ഭക്തപ്രഹ്ലാദന്റെ കഥയുമായി ബന്ധപ്പെട്ടതത്രേ. നരസിംഹാവതാരം. പിതാവ് ഹിരണ്യകശിപൂ, മകന് നാരായണമന്ത്രം ഉരുവിടുന്നതില്‍ കോപാകുലനായി. "ഹിരണ്യ നാട്ടില്‍ ഹിരണ്യായ നമ" എന്നത് ശരിയല്ലെന്നും, നാരായണമന്ത്രമാണ് ഉച്ചരിക്കേണ്ടതെന്നും പ്രഹ്ലാദന്‍ പറയുന്നു. നിന്റെ നാരായണന്‍ എവിടെ ഉണ്ട്, കാണിച്ചുതാ എന്ന് ഹിരണ്യകശിപൂ പറഞ്ഞതിന്, എവിടെയും ഭഗവാന്‍ നിറഞ്ഞുനില്‍ക്കുന്നു എന്ന് മറുപടി. തൊട്ടടുത്ത ഒരു തൂണ് കാണിച്ചു, "ഇതിനകത്തും?" എന്ന് ആക്രോശിച്ചതിനും, "ഉവ്വ്" എന്നായിരുന്നു ഉത്തരം. അരിശംകൊണ്ട് ഉറഞ്ഞുതുള്ളിയ ഹിരണ്യകശിപൂ തൂണ് തകര്‍ക്കുമ്പോള്‍, അതിനകത്തുനിന്നും മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരം - നരസിംഹം പ്രത്യക്ഷപ്പെട്ടു ഹിരണ്യകശിപൂവിനെ വധിച്ചു എന്ന് കഥ. ഹിരണ്യകശിപൂ ഒരു വരം നേടിയിരുന്നു - താന്‍ വധിക്കപ്പെടുകയാണെങ്കില്‍ അകത്തോ, പുറത്തോ വച്ചാവരുത്, പകലോ, രാത്രിയോ ആകരുത്, മനുഷ്യനാലോ മൃഗത്താലോ ആകരുത് എന്നൊക്കെ. ആയതിനാല്‍ ഉമ്മറപ്പടിയില്‍ വെച്ച്, സന്ധ്യ സമയത്ത്, സിംഹത്തലയുള്ള നരന്റെ രൂപത്തില്‍ വന്ന ഭഗവാനാല്‍ കൊല്ലപ്പെട്ടു!
എനിക്ക് തോന്നുന്നു, നിര്‍ഭാഗ്യവശാല്‍, എന്റെ ദേശത്തിലെ പുതിയ തലമുറയില്പ്പെട്ടവര്‍ക്ക്ക ഥകളി, ഓട്ടന്തുള്ളല്‍, കുറത്തിയാട്ടം, മോഹിനിയാട്ടം മുതലായ കേരളത്തിന്റെ അഭിമാനമായ കലകളെക്കുറിച്ച് അധികമായി അറിയാന്‍ ഇടയില്ല എന്ന്. ഇതെല്ലാം ഒരുകാലത്ത് നരസിംഹമൂര്‍ത്തി അമ്പലത്തിലെ ഉത്സവദിനങ്ങളില്‍ പതിവുണ്ടായിരുന്നു.
എന്റെ കുട്ടിക്കാലത്ത്, പതിവായി വരാറുള്ള ഈ ആര്‍ട്സ് ഗ്രൂപിലെ ആശാനെ, ഒരു മലയാളം സിനിമയില്‍ കണ്ടത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. "ഒള്ളത് മതി" എന്ന പഴയ സിനിമയില്‍ അടൂര്‍ ഭാസിയുടെ ഒരു ഓട്ടന്തുള്ളല്‍ രംഗം ഉണ്ട്. അതില്‍ പിന്പാട്ടുകാരായ രണ്ടുപേരില്‍ ഒരാള്‍ ഈ ആശാന്‍ ആയിരുന്നു. പുള്ളിക്കാരന് ഇടയ്ക്കു ചെറുതായ ഒരു 'ഗോഷ്ടി' മുഖത്ത് പ്രകടമാകാറുണ്ട് - ഗുലുഗുലു തിക്തം കഴിച്ചശേഷമുള്ള ഒരു ഭാവ വ്യത്യാസം! അത് സിനിമയിലും അതേപോലെ കണ്ടപ്പോള്‍, എന്റെ കൂടെയുണ്ടായിരുന്നവര്‍ വല്ലാതെ ചിരിക്കാന്‍ തുടങ്ങി. "ഹോ, എന്തൊരു കയ്പ്പ്" - ഒരു വിരുതന്‍ തട്ടിവിട്ടു.
