്ണില്‍ പെടാതെ ഇത്ര നാള്‍ ഒളിച്ചുകളിക്കുകയായിരുന്നോ?
    ഇപ്പഴാണല്ലോ കണ്ടത്!

    മറുപടിഇല്ലാതാക്കൂ

.