2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

നമിക്കുന്നു ഞാൻ....


Blog post no: 418 -


നമിക്കുന്നു ഞാൻ....

സഹിക്കുന്നു നീ, തിക്തമാ,മീ   
ജീവിതാനുഭവങ്ങളൊക്കവേ,
തന്നുദരത്തിൽ പിറന്ന
പോന്നോമനപ്പുത്രിക്കായ്!

സഹിക്കുന്നു ലോകരെ,
സഹിക്കാവുന്നതിലുമപ്പുറം;
പാലിക്കുന്നു മൗന,മാവതും
മാനസം ശോകമയമാക്കി നീ!

കവിതകൾ പിറക്കുന്നു,
നിൻ ലോലഹൃത്തിൽ നിന്നും
ജീവൻ തുടിക്കുന്ന, ജീവിത-
ഗന്ധിയാം കാവ്യബിംബങ്ങളായ്!

പ്രണയിക്കുന്നു ഞാൻ
നിൻ കാവ്യരേണുക്കളെ,
നമിക്കുന്നു ഞാൻ നിന്നെ -

പാവമാം കവയിത്രിയെ.  

2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

പല്ലിമനുഷ്യർ!



Blog Post No: 417 -

പല്ലിമനുഷ്യർ!


അലസൻ, ലോഭിയിമ്മട്ടി-

ലാരുമുണ്ടാക വയ്യമേ-

ലെന്നൊരു കവിതാശകല-

മോർക്കുന്നു ഞാനിപ്പോഴും.

അസൂയ,യഹന്തയിത്യാദി-

യുള്ളോരും പിന്നെ, മനുഷ്യനെ

മനുഷ്യനായ് കാണാത്തോരു-

മൊരിയ്ക്കലുമുണ്ടാവരുതീ

ക്ഷണികമാം ജീവിതത്തിൽ. 

ഉത്തരത്തിൽ തൂങ്ങുന്ന പല്ലി-

യിൻ തോന്ന''ലുത്തരത്തെ താൻ

താങ്ങിനിർത്തുന്നു''യെന്നതത്രെ!  

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കുറുംകവിതകൾ - 107


Blog post no: 416

കുറുംകവിതകൾ - 107


എവിടെനിന്ന്? എവിടേയ്ക്ക്?

എവിടെനിന്നാണു വരുന്നതീ ജീവൻ,
എവിടെയ്ക്കാണു പോകുന്നതീ ജീവൻ,
എന്തിനുമേതിനുമുത്തരം കാണുന്ന,
എല്ലാമറിയുന്ന(?) മാനുഷാ ചൊല്ക നീ.


ശലഭവും  മനുഷ്യനും
ശലഭം മധു നുകരുന്നു,
മനുഷ്യൻ മദ്യം കുടിക്കുന്നു,
ശലഭം ആസ്വദിച്ചു ജീവിക്കുന്നു,
മനുഷ്യനോ മരിച്ചുകൊണ്ട് ജീവിക്കുന്നു!

             · 
കാമിയ്ക്കുന്നവർക്കായ്

കാത്തിരിക്കുന്നു പൊന്നാമ്പൽ വെണ്‍ചന്ദ്രനെ,
കൊതിക്കുന്നു വേഴാമ്പൽ മഴയിൻ സമാഗമം;
കാമുകീകാമുകസംഗമം സ്വാഭാവികമാണുതന്നെ,  
കാമിയ്ക്കുന്നവർക്കായ് പ്രകൃതിയുമുണ്ട് കൂട്ട്!