My Blog post no: 468 -
*മണാലിയിലേക്കൊരു യാത്ര.
കഴിഞ്ഞ ഡിസംബർ 24ന് ഞങ്ങൾ (ഞാനും ഭാര്യയും, മക്കളും കുടുംബവും, ഇവിടെയുള്ള അളിയനും കുടുംബവും) മണാലിയിലേക്കു തിരിച്ചു. കല്യാണിൽനിന്ന് മുംബൈ സെന്റെറിൽ എത്തി. അവിടെനിന്നു രാജധാനി എക്സ്പ്രെസ്സിൽ ന്യൂ ദില്ലിയിലേക്ക്.
''രാജധാനി''യിലെ യാത്ര സുഖകരമായിരുന്നു. പതിനാറു മണിക്കൂറുകൾക്കുശേഷം ന്യൂ ദില്ലിയിലെത്തി. ഇതിനകം കാലാവസ്ഥയിലെ മാറ്റത്തിനനുസരിച്ചു ഞങ്ങൾ തണുപ്പിനുള്ള വസ്ത്രങ്ങൾ ധരിച്ചുകഴിഞ്ഞു. തുടർച്ചയായിത്തന്നെ, നേരത്തെ ഏർപ്പാടാക്കിയിരുന്നതിനു അനുസരിച്ചുള്ള പന്ത്രണ്ടു സീറ്റുകൾ ഉള്ള വണ്ടിയിൽ മണാലിയിലേക്കു യാത്രയായി.
ഇടയ്ക്കു നാലഞ്ചു സ്ഥലങ്ങളിൽ വണ്ടി നിർത്തി. മണാലിയിൽ എത്തുമ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. രാത്രി ഹോട്ടലിൽ ഉറങ്ങി. വൈകിയിട്ടാണ് എഴുന്നേറ്റത്.
പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞു, ഞങ്ങൾ അടുത്തുള്ള ഹഡിംബ ക്ഷേത്രത്തിലേക്കു പോയി. ഈ ഹഡിംബ മഹാഭാരതത്തിൽ പറയുന്ന ഹിഡുംബി (ഭീമസേനന്റെ ഭാര്യ)തന്നെയാണെന്ന് മനസ്സിലായി.
നീണ്ട ക്യൂവിൽ നിന്നു, ഹിഡുംബയെ വണങ്ങി. കുറേനേരം അവിടെയൊക്കെ കറങ്ങിനടന്നു. ചുറ്റും പൈൻ മരങ്ങൾ. ഇവിടെ മാത്രമല്ല, ഈ പ്രദേശത്ത് എവിടെയും ഈ മരങ്ങൾ ഭംഗിയേകിക്കൊണ്ടു തലയുയർത്തി നിൽക്കുന്നു.
ഞങ്ങൾ തിരിച്ചു ഹോട്ടെലിൽ എത്തി. ഉച്ചഭക്ഷണം അല്പം വൈകിയെങ്കിലും കഴിച്ചു. പിന്നീട് അന്ന് എവിടേക്കും പോയില്ല.
പിറ്റേദിവസം ഞങ്ങൾ ട്രാവെലെറിൽത്തന്നെ കാഴ്ചകൾക്കായി ഇറങ്ങി. കുന്നിൻപുറത്തുള്ള ഒരു ക്ഷേത്രസമുച്ചയത്തിലേക്കു പോയി. അതാ, വസിഷ്ഠമഹര്ഷിക്ക് ഒരു ക്ഷേത്രം. പക്ഷെ, മഹർഷിയെ കണ്ടില്ല. അടച്ചിട്ടിരുന്നു. അടുത്ത് ചുടുനീരുറവകളിൽനിന്നുള്ള വെള്ളം ശേഖരിച്ചു കുളം ഉണ്ടാക്കിയതിൽ ചിലർ കുളിച്ചു രസിക്കുന്നു.
കുറേനേരത്തിനുശേഷം ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു.
പിറ്റേദിവസം നല്ല തണുപ്പ്. മൈനസ് ഏഴ് എന്ന് പറയുന്നതു കേട്ടു. എവിടയും മഞ്ഞുമൂടിയിരിക്കുന്നു. നല്ല ഭംഗി. എങ്കിലും അതെല്ലാവരും ആസ്വദിച്ചു
ഞങ്ങൾ മണാലിയാത്രയിലെ കാതലായ താഴ്വാരക്കാഴ്ചകൾക്കായി തിരിച്ചു.
