''അയ്യോ, എന്റെ പണം''
(ചെറുകഥ)
ഹംസ
ഇസ്മയിലിനു ഓഫീസിൽ നല്ല ജോലിയുണ്ടായിരുന്നു. ദോഹയിലെ
പ്രധാന ട്രേഡിംഗ് കമ്പനികൾ ഒന്നിന്റെ ഓഫീസാണത്. ഓഫീസ് ഐഡിയിലെ ഇ-മെയിലിൽ
നിറച്ചും സന്ദേശങ്ങൾ കണ്ടു. ഹംസ ഓരോന്നായി വായിച്ചു, വേണ്ടിടത്ത്
മറ്റു റെക്കോർഡുകൾ ചെക്കുചെയ്തു മറുപടി കൊടുത്തു. ചിലത് നോട്ടു ചെയ്തുവെച്ചു -
ചെക്കുചെയ്തു പിന്നീടയക്കാൻ. ഇടക്കു പല കാര്യങ്ങള്ക്കായി വരുന്ന
സഹപ്രവര്ത്തകരും, ടെലിഫോണ്‍ കാളുകളും ആ ഓഫീസ് അന്തരീക്ഷം
കൂടുതൽ തിരക്കുള്ളതാക്കി ആക്കി.
തന്റെ
ജോലികൾ ആകുന്നതും പെട്ടെന്ന് ചെയ്തുതീര്ക്കുന്ന പ്രകൃതമാണ് ഹംസയുടേത്. തിരക്കാണെങ്കിലും, പ്രൈവെറ്റു
മെയിൽസ് വല്ലതും ഉണ്ടോ എന്ന് നോക്കി. ആവുന്നതും വ്യക്തിപരമായ
കാര്യങ്ങള്ക്കായി ഓഫീസ് സമയം ഉപയോഗിക്കാറില്ല. എങ്കിലും, കാലത്തും
വൈകീട്ടും ഓരോ പ്രാവശ്യമെങ്കിലും പ്രൈവെറ്റു മെയിൽസ് ചെക്ക് ചെയ്യാറുണ്ട്. ബാങ്കിൽ
നിന്നും അതാ ഒരു കൊച്ചു സന്ദേശം - നിങ്ങളുടെ അക്കൌണ്ടിലേക്ക് ഒരു ക്രെഡിറ്റ്
ഇൻഫർമേഷൻ വന്നിട്ടുണ്ട്. ട്രാൻസാക്ഷൻ കോഡു കണ്‍ഫേം ചെയ്യുക. ഓക്കേ.
അതിനെന്താ - ഒന്നുരണ്ടു കൊച്ചു സംഭാവന തുകകൾ അയച്ചത് ഏതെങ്കിലും കാരണവശാൽ
തിരിച്ചുവന്നതാകാം. അല്ലാതെ ആര് ഇങ്ങോട്ടയക്കാൻ. ഹംസ
ഉടൻ അവർ
പറഞ്ഞപോലെ ചെയ്തു.
തിരക്കൊന്നു
കുറഞ്ഞപ്പോൾ, ഹംസക്ക്
തലക്കകത്ത് വെളിച്ചം വീണു - അല്ല, ഇങ്ങിനെ ഒരു പതിവ് മുമ്പ് ഉണ്ടായിട്ടില്ലല്ലോ. മാത്രമല്ല, ബാങ്കിന്റെ
ഒരു അറിയിപ്പ് ഉണ്ടായിരുന്നതായി ഓര്ക്കുന്നു - ഞങ്ങൾ
ഇങ്ങിനെ ഒരു മെസ്സേജു അയക്കില്ല, നിങ്ങൾ സൂക്ഷിക്കുക എന്ന്! പടച്ചോനേ, ചതിച്ചോ. തണുപ്പ്
സമയം ആണെങ്കിലും, ദേഹം ആധികൊണ്ട് ചൂട് പിടിച്ചു. ഉടൻ
ബാങ്കുമായി ബന്ധപ്പെട്ടു. ശരിയാണ്, അതൊരു ഫേക്ക് മെസ്സേജ്
ആയിരുന്നു. ഉടൻ - ആകുന്നതും പെട്ടെന്ന് പാസ്സ്‌വേർഡ് മാറ്റാൻ നിര്ദ്ദേശം! ഹംസ
വിയർത്ത് കുളിച്ചു.
ബാങ്കിന്റെ
സയ്റ്റിലേക്ക് പോകുമ്പോഴേക്കും നെറ്റ് കണെക്ഷൻ പോയ്ക്കിട്ടി! അയാള്
വല്ലാതെ പരിഭ്രമിച്ചു. നല്ലൊരു കാര്യത്തിനായി അല്പ്പം
പണം സ്വരുക്കൂട്ടിവെച്ചതാണ്. വിയര്പ്പിന്റെ വില! ഏതാനും
ദിവസങ്ങൾക്കുള്ളിൽ, അടുത്ത മാസത്തെ ശമ്പളവും കിട്ടിയാൽ, അതും
ചേർത്ത് ഒരു പദ്ധതി ആസൂത്രണം ചെയ്തതാണ്. നല്ലൊരു
സ്വപ്നം പൂവണിയാൻ പോകുന്ന സമയം.
ഉടൻ
നെറ്റ് വരുമോ ഇല്ലയോ - ആര്ക്കറിയാം. ഇല്ലെങ്കിൽ ഇവിടെനിന്നു ഓടി പുറത്തു
എവിടെയെങ്കിലും പോയ് നോക്കേണ്ടിയിരിക്കുന്നു. ഹംസ ഒരു
എത്തും പിടിയുമില്ലാതെ ഇരുന്നു.
ഏതാനും
നിമിഷങ്ങള്ക്ക് ശേഷം, നെറ്റ് കണെക്ഷൻ കിട്ടി. അല്പ്പം
ബുദ്ധിമുട്ടിയാണെങ്കിലും, വേണ്ടത് ചെയ്തു. വീണ്ടും
ബാങ്കുമായി ബന്ധപ്പെട്ടു. ഓ, പാവം ഹംസക്ക് ശ്വാസം നേരെ
വീണു! പടച്ചോൻ കാത്തു. നന്ദി, നന്ദി. അയാളുടെ ഹൃദയം
മന്ത്രിച്ചു - അതെ, ഇത് ഞാനൊരു സൂചനയായി എടുക്കുന്നു.
ഒരു അപകടത്തിൽനിന്നു രക്ഷപ്പെട്ടപോലെ ഹംസക്ക് തോന്നി. ഇനി പേടിക്കാനില്ല. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഹംസ അനുഭവിച്ച പിരിമുറുക്കം അയാള്ക്കേ അറിയൂ. ഒരു സുഹൃത്തിനോട് ഉണ്ടായ കാര്യം പറഞ്ഞപ്പോൾ എന്തിനു അങ്ങിനെ ചെയ്യാൻ പോയി എന്ന ചോദ്യമാണ് നേരിടേണ്ടിവന്നത്!
ഇങ്ങിനെ
ഒരു കാര്യം ഉണ്ടായത് ഇനി ഒരിക്കലും പാറ്റാതിരിക്കാൻ ശ്രദ്ധിക്കണം - ഹംസ മനസ്സില്
കുറിച്ചിട്ടു. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം. തരം
കിട്ടിയാൽ ചതിക്കുന്നവർ. ഇതെന്തൊരു ലോകം! അയാള്
നെടുവീര്പ്പിട്ടു.