2014 ഏപ്രിൽ 8, ചൊവ്വാഴ്ച

അടി കൂടുന്നവർ, അടിച്ചു പിരിയുന്നവർ....


Blog Post No: 193 -


അടി കൂടുന്നവർ, അടിച്ചു പിരിയുന്നവർ....

(ചിന്തകൾ)


''ഒന്നിച്ചിരുന്നു കുടിച്ചതാ അന്ന് ഞങ്ങൾ.  അവനു എങ്ങനെ അങ്ങനെ ചെയ്യാൻ തോന്നി?''

''നിന്റെ അമ്മ എനിക്ക് തന്ന ചോറിന്റെ നന്ദി  എന്നെക്കൊണ്ട്   അങ്ങനെ ചെയ്യിക്കില്ല.''

''ഒന്നിച്ചു കളിച്ചു വളർന്നവരല്ലേ നമ്മൾ, നാം അങ്ങനെ ചെയ്യാമോ?''

അതെ, എന്ത് അനിഷ്ടസംഭവങ്ങളിലും  ''ഒന്നിച്ചു'' അൽപനേരമെങ്കിലും  കൂടിയവര്ക്ക് ഇതൊക്കെ ഓര്മ്മ വരും.  ആ   അനർഘ    നിമിഷങ്ങൾ, അപൂർവനിമിഷങ്ങൾ  അനിഷ്ടചിന്തകളിൽനിന്ന്  പ്രവര്ത്തികളിൽനിന്ന് നമ്മെ പിന്മാറാൻ ഏറെ സഹായകമാകും.

നല്ല നിലക്ക് കഴിഞ്ഞിരുന്ന ദമ്പതികൾ (ഞാൻ അതിനു സാക്ഷിയായപ്പോൾ) അടിച്ചു പിരിയുന്നു എന്നറിഞ്ഞപ്പോൾ ഈവക വിചാരങ്ങൾ എന്നിലൂടെ കടന്നുപോയി.  

എന്നും  മനുഷ്യർക്ക്‌ നല്ലനിലക്ക് മുന്നോട്ടുപോകാൻ കഴിഞ്ഞെങ്കിൽ.... ആശിച്ചുപോകുന്നു.  എവിടെയാണ് പ്രശ്നങ്ങൾകുറഞ്ഞതോതിലെങ്കിലുമുള്ള അഹന്ത, അസൂയ, കോപം, അപകര്ഷതാബോധം, അവജ്ഞ.... ഇതൊക്കെ മനുഷ്യമനസ്സിനെ ഗ്രസിക്കുമ്പോൾ എല്ലാ അനിഷ്ടസംഭവങ്ങളും  അരങ്ങേറുന്നു - എന്നും അടി കൂടുന്നു, അവസാനം അടിച്ചു പിരിയുന്നു....    വിവേകബുദ്ധിയുണ്ട് എന്ന്  അഭിമാനിക്കുന്നു മനുഷ്യ ജീവി!  ഓരോ വ്യക്തിയും ഒരു സ്വയം വിശകലനം നടത്തി, വിവേകപൂർവം, ബുദ്ധിപൂർവം  വിട്ടുവീഴ്ചകൾക്ക്   തയ്യാറായി    മുന്നോട്ടു പോകേണ്ടതല്ലേഅതെ, കേൾക്കുന്നവർക്കും, കാണുന്നവർക്കുമൊക്കെ   ഇങ്ങനയൊക്കെ തോന്നും.

എല്ലാവർക്കും  നല്ലബുദ്ധി തോന്നട്ടെ. ''ലോകാ സമസ്താ സുഖിനോ  ഭവന്തു:''

2014 ഏപ്രിൽ 7, തിങ്കളാഴ്‌ച

ഇന്നത്തെ പ്രഭാതം


Blog Post No: 192 -


ഇന്നത്തെ പ്രഭാതം

(ഒരു കൊച്ചുവർത്തമാനം)


ഓഫീസ്സിലെത്തി സിസ്റ്റം തുറന്നു.  മുഖപുസ്തകത്തിൽ ക്ലിക്ക് ചെയ്തു.  ആദ്യമായി, ചാറ്റിൽ അവൾക്കൊരു ഗ്രീറ്റിങ്ങ്സ് മെസ്സേജ് ഇട്ടുകളയാം, ഐശ്വര്യത്തോടെ - രാഹുൽ വിചാരിച്ചു.

''സുപ്രഭാതം''

അതാ മറുപടി വന്നല്ലോ:

''നന്ദി, എന്നാൽ ഇന്നത്തേതു സുപ്രഭാതം ആയില്ല.''

''എന്ത് പറ്റി?''

