ഞാന് പഠിച്ച വിദ്യാലയം. നല്ല അധ്യാപകര്‍ - വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ വേണ്ടവിധം ശ്രദ്ധ പതിപ്പിക്കുന്നവര്‍. അതും ഞങ്ങളുടെ നാട്ടില്ത്തന്നെയുള്ളവര്‍ ആ വിദ്യാലയത്തിന്റെ പ്രത്യേകത ആയിരുന്നു. ഞാന്‍ ഒന്നാം ക്ലാസ്സില്‍ ചേര്ന്ന ദിവസവും, തുടര്ന്നുള്ള കുറച്ചു ദിവസങ്ങളും പ്രത്യേകിച്ച് ഓര്മിക്കതക്കവ ആയിരുന്നു. രണ്ടാമത്തെ ദിവസം, പുഴയില്‍ കുളിക്കുമ്പോള്‍, എന്റെ രണ്ടു മൂന്നു വയസ്സിനു മൂത്ത ബാലേട്ട- അമ്മയുടെ അനിയത്തിയുടെ മകന്‍ (ഞാന്‍ മേമ എന്ന് വിളിക്കും) - ചോദിച്ചു:
"ആരണ്ടാ പൊന്നാ നെന്റെ മാഷ്?"
"പേരറീല്യ, അച്ചേപോലൊരു മന്തന്‍ മാഷ്"
"ആരണ്ടാ പൊന്നാ നെന്റെ മാഷ്?"
"പേരറീല്യ, അച്ചേപോലൊരു മന്തന്‍ മാഷ്"
കൂടെ ഉണ്ടായിരുന്ന അച്ഛനും, കൂട്ടുകാരനായ വേറൊരു മാസ്റ്റര്ക്കും ചിരി അടക്കാന്‍ കഴിഞ്ഞില്ല. അച്ഛനെ പോലെതന്നെ നല്ല തടിയുള്ള ഒരാളാണ് തന്റെ അദ്ധ്യാപകന്‍ എന്നല്ലാതെ പേരൊന്നും അറിയില്ല എന്ന് പറഞ്ഞത് എല്ലാവര്ക്കും രസിച്ചു. അതുകൊണ്ടും തീര്ന്നില്ല - അത് വീരാന്‍ മാസ്റ്റരുടെ(മീരാന്കുട്ടി സാഹിബ്) ചെവിയിലും എത്തി (ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിരാമന്‍ മാസ്റ്റര്‍ പറഞ്ഞിട്ട്). എന്നാല്‍,വീരാന്‍ മാഷ് അതുകേട്ടു കുടവയര്‍ കുലുങ്ങെ കുലുങ്ങെ ചിരിക്കുകയാണ് ചെയ്തത്! കുറെ കാലത്തേക്ക്, എന്നെ കണ്ടാല്‍, അങ്ങേര്ക്കു ഉടനെ ചിരി പൊട്ടുമായിരുന്നു.അപ്പോള്‍ ഞാന്‍ ചമ്മിപ്പോകും. നരച്ചു തുടങ്ങിയ, ഒരു പ്രത്യേക രീതിയില്‍ വെച്ച മീശയും, ഒരു പ്രത്യേക രീതിയില്‍ ഉടുത്ത മുണ്ടും വീരാന്‍ മാസ്റ്റരുടെ വിശേഷതകളായിരുന്നു. അദ്ദേഹത്തിന്, എന്റെ അച്ഛനെ (അതെ സ്കൂളിലെ മാഷ് അല്ലെങ്കിലും) അറിയാം. എന്തിനധികം, ഞാന്‍ പറഞ്ഞ വാചകം അധികം താമസിയാതെ സ്കൂള്‍ മുഴുവന്‍ പാട്ടായി. ചിലകുസൃതി പിള്ളേര്‍, എന്റെ വീട്ടിനു മുമ്പിലുള്ള റോഡില്‍ കൂടി നടന്ന്പോകുമ്പോള്‍ അതൊരു പാട്ടാക്കി പാടാന്‍ തുടങ്ങി:
"അച്ചെപോലൊരു മന്തന്‍ മാഷ്, ഹായ്
അച്ചെപോലൊരു മന്തന്‍ മാഷ്."
അച്ചെപോലൊരു മന്തന്‍ മാഷ്."