ഓട്ടന്തുള്ളല്‍, ഉച്ചക്ക് ശേഷം ആയിരിക്കും. വീട്ടില്‍ നിന്നും സമ്മതം വാങ്ങി, കൂട്ടുകാരുമൊത്തു ഞാന്‍ പോകും. തുള്ളല്‍ കുറെ നേരം കാണും. സ്ഥിരമായി രണ്ടു തുള്ളല്‍ കലാകാരന്മാര്‍ - രണ്ടുപേരും മാറി മാറി തുള്ളല്‍ അവതരിപ്പിക്കും. അതില്‍ ഒരാള്‍ക്ക് അല്‍പ്പം മുടന്തുണ്ടായിരുന്നു. അങ്ങേര്‍ തുള്ളല്‍ അവതരിപ്പിക്കുന്ന ദിവസം പല കൂട്ടുകാര്‍ക്കും വലിയ താല്‍പ്പര്യം കാണില്ല. അപ്പോള്‍ പുറത്തുകടന്നു, പല കളികളില്‍ ഏര്‍പ്പെടും. അമ്പലക്കുളത്തിന് ചുറ്റുമുള്ള അരമതിലിന്റെ വീതി കുറഞ്ഞ മുകള്‍ഭാഗത്തുകൂടി, വള്ളിട്രൌസര്‍ മാത്രം ഇട്ടുകൊണ്ട് സര്‍ക്കസുകാരന്‍ പയ്യനെപ്പോലെ, മറ്റുള്ള കുസൃതിക്കുടുക്കകളുടെകൂടെയുള്ള ആ നടത്തം - അങ്ങനെയും ഒരു കാലം!
ഓട്ടന്തുള്ളല്‍ കഥകള്‍ പലതും അന്നുതന്നെ കേട്ടാല്‍ അറിയാമായിരുന്നു. പലതും അറിഞ്ഞു എന്ന് വരില്ല. എന്നാല്‍, മറ്റുള്ളവരുടെ സംസാരത്തില്‍നിന്ന് മനസ്സിലാകാന്പറ്റും - ഇത് രുക്മണീ സ്വയംവരം, ഇത് കല്യാണ സൌഗന്ധികം, ദമയന്തീ സ്വയംവരം എന്നിങ്ങനെ.
വൈകുന്നേരങ്ങളില്‍, ഒന്നുകില്‍ കുറത്തിയാട്ടം ഉണ്ടാകും, അല്ലെങ്കില്‍ മോഹിനിയാട്ടം. കുറത്തിയാട്ടത്തില്‍, കുറത്തികള്‍ ആടിയതിനുശേഷം കുറവന്റെ വരവായിരിക്കും. ചിലപ്പോള്‍, കുറവനു പകരം മുത്തശ്ശി വരും. അന്നത്തെ രണ്ടു കുറത്തികളില്‍ ഒരു ‘കുറത്തി’ അതീവസുന്ദരി ആയിരുന്നു (ഇന്നവള്‍ മുത്തശ്ശിയോ, മുതുമുത്തശ്ശിയോ ആയി എവിടെയെങ്കിലും ഉണ്ടാകും!) പറഞ്ഞുവന്നത്, ആ ദിവസം കാണികള്‍ നിറഞ്ഞു കവിയും! ഉള്ള കാര്യം എഴുതിയതാണേ, വേറൊന്നും വിചാരിക്കല്ലേ. ഞാൻ ഈ ഭാഗം എഴുതിക്കൊണ്ടിരിക്കുമ്പോൾ, എന്റെ ഭാര്യ വന്നു അടുത്തിരുന്നു. കണ്ണുകൾ ഈ വരിയിലൂടെതന്നെ പായിച്ചു. ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി. ചെറിയ മോളെ വിളിച്ചുകൊണ്ടു വന്നു കാണിക്കാനാണ് എന്ന് പിന്നീട് മനസ്സിലായി. അവൾ വായിച്ചു വായും പൊത്തി ചിരിച്ചുകൊണ്ട് മാറി ഇരുന്നു.
ഈ നരസിംഹമൂര്‍ത്തി അമ്പലവും അതിനോട് തൊട്ടുള്ള ശിവന്റെ അമ്പലവും തിരുവഴിയാട് ദേശക്കാര്‍ക്ക് ഇന്നും വളരെ പ്രധാനമത്രേ.