2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

പണിക്കരും ഡോക്റ്ററും

Blog Post No: 122 -
പണിക്കരും ഡോക്റ്ററും

(മിനികഥ)



അറുപത്തൊന്നുകാരനായ, മധുപാല  പണിക്കർ പതിനാറുകാരനെപ്പോലെ വിലസി.

അങ്ങിനെയിരിക്കെ, പണിക്കർക്ക്, ശരീരത്തിലെ പുറത്തുകാണിക്കാനോ അങ്ങിനെ എല്ലാവരോടും പറയാനോ പറ്റാത്ത ഭാഗത്ത്‌ ഒരു പരു വന്നു. അത് ഇന്ന് പോകും നാളെ പോകും എന്ന് വിചാരിച്ചിട്ട് രക്ഷയില്ല; തന്നെയും കൊണ്ടേ പോകൂ എന്നുണ്ടോ - ഭയമാകുന്നു. നാളിതുവരെ ഇങ്ങനൊന്നും ഉണ്ടായിട്ടില്ല.

തന്റെ പഴയ പരിചയക്കാരനായ അബ്ദുള്ളയുടെ (നാട്ടുകാരുടെ കുളത്തിങ്കലെ രാവുത്തരുടെ) മകന്‍ ടൌണില്‍ ഒരു ക്ലിനിക്‌ ഇട്ടിട്ടുണ്ട് എന്ന് കേട്ടു. അങ്ങോട്ട്‌ വെച്ച്പിടിച്ചു.

ഡോ.അസീസിനെ പണിക്കര്‍ സ്വയം പരിചയപ്പെടുത്തി.

"മധു അമ്മാവനെ എനിക്കറിയാമല്ലോ. ഉപ്പയുടെ കൂടെ എത്രയോ തവണ വീട്ടില് വന്നിട്ടുണ്ടല്ലോ.'' ഡോക്റ്റർ ചിരിച്ചു. 

ഓ, അപ്പോള്‍ പയ്യന്‍ വിചാരിച്ചപോലെ അല്ല.

ഡോക്ടര്‍ പരിശോധിച്ചു. രക്തവും മൂത്രവും ടെസ്റ്റ്‌ ചെയ്തു. റിപ്പോര്ട്ട് ‌ കിട്ടിയശേഷം, മരുന്നുകള്‍ കുറിച്ചുകൊണ്ട്പറഞ്ഞു:

"ഇനി, ഈ മരുന്നുകള്‍ പതിവായി എന്നും കഴിക്കണം, ഞാന്‍ പറയാന്‍ പോകുന്ന ആഹാരരീതിയിലും ശ്രദ്ധിക്കണം."

"അല്ലാ, ഞാന്‍ ചോയ്ക്കട്ടെ, മുമ്പേ ചോയ്ക്കണംന്നു നിരീച്ചതണ്.ഒരു പരൂന് ത്ര വല്യേ ടെസ്റ്റ്‌കളും മരുന്നുകളും (?) അറിയാന്‍ വേണ്ടി ചോയ്ക്കേണ്."

"ശരി, പറയാതിരിക്കരുതല്ലോ. മധു അമ്മാവന്.................  മധുമേഹം ആണ്."

"എന്ന് വെച്ചാല്‍?" 

"പ്രമേഹം"

2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

നുറുങ്ങുകൾ

Blog post No: 121:

നുറുങ്ങുകൾ


1. മരണം


 ''നമ്മുടെ രാജാവ് തീപ്പെട്ടു.''

''അയ്യോ, ആരും രക്ഷപ്പെടുത്തീല്ലേ?"

''അല്ല...... രാജാവ് നാട് നീങ്ങി.''

''സ്നേഹം ഇല്ലാത്ത രാജാവ്.  നാട് വിട്ടാൽ പോട്ടെ എന്ന് വെക്കണം.''

''എടാ കഴുതേ, രാജാവ് മരിച്ചു എന്നാ പറഞ്ഞെ.''

(ആശയം - കേട്ട അറിവ്.)



2 മണി, സോപ്പ്, വെണ്ണ


''നീ മണി അടിച്ചു നോക്ക്''

''ഏതു മണി?"