ഞാന്‍ വീരാന്‍ മാസ്റ്ററെ ആദ്യമാദ്യം പേടിച്ചിരുന്നു. കാണാനും, പെരുമാറാനും എല്ലാം ഏകദേശം എന്റെ അച്ഛനെ പോലെതന്നെയിരിക്കുന്ന മാസ്റ്ററെ പതുക്കെ പതുക്കെ ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി.
വീരാന്‍ മാസ്റ്ററുമായി ബന്ധപ്പെട്ടു ഒരു നര്‍മ്മാനുഭവംകൂടി എങ്കിലും എഴുതാതിരിക്കാന്‍ വയ്യ. അത് താഴെ കൊടുക്കുന്നു:
മഴക്കാലം. വീട്ടില്‍ നിന്ന് സ്കൂളിലേക്ക് ഒരു അഞ്ചു - ആറ് മിനിറ്റ് നടക്കുവാനുള്ള ദൂരമേയുള്ളൂ. അമ്മ പറഞ്ഞു: "സ്കൂള്‍ വിടുന്ന നേരത്ത് മഴെണ്ടെങ്കി, കൊട വീരാന്‍മാഷ്‌ടെ കയ്യി കൊടുത്താ മതിട്ടോ - നൂര്‍ത്തി തരാന്‍. നെന്നെക്കൊണ്ട് അതിനൊന്നും ആവില്ല്യാ. വേറെ ആരടെകയ്യിലും കൊടുക്കേം വേണ്ട."
അതുപ്രകാരം ഞാന്‍ വീരാന്‍മാസ്റ്റരുടെ കയ്യില്‍ ഒന്ന് രണ്ടു പ്രാവശ്യം എന്റെ കുട കൊടുത്ത് ആവശ്യം സാധിച്ചെടുത്തു.ആദ്യത്തെ പ്രാവശ്യം മാഷ് പറയുകതന്നെ ചെയ്തു:
"നിന്നെക്കൊണ്ടു ഇതിനും ആവില്ലെടാ ശാപ്പാട്ടുരാമാ?''
അപ്പോള്‍, അടുത്തുനിന്നിരുന്ന ഒരു ടീച്ചര്‍ ചിരിച്ചുകൊണ്ട് തിരുത്തി:
"അതിനെക്കൊണ്ടു അതിനും ആവില്ലാ." ശാപ്പാട് ഉണ്ണാനും ഞാന്‍ പിറകില്‍ ആണെന്ന് ടീച്ചര്‍ക്കറിയാം.പക്ഷെ, ഇപ്പോളാണെങ്കില്‍ ഞാന്‍ പറയും: "അത് അന്ത കാലം ടീച്ചറെ."
അങ്ങിനെയിരിക്കെ, വീണ്ടും ഒരു ദിവസം, സ്കൂള്‍ വിടുന്ന നേരം നോക്കി അതാ വരുന്നു -മഴ. ഞാന്‍ വീരാന്‍ മാസ്റ്ററെ നോക്കി. അവിടെ എവിടെയും 'തിരി കത്തിച്ചു നോക്കിയാല്‍ പോലും' മാസ്റ്ററെ കാണില്ല എന്ന് മനസ്സിലായി. ഇനി എന്ത് ചെയ്യും? കുട വേറെ ആരുടെ കയ്യിലും കൊടുക്കരുത് എന്ന മാത്രുവാക്യം തെറ്റിക്കാന്‍ പാടില്ല.അപ്പോള്‍ അതാ കുറെ കൂട്ടുകാര്‍, കുടയില്ലാത്തവര്‍, പുസ്തക സഞ്ചിയും തലയില്‍ വെച്ചുകൊണ്ട് ഓടുന്നു. അതെനിക്കൊരു പ്രചോദനം ആയി. പുസ്തക സഞ്ചി തോളില്‍ തൂക്കിയിട്ടുണ്ട്. ഞാന്‍ നിവര്‍ത്താത്ത കുട തലയില്‍ വെച്ച് ഓട്ടം തുടങ്ങി. കുടയുണ്ടായിട്ടു, അത് നിവര്ത്താതെ തലയില്‍വെച്ചുകൊണ്ട് ഓടുന്ന സാഹസം കണ്ട് പാത വക്കിലെ ചില ആളുകള്‍ ചിരിക്കുന്നുണ്ട്. വീട്ടിലെത്തിയ ശേഷം അമ്മ ചോദിച്ചപ്പോള്‍, ഞാന്‍ ഉണ്ടായ കാര്യം പറഞ്ഞു. ആ രംഗം കണ്ട എന്റെ വലിയച്ചന്‍ അടുത്തുവന്നു ചിരിച്ചുകൊണ്ട്, സ്നേഹപൂര്‍വ്വം തലോടിക്കൊണ്ട് പറഞ്ഞു: "ഒരു കോരപ്പന്‍ തന്നെടാ നീ." പരിഭ്രമിച്ച അമ്മ തല തോര്‍ത്ത്മുണ്ടുകൊണ്ട് തുടച്ചു തരുന്നതിനിടയില്‍ അതുകേട്ടു ചിരിച്ചുപോയി.