വണ്ടി നീങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ ഡ്രൈവർ ഒരു കടയുടെ മുമ്പിൽ വണ്ടി നിർത്തി. ഇവിടെനിന്നു തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങളും പാദരക്ഷകളും വാടകക്ക് വാങ്ങാം. ഞങ്ങൾ അങ്ങനെ ചെയ്തു.
ബഹിരാകാശ സഞ്ചാരികളെപ്പോലെ തോന്നിപ്പിച്ചപ്പോൾ അതൊക്കെയിട്ട് ഫോട്ടോകൾ എടുക്കാൻ എല്ലാവര്ക്കും ഉത്സാഹം!
ബഹിരാകാശ സഞ്ചാരികളെപ്പോലെ തോന്നിപ്പിച്ചപ്പോൾ അതൊക്കെയിട്ട് ഫോട്ടോകൾ എടുക്കാൻ എല്ലാവര്ക്കും ഉത്സാഹം!
വണ്ടി നീങ്ങി, നീങ്ങുന്നില്ല - ഗതാഗതക്കുരുക്ക്. പിന്നെ പതുക്കെ നീങ്ങി. പിന്നെയും തഥൈവ. നിമിഷങ്ങൾ കഴിഞ്ഞു, മണിക്കൂർ കഴിഞ്ഞു. മൂത്രശങ്ക തീർക്കാൻ സൗകര്യമില്ല എന്ന് വരുമോ. ഏതായാലും അധികം വൈകാതെ, ഒരു സ്ഥലം കണ്ടു - ഒരു പാറ മറവ്. നടന്നുപോയി, ''കവചകുണ്ഡലങ്ങൾ'' ഭാഗികമായി മാറ്റി, ഒരുവിധം കാര്യം സാധിച്ചു. ആ ആശ്വാസം അനുഭവിച്ചുതന്നെ അറിയണം കേട്ടോ.
തിരിച്ചു വണ്ടി നിന്ന സ്ഥലത്തേക്ക് നടന്നു. വണ്ടി കാണുന്നില്ല. പ്രരിഭ്രമമായി. ഒരുവിധം ഡ്രെസ്സിനുള്ളിൽനിന്നു മൊബൈൽ ഫോൺ എടുത്തു. ഞാൻ വിളിക്കുന്നതിനുമുമ്പേ വിളി ഇങ്ങോട്ടു കിട്ടി. ഞാൻ, തെറ്റായി താഴെയുള്ള പാതയിൽക്കൂടിയാണ് തിരിച്ചതെന്നു മനസ്സിലായി. അയ്യോ, ''വഴിതെറ്റുന്നു വയസ്സാകുമ്പോൾ'' എന്ന ഇടശ്ശേരികവിത ഓർമ്മവന്നു. ഹേ, വെറുതെ. അത്രക്കൊന്നുമില്ല. സ്വയം സമാധാനിച്ചു. വണ്ടിക്കുള്ളിൽ കേറിയപ്പോൾ എല്ലാവരും ഒരുവിധം ''ആക്കിക്കൊണ്ടുള്ള'' ചിരിയും പാസ്സാക്കുന്ന കണ്ടു.
വണ്ടി പതുക്കെ എത്തേണ്ട സ്ഥലത്തെത്തി. ''എന്ജോയ് ബ്യൂട്ടി ഓഫ് ദി വാലി'' എന്ന് എഴുതിവെച്ചിരിക്കുന്നു. അതെ, മനോഹരംതന്നെ. ''സ്റ്റോപ്പിങ് അറ്റ് ദി വുഡ്സ്'' എന്ന പ്രകൃതിസ്നേഹം തുളുമ്പുന്ന കവിത മനസ്സിലേക്കോടിയെത്തി. എന്നാൽ, മനോഹരംതന്നെ, പക്ഷെ എനിക്ക് സമയമില്ല എന്നത് ഇവിടെ വേണ്ട. മറ്റുള്ളവർക്ക് സമയമുണ്ടെങ്കിൽ എനിക്കുമുണ്ട്. ആവോളം.