''സോപ്പിട്ടു നോക്ക്.''

''മനസ്സിലായില്ല.''

''എടാ, ശരിക്കും ഒന്ന് വെണ്ണ പുരട്ടി നോക്ക്.''

''........''


''കഴുതേ, നീ മണിയും, സോപ്പും, വെണ്ണയുമൊന്നും വാങ്ങണ്ട.  സ്നേഹത്തിൽ അടുത്തുകൂടി, വേണ്ടവിധം പറഞ്ഞു മനസ്സിലാക്ക്.''  

***

നോട്ട്:  സുഹൃത്തേ, താങ്കളുടെ  പ്രതികരണങ്ങൾ /  ക്രിയാത്മകമായ വിമർശനങ്ങൾ ഇവിടെ കുറിക്കുമല്ലോ.  ''അജ്ഞാതർ'' മാന്യമല്ലാത്ത   രീതിയിൽ എഴുതിക്കാണുന്നത്കൊണ്ട് മാത്രം കമെന്റ്സ് മോഡറേഷന് വെക്കുന്നു.  നന്ദി.  

2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

അലമേലു

Blog post No: 120 - അലമേലു

(ചെറുകഥ)

പ്രകൃതിരമണീയമായ പാലക്കാടൻ ഗ്രാമങ്ങളിലൊന്ന് - കണിമംഗലം.   അവിടത്തെ ശ്രീകൃഷ്ണക്ഷേത്രം സന്ധ്യാദീപങ്ങളുടെ പ്രകാശധാരയിൽ തിളങ്ങിനില്ക്കുന്നു.  ഭക്തിസാന്ദ്രമായ അന്തരീക്ഷം.

മധ്യവയസ്ക്കയായ അലമേലുഅമ്മാൾ എന്നും കാലത്തും വൈകീട്ടും അവിടെ എത്തും.  പച്ചനിറവും,  അതിൽ കറുത്ത കള്ളി വരകളു മുള്ള ചേല തമിഴ്ബ്രാഹ്മണരീതിയിൽ ചുറ്റിയ, മൂക്കത്തി ധരിച്ച, ഇപ്പോഴും സുന്ദരിയായ അമ്മ്യാർ അതാ അവിടെ നിന്നു പ്രാര്ത്ഥിക്കുന്നുണ്ട്. 

അഗ്രഹാരത്തിന്റെ തുടക്കത്തിൽതന്നെയാണ്ക്ഷേത്രം.  അവിടെനിന്നും നാലഞ്ചു മഠങ്ങൾ കഴിഞ്ഞാൽ വെങ്ക്ടിഅയ്യരും അലമേലുവും താമസിക്കുന്ന മഠം ആയി. പ്രാര്ത്ഥന കഴിഞ്ഞു തിരിഞ്ഞു നടന്ന അമ്മ്യാര്ക്ക് ഒരു തോന്നൽ - തോഴുത്തതു പോരാ  എന്ന്!  വലിയ തിരക്കും ഇല്ല.  അപ്പോൾ, ഒരിക്കൽക്കൂടി തൊഴുതുകളയാം എന്നവർ കരുതി.  അലമേലു തന്റെ തമിഴ്-മലയാളത്തിൽ ശബ്ദം താഴ്ത്തി വീണ്ടും പ്രാര്ത്ഥിച്ചു:

''നീയും തിരുടിയിട്ടില്ലേ കണ്ണാ? പൊയ് ചൊല്ലിയിട്ടുമുണ്ടല്ലോ.  നാൻ ചെയ്ത തപ്പുക്ക്  മന്നിപ്പ് താ.   കാപ്പാത്തണം.''

പാവം.  എന്തോ തപ്പ് (തെറ്റ്) ചെയ്തതു മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്.  അതാണ്‌ കണ്ണന്റെ മുമ്പിൽ ഏറ്റു പറഞ്ഞു, മനസ്സമാധാനം നേടാൻ നോക്കുന്നത്!

