2014, ഫെബ്രുവരി 13, വ്യാഴാഴ്‌ച

കടലും കാമുകനും


Blog post No: 168 -


കടലും കാമുകനും

(മിനിക്കഥ)




കടൽപോലെ സ്നേഹമുണ്ടെന്ന് പറഞ്ഞു ചിരിച്ചു, യാത്രപറഞ്ഞു പോയി അവൾ.  അവനോ, ആശയക്കുഴപ്പത്തിലുമായി.  ആദ്യം നേർവഴിക്കു ചിന്തിക്കട്ടെ - കടൽവെള്ളം പോലെ വറ്റാത്ത സ്നേഹം?  ഭൂമിയുടെ സിംഹഭാഗത്തെപ്പൊലെ കൂടുതലായ കടൽപോലെ കൂടുതലായ സ്നേഹംആരോ പറഞ്ഞു സ്നേഹമെന്നത് ഉപ്പിട്ട കഞ്ഞിപോലെ സ്വാദേറിയതാണെന്ന്.  അപ്പോൾ,  ഉപ്പുവെള്ളം നിറഞ്ഞ കടൽപോലെഇനി മറിച്ചൊന്നു ചിന്തിച്ചുനോക്കട്ടെ - കടലിൽ കായം കലക്കിയപോലെകടൽപോലെ എത്തും  പിടിയുമില്ലാതെഅതോ, കടൽപോലെ അടിയൊഴുക്കുള്ളമഹിളാമണീ, എനിക്കല്പം ബുദ്ധി കുറവാണേ. നീ തെളിച്ചു  പറ - ഈ കടലിനെ കൂട്ടുപിടിക്കാതെ, അല്ലെങ്കിൽ കടലല്ല, മെഴുകുപോലെ ഉരുകും ഞാൻ.

2014, ഫെബ്രുവരി 12, ബുധനാഴ്‌ച

ദൈവവും പിശാചും



Blog Post No: 167 - 

ദൈവവും പിശാചും

(ഗദ്യകവിത)





ഒരു വ്യക്തി, ആ വ്യക്തി മാത്രം;

വേറൊരു വ്യക്തി ആവില്ലതന്നെ.

ഈ പ്രപഞ്ചത്തിൽ ആ വ്യക്തിക്ക്

തുല്യം ആ വ്യക്തി മാത്രം!

ഇത് പ്രകൃതി നിയമം -

അഥവാ ഈശ്വരേശ്ച.

അയാളുടെ ശരീരപ്രകൃതം,

ഇഷ്ടാനിഷ്ടങ്ങൾ, വികാരവിചാരങ്ങൾ,

പെരുമാറ്റം എല്ലാമെല്ലാം അയാൾക്ക്‌ സ്വന്തം!

എന്നാൽ, ഒന്ന് മാത്രം

പൊതുവായി കാണുന്നു -

ശരിയും തെറ്റും - അഥവാ

ഹൃദയത്തിൽ ദൈവവും പിശാചും.

ഇത് രണ്ടും അയാളിലുണ്ട്,

വേറൊരാളിലുണ്ട്,

വേറെ എല്ലാവരിലുമുണ്ട്!

ഇനി, ദൈവത്തിന്റെ മക്കൾ

പിശാചിനെ അനുസരിക്കരുത്

കാരണം, പിശാചിന്റെ മക്കൾപോലും

ഇന്നല്ലെങ്കിൽ നാളെ

ഇപ്പോഴല്ലെങ്കിൽ ഇനിയൊരിക്കൽ

ദൈവത്തെ  അനുസരിക്കും!

ആരാണ് ദൈവം, ആരാണ് പിശാചു് ?

ശരി, നന്മ, സ്നേഹമിതൊക്കെ ദൈവം

അതിന് വിപരീതം പിശാചു്   

നല്ല കാര്യങ്ങൾ ചിന്തിക്കുക, പ്രവര്ത്തിക്കുക

ദൈവത്തിന്റെ കൈകളിലുറങ്ങുക   



2014, ഫെബ്രുവരി 10, തിങ്കളാഴ്‌ച

താളം തെറ്റിയ ജീവിതങ്ങൾ



Blog post no: 166

താളം തെറ്റിയ ജീവിതങ്ങൾ

(ലേഖനം)


''കിടന്ന പായിൽ നിന്നെണീറ്റാലേ
കുളിർമ്മയുള്ളൂ മനസ്സിന്.''

എന്റെ കുട്ടിക്കാലത്ത്, മനസ്സിന് സമനില തെറ്റിയ ഒരു ഹാജി ഇങ്ങനെ പാടിക്കൊണ്ട് കാലത്ത് എഴുന്നേൽക്കുന്നത് കാണാൻ ഇടയായി.  നല്ല അറിവുള്ള ആൾ ആയിരുന്നു എന്ന് ആർക്കും മനസ്സിലാകും.  ഖുറാനിലെ വചനങ്ങൾ മണിമണിയായി പറയുന്നത് കേട്ടിട്ടുണ്ട്.  എന്നാൽ, മൊത്തത്തിൽ എവിടെയോ ഒരു പാളിച്ച പറ്റിപ്പോയി.  പാവം.

