കുട്ട്യേമ്മുവിന്റെ
കുണ്ട്ളിയും കുണ്ടുകയിലും അഥവാ കുട്ട്യേമ്മു, ദി ഗ്രേറ്റ്.
(ഒരു കൊച്ചു അനുഭവകഥ)
പ്രധാന ചേതന കഥാപാത്രം:
കുട്ട്യേമ്മു
അചേതന കഥാപാത്രങ്ങള്‍:
(ഇന്നത്തെ തലമുറയില്‍പെട്ടവര്‍ ഇവ കാണുക എന്നതുപോയിട്ടു കേള്‍ക്കുകപോലും നന്നേ അപൂര്‍വ്വം!)
കുണ്ട്ളി (വലിയ, വായ് വട്ടമുള്ള, നല്ല കനമുള്ള, വെള്ളം നിറച്ചു സൂക്ഷിക്കുന്ന മണ്‍പാത്രം)
കുണ്ടുകയില്‍
((കുണ്ടുള്ള ചിരട്ടയും മുളംകോലും കൊണ്ടുള്ള വലിയ സ്പൂണ്‍))
മട്ക്ക (വായ്
വട്ടമുള്ള മണ്‍കുടം)
***
ഈയിടെ ഒരു
സുഹൃത്തിന്റെ വീട്ടില്‍ (മുംബെയില്‍))), മട്ക്കയും പ്രത്യേകരൂപത്തിലുള്ള ഒരു കയിലും
കണ്ടു. അപ്പോള്‍, സ്കൂളില്‍ പഠിക്കുന്ന കാലത്തെ കുട്ട്യേമ്മുവിന്റെ
കുണ്ട്ളിയും കുണ്ടുകയിലും ഓര്‍മ്മവന്നു. മട്ക്കവെള്ളംതന്നെയാണ് ഫ്രിഡ്ജില്‍ വെച്ച
വെള്ളത്തേക്കാള്‍ അഭികാമ്യം. അതിനെ വെല്ലുന്നതായിരുന്ന കുട്ട്യേമ്മുവിന്റെ
കുണ്ട്ളിയുടെ കാര്യം എഴുതാതെ വയ്യ.
സഹപാഠികള്‍, ഇടവേളകളിലും, ഇടക്കെല്ലായിപ്പോഴും നേരെ അടുത്തുള്ള കുട്ട്യേമ്മു അമ്മൂമ്മയുടെ
വീട്ടുമുറ്റത്തെ തെങ്ങിന്തതടത്തില്‍ വെച്ച കുണ്ട്ളിയിലെ വെള്ളം കുണ്ടുകയില്‍ ഉപയോഗിച്ച് കുടിക്കും.
ഒരാള്‍ വെള്ളം അങ്ങിനെ പകര്‍ന്നു കൊടുക്കുമ്പോള്‍, ആവശ്യമുള്ളയാള്‍ രണ്ടു കയ്കളും ചേര്‍ത്ത് കുമ്പിള്‍പോലെ ആക്കി അതില്‍ നിന്നും വെള്ളം മതിവരുവോളം
അകത്താക്കും. ഇത് ഒരു സ്ഥിരം പതിവായിരുന്നു - വീട് അടുത്താണെങ്കിലും, ഞാനും ആ 'പരിപാടി'യില്‍ പങ്കുചേര്‍ന്നിരുന്നു. അതൊരു രസം.
''ദാഹിക്കുന്നു ഭഗിനീ കൃപാരസ
''ദാഹിക്കുന്നു ഭഗിനീ കൃപാരസ
മോഹനം കുളിര്തണ്ണീരിതാശു നീ''
എന്ന കവിയുടെ ഈ വരികൾ ഓർത്തുപോകും. എന്നാൽ, ചാമര്നായകന്റെ കിടാത്തിയുടെ പേടിയോ, ആശങ്കയോ ഇവിടെ ദാഹജലം പകര്ന്നുകൊടുക്കുന്നവരിലോ പാനം ചെയ്യുന്നവരിലോ തീരെ ഇല്ല. ഒരേ ജാതി - വിദ്യാർത്ഥികൾ - വിദ്യാർത്ഥി സുഹൃത്തുക്കൾ.
