2013 ഡിസംബർ 31, ചൊവ്വാഴ്ച

ആരംഭശൂരത്വം


My Blog No: 142 - 

ആരംഭശൂരത്വം 

 

ആരംഭശൂരത്വം

  - ഈ വാക്കിനു അഗാധമായ അർത്ഥമുണ്ട്.  ഒരു നല്ല ദിവസത്തിൽ, അല്ലെങ്കിൽ ഏതാനും നല്ല ദിവസങ്ങളിൽ നാം തുടക്കത്തിൽ നല്ലത് ചിന്തിക്കുന്നു, പ്രവര്ത്തിക്കുന്നു. അതിനുശേഷം ക്രമേണ അത് അന്യമാകുന്നു!  അഥവാ, നമ്മുടെ ശ്രദ്ധക്കുറവുകൊണ്ട്മടികൊണ്ട്, വിവരക്കേടുകൊണ്ട് അങ്ങിനെ ആയിപ്പോകുന്നു.

 

മുകളിൽ പറഞ്ഞ പ്രവണതയിൽനിന്ന് ദൈവവിശ്വാസം ഇല്ലാത്തവരും, ഉള്ളവരും, മതപരമായ ആചാരാനുഷ്ഠാങ്ങളിൽ വിശ്വാസം ഇല്ലാത്തവരും, ഉള്ളവരും - ഏകദേശം എല്ലാവരുംതന്നെ  തികച്ചും വിമുക്തരല്ല. നാം അങ്ങിനെ ആയാൽ പോരല്ലോ.

 

ഒരു ദൃഡനിശ്ചയം അത്യാവശ്യം.  ഞാൻ പറഞ്ഞുവന്നത് - പുതുവൽസരപ്പിറവിയിൽ നാം ചിലത് മനസ്സിൽ കുറിക്കുന്നു - ചില നല്ല കാര്യങ്ങൾ.  തെറ്റുകൾ ആവര്ത്തിച്ചുകൂടാ.  എന്നാൽ ഇത് ഒരു ആരംഭശൂരത്വം ആയി പരിണമിക്കാതിരിക്കട്ടെ. മറിച്ചായാൽ, അതിനു ഉത്തരവാദികൾ നാം തന്നെയാണ് എന്നത് മറക്കരുത്.

 

നല്ല ചിന്തകൾ, പ്രവത്തികൾ  നല്ല മനസ്സിൽ ഉരുത്തിരിയുന്നതോടൊപ്പം നാം മാനസികമായി ആരോഗ്യമുള്ളവരാകുന്നു.  അത് ശരീരത്തിന് അങ്ങേ അറ്റം ഗുണം ചെയ്യുന്നു.

 

അതെ, ആരോഗ്യം അഥവാ രോഗമില്ലാത്ത അവസ്ഥ നമുക്കുണ്ടാവട്ടെ.

 

ഒരിക്കൽക്കൂടി -

ആരംഭശൂരത്വം എന്ന വേണ്ടാതീനത്തെ  ആട്ടി ഓടിക്കുക.

 


എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകൾ.

2013 ഡിസംബർ 29, ഞായറാഴ്‌ച

അബദ്ധം പറ്റിയതാണേ...

My Blog No: 141 -
അബദ്ധം  പറ്റിയതാണേ...

(അനുഭവം)


നല്ല തിരക്ക്.  കൂടെ നടന്നിരുന്ന വാമഭാഗം എവിടെ എന്ന് വിചാരിച്ച നിമിഷംതന്നെ അയമ്മയുടെ* കൈ എന്റെതുമായി കോര്ത്തതായി മനസ്സിലായി.  ''കയ്യീത്തന്നെ മുറുക്കിപ്പിടിച്ചോട്ടോ, എന്താരു തെരക്ക്.'' ഇത് കേട്ടതും കൈ കോർത്ത ആൾ പെട്ടെന്ന് കൈ പി ൻ വ ലി ച്ചു.  ഞാൻ തല തിരിച്ചു ശരിക്കൊന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് വേറൊരു മഹിളാമണി   ആയിരുന്നു. തന്റെ ആൾ അല്ല എന്ന് മനസ്സിലായതും പരിഭ്രമിച്ചു കൈ  വിട്ടതാണേ.