''ഒരു കള്ളപ്പന്നി എന്റെ ഡ്രെസ്സിൽ മുഴുവൻ ചെളിവെള്ളം തെറിപ്പിച്ചു.  റോഡിനരികിൽ വെള്ളമുണ്ടായിരുന്നു. ഒന്ന് ഒതുങ്ങിമാറിനില്ക്കാൻ തുടങ്ങുമ്പോഴേക്കും അവൻ വണ്ടി ആ ചെളിവെള്ളത്തിലൂടെ ഓടിച്ചുപോയി.''

''അത്  കഷ്ടമായല്ലോ. എന്നിട്ട്?''

''എന്നെട്ടെന്താ, ഓഫീസിൽ വന്നു ബാത്രൂമിൽ കയറി, വൃത്തിയാക്കി.  ആകെ നനഞ്ഞിരിക്കുന്നു.''

''തിരിച്ചു പോയ്ക്കൂടായിരുന്നോ?''

'', നല്ല ജോലിയുണ്ട്.  പോയാൽ ശരിയാവില്ല.''

''എന്നിട്ടാണോ, വന്നതും മുഖപുസ്തകം തുറന്നത്?''

''ഡാ, എനിക്ക് നല്ല ദേഷ്യം വരുംട്ടോ.  അല്ലെങ്കിലേ ഞാൻ ദേഷ്യം പിടിച്ചിരിക്കുകയാ.  വന്നു തുറന്നതേയുള്ളൂ.  മെസ്സേജിനു മറുപടി ഇടാം എന്ന് വിചാരിച്ചപ്പോൾ....''

''അയ്യോ, ദേവീ കോപിക്കല്ലേ.  ഞാൻ പോയ്ക്കളയാം.  അടിയൻ അറിയാതെ പറഞ്ഞുപോയതാണേ.''

''അങ്ങനെ വഴിക്ക് വാ.  ശരി.  ക്ഷമിച്ചിരിക്കുന്നു.''

''ക്ഷമിച്ചാൽ മാത്രം പോരാ. പ്രസാദിക്കണം.''

''പോടാ തെമ്മാടീ, ഞാൻ പോകുന്നു.''

''അയ്യോ, ദേവീ പോകല്ലേ, പോകല്ലേ ദേവീ പോകല്ലേ....''

''ഹാ ഹാ''

''ഹാവൂ, ചിരിച്ചുകണ്ടല്ലോ.''

''ഇനി എന്ത് വേണം?"


''ഇനി എന്ത് വേണം എന്ന് ചോദിച്ചാൽ...  അതിനും പിണങ്ങില്ലേ?''

''ഉവ്വ്.''

''ന്നാൽ, ഞാൻ പോകുന്നു.''

''മണ്ടച്ചാരേ, വേഗം കാര്യം പറ വല്ലതുമുണ്ടെങ്കിൽ.''

''പറയാം, നേരിട്ടാകട്ടെ, വൈകീട്ട്.''

''ഇപ്പൊ പറ.''

''ഇല്ല, ഇപ്പൊ പറഞ്ഞാ ശരിയാകില്ല.  നത്തിംഗ് സീരിയസ്.  നീ ജോലി ചെയ്തോ.''

''എന്നാ ശരി,  പോയ്‌ തൊലയ്. :)  ബൈ.''

2014 ഏപ്രിൽ 6, ഞായറാഴ്‌ച

തെറ്റുകാർ


Blog Post No: 191 -


തെറ്റുകാർ

(ചിന്തകൾ)


''അവൻ/അവൾ എന്നെക്കാൾ വയസ്സിനു താഴെയല്ലേഞാൻ ക്ഷമിക്കണമല്ലോ.''

''അവരൊക്കെ എന്നെക്കാൾ വയസ്സിനു മൂത്തവർ. ഞാൻ ക്ഷമിച്ചേ തീരൂ.''

വയസ്സിനു താഴെയാണെങ്കിലും മൂത്തതാണെങ്കിലും ഇങ്ങനെ പറയുന്ന ഒരു വലിയച്ഛൻ എനിക്കുണ്ടായിരുന്നു!  ആ കാരണംകൊണ്ടുതന്നെ അച്ഛന് അദ്ദേഹത്തോട് വല്ലാത്ത സ്നേഹമായിരുന്നു. സ്വന്തം സഹോദരൻ അല്ലെങ്കിലും ഒരു തറവാട്ടംഗം.   ആ വലിയച്ഛന്റെ നിര്യാണത്തിൽ അച്ഛൻ പൊട്ടിക്കരഞ്ഞത് ഓർക്കുന്നു.

ചുരുക്കം  ചിലര്ക്ക് മാത്രം ലഭിക്കുന്ന അനുഗ്രഹമാണ് മുകളിൽ പറഞ്ഞ വലിയച്ഛന്റെത്.

സാധാരണക്കാരിൽ സാധാരണക്കാരായ ഇങ്ങനെയുള്ളവർ ഇക്കാരണംകൊണ്ടുതന്നെ സ്നേഹബഹുമാനങ്ങളാർജ്ജിക്കുന്നുസമാധാനത്തോടെ  ജീവിക്കുന്നു, മരിക്കുന്നു! ഈ ജീവിതത്തിൽ വേറെന്താണ് വേണ്ടത്?