''കാട്ടാന, കാട്ടുപോത്ത്......''

അതുപോലെതന്നെ, ഒരമ്മ, പാതയുടെ ഒത്ത നടുവിൽ, കയ്യിൽ വടി പിടിച്ചു, ഒരുകാൽ മുമ്പിലും, ഒരുകാൽ പിമ്പിലുമായി വെച്ചുകൊണ്ട് പാടുന്നു!  എല്ലാവരും അത് കണ്ടുകൊണ്ടു നിൽക്കുന്നു! 

മനസ്സിന് സമനില തെറ്റിയവരെക്കുറിച്ച് ഓർത്തപ്പോൾ എന്റെ മനസ്സിലൂടെ ഈ രണ്ടു രംഗങ്ങളും കടന്നുപോയി.

നമുക്കാണ് ഈ നില വരുന്നതെങ്കിലോഎത്രപേർ ഇങ്ങനെ ചിന്തിക്കുംതീർച്ചയായും, ഒരു അസുഖവും, ഒരു താളപ്പിഴയും മുഴുവനായി തുടച്ചുനീക്കാൻ നമുക്ക് പറ്റി എന്ന് വരില്ല.  എന്നാൽ, അത് അനുഭവിക്കാൻ തുടങ്ങുന്നു എന്ന് മനസ്സിലായാൽ, സ്വയം ശ്രദ്ധിക്കുന്നതോടൊപ്പം  വേണ്ടപ്പെട്ടവരും ശ്രദ്ധിച്ചാൽ ഒരു പരിധിവരെയെങ്കിലും എല്ലാം നമുക്ക് ചെറുക്കാൻ സാധിക്കും.  ഒരു നല്ല മനസ്സ്, ക്ഷമ - ഇതൊക്കെ ആവശ്യം.

മുകളിൽ പറഞ്ഞപോലെ അല്ലെങ്കിൽത്തന്നെ, ഏതവസ്ഥയിലും വേണ്ടപ്പെട്ടവർ, സഹൃദയർ മനസ്സ് വെച്ചാൽ, കാര്യങ്ങൾ വഷളാകാതെ നോക്കാം.

കാരണം അറിഞ്ഞുള്ള ചികിത്സയാണ് ശരിയായ ചികിത്സ. ശാരീരികമായും, മാനസികമായും ''താളം തെറ്റുന്ന തുലനാവസ്ഥ''യിൽ  (അസുഖം/രോഗം!)  എല്ലാത്തിനും ഇത് ബാധകമാണ് എന്ന് അടിവര ഇട്ടുകൊണ്ട്‌ പറയട്ടെ.  അതിനു, വേണ്ടപ്പെട്ട ചികിത്സകരുടെ സഹായം യഥാക്രമം തേടുക, സ്വയം മനസ്സ് വെക്കുക, വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുക -  ശുഭാപ്തി വിശ്വാസത്തോടെ  മുന്നോട്ടു പോവുക..... ഇതൊക്കെ നമുക്ക് ചെയ്യാവുന്നതേയുള്ളൂ.

പറഞ്ഞുവന്നാൽ, മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധിക്കാതിരിക്കുമ്പോൾ, കാര്യങ്ങൾ കൂടുതൽ വഷളാകുന്നു.  ''സൂചി കൊണ്ട് എടുക്കേണ്ടത്, തൂമ്പകൊണ്ട് എടുക്കേണ്ടി'' വരുന്നു - എന്നിട്ടും രക്ഷയില്ലാതാവുന്നു!

''ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാൽ
കാണാനെന്തൊരു ചേല്''

എന്നത് മാറണം.  നമ്മെപ്പോലെ നമ്മുടെ വേണ്ടപ്പെട്ടവരെയും, പറ്റുമെങ്കിൽ അല്ലാത്തവരെയും സഹായിക്കുക.  അപ്പോൾ, ഇങ്ങനെ വിഷമം പിടിച്ച അവസ്ഥകളിൽനിന്ന് കുറെയൊക്കെ മോചനം ഉറപ്പ്.