ഞാൻ ആലോചിച്ചു - നേരെ മറിച്ചാണ് സംഭവിച്ചതെങ്കിലോഎന്റമ്മേ, ഓർക്കാൻ വയ്യ.  അധികം താമസിയാതെതന്നെ, ഒരൽപം മുന്നിൽ  നടക്കുന്ന എന്റെ മഹിളാമണിയെ കണ്ടതും ഞാൻ വിവരം പറഞ്ഞു. ''പാവം, അബദ്ധം പറ്റിയതാണേ'', ഞാൻ കൂട്ടിച്ചേര്ത്തു.  

അതാ വരുന്നു പ്രതികരണം.  അതൊരു ''വടി കൊടുത്തു അടി വാങ്ങൽ'' ആയിപ്പോയി.

''ന്നിട്ടോ, നിങ്ങളും ശരിക്കും കയ്യീപ്പിടിച്ചോ?''


- - -  


*അയമ്മ - ആ അമ്മ (ഒരു പാലക്കാടൻ  പ്രയോഗം)

2013 നവംബർ 23, ശനിയാഴ്‌ച

വേദന, വേദന......

Blog post No: 140
വേദന, വേദന......

(ചിന്തകൾ)




ശരീരം വേദനിക്കുന്നവരുണ്ട്;

മനസ്സ് വേദനിക്കുന്നവരുണ്ട്;

ഇത് രണ്ടും വേദനിക്കുന്നവരുമുണ്ട്;

വേദനശരീരത്തിൽനിന്ന് മനസ്സിലേക്കും

മറിച്ചും വ്യാപിക്കുന്നു.


ശരീര വേദനക്ക്

വേദനാസംഹാരികൾ ഉപകരിച്ചേക്കാം

എന്നാൽകാരണം മനസ്സിലാക്കി

ചികിത്സ നേടുമ്പോൾ മാത്രം മാറുന്നു!


മനോവേദന സ്വന്തം തെറ്റുകൊണ്ടും

അല്ലാതെയും വരുന്നു.

സ്വന്തം തെറ്റ് തിരുത്തുക,

അല്ലാത്തവ മനസ്സിലാക്കി മുന്നോട്ടു പോവുക.


വിധിക്കപ്പെട്ട വേദന

അനുഭവിക്കാതെ നിവര്ത്തിയില്ല

എന്നാൽ, ''താൻ പാതിദൈവം പാതി'';

തന്റെ ഭാഗം ശ്രദ്ധിച്ചു ശരിയാക്കുക.


അന്യരുടെ വേദന മനസ്സിലാക്കുക;

കാരണം വേദന നാളെ നമുക്കാവാം.

മനസ്സാവാചാകർമ്മണാ

ആരെയും വേദനിപ്പിക്കരുത് -

ഇത് പ്രകൃതി നിയമം/ഈശ്വരേശ്ച!


പ്രകൃതി നിയമം/ഈശ്വരേശ്ച തെറ്റിക്കുമ്പോൾ

വേദനയും ദു:ഖവും അനുഭവിക്കും,

നിഷ്കളങ്കരായ സ്വന്തം തലമുറയെയും

അനുഭവിപ്പിക്കും - തീരാദു:ഖത്തിലാഴ്ത്തും.


തെറ്റ് ചെയ്യാത്ത താൻ അനുഭവിക്കുന്നു

അല്ലാത്തവർ സുഖിക്കുന്നു 

ഇത് ആലോചിച്ചു നാം ദു:ഖിക്കേണ്ടതില്ല

അതിനു ആന്തരികമായ, നമുക്ക് 

മനസ്സിലാകാത്ത കാരങ്ങൾ ഉണ്ടെന്നും അവർ 

അനുഭവിക്കുമെന്നും മനസ്സിലാക്കുക.


