My Blog no: 469
കണ്ണാ.....
(ദിനസരിക്കുറിപ്പ് - 24 /02 /2019)
ഞായറാഴ്ച കാലത്തുതന്നെ ഒരു ബന്ധുവിന്റെ കല്യാണത്തിനായി അംബർനാഥിലേക്കു പുറപ്പെട്ടു. കല്യാണം വളരെ ഭംഗിയായി കഴിഞ്ഞു. ശാപ്പാടും കഴിഞ്ഞു. അപ്പോൾ, നാട്ടിൽനിന്നു ഒരു ഫോൺ - കണ്ണൻ മരിച്ചു. എനിക്ക് വല്ലാത്ത വിഷമംതോന്നി.
കണ്ണൻ (ചെന്താമരാക്ഷൻ) - എന്റെ കുട്ടിമാമയുടെ മകൻ. അവൻ സുഖമില്ലാതെ കിടപ്പാണെന്നു അറിഞ്ഞിരുന്നു. പക്ഷെ, ഇത് ഓർക്കാപ്പുറത്തായിപ്പോയി.
വേണ്ടപ്പെട്ടവരെ വിളിച്ചു സംസാരിച്ചു. എന്റെ കൂട്ടുകാർക്കൊക്കെ മെസ്സേജ് ഇട്ടു. ഒരാൾ പ്രതികരിച്ചു:
ചിരിച്ചുകൊണ്ടു കല്യാണത്തിന് പോയി, കരഞ്ഞുകൊണ്ട് തിരിച്ചു വന്നോ?
വേറൊരാൾ:
അയ്യോ, പാവം. എന്നും ചിരിച്ച മുഖം, ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ല.
അതെ, എന്റെ സഹോദരാ, നിന്നെ പരിചയമുള്ളവരൊക്കെ അങ്ങനെ പറയും. നിന്റെ ജീവിതം ആ നിലക്ക് ധന്യമാണ്. വെറുതെ, ഒരാൾ മരിച്ചുപോയാൽ പറയുന്ന ഭംഗിവാക്കല്ല. കൂടുതൽ പറയാൻ വാക്കുകളുമില്ല.
കുന്നുകൾപോലെ ധനമുണ്ടാകിലും
ഇന്ദ്രനുസമനായ് വാണീടുകിലും
ഒന്നുരിയാടുവതിന്നിടകിട്ടാ
വന്നാൽ യമഭടർ നാരായണ ജയ!
ഇന്ദ്രനുസമനായ് വാണീടുകിലും
ഒന്നുരിയാടുവതിന്നിടകിട്ടാ
വന്നാൽ യമഭടർ നാരായണ ജയ!
(ഭാഗവതം കിളിപ്പാട്ട്)
യമഭടർ വന്നു ഉരിയാടാൻ ചാൻസ് തന്നാലും, നീ ചിരിച്ചുകൊണ്ടു അവരുടെ കൂടെ പോകും! നിന്റെ മനസ്സ്, ആ ഭാവം എല്ലാവര്ക്കും ഉണ്ടാവട്ടെ.
എന്നും നീ ഞങ്ങളുടെ, അറിയുന്ന എല്ലാവരുടെയും മനസ്സിൽ ജീവിക്കും, കണ്ണാ...