അടുത്തത്, അച്ഛന്‍ പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ്."നമ്മള്‍ ഒന്ന്" എന്ന ഒരു പഴയ സിനിമയെപ്പറ്റി. ഞാന്‍ കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല - വളരെ പഴയ സിനിമ ആയതുകൊണ്ട്.കേരള സംസ്ഥാനം രൂപം കൊണ്ട ദിവസം, രാവുണ്ണിമാസ്റ്റര്‍ (തിരുവഴിയാട് സ്കൂളിലെ അന്നത്തെ ഹെഡ്മാസ്റ്റര്) ചിരിച്ചുകൊണ്ട് സ്കൂളിനകത്ത് നിന്നും പുറത്ത്, റോഡിലേക്കിറങ്ങി അച്ഛന് കൈ കൊടുത്തിട്ട് പറഞ്ഞുവത്രേ:
"മാഷേ നമ്മള്‍ ഒന്ന്." കാരണം, തിരുവഴിയാട് കൊച്ചി സംസ്ഥാനത്തും, അച്ഛന്‍ പഠിപ്പിച്ചിരുന്ന സ്കൂള്‍ (മൂലങ്കോട്- തിരുവഴിയാട് നിന്നും ഏതാനും കി. മീ. അകലെ) മലബാറിലും ആയിരുന്നു!
ഇത് പറയുമ്പോള്‍, എനിക്ക് തോന്നുകയാണ്: ഇന്ന് നമ്മള്‍ കേരളീയര്‍/മലയാളികള്‍ എന്ന് പറയുന്നവര്‍ കുറെ വരഷങ്ങള്‍ക്ക് മുമ്പ് കൊച്ചിക്കാരായിരുന്നു, മലബാറുകാരായിരുന്നു, തിരുവതാംകൂര്‍കാരായിരുന്നു! കേരളം വിജയിക്കട്ടെ! മലയാളി വിജയിക്കട്ടെ!
ഞാന്‍ ഓര്‍ക്കുന്നു, ആറാം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്ത്, സി. എല്‍. ജോസിന്റെ "വിഷക്കാറ്റ്"എന്ന നാടകം തിരഞ്ഞടുത്ത് ടീച്ചേര്‍സ് അഭിനയിക്കുകയുണ്ടായി. പില്‍ക്കാലത്തെ സിനിമാതാരം തൃശ്ശൂര്‍ എല്‍സി ആയിരുന്നു നായിക. അന്നവര്‍ തിരക്കുള്ള ഒരു നാടകനടി ആയിരുന്നു. എച്ചുമാഷ് (ലക്ഷ്മണന്‍ ഉണ്ണി) എന്ന തമാശക്കാരനായ മാഷ് തന്റെ കഷണ്ടിമണ്ടയില്‍ വിഗ് വെച്ച് അഭിനയിച്ചത് ഞങ്ങളെ ചിരിപ്പിച്ചു.
- =o0o= -
***ബ്ലോഗ്സ്പോട്ടിലെ എന്റെ പ്രിയപ്പെട്ട താരസുഹൃത്തുക്കള്***
[ ഇതുവരെ വായിക്കാത്ത സുഹൃത്തുക്കള്‍ വായിക്കുക. മൂന്നു ഭാഗങ്ങളിലും, കമെന്റ്സിലും, സുഹൃത്തുക്കളെ കാണാം. ഇനി വരുന്നവര്‍, കമന്റ്സില്‍ ചേര്‍ക്കുക. ഈ വിവരവും ലിങ്കും, കുറേക്കാലത്തെക്കെങ്കിലും എന്റെ എല്ലാ ബ്ലോഗിന്റെയും അടിയില്‍
ഉണ്ടാകും. ]