തൂങ്ങിക്കിടക്കുന്ന
കാതുകളും മാറും കാണിച്ചു, ചിരിച്ചുകൊണ്ട്, വയസ്സായ കുട്ട്യേമ്മു അമ്മൂമ്മ, കുട്ടികള്‍ ഇങ്ങിനെ വെള്ളം കുടിക്കുന്നത് കണ്ടു ആനന്ദനിര്‍വൃതികൊള്ളും. വെള്ളം കഴിയാറാകുമ്പോള്‍, കുട്ട്യേമ്മു ചിരിച്ചുകൊണ്ട് വിളിച്ചു
പറയുന്നത് കേള്‍ക്കാം:
"നാറാണോ, കുണ്ട്ളീലെ വെള്ളം കഴിയാറായെടാ." എന്ന്വെച്ചാല്‍ പേരമകന്‍
നാരായണനോ അവന്റെ അമ്മയോ, അടുത്തുള്ള കിണറില്‍നിന്നും വെള്ളം കോരി കുണ്ട്ളി
നിറയ്ക്കണം എന്നര്‍ത്ഥം. കുട്ട്യേമ്മു അമ്മൂമ്മയുടെ ആ സേവനം വളരെ
വിലപ്പെട്ടതായിരുന്നു. ഒന്നോ രണ്ടോ പേര്‍ക്ക് വെള്ളം ചോദിച്ചാല്‍ കൊടുക്കല്‍ ആയിരുന്നില്ല അത്.
ഇന്നത്തെ ഈ തിരക്കുപിടിച്ച ജീവിതത്തില്‍, ഉയരങ്ങളിലെത്തി എല്ലാം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന സ്വാര്‍ത്ഥനായ മനുഷ്യന്‍, അക്ഷരാഭ്യാസമില്ലാത്ത, സ്നേഹം മാത്രം കൈമുതല്‍ ആക്കിയിരുന്ന
കുട്ട്യേമ്മുഅമ്മൂമ്മയെപ്പോലുള്ളവരുടെ നിസ്വാര്‍ത്ഥമായ ആ സേവനങ്ങള്‍ക്ക്
വിലകൊടുക്കാറുണ്ടോ? വര്‍ഷങ്ങളായി, സ്വന്തം തെങ്ങിന്‍ചുവട്ടില്‍ വെച്ച കുണ്ട്ളിയില്‍, തെങ്ങിന്പട്ടകൊണ്ട്
നെയ്ത പായകൊണ്ട്
അടച്ചു വെച്ച വെള്ളം വഴി കുട്ടികളുടെ ദാഹശമനം വരുത്തുന്ന ആ മഹത്കാര്യം ഞാന്‍
ഇന്നെന്നപോലെ ആദരപൂര്‍വ്വം, നന്ദിപൂര്‍വ്വം സ്മരിക്കുന്നു. തീര്‍ച്ചയായും, എന്നെപോലെ കുറെ പേരെങ്കിലും ഇതൊക്കെ ഓര്‍ക്കുന്നുണ്ടാകുമെന്നു തീര്‍ച്ച.
ഇനി പറയൂ സുഹൃത്തുക്കളെ, കുട്ട്യേമ്മു അമ്മൂമ്മയെ ഒന്ന് കാണാന്‍
സാധിച്ചിരുന്നെങ്കില്‍, അവര്‍
നല്കിയിരുന്ന ദാഹജലം പാനംചെയ്യാന്‍ അവസരം ഉണ്ടായിരുന്നു എങ്കില്‍........ എന്ന് തോന്നുന്നില്ലേ?