2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

വേദന
(ചെറുകഥ)വേദന. ഭയങ്കര വേദന. ദേഹം ആസകലം വല്ലാതെ വേദനിക്കുന്നു. പൊതുവേ സെന്സിറ്റീവ്.  ഇത് താങ്ങാന്‍ ആവുന്നതിലധികം ആണല്ലോ ദൈവമേ. എന്താണ് പറ്റിയത്? എവിടെയാണ്?

ഗള്‍ഫില്‍ ജോലിചെയ്തു താമസിക്കുന്ന സ്ഥലത്ത്? അല്ല. നാട്ടിലെ വീട്ടിലാണോ? അല്ലല്ലോ.  ഏതെങ്കിലും ആശുപത്രി ആണോ ഇത്? ഇന്നേവരെ ദൈവകൃപയാല്‍ അതിനിടവന്നിട്ടില്ല.

ഒന്നും മനസ്സിലായില്ല. ബുദ്ധി മരവിച്ചുപോയോ? പതുക്കെ ചരിഞ്ഞു കിടന്നു നോക്കി. ഒന്നും വ്യക്തമാകുന്നില്ല. എന്നാല്‍, വളരെ വിശാലമായ ഒരു തുറന്ന സ്ഥലത്ത് ഒന്നും അത്ര വ്യക്തമല്ലാത്ത അന്തരീക്ഷത്തില്‍ ആണെന്ന് തോന്നുന്നു. അവ്യക്തമായ ചലനങ്ങള്‍ കാണുന്നപോലെ……. അവ്യക്തമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നപോലെ...... ഗോഡ്സില്ലയെപോലെ തോന്നുന്ന ജീവികളുടെ നിഴലുകള്‍ ഒരു നിഴല്‍ നാടകത്തിലെന്നപോലെ പതുക്കെ പതുക്കെ നീങ്ങുന്നു.

ഒരു പിടിയും കിട്ടുന്നില്ല. ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ - പ്രത്യേകിച്ച് ലോങ്ങ്‌-ടേം മെമ്മറിയുടെ കാര്യത്തില്‍ മിടുക്കനാണെന്ന് അഭിമാനം ഉണ്ട്. എന്നാല്‍ ഇവിടെ എന്താണ് സംഭവിക്കുന്നത്?

വരട്ടെ, അപ്പോള്‍, ഷോര്‍ട്ട്-ടേം മെമ്മറി അത്ര മെച്ചമല്ല എന്ന്   ഇപ്പോള്‍ സ്വയം വ്യക്തമാക്കിയില്ലേ? അതെ, ഇതിനു മുമ്പ്എന്താണ് സംഭവിച്ചത്? കഷ്ടം തന്നെ.  മസ്തിഷ്ക്കത്തില്‍ ഒന്നും തെളിയുന്നില്ല. ഇതെന്താണ് ദൈവമേ? വട്ടു പിടിച്ചോ? ഹായ്, ഇല്ലല്ലോ. പിന്നെ? സ്വപ്നമാണോ? നോ, നെവെര്‍.

പതുക്കെ, പതുക്കെ, മനസ്സിലാകുന്നു - അതെ,  വല്ലാതെ വേദനിക്കുന്നു, എന്തുകൊണ്ടോ മനസ്സും അതുപോലെയോ അതിലധികമോ വേദനിക്കുന്നു. പക്ഷെ,  ശരീരം - ശരീരം എവിടെ? അയ്യോ……………………. ഇവിടം, നേരത്തെ വിചാരിച്ചപോലെ ഭൂമിയിലെ ഒരു സ്ഥലവുമല്ല! പിന്നെയോ? അത് അംഗീകരിക്കാന്‍ മനസ്സ് മടിക്കുന്നു. പക്ഷെ, രക്ഷയില്ല.


താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍  

താന്‍ താനനുഭവിച്ചീടുകെന്നേ വരൂ.മരിച്ചു കഴിഞ്ഞിരിക്കുന്നു! ശരീരമില്ലാത്ത ആത്മാവായി മാറിയിരിക്കുന്നു! ഭൂമിയിലെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഇവിടെ ഇതാ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദൈവമേ, നല്ലതു ചെയ്തിട്ടുണ്ടല്ലോ.
"ഉണ്ടെങ്കില്‍ ശിക്ഷകള്‍ കുറയും, വിഷമിക്കാതിരിക്കൂ",
ആരോ വിളിച്ചു പറഞ്ഞോ?

ദൈവമേ, ഈ കിടപ്പില്‍, ഈ വേദന സഹിച്ചു എത്രനേരം, എത്രനാള്‍ കിടക്കണം?  പതുക്കെ, മരവിച്ച, ചിന്താശക്തി നശിച്ച ആ നിലയില്‍ ചേതനയറ്റ് കിടന്നു.

**

കാതുകളില്‍ പള്ളിയില്നിന്നുമുള്ള പ്രാര്‍ഥനയുടെ മുഴക്കം. അത് കൂടുതല്‍ കൂടുതല്‍ ഉച്ചത്തിലായപ്പോള്‍, പതുക്കെ കണ്ണ് തുറന്നു. ഇപ്പോള്‍ വേദന തോന്നുന്നില്ലല്ലോ. പക്ഷെ, വേദനയുടെ തീവ്രത ഓര്‍ക്കാന്‍ വയ്യേ.

