ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 ഓഗസ്റ്റ് 26, ശനിയാഴ്‌ച

എന്റെ വായനയിൽ നിന്ന് (11)



Blog post no: 464 - 

എന്റെ വായനയിൽ നിന്ന് (11)

(ലേഖനം)

സി. എൽ. ജോസിന്റെ നാടകങ്ങളിൽ ഒന്നാണ് വിഷക്കാറ്റ്. ഈ നാടകം വായിക്കാനും കാണാനുമുള്ള ഭാഗ്യം ഉണ്ടായി. ഞാൻ പഠിച്ച സ്കൂളിൽ അവതരിപ്പിച്ച ഈ നാടകത്തിലെ നായിക തൃശ്ശൂർ എൽസി ആയിരുന്നു. ഇതൊരു സാമൂഹിക നാടകം - ജോസിന്റെ മറ്റു നാടകങ്ങളെപ്പോലെത്തന്നെ. ജീവിതത്തിലെ താളപ്പിഴകൾ ജീവിതഗന്ധിയായി അവതരിപ്പിച്ചു നാടകകൃത്ത്‌.
എനിക്കൊരിക്കലും മറക്കാനാവാത്ത അനുഭവം ആണ് ഈ നാടകം വായിച്ചതും കണ്ടതും.
+++
ശാരദ - ഓ. ചന്ദുമേനോന്റെ നോവൽ. മലയാളത്തിലെ ഒരു ആദ്യകാല നോവൽ. ആദ്യഭാഗം എഴുതി, രണ്ടാമത്തെ ഭാഗം എഴുതുന്നതിനുമുമ്പേ ഇദ്ദേഹം മരണമടഞ്ഞു. രണ്ടാമത്തെ ഭാഗം ഒന്നുരണ്ടുപേർ എഴുതി. എന്നാൽ അത് ആദ്യഭാഗവുമായി തട്ടിച്ചു നോക്കുമ്പോൾ ഒരു ഭംഗിയില്ലെന്ന് വിമർശകർ അഭിപ്രായപ്പെട്ടു. ഒരു കാലഘട്ടത്തിന്റെ കഥ. പഴയ സാഹിത്യ ശൈലി എങ്കിലും കഥയുടെ ഘടന, കാഥപാത്രങ്ങളുടെ പ്രത്യേകതകൾ... എല്ലാം ശാരദ വായിച്ചവർ മറക്കുകില്ല. ഉദാ: ഒരു വൈത്തിപ്പട്ടർ എന്ന സര്പ്പദൃഷ്ടിയുള്ള കഥാപാത്രം - ജീവിതത്തിൽ എവിടെയോ കണ്ടതായി എനിക്ക് തോന്നുന്നു. അത് സാന്ദർഭികമായി ഇടക്കൊക്കെ ഓർമ്മ വരാറുമുണ്ട്. മലയാളത്തെ സ്നേഹിക്കുന്നവർ, സാഹിത്യപ്രേമികൾ ശാരദ വായിക്കാതിരിക്കില്ല എന്ന് തോന്നുന്നു.
+++
വിജയലക്ഷ്മി പൂണോത്ത് എടുത്തു പറയുന്ന കഥകളെക്കുറിച്ച് ഓർത്തപ്പോൾ വിക്രമാദിത്യ കഥകൾ മനസ്സിലേക്ക് ഓടി എത്തി. പലരും പല രീതികളിൽ പ്രസിദ്ധപ്പെടുത്തിയ കഥകൾ. ''ഇതിനു ശരിയായ ഉത്തരം പറഞ്ഞില്ലെങ്കിൽ താങ്കളുടെ തല പൊട്ടി ചിന്നഭിന്നമാകു''മെന്ന് പറഞ്ഞു ചക്രവര്ത്തിയുടെ തോളിൽനിന്നു മരത്തിൽ പോയി തൂങ്ങുന്ന വേതാളം പറയുന്ന കഥകൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു. ഒരു അത്ഭുത ലോകത്തിലേക്ക്‌ കൊണ്ടുപോകുന്നു.