ക്ഷേത്രത്തിൽ നിന്നും വന്നശേഷം നേരത്തെതന്നെ ഇഡലിയും കാപ്പിയും ശാപ്പിട്ടു, രണ്ടുപേരും ''തൂങ്കാനുള്ള'' തയ്യാറെടുപ്പായി.  പെണ്മക്കളെ രണ്ടു പേരെയും കല്യാണം കഴിപ്പിച്ചയച്ചു.  ഇപ്പോൾ വെങ്ക്ടിയും അലമേലുവും മാത്രമായി. 

അലമേലുവിനു ഉറക്കം വന്നില്ല. ഇന്നലെ രാത്രി ഉണ്ടായ കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് വരുന്നു.  വെള്ളിത്തിരയിലെ ഫ്ലാഷ്ബാക്ക് പോലെ............

ഒരുറക്കം കഴിഞ്ഞപ്പോൾ,  അടുത്ത വീട്ടില്നിന്ന് അടക്കിപ്പിടിച്ച സംസാരം കേള്ക്കുന്നു!   ശ്രദ്ധിച്ചപ്പോൾ,  നല്ല മലയാളത്തിലാണ് പറയുന്നതെന്ന്  മനസ്സിലായി.  അതായത് അവിടെ താമസിക്കുന്നവർ അല്ല. എന്തൊക്കെയോ സാധനങ്ങൾ എടുക്കുന്നതിന്റെയും വെക്കുന്നതിന്റെയും ചെത്തം കേള്ക്കുന്ന പോലെ!  ശരിത്താനേ - പാർവതിയും മക്കളും രാത്രി അവിടെ ഉണ്ടാവില്ല ഏന്പറഞ്ഞിരുന്നത് ഓര്ക്കുന്നു. കടവുളേ.   അലമേലു വെങ്ക്ടിയെ തട്ടി വിളിച്ചു, വിവരം പറഞ്ഞു. 

വെങ്ക്ടി ഒന്ന്കണ്ണുരുട്ടി, ഏതാനും സെക്കൻഡുകൾ ആലോചിച്ചശേഷം പറഞ്ഞു: യാരോടും ഒണ്ണുമേ ചൊല്ല വേണ്ടാ. ചുമ്മാ പടുത്തുക്കോ.
അലമേലുവിനു അത് ദഹിച്ചില്ല.  എന്നാൽ എന്ത്ചെയ്യാൻ പറ്റും. തന്റെ കണവനെന്നു പറയുന്നയാൾ,  അതാ എരുമമാടിനെപ്പോലെ ഉറക്കം തുടങ്ങിക്കഴിഞ്ഞു. അമ്മ്യാർ നെടുവീര്പിട്ടു.

സംശയിച്ചതു സംഭവിച്ചു. പാർവതിയും മക്കളും പകൽ തിരിച്ചെത്തിയപ്പോൾ മനസ്സിലായി – ആരോ ഉള്ളില്ക്കടന്നു വിലപ്പിടിപ്പുള്ളതെല്ലാം കൊണ്ടു പോയിരിക്കുന്നു!

അലമേലുവിനു അത്കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി - മനസ്സാക്ഷിക്കുത്ത്!  പണ്ടൊക്കെ, തന്റെ കുട്ടിക്കാലത്ത്, ഈ ഗ്രാമത്തിലേക്ക് പുറത്തുനിന്നും അങ്ങിനെ ആരും വരാറില്ല.  വന്നാൽ എല്ലാവരും അറിയും.  ഇന്ന്കാലം മാറി.  പല വീടുകളും മറ്റു സമുദായത്തിലുള്ളവർ വാങ്ങി, താമസം തുടങ്ങി.  എല്ലാവരും നല്ലവർ. എന്നാൽ, കുറെയായി ഗ്രാമത്തിൽ ഇങ്ങിനെ കളവു നടക്കുന്നതായി കേള്ക്കുന്നു.

വൈകുന്നേരം, കൃഷ്ണനെ തൊഴുതു വരുന്ന വഴിക്ക് ആ ആട്ടക്കാരി മുത്തുലച്മി ചോദിച്ചതു തികട്ടി  തികട്ടി വരുന്നു:

പക്കത്തെ വീട്ടില്നടന്നതൊന്നും അറിഞ്ഞില്ല്യോ മാമീ?  ഓ, അവളുടെ ഒരു തൊളയാരം.  ആട്ടക്കാരി, വായാടി.  നീ പോടീ നെന്റെ പാട്ടിന് – അലമേലു പിറുപിറുത്തു. 