ഒരുപക്ഷെ, ഒരു ചികിത്സകനായ ഞാൻ ഇതേക്കുറിച്ച് എഴുതിയത് വായിച്ചുതുടങ്ങിയപ്പോൾ, ചികിത്സാവിധികളെക്കുറിച്ച് പറയാനാവാം എന്ന് ചിലരെങ്കിലും വിചാരിച്ചിരിക്കും.  ആ വിഷയം കുറേക്കൂടി വിപുലമാണ്.  എന്തുകൊണ്ടോ, മനസ്സിന് താളം തെറ്റിയവരെക്കുറിച്ച് ഓർമ്മവന്നപ്പോൾ, ഒന്ന് രണ്ടു അനുഭവങ്ങൾ കുത്തിക്കുറിക്കുന്നതോടൊപ്പം  നാം എങ്ങനെയാണ് ചിന്തിക്കേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നതൊക്കെ ഇക്കാര്യത്തിൽ തുടങ്ങി എല്ലാ അവസ്ഥകളിലും (ശാരീരികമായ, മാനസികമായ  താളം തെറ്റിയ അവസ്ഥകളിൽ അഥവാ അസുഖങ്ങളിൽ) എന്ന് ചൂണ്ടിക്കാണിച്ചു എന്ന് മാത്രം.

''ലോകാ സമസ്താ സുഖിനോ ഭവന്തു.''   


2014, ഫെബ്രുവരി 9, ഞായറാഴ്‌ച

നാമകരണം




Blogpost No: 165 -  


നാമകരണം

(ഒരു കൊച്ചു ഹാസ്യകവിത)



സ്റ്റൈലൻപേര്തന്നെ വേണം മോനുവിന്ന്

ആരുമിന്നേവരെ ഇടാത്ത പേര്

ഒരുപാടാലോചിച്ചു ഞാനിക്കാര്യം

തലപുകഞ്ഞതു മാത്രം മിച്ചം

നിന്നോടുമാലോചിച്ചു ഞാൻ

നീയാം മണ്ടി കൈ മലര്ത്തുന്നു

''എൻ''നിൽ അവസാനിക്കുന്ന പേര് വേണ്ട

അതെത്രയോ പഴക്കം ചെന്നതാ

ഉത്തരേന്ത്യൻ സ്റ്റയിലൊരു പേരും വേണ്ട  

പിന്നെന്തു പേരിടുമെൻ ദൈവമേ

നീണ്ടു മെലിഞ്ഞ പേരൊന്നും വേണ്ട

ചുരുക്കിയൊരുഗ്രൻ പേരാകണം

നിന്പേര് ത്രിപുരസുന്ദരി 

എന്പേരോ ലക്ഷ്മീനാരായണൻ

നമുക്കിങ്ങനെ ഇട്ടാലോ പെണ്ണേ

പൊന്നുമോനിവൻ പേര് -
''ത്രിൽ'' 


2014, ഫെബ്രുവരി 5, ബുധനാഴ്‌ച

സുഹൃത്ത്



Blog post No: 164 - 

സുഹൃത്ത്

(കവിത)


സോദ്ദേശവാക്യങ്ങളുണ്ട്‌, വേണോ-

യെന്നതുകേട്ടയാളെൻ നേരെ കൈനീട്ടി.

‘’ഇഷ്ടപ്പെട്ടാൽ വെക്കുക’’യെന്നു പറഞ്ഞു ഞാൻ;   

വായിച്ചു, ചിരിച്ചുതകർത്തുകൊണ്ടയാൾ ചൊല്ലി,

''ഇതൊക്കെയെപ്പൊഴും വായിക്കും, മറന്നിടും,

ഞാനോ എന്നും ഞാനെന്ന പാപിതാൻ!''’

സുഹൃത്തിൻ ഭാഷണം കേട്ടു ചിരിച്ചു ഞാ-

നെങ്കിലുമറിയുന്നു സത്യസന്ധനാമാ മനുഷ്യനെ  -

നേരുകേടിൽ പേടിയും, ദൈവത്തിൽ പേടിയുമുള്ള-

യെൻ സുഹൃത്തിന്നെന്തിനു സോദ്ദേശവാക്യങ്ങൾ?

കൂട്ടുകൂടണം നാമിത്തരം കൂട്ടരായ്

കൂടേണ്ടതില്ല  വേറെയൊരുപാടു പേരുമായ് -

പഠിക്കുന്നതൊന്നും, പ്രവർത്തിക്കുന്നതൊന്നു-

മെന്നമട്ടിൽ കാണും  മാനുഷജന്മങ്ങളാണല്ലോ ഇവർ!

                   ***

കുറിപ്പ്:  ഇങ്ങനെയുള്ള അനുഗ്രഹീതരെ നാം ജീവിതത്തിൽ വിരളമായെങ്കിലും കണ്ടുമുട്ടാറുണ്ട്.  എന്റെ പഴയ സുഹൃത്തുക്കൾ ജോണ്‍ ക്വാദ്രസ് എന്ന മാന്ഗ്ലൂരി, നാഗേഷ് കാക്കു എന്ന സിന്ധി - ഇവരെ ഓര്മ്മ വന്നപ്പോൾ ഇങ്ങനെ കുത്തിക്കുറിക്കാൻ തോന്നി.