മറ്റുള്ളവരുടെ വേദന അവഗണിക്കുന്ന ആൾ,

അതേ സമയം അമ്പലത്തിലും, പള്ളിയിലുമൊക്കെ 

പോകുന്ന ആൾ അവിടെയുള്ള, തന്നിലുള്ള

വേദനിക്കുന്ന ആളുടെ ഉള്ളിലുള്ള, സർവവ്യാപിയായ  

ദൈവത്തെ അവഗണിക്കുന്നു - അവഹേളിക്കുന്നു 

2013 നവംബർ 20, ബുധനാഴ്‌ച

ചതിക്കുഴി


Blogpost No: 139 - 

ചതിക്കുഴി

(കവിത)


മുഖപുസ്തകം തുറന്നപ്പോളവൻ  

കാണുന്നു സന്ദേശമുറിയിലായി 

മദാലസയായൊരു മഹിളാമണി  

സല്ലാപത്തിനായ് ക്ഷണിക്കുന്നു!

ഭയമാണവന്നീ  ജീവിതത്തിൽ

'''' വെച്ചുള്ള മൂന്നു വാക്കുകൾ

അതെന്തെന്നു കേൾക്കാണോ കൂട്ടരേ,

പാമ്പിനെ, പട്ടിയെ, പിന്നെ പെണ്ണിനെ!

നിമിഷങ്ങള്ക്കകമതാ വന്നു,

സന്ദേശം ''സ്പാമാ''ണെന്നു-

മതു നീക്കം ചെയ്തുവെന്നും!

അങ്ങനെ ചെയ്യുന്നതിൻ മുമ്പേതന്നെ 

''സിസ്ററ''മങ്ങനെ ചെയ്തപ്പോൾ

ആശ്വാസത്തോടവൻ മൊഴിഞ്ഞു -

ഹോ, വന്നിരിക്കുന്നൂ മഹിളാമണി,


ചതിക്കുഴിയിൽ ചാടിക്കാനായ്.


2013 നവംബർ 19, ചൊവ്വാഴ്ച

ധന്യമായ ജീവിതം


Blog post No: 138 -

ബാലസാഹിത്യം

ധന്യമായ ജീവിതം

(ഗദ്യകവിത)


എല്ലാ ശരികൾക്കുമായി

നന്മയെന്ന വാക്കെടുക്കൂ,

എല്ലാ തെറ്റുകൾക്കുമായി

തിന്മയെന്നതും.



നന്മ

തിന്മയായി

പലപ്പോഴും

തെറ്റിദ്ധരിക്കപ്പെടുന്നു.



തെറ്റിദ്ധാരണ

നീങ്ങേണമെങ്കിൽ

മനസ്സിലാക്കാനുള്ള

ക്ഷമയാണാവശ്യം.


ക്ഷമയോ

എല്ലാവർക്കുമില്ലാത്തപ്പോൾ,

ചിലരെങ്കിലുമതിൽ

അനുഗ്രഹീതർ.


ചിലരനുഗ്രഹീതരായ് ജനിക്കുന്നു,

ചിലരിലനുഗ്രഹം ചൊരിയപ്പെടുന്നു;

ഇങ്ങനെയനുഗ്രഹീതരായവർ

ജീവിതമെന്തെന്നു പഠിച്ചവർ.



ജീവിതമെന്തെന്നു പഠിച്ചവർക്കോ

ജീവിതവിജയം സുനിശ്ചിതം.

ജീവിതവിജയമെന്നാൽ

ധന്യമായ ജീവിതം!



ധന്യമായ ജീവിതം

സുഖകരമാകണമെന്നില്ല;

ആ ജീവിതം മറ്റുള്ളവർക്കായി

സമർപ്പിക്കപ്പെട്ടതത്രേ!