പാതിരാകൂഴി കൂവുന്നു.  നിദ്രാദേവി കനിയുന്നില്ല. അലമേലു വീണ്ടും വീണ്ടും കണ്ണനെ മനസ്സില്ധ്യാനിച്ച്‌,  തന്റെ കണവന്റെ ഭീരുത്വത്തിനും, അതുവഴി തന്റെ ഭാഗത്ത്‌ വന്ന തെറ്റിനും മാപ്പു ചോദിച്ചുകൊണ്ട് ഉറങ്ങാൻ ശ്രമിച്ചു. 

Published by Mazhavillu Oct. 7, 2013: http://mazhavillumagazine.blogspot.com/
Page no: 89

2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

മണലാരണ്യകാണ്ഡം



Blogpost No: 119 -
മണലാരണ്യകാണ്ഡം 

(ചെറുകഥ)    

-ഡോ. പി. മാലങ്കോട്

(വര്ഷങ്ങള്ക്ക് മുമ്പ് കുത്തിക്കുറിച്ച ഒന്ന്.  ഇന്നും പ്രമേയത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നതിനാൽ അതേപടി ബ്ലോഗ്‌ ആക്കി ഇടുന്നു.)

രാമായണത്തിലെ ആരണ്യകാണ്ഡം വായിച്ചിരിക്കുമല്ലോഇല്ലെങ്കില്‍കേട്ടിട്ടെങ്കിലുമുണ്ടാവുമല്ലോ, അല്ലെഇത്മണലാരണ്യകാണ്ഡം. പ്രസാദ് വിശ്വനാഥന്റെ പ്രവാസത്തിന്റെ കഥ.

ഏജെന്റ് പറഞ്ഞ വേതനത്തിന്റെ പാതിയാണ് പ്രസാദിന് ലഭിച്ചുകൊണ്ടിരുന്നത്. അഗ്രിമെന്റ് ഒപ്പിടുന്നതിനു മുമ്പായി വിവരം പറഞ്ഞപ്പോള്‍, വേണ്ടെങ്കിൽ  സ്വന്തം ടിക്കറ്റ്‌ എടുത്തു തിരിച്ചുപോകാം എന്നാണു മഹാനുഭാവനായ അറബി മുതലാളി പ്രതികരിച്ചത്! കോണ്ട്രാക്റ്റ് കാലാവധി കഴിയുംവരെ ഒരുവിധം കടിച്ചു പിടിച്ചു നിന്നു. ഏജെന്റിനുകൊടുത്ത പണം എങ്കിലും മുതലാക്കണം എന്ന ഒരു വാശി ഉണ്ടായിരുന്നു പ്രസാദിന്.  എന്നിരിക്കിലും, സഹിക്കവയ്യാതായപ്പോൾ ഒന്നിലധികം പ്രാവശ്യം രാജി സമര്പ്പിച്ചതാണ്.  അതൊക്കെ കീറി ചവറ്റുകൊട്ടയിൽ എറിയുകയായിരുന്നു അറബി മുതലാളി.

ക്ലീറ്റസ് എന്ന കുറേശ്ശെ മലയാളം സംസാരിക്കാൻ അറിയുന്ന മാന്ഗ്ലൂരി പറഞ്ഞതോര്ക്കുന്നു, പ്രസാദ് - ഒരിക്കൽ ഇവിടെ വന്നുപെട്ട് കഴിഞ്ഞാൽ പിന്നെ പെട്ടെന്നൊന്നും പോകാൻ നോക്കണ്ട. നമ്മളുടെയൊക്കെ കാലിൽ കെട്ടിയ ചരടിന്റെ മറ്റേ അറ്റം ഇവരുടെ കയ്യിലാണ്.