, ഇന്ന് വെള്ളിയാഴ്ച. അ സ് ര്‍ പ്രാര്‍ഥനയാണ് കേള്‍ക്കുന്നത്.  ഊണും കഴിഞ്ഞു, അവധിയായതിനാല്‍ കിടന്നുറങ്ങിപ്പോയതാണ്‌.

ഒരു സത്യംകൂടി ഓര്‍മ്മിച്ചു - കാണുന്ന സ്വപ്നങ്ങളെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തില്‍ യാഥാര്‍ത്ഥ്യം ആയിട്ടുണ്ട്‌. ഉപബോധമനസ്സിലുള്ള വിചാര-വികാരങ്ങളാണല്ലോ സ്വപ്‌നങ്ങള്‍.   ദൈവമേ, നന്ദി - ഒരു മുന്നറിയിപ്പ് തന്നതിന്. ഈ ഉള്ളവന് എല്ലാം മനസ്സിലാകുന്നു, എല്ലാം മനസ്സിലാകുന്നു. രക്ഷിക്കണേ, നേര്‍വഴിക്കു നയിക്കേണമേ....
***

14 അഭിപ്രായങ്ങൾ:

  1. ....
    താന്‍ താനനുഭവിച്ചീടുകെന്നേ വരൂ

    മറുപടിഇല്ലാതാക്കൂ
  2. അതെ, അജിത്‌ ഭായ്,
    താന്‍ താനനുഭവിച്ചീടുകെന്നേ വരൂ.
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ ഡോക്ടര്‍,

    ബോധ മനസ്സില്‍ തോന്നിയ വിചാര വികാരങ്ങള്‍ ,എപ്പോഴോ ഉപബോധ മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയും, പലപ്പോഴും സ്വപ്നങ്ങളുടെ രൂപത്തില്‍ ദൃശ്യമാവുകയും ചെയ്യാറുണ്ട്.
    ഇവിടെ സംഭവിച്ചതും ഡോക്ടര്‍ പറഞ്ഞതുപോലെ അതുതന്നെ ആകാനാണ് സാദ്ധ്യത...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, മോഹന്‍..
      ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.

      ഇല്ലാതാക്കൂ
  4. മരിച്ച്‌ സ്വർഗ്ഗത്തിൽ എത്തിയതായും അവിടെ ഗാന്ധി, നെഹ്രു, എന്നിവരെ കണ്ടതായും പണ്ട്‌ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്‌.

    മറുപടിഇല്ലാതാക്കൂ
  5. ഒരു പൂവിൽ നിന്നും അതിന്റെ പരിമളത്തെ കാറ്റ് എങ്ങനെ കവരുന്നുവോ , അതു പോലെയാണ്‌ ഭൗതിക ശരീരത്തിൽ നിന്നും ജീവാത്മാവ് വിട പറയുന്നത്. ഇങ്ങനെയൊരു സൂഫി വചനം എവിടെയോ വായിച്ചതായി ഓർക്കുന്നു.

    എന്തായാലും നല്ല സ്വപ്നങ്ങൾ കാണാൻ അങ്ങേയ്ക്കിട വരട്ടെ. ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

    ജഗദീശ്വരൻ കാവലുണ്ട്.

    ശുഭാശംസകൾ.......

    മറുപടിഇല്ലാതാക്കൂ
  6. നല്ല കാര്യം, മധുസൂദനന്‍ സര്‍. അതൊരു നല്ല സ്വപ്നം തന്നെ. ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. സൌഗന്ധികം, അഭിപ്രായം കവിഭാവനയില്‍ത്തന്നെ ആയത് ഇഷ്ടപ്പെട്ടു. നന്ദി.

    മറുപടിഇല്ലാതാക്കൂ
  8. മനസ്സുമാത്രം മരിയ്ക്കാതിങ്ങനെ..... നല്ല ഭാവന, എഴുത്ത്. ആശംസകള്‍ .....

    മറുപടിഇല്ലാതാക്കൂ
  9. വിനോദ്, കഥ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി സുഹൃത്തേ. നമുക്ക് വീണ്ടും കാണണം. പിന്നെ, താങ്കള്‍ എഴുതിയതിനു മറുപടി പറയട്ടെ. ജീവന്‍ എവിടെന്നിന്നു വന്നു, എവിടേക്ക് പോകുന്നു എന്ന് ഇന്നും ആര്‍ക്കും വ്യക്തമായി അറിയില്ല, കുറെ വിശ്വാസങ്ങള്‍ അല്ലാതെ. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ ചിന്തിക്കുന്നു (മറിച്ചും), സ്വപ്നം കാണുന്നു, പെരുമാറുന്നു. ഇത് അതില്പെട്ടതാണ് എന്ന് കരുതുമല്ലോ. വീണ്ടും, നന്ദി.

    മറുപടിഇല്ലാതാക്കൂ
  10. സ്വപനത്തിലാണെങ്കിലും സ്വര്ഗ്ഗവും നരകവുമൊക്കെ കാണാന് കഴിയുകയെന്നത് ഒരു മഹാഭാഗ്യമാണ്. ആള്ക്കൂട്ടുത്തില് വെച്ച് സ്വന്തം ഉടുവസ്ത്രം ഉരിഞ്ഞുപോകുന്നതു പോലുളള സ്വപനങ്ങളാണ് ഞാന് കാണുന്നത്

    മറുപടിഇല്ലാതാക്കൂ
  11. നല്ലത് മാത്രം ചെയ്യാനുള്ള ദൈവത്തിന്റെ മുന്നറിയിപ്പായിരുന്നോ അത്?

    മറുപടിഇല്ലാതാക്കൂ

.