Blog post no: 448 -
അല്പം മസാലദോശ വിശേഷങ്ങൾ
(നർമ്മം)
മസാലദോശ - ജീവിതത്തിലെ പല സന്ദര്ഭങ്ങളിലും എനിക്ക് മറക്കാനാവാത്ത ചില അനുഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ചിലത് ഇതാ -
എന്റെ ഒരു ഏട്ടൻ കാർന്നോർ ബോംബെയിൽ ആദ്യമായി എത്തിയപ്പോൾ, ആഹരിക്കുന്നതിനായി ഒരു ഉഡുപ്പി ഹോട്ടലിൽ കയറി. ''2 മസാലദോശ'' - ഓർഡർ പാസ്സാക്കി. രണ്ടാമത്തെ ആൾ ആര് എന്ന് പാവം വെയ്റ്റർ നോക്കുന്നത് മനസ്സിലാക്കി, ''ദൂസരാ ആദ്മി നഹി. ദോനോം മേരെക്കോഹീ ഹേ'' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മാതൃ കയായി.
ഇത് അങ്ങോർതന്നെ മറ്റുള്ളവരോട് പറയാൻ മടികാണിച്ചില്ല എന്ന വാസ്തവം ആണ് ഇത് എഴുതാൻ കാരണം എന്ന് പറയേണ്ടതില്ലല്ലോ.
***
ഇദ്ദേഹംതന്നെ പണ്ട് ഞാനുമായി മലമ്പുഴ ഡാമിലെ ഒരു ഹോട്ടലിൽ കയറിയപ്പോൾ, ''ചട്ട്ണി കൊണ്ടുവരൂ'' എന്ന് വൈറ്ററോട് പറഞ്ഞു. മസാലദോശ ഓർഡർ ചെയ്തു കഴിഞ്ഞു.
വൈറ്ററുടെ ആത്മാഭിമാനം ആളിക്കത്തി. ''ഏതാ ഐറ്റം വേണ്ടതെന്നു പറഞ്ഞാൽ മതി. ചട്ട്ണിയും സാമ്പാറുമൊക്കെ അതിനോടൊപ്പം വരും.'' പാവം, നമ്മുടെ കഥാനായകൻ വിചാരിച്ചു, മസാലദോശ വരുന്നതിനുമുമ്പ് ചട്ട്ണി വരട്ടെ. അതും നുണഞ്ഞുകൊണ്ടു ഇരിക്കാമല്ലോ എന്ന്.
***
ഞാൻ ബഹറിനിൽ ഉണ്ടായിരുന്നപ്പോൾ, ഗൾഫ് ഡെയിലി ന്യൂസിൽ ഒരു ദേഹം എഴുതിയത് ഓർക്കുന്നു - പുള്ളിക്കാരൻ ഹോട്ടലിൽ കയറി ആറു മസാലദോശകൾ ഒന്നിച്ചു ഓർഡർ ചെയ്യുമത്രേ! (വയറ്റിൽ കോഴിക്കുട്ടികൾ ഉണ്ടോ എന്തോ)! ഒരിക്കൽ അത് ദർശിച്ച ഒരു സർദാർജി ചിരി പാസ്സാക്കിയപ്പോൾ, എഴുന്നേറ്റു ഒന്ന് പൊട്ടിച്ചാലോ എന്ന് നമ്മുടെ എഴുത്തുകാരന് തോന്നിയത്രേ. ഇങ്ങനെ അവഹേളിക്കുകയോ - അല്ലാ പിന്നെ.
***
പഴയ ഒരു ഹിന്ദി സിനിമാനടൻ (വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ആൾ) മൊട്ടത്തലയൻ ഷെട്ടി ഉണ്ടായിരുന്നു. അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയിൽ അദ്ദേഹം താഴ്മയായി മൊഴിഞ്ഞു:
''ഞാൻ താരമൊന്നുമല്ലന്നേ, മസാലദോശക്കു പേരുകേട്ട ഒരു സാധാരണ ഉടുപ്പിക്കാരൻ.''
***
വെളിയിൽ കറങ്ങിനടന്ന ഒരവസരത്തിൽ എന്റെ വാമഭാഗം പറഞ്ഞു - മസാലദോശ തിന്നിട്ടു കുറേ ആയി. ആയിക്കളയാം - ഞാൻ പറഞ്ഞു. കാര്യം സാധിക്കുകയും ചെയ്തു.
പിന്നീടൊരിക്കൽ, വീട്ടിൽ ഉണ്ടാക്കി. വീട്ടുകാരി പറഞ്ഞു - ഈ സാധനത്തിനല്ലേ നമ്മൾ അന്ന് ...... രൂപ കൊടുത്തത്? വയറു മാനംപോലെ കത്ത്ണൂ. എന്നുപറഞ്ഞാൽ, മനസ്സ് വല്ലാതെ വേദനിക്കുന്നു എന്ന് പാലക്കാടൻ ഭാഷ്യം! ഞാൻ മനസ്സിൽ പറഞ്ഞു - എന്റെ ഭാര്യേ, ഞാൻ അങ്ങനെ പണ്ട് ഹോട്ടലിൽ കൊടുത്ത പൈസയും, സിനിമ കണ്ട പൈസയുമൊക്കെ ഉണ്ടെങ്കിൽ ഇന്നൊരു മണിമാളിക കെ ട്ടാമായിരുന്നു. പക്ഷെ, പറഞ്ഞില്ല. ബോധം പോയാലോ.
***
എന്റെ ഒരു സുഹൃത്ത്, എന്താ കഴിക്കുക എന്ന് ചോദിച്ചപ്പോൾ, പറഞ്ഞു:
മദാലസ ആയിക്കളയാം.
മദാലസയോ?
അതേടോ, ആ വാക്കിനു എന്തൊരു ചന്തം. മസാലദോശ, മസാലദോശ - മനസ്സിലായോ?
***
ഒന്നുരണ്ടു ഫിലിപ്പിനോ സുഹൃത്തുക്കൾക്ക് ഞാൻ മസാലദോശ വാങ്ങിച്ചുകൊടുത്ത് കൃതകൃത്യനായി - അറിയട്ടെ അവർ ഈ സൗത്ത് ഇന്ത്യൻ ഡിഷിന്റെ മഹത്വം. അതിലൊരാൾ പിന്നീട് ഒരു സുഹൃത്തിനോട് പറയുന്ന കേട്ടു - ഞാൻ പുള്ളിക്കാരന് പൊട്ടറ്റോ കറി നിറച്ച കുബൂസ് വാങ്ങിച്ചുകൊടുത്തത്രെ!