ശരി, ഏതായാലും കോണ്ട്രാക്റ്റ് കഴിഞ്ഞു.  ലീവിൽ പോയി വരാൻ അനുവാദവും കിട്ടി  അപ്പോള്‍..... ഇതുവരെയുള്ള സമ്പാദ്യംപറയാതിരിക്കുന്നതാണ് നല്ലത്. അത് പോകട്ടെ. സെറ്റില്‍മെന്റ് കിട്ടിയതുകൊണ്ട് വീട്ടുകാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും അത്യാവശ്യം കൊടുക്കാനുള്ളത് വാങ്ങിച്ചു.  പലതുള്ളി പെരുവെള്ളം. ഒരു വലിയ പെട്ടി അങ്ങിനെ വീട്ടിലെത്തി.


എന്നാല്‍പ്രസാദിന് അമ്മ പറഞ്ഞു മനസ്സിലായി -അമ്മാവന്റെ മകന്‍ പറഞ്ഞത്രേ -പാന്റ്സിനും ഷര്‍ട്ടിനുമുളള തുണി എങ്കിലും പ്രതീക്ഷിച്ചു, കിട്ടിയില്ല. ചെറിയമ്മയുടെ മകള്‍ ഒരു സാരി പ്രതീക്ഷിച്ചത്രേ... അങ്ങിനെപോയി കാര്യങ്ങള്‍.ചുരുക്കത്തില്‍ ഒരാള്‍ക്കും മുഖപ്രസാദം കണ്ടില്ല. താന്‍ ഇവിടെ ആരാണ്പ്രസാദിന്റെ മനസ്സ് വല്ലാതെ വേദനിച്ചു.



ഏതായാലും പ്രസാദ് ഒരു നല്ല കാര്യം ചെയ്തിരുന്നു.വിസ ക്യാന്‍സല്‍ ആക്കിയില്ല - അറ്റകൈക്ക് വേണമെങ്കില്‍ തിരിച്ചുവരാന്‍ Returnവിസയും കൊണ്ട്പോക്കൊ എന്നു അടുത്ത സുഹൃത്ത്‌ നിര്‍ബന്ധിച്ചിരുന്നു. ശരി, അറബിയുടെ മുഖംതന്നെ പ്രസന്നമാകട്ടെ. തന്റെ പ്രവാസം തുടരാനാണ് തലയിലെഴുത്ത്. അയാള്‍നെടുവീര്‍പ്പിട്ടു.


വീണ്ടും തഥൈവ.  അനുഭവങ്ങൾ ആവര്ത്തിക്കുന്നു.  ഓരോ പ്രാവശ്യവും വേറെ ജോലിക്കാര്ക്ക് ആര്ക്കും കൊടുക്കുന്നില്ലെങ്കിലും, പ്രസാദിന്, നാമമാത്രമായെങ്കിലും ശമ്പളക്കൂടുതലും മുദീർ (മുതലാളി) കൊടുത്തു.

ഇതിനിടെ എത്രയോ പ്രാവശ്യം വീട്ടില് പോകണമെന്ന് പ്രസാദിന് തോന്നി. എങ്ങിനെ പോകും?  ശമ്പളമില്ലാത്ത അവധി അനുവധിച്ചാല്ത്തന്നെ ചെലവ് താങ്ങില്ല.

ഏതാനും വര്ഷങ്ങൾ അങ്ങിനെ കടന്നുപോയി.  പലപ്പോഴും, ''വരവ് ഏട്ടണ, ചെലവ് പത്തണ'' എന്ന പഴയ പറച്ചിലിനെ ഓര്മ്മിപ്പിക്കുമാറ് ദിവസങ്ങള് കടന്നുപോയി.

ഗൾഫിലായതുമുതൽ ഇന്നേവരെയുള്ള ലാഭനഷ്ടങ്ങൾ പ്രസാദ് ഓര്ത്ത്നോക്കി. അയാള് നെടുവീര്പ്പിട്ടു. ജീവിക്കാൻ മറന്നുപോയപോലെ, അല്ലെങ്കിൽ ജീവിക്കാൻ അറിയാത്തത്പോലെയോ, സാധിക്കാത്തത്പോലെയോ ഒക്കെ.