2017 ജൂൺ 5, തിങ്കളാഴ്‌ച

ഔചിത്യം


ഔചിത്യം
.

''മലയാളത്തിൽ 'രണ്ടാമൂഴം', മറുഭാഷകളിൽ 'മഹാഭാരത' എന്ന് ഇന്നത്തെ പത്രത്തിൽ വായിച്ചു. എംടിയുടെ രണ്ടാമൂഴം, വിവാദങ്ങൾക്കൊടുവിൽ അങ്ങനെയാകുന്നു.

ആദ്യം പറഞ്ഞത് തികച്ചും ഉചിതം. അങ്ങനെതന്നെ വേണം. മലയാളി സാഹിത്യ/കലാസ്വാദകർ പറഞ്ഞപോലെതന്നെ. എന്നാൽ രാണ്ടാമതു പറഞ്ഞത് ഉചിതം അല്ല - തികച്ചും.

പുരാണകഥകളെക്കുറിച്ചു മലയാളികളെപ്പോലെതന്നെ മറ്റുള്ളവർക്കും ബോധമുണ്ട്. രണ്ടാമൂഴത്തിന്റെ അടിസ്ഥാനത്തിൽ ചിത്രമെടുത്ത് ''മഹാഭാരത'' എന്നുപറഞ്ഞാൽ എങ്ങനെ ശരിയാകും? എംടിക്ക് അദ്ദേഹത്തിന്റേതായ വീക്ഷണമുണ്ട്. ആ വീക്ഷണം ''ഒരു വടക്കൻ വീരഗാഥ''യിലും വൈശാലിയിലുമൊക്കെ നാം കണ്ടു. രണ്ടാമൂഴം എന്നതും അഭ്രപാളിയിൽ അതുപോലെയോ അതിലപ്പുറമോ തിളങ്ങും. ഇത് മലയാളിയുടെ പ്രതീക്ഷ.

തന്നെപ്പോലെ ബുദ്ധി മറ്റുള്ളവർക്കില്ല എന്ന് ചിലർ വിചാരിക്കുന്നുണ്ട്. എന്നാൽ മുഴുവൻ മലയാളികളും അങ്ങനെയല്ല. അപ്പോൾ? അത് വേണ്ട. ഭീമായണ്, ഭീമായണം, ഭീമായനം, അല്ലെങ്കിൽ അതുപോലെ വേറെന്തെങ്കിലും ആണെങ്കിൽ (ഭീമന്റെ കഥയായതുകൊണ്ട്), അതാണ് ഉചിതം. അതിന്റെ പേരാണ് ഔചിത്യം. അല്ലാതെ, മഹാഭാരതം എന്നല്ല. അത് മലയാളിക്കല്ല, മറ്റുള്ളവർക്കും അറിയാം. അപ്പോൾ? അത് വേണോ?

2017 മേയ് 13, ശനിയാഴ്‌ച

സ്ത്രീയും പുരുഷനും - ജീവിതത്തിലും കഥകളിലും.


Blog post no: 460 - 

സ്ത്രീയും പുരുഷനും - ജീവിതത്തിലും കഥകളിലും.



ജീവിതമില്ലാതെ കഥയില്ല.  കഥയില്ലാതെ ജീവിതവുമില്ല. കഥ ജീവിതഗന്ധിയാകുമ്പോൾ വായന സുഖകരമാവുന്നു.  അതിൽ ദു:ഖമുണ്ടാകാം, സന്തോഷമുണ്ടാകാം,  രണ്ടും കലർന്നതാകാം. സാധാരണനിലക്കു സ്ത്രീയും പുരുഷനുമുണ്ടാകാം. 