ചിലർ സ്കേറ്റിങ് കളിക്കുന്നു. ചിലർ റോപ്പ് വെ യാത്ര എന്ജോയ് ചെയ്യുന്നു. ഞങ്ങൾ മണാലി പുത്രന്മാരും പുത്രികളുമായി വേഷമിട്ടു ഫോട്ടോക്ക് പോസ് ചെയ്തു. ചിലർ മഞ്ഞിൻകഷ്ണങ്ങൾ എടുത്ത് എറിഞ്ഞു കളിക്കുന്നു. മാള ഒരു ചിത്രത്തിൽ പറഞ്ഞപോലെ, ഒരു ''കപ്ലിങ്സ്'' കെട്ടിമറിയുന്നു. കയ്യിലുള്ള മൊബൈൽ ഫോൺ ഒരാൾക്ക് കൊടുത്ത് ഫോട്ടോ എടുക്കാൻ പറയുന്നു.......
കാഴ്ചകൾ മനോഹരം, കളികൾ അതിമനോഹരം....
ഞങ്ങൾ അവിടെനിന്നു യാത്ര തിരിച്ചു.
പിറ്റേ ദിവസം, വീണ്ടും ഹഡിംബ ക്ഷേത്ര പരിസരത്തേക്ക് പോയി. ഫാമിലി ട്രീയും കീ ചെയിൻസും മറ്റും അവിടത്തെ കലാകാരന്മാരിൽനിന്നു സംഘടിപ്പിച്ചു. ഇത്തവണ, ഭീമന്റെയും ഹിഡുംബിയുടെയും പുത്രൻ വീര ഘടോൽഘജന്റെ ക്ഷേത്രത്തിലും പോയി. രാക്ഷസനാണെങ്കിൽത്തന്നെ എന്തുവേണം. അദ്ദേഹം വീരനായിരുന്നു. ഭീമസേനന്റെ പുത്രൻ. മഹാഭാരതത്തിലെ ഒരു കഥാപാത്രം. നമ്മൾ, ഭാരതീയർ വീരന്മാരെ, വീരവനിതകളെ ആരാധിക്കും. നല്ലവരെ സ്തുതിക്കും. അസുരനെങ്കിലും മഹാബലിയെപ്പോലെ.
കാഴ്ചകൾ മനോഹരം, കളികൾ അതിമനോഹരം....
ഞങ്ങൾ അവിടെനിന്നു യാത്ര തിരിച്ചു.
പിറ്റേ ദിവസം, വീണ്ടും ഹഡിംബ ക്ഷേത്ര പരിസരത്തേക്ക് പോയി. ഫാമിലി ട്രീയും കീ ചെയിൻസും മറ്റും അവിടത്തെ കലാകാരന്മാരിൽനിന്നു സംഘടിപ്പിച്ചു. ഇത്തവണ, ഭീമന്റെയും ഹിഡുംബിയുടെയും പുത്രൻ വീര ഘടോൽഘജന്റെ ക്ഷേത്രത്തിലും പോയി. രാക്ഷസനാണെങ്കിൽത്തന്നെ എന്തുവേണം. അദ്ദേഹം വീരനായിരുന്നു. ഭീമസേനന്റെ പുത്രൻ. മഹാഭാരതത്തിലെ ഒരു കഥാപാത്രം. നമ്മൾ, ഭാരതീയർ വീരന്മാരെ, വീരവനിതകളെ ആരാധിക്കും. നല്ലവരെ സ്തുതിക്കും. അസുരനെങ്കിലും മഹാബലിയെപ്പോലെ.
അന്നത്തെ രാത്രി അവസാനിക്കുന്നതിനു മുമ്പ് ഞങ്ങൾ ഹോട്ടലിനിന്നു യാത്രയായി. വന്നതുപോലെ, ന്യൂ ദില്ലിയിലേക്ക്. പിന്നെ, ട്രെയിനിൽ മുംബൈ സെൻട്രലിലേക്കും..
അങ്ങനെ, മണാലി യാത്രയും കഴിഞ്ഞു.
*Manali, Kullu, Himachal Pradesh.