ഇല്ല, എന്തുവന്നാലും, ഇവിടെനിന്നു പറഞ്ഞുവിടുന്നതുവരെ നില്ക്കുകതന്നെ. ഇല്ലെങ്കിൽ, ഇതിനകം വന്നുകൂടിയ ചുമതലകൾ തീര്ക്കാൻ ആവാത്തവിധം അവിടെ കിടക്കും.


ഇത് പ്രവാസം.  താൻ പ്രവാസി.  തന്റേതായ പ്രശ്നങ്ങൾ എന്നുമുള്ള, ഇവിടെത്തന്നെ ജീവിതം തുലക്കേണ്ട പരദേശി - അയാള് നെടുവീര്പ്പിട്ടു.




2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

പ്രകൃതിഭംഗിയും മനുഷ്യപ്രകൃതവും


Blog No: 118: പ്രകൃതിഭംഗിയും മനുഷ്യപ്രകൃതവും

(കവിത)


[ സുന്ദരിയായ പ്രകൃതിമാതാവ് ]




പൂക്കൾതൻ പരിമളത്തെ, നര-

ഭാവത്തോടുപമിക്കട്ടെ ഞാൻ;

അതുപോൽ, പ്രകൃതിഭംഗിയോ

സജ്ജനങ്ങൾക്കു തുല്യമാം. 

പ്രകൃതി എന്നും സത്യസന്ധ,

മാനുഷരങ്ങിനെയല്ലതാനും.

അനുസരിക്കണം പ്രകൃതിയെ നാം

പ്രകൃതം  സംശുദ്ധമാക്കാൻ.

ഓർമ്മിക്കണമെപ്പൊഴുമീ സത്യം -

പ്രകൃതിയില്നിന്നു വ്യതിചലിച്ചാൽ

നശിക്കുമല്ലോ പ്രകൃതമെന്ന്‌!

കോര്ക്കണം നമുക്ക് കൈകൾ 

പ്രകൃതിമാതാവിന്റേതുമായ്.

ജീവിതസൌഭാഗ്യം കൈവരാനായ്

പ്രകൃതിയോടിണങ്ങണം  നാം.

പിണങ്ങിയാൽ ''പണി പാളു''മെന്നു

സംശയം വേണ്ട ഏതുമേ.

പ്രകൃതിതന്നെ സർവ്വശക്തി-

യെന്നറിയാത്ത മന്നവൻ മൂഡനായ്‌

ജീവിച്ചുമൂഡനായ്‌ മരിക്കുന്നു!


2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

അഭിനവ കുമാരസംഭവം



(ആത്മകഥാംശം)

Blogpost No: 117

ചോണുക്കുട്ടി ജയിച്ചിടാവൂ




രാമന്കുട്ടിയോടൊത്ത്.......



മാലങ്കോട്ടെ തറവാട്ടിലെ ചുവരില്‍ ഈ അടുത്തകാലത്ത് വരെ ഉണ്ടായിരുന്നു -
ഏകദേശം ഏഴു പതിറ്റാണ്ട്കള്‍ക്ക് മുമ്പ് തൂക്കിയിട്ട ആ മംഗളപത്രം! അമ്മയും അച്ഛനും ഈ ലോകത്തോട്‌ വിടപറഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ ആയി. അച്ഛന്റെയും അമ്മയുടെയും വിവാഹം മുരുകമാമ (അമ്മയുടെ അമ്മാവന്‍) - മാലങ്കോട്ടെ മുരുകന്‍ നായര്‍, മുടപ്പല്ലൂര്‍ എന്ന തറവാട്ടു കാരണവര്‍ ആയ കവി വഴിക്കുതന്നെയായിരുന്നു. സ്കൂള്‍ മാനേജേരും ഹെഡ് മാസ്റ്ററുമായിരുന്ന
മുരുകമാമയുടെ അതേ സ്കൂളില്‍അദ്ധ്യാപകനായിരുന്നു അച്ഛന്‍.