ഒന്നുകൂടി - ജന്മനാൽ ഇങ്ങനെയുള്ള നല്ല വശങ്ങൾ  നമ്മളിൽ ഇല്ല എന്ന് വിചാരിക്കുക - ആവുന്നതും ഇതിനായി ശ്രമിക്കുക - അത്രതന്നെ.  ഇതാണ് ജീവിത വിജയം.

സമർപ്പണം:  യശശ്ശരീരനായ  എന്റെ ശേഖരവലിയച്ഛന്.

2014 ഏപ്രിൽ 2, ബുധനാഴ്‌ച

''ഒരു ശവ്ശര് വേണം.''


Blog Post No: 190 -


''ഒരു ശവ്ശര് വേണം.''

ഓർമ്മക്കുറിപ്പ്‌)

''എന്താണ്ടാ?  ആരണ് നീ?  എന്ത് വേണം?''

(എം. എസ്. തൃപ്പുണിത്തറ, യോദ്ധ എന്ന സിനിമയിൽ മോഹൻലാലിനോടോ, ജഗതിയോടോ ചോദിക്കുന്ന ചോദ്യശരങ്ങൾ - ആരാണ് നീ? ഹു ആർ യു? തും കോൻ ഹോ?   - ഇപ്പോൾ അതാണ്‌ ഒര്മ്മവന്നത്!)

മൂന്നു ചോദ്യങ്ങൾ, എം.എസ്‌. തൃപ്പുണിത്തറയെപ്പോലെ അല്ലാതെ ഒട്ടും ദേഷ്യപ്പെടാതെ, എന്നാൽ ഒരൽപം ചിരിച്ചുകൊണ്ട്  അച്ഛൻ അവനോടു ചോദിച്ചു.  കുളി കഴിഞ്ഞുവന്നു, കിണ്ടിയിൽനിന്നു വെള്ളം എടുത്തു കാൽ കഴുകമ്പോഴാണ് അവനെ അച്ഛൻ ശ്രദ്ധിച്ചത്.    

''ഒരു ശവ്ശര് വേണം.''

''എന്ത്?''

''ശവ്ശര്'' - ട്രൌസർ (നിക്കർ)!

അവന്റെ നില്പ്പും, ഭാവവും, സംസാരവും കേട്ട് ഞങ്ങൾക്ക് (എനിക്കും ബാലേട്ടക്കും - എന്റെ മേമയുടെ മകൻ) ചിരിയും സഹതാപവുമൊക്കെ തോന്നി.

അച്ഛൻ വരുന്നതിനു മുമ്പ് അവൻ ഞങ്ങളെ കണ്ടിരുന്നു. അവന്റെ പ്രായത്തിലുള്ള ഞങ്ങളെ കണ്ടപ്പോൾ ഒരു നിക്കർ ചോദിച്ചാൽ (പഴയതെങ്കിലും) കൊള്ളാമെന്നു അവനു തോന്നി.  ഞങ്ങളുടെ ഭാഗത്ത് പുതുതായി വന്ന പിച്ചക്കാരുടെ കൂട്ടത്തിൽ ഉള്ളവനോ, അതോ തമിഴ്നാട്ടിൽനിന്നു വന്ന കൂലിപ്പണിക്കാരുടെ മക്കളിൽപ്പെട്ടവനോ ആണെന്ന് തോന്നി.

അച്ഛൻ ‘’ഇവിടെ ഒന്നുമില്ലെ’’ന്ന് പറഞ്ഞപ്പോൾ അവൻ പോയി.  അവൻ പോയപ്പോൾ ഞങ്ങള്ക്ക് സങ്കടമായി. ബാലേട്ട അകത്തുപോയി ഒരു പഴയ നിക്കറുമായി വന്നിട്ട് പറഞ്ഞു:

''വല്ലാതെ വയറുകത്ത്ന്നുടാ പൊന്നാ.  നി നീ അവനെ കണ്ടാ ഇത് കൊടുത്തോ.'' 

ഉവ്വ്.  അവനെ പുറത്തുവെച്ച് അന്നുതന്നെ കണ്ടു.  വീട്ടിൽ വിളിച്ചുവരുത്തി അത് കൊടുത്തപ്പോൾ വല്ലാത്ത സന്തോഷമായി.

''ഒരു ശവ്ശര് വേണം'' - ആ ഡയലോഗ്, അവന്റെ ദയനീയമായ ആ ഭാവം - എല്ലാം കൌമാരവും, യവ്വനവുമൊക്കെ കടന്നുപോയ ഈ കാലത്തും ഇന്നെന്നപോലെ ഓർക്കുന്നു.  പാവം.

- =o0o= -

* വയറുകത്തുക = മനസ്സ് വേദനിക്കുക.
* പൊന്നൻ = എന്റെ അരുമപ്പേര്.