ജീവിതത്തിൽ സ്ത്രീക്കു പുരുഷനേക്കാൾ പ്രാധാന്യം ഉണ്ടാകാം.  സ്ത്രീ സാധാരണനിലക്കു കൂടുതൽ ബുദ്ധിമുട്ടുന്നുണ്ടാകാം.  അനുകമ്പ അർഹിക്കുന്നുണ്ടാകാം.  ഇവിടെ എടുത്തുപറയാനുള്ളത് - സാധാരണനിലേക്ക് എന്ന വാക്കാണ്.  അല്ലാതെ, അത് പുരുഷനുമാകാം.  അതുകൊണ്ടാണല്ലോ, ആരെപ്പറ്റി എഴുതിയാലും കഥ ജീവിതഗന്ധിയാകുമ്പോൾ നമുക്ക് വായനാസുഖം ലഭിക്കുന്നു. 

എത്രയോ മഹാന്മാർ സ്ത്രീയെക്കുറിച്ചു നല്ലതെഴുതി.  അത്രയും അല്ലെങ്കിലും തിരിച്ചും.  
  
ഈയിടെ വാട്ട്സപ്പിൽ സ്ത്രീയെക്കുറിച്ചു വളരെ നല്ലനിലക്ക് ഒരു സന്ദേശം  കണ്ടു.  നല്ലത്.  

എന്നാൽ, പുരുഷൻ അതിനു വിപരീതം ആണ് എന്ന് വരുന്നില്ല.  വിവാഹത്തിന് മുമ്പും പിമ്പും, സ്വന്തം അച്ഛനമ്മമാർക്കും, സഹോദരങ്ങൾക്കും,  ഭാര്യക്കും മക്കൾക്കും വേണ്ടി ബുദ്ധിമുട്ടുന്ന വെറും സാധാരണക്കാരായ പുരുഷന്മാരും, പിൽക്കാലത്തെങ്കിലും അതിലൊന്നും വലിയ കാര്യമില്ല എന്ന് വിചാരിക്കുന്ന സ്ത്രീകളും ഇല്ലേ?  

ആയതുകൊണ്ട്, സന്ദേശങ്ങൾ എന്തോ ആകട്ടെ.  അത് ഉൾക്കൊള്ളുക.  വ്യക്തിപരമായി തട്ടിച്ചുനോക്കുക, വിശകലനം ചെയ്യുക, നല്ല നിലക്ക് മുന്നോട്ടുപോകുക.  അല്ലാതെ, അതേക്കുറിച്ചു തർക്കിച്ചിട്ടു ഒരു കാര്യവുമില്ല. 

ഈ എഴുതിയതിനു അടിക്കുറിപ്പായി എഴുതാതെ വയ്യ: 

വർഷങ്ങൾക്കുമുമ്പ്, എന്നുവെച്ചാൽ ഒരു നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ മുംബൈയിലെ ഒരു കൊച്ചു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു.  ഡോ. കഹൻചന്ദ് ഹണ്ട എന്ന ബോസ്സിന്റെ ഭാര്യ ഒരിക്കൽ ഓഫീസിൽ വന്നപ്പോൾ എന്നോട് കുശലം ചോദിച്ചു - അവർ അവരുടെ പഞ്ചാബി/ഉർദു ഹിന്ദിയിൽ.

ഒറ്റക്കാണോ താമസം? 

അല്ല, ഒരു ജ്യേഷ്ടസഹോദരനും (കസിൻ) രണ്ടു സുഹൃത്തുക്കളുമായി താമസിക്കുന്നു.   

ആഹാരം?

വെച്ച് കഴിക്കുന്നു. 

വീട്ടിലെ മറ്റു  പണികൾ - അലക്ക്, മുറി വൃത്തിയാക്കൽ.... ?

എല്ലാം ഞങ്ങൾതന്നെ ചെയ്യുന്നു. 

അവർ വിടർന്ന കണ്ണുകളോടെ നോക്കി.  

എല്ലാം ഒറ്റയ്ക്ക്? 

അതെ.   

പിന്നീടങ്ങോട്ടും കഥ തുടർന്നു - വര്ഷങ്ങളോളം...

2017 ഏപ്രിൽ 18, ചൊവ്വാഴ്ച

ഒരു സായംസന്ധ്യയിൽ..... മുംബൈ പാട്ടോളം സംഗീതസദ്യയിൽ.....


Blog post no: 459 -

ഒരു സായംസന്ധ്യയിൽ..... മുംബൈ പാട്ടോളം സംഗീതസദ്യയിൽ.....