എന്റെ അമ്മക്ക് അക്കാലത്ത് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട്എനിക്ക് മുമ്പുണ്ടായിരുന്നവര് പ്രസവത്തിലും, അതിനു ശേഷവും മരിച്ചുപോവുകയായിരുന്നു. അങ്ങിനെ കണ്ണിലുണ്ണിയായി വളര്‍ത്തിയ

ഈയുള്ളവനെ, പഴനിയില്‍ കൊണ്ടുപോയി ചോറ് കൊടുക്കണം എന്ന് മുരുകമാമ അച്ഛനെയും അമ്മയെയും ഉപദേശിച്ചു. (തന്റെ പേരും മുരുകന്‍ എന്നാണല്ലോ എന്നാണു അച്ഛന്‍ വ്യംഗ്യഭാഷയില്‍ പറഞ്ഞത്.) ഇനി ആ പേരുതന്നെ ഇടണം എന്ന് പറയുമോ എന്ന് ചോദിച്ചപ്പോള്‍, എന്തുകൊണ്ട് ആയിക്കൂടാ - എന്നാല്‍ മുരുകന്‍ എന്ന് വേണ്ടാ, മുരുകന്റെ വേറെ ഏതെങ്കിലും പേര് ആകട്ടെ എന്നായത്രേ. അങ്ങിനെ കുമാരന്‍ എന്ന പേര് തീര്‍ച്ചയാക്കി. വെറും കുമാരന്‍ ഒരു രസംപോരാ കുറച്ചു സ്നേഹവും അവിടെ കിടക്കട്ടെ എന്ന് മുരുകമാമയുടെ വേറൊരു മരുമകള്‍ പറഞ്ഞു - അതത്രേ പ്രേമകുമാരന്‍.



പറഞ്ഞപോലെതന്നെ പഴനിയില്‍ വെച്ചായിരുന്നു എന്റെ ചോറൂണും പേരിടീലും നടന്നത്. വഴിയില്‍ വെച്ച് മുത്തശ്ശിയെയും (അച്ഛമ്മ) കൊച്ചുകുട്ടിയായിരുന്ന അച്ഛന്‍പെങ്ങളുടെ മകനെയും കാണാതായി, അവസാനം കണ്ടുപിടിച്ച കഥ അച്ഛന്‍എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട്.



ഇങ്ങിനെയൊക്കെ ആണെങ്കിലും, സന്ദര്‍ഭവശാല്‍ എഴുതട്ടെ - മുരുകനില്‍ മാത്രമല്ല ജനിച്ച മതത്തിലെ അറിയപ്പെടുന്ന ഏതു ദേവീദേവന്മാരുടെ പേരുകളിലുംഅതുപോലെതന്നെ മറ്റു മതങ്ങളിലെ സങ്കല്‍പ്പങ്ങളിലും ഞാന്‍ ആ ''ശക്തിവിശേഷത്തെ'' - പ്രപഞ്ച ശക്തിയെ/ദൈവത്തെ കാണുന്നു. സ്വാര്‍ത്ഥതല്‍പ്പരരായ മനുഷ്യജീവികള്‍ ആണ് തങ്ങളുടെ തുലോം തുച്ചമായ അറിവിന്റെ അടിസ്ഥാനത്തില്‍ ദൈവത്തെയുംമനുഷ്യനെയും, മതത്തെയും എല്ലാം വേര്‍തിരിക്കുന്നത് എന്നും.



2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

മര്യാദരാമൻ


Blogpost No: 116: മര്യാദരാമൻ

(നർമ്മം)



ശ്രീറാം ഒരു കൊച്ചു മിടുക്കനാണ്‌..  ചില ചില്ലറ വികൃതികളിൽ മിടുമിടുക്കൻ! 

ഒരിക്കൽ, അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന് താൻ എവിടെയായിരുന്നു എന്നൊക്കെ ചോദിച്ചു അവരെ വെള്ളം കുടിപ്പിച്ചു.  മുത്തശ്ശിയോട് ചോദിക്ക്, മുത്തച്ഛനോട് ചോദിക്ക് എന്ന് പറഞ്ഞു അവർ തടി തപ്പി.  ആ മുത്തച്ഛനും മുത്തശ്ശിയുമാകട്ടെ ''അതൊക്കെ നീ വലുതാവുമ്പോൾ അറിയും'' എന്ന് പറഞ്ഞു ചിരിച്ചുതള്ളി.  ആൾ എന്നും ഒരു സംശയാലു (തെലുങ്കല്ല കേട്ടോ) ആണ്.  എന്നിരിക്കിലും അവനു അച്ഛൻ ''നല്ല പുത്തികളും'' നല്ല ശീലങ്ങളും ഒക്കെ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു.

ഒരു ദിവസം, ശ്രീറാം അച്ഛന്റെ കൂടെ ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു.  പുത്രന്റെ കുട്ടിത്തം കലർന്ന ചോദ്യങ്ങളും അച്ഛന്റെ മറുപടികളുമെല്ലാം കേട്ട് മറ്റുള്ളവർ  രസിക്കുന്നുണ്ട്.  കോളേജിന്റെ അടുത്ത് എത്തിയപ്പോഴേക്കും, അവിടെനിന്നു പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇടിച്ചു കയറി ബസ്സിൽ സൂചി കുത്താൻ ഇടമില്ലാത്ത വിധം ആയി.  അപ്പോഴും കണ്ടക്റ്റർ പറയുന്നത് ബസ്സിൽ ഇനിയും പന്ത് കളിക്കാനുള്ള സ്ഥലം ഉണ്ടെന്നും എല്ലാവരും മുമ്പിൽ മുമ്പിൽ കേറി നില്ക്കണമെന്നുമാണ്.

ബസ്സിൽ, അച്ഛന്റെ മടിയിലിരുന്ന പുന്നാരമോൻ വിടര്ന്ന കണ്ണുകളോടെ തിക്കിത്തിരക്കി നില്ക്കുന്ന ആളുകളെ ശ്രദ്ധിച്ചു.  ദൂരെയല്ലാതെ ഒരു ചേച്ചി, കമ്പിയിൽ തൂങ്ങിപ്പിടിച്ചു, തന്നെ നോക്കി ചിരിക്കുന്നു.  നല്ല ചന്തമുളള ചേച്ചി!  എന്തിനാണ് തന്നെനോക്കി ചിരിക്കുന്നത്.  ഏതായാലും, സംശയിച്ചു സംശയിച്ചു അവനും ചിരിച്ചു. അപ്പോൾ അതാ, ആ ചേച്ചി കണ്ണിറുക്കി കാണിക്കുന്നു.  അയ്യേ, അവനു നാണം വന്നു.

അടുത്ത സ്റ്റോപ്പിൽ എത്തിയപ്പോൾ ഒരൽപ്പം തിരക്ക് കുറഞ്ഞു.  ആ ചേച്ചി, ശ്രീറാമിന്റെ അടുത്തെത്തി.  അവൾ വിശാലമായി വീണ്ടും ചിരിച്ചു.  അവൻ ഇപ്പോൾ ഒരു സംശയവും കൂടാതെ ചിരിച്ചു. 

''പേരെന്താ?''

അവൻ പേര് പറഞ്ഞു.

''നല്ല പേര്!''

അവനു സന്തോഷമായി.  പെട്ടെന്ന്.  ശ്രീരാമിന് അച്ഛൻ പറഞ്ഞുകൊടുത്ത ''മര്യാദ'' ഓര്മ്മ വന്നു.  വയസ്സിനു മൂത്ത ആരെങ്കിലും ഇരിക്കാൻ സൌകര്യമില്ലാതെ നില്ക്കുകയും, നാം ഇരിക്കുകയുമാണെങ്കിൽ സീറ്റ് അവര്ക്ക് കൊടുത്ത് നാം മര്യാദ കാണിക്കണം.  അവൻ പിന്നെ ഒന്നുമാലോചിച്ചില്ല.  അച്ഛന്റെ മടിയില്നിന്നു താഴെ ഇറങ്ങി, അച്ഛന്റെ മടി ചൂണ്ടിക്കാണിച്ചുകൊണ്ട്, ആ ചുന്ദരിച്ചേച്ചിയോട് മര്യാദരാമൻ പറഞ്ഞു:

ചേച്ചീ, ദാ, ഇങ്ങോട്ട് കേറി ഇരുന്നോ. 



Courtesy (Photo): Google.