ഞെരളത്ത് കലാശ്രമം മുംബൈ പാട്ടോളം - ഒരു തനി കേരളം സംഗീതോത്സവത്തിൽ ഒരു കാണിയാകാൻ, ശ്രോദ്ധാവാകാൻ ഭാഗ്യമുണ്ടായി - ഇന്നലെ.  കൂടെ സുഹൃത്തും ബന്ധുവുമായ ഗോപിയും (പി. ഗോവിന്ദൻകുട്ടി നായർ, പ്രസിഡന്റ്, മുംബൈ കണ്യാർകളി സംഘം).  അവിടെ എത്തിയപ്പോൾ കണ്യാർകളി സംഘത്തിന്റെ  ജീവനാഡികളായ ഉദയകുമാർ, നാരായണൻ കുട്ടി, ജയരാജ്,  അമ്പിളി (അരവിന്ദ്) തുടങ്ങിയവരെയൊക്കെ കണ്ടു. സിനിമ/സീരിയൽ/നാടക നടിയും  എന്റെ  ഒരു മരുമകളുമായ ജ്യോത്സ്നയെയും കുടുംബത്തെയും, പല പരിചയക്കാരെയും കണ്ടു.  

സ്ഥലത്ത് എത്തിയപ്പോൾത്തന്നെ നാടകനടനും, അവതാരകനുമായ പ്രസാദ്, ഷൊർണൂരിന്റെ പ്രൗഢഗംഭീരമായ ശബ്ദം മൈക്കിലൂടെ ഒഴുകുന്നുണ്ടായിരുന്നു. 


സുജിത്തിന്റെ ഇടക്കവാദ്യം ഗംഭീരമായി.  കലാശ്രമത്തിലെ ഞെരളത്ത് ഹരിഗോവിന്ദൻ പിന്നീട് ഒരു സന്ദർഭത്തിൽ വളരെ സരസമായി പറഞ്ഞപോലെ, വംശനാശം വന്നുപോകാനിടയുള്ള കലാകാരന്മാരിൽ  - ഇന്ന് ജീവിച്ചിരിക്കുന്ന ചുരുക്കം ചില പ്രഗത്ഭരിൽ  ഒരാൾ!   

മാപ്പിള ഷെഹനായി - വളരെ നന്നായിരുന്നു.  ചില കേട്ടു പരിചയമുള്ള മാപ്പിളപ്പാട്ടുകൾ അവർ സംഗീതമയമാക്കി. 

ഗോദാമുരിപ്പാട്ടും, തോറ്റംപാട്ടും അവതരിപ്പിച്ച കലാകാരന്മാർ ഇത്ര പ്രാചീനമായ, പ്രശസ്തമായ (എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അത്രയ്ക്ക് പരിചയമില്ലാത്ത) അവരുടെ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവച്ചപ്പോൾ, അത് പറഞ്ഞപ്പോൾ വികാരാധീനനായി.  പാട്ടു തുടങ്ങുന്നതിനു മുമ്പായി, കഥ ചെറുതായി വിവരിച്ചു.  അസുരന്മാരാൽ, മനുഷ്യർക്ക് ജീവിക്കാൻ വയ്യാതായപ്പോൾ, ദേവന്മാർ അവരുടെ രക്ഷക്കായി കാമധേനുവിനെ ഭൂമിയിലേക്കയച്ചു.  അതുമായി ബന്ധപ്പെട്ടതാണ് ആദ്യം പറഞ്ഞത്.  ശങ്കരാചാര്യരും വേഷം മാറിവന്ന ശിവനും തോറ്റംപാട്ടിൽ കഥാപാത്രങ്ങളായി.  

കുത്തിയോട്ടപ്പാട്ടിൽ പ്രധാനമായി ശാകുന്തളം കഥയായിരുന്നു.  

പിന്നീട്, വാസുദേവനും (ശ്രീക്കുട്ടൻ) കൂട്ടരും കണ്യാര്കളിപ്പാട്ടു അവതരിപ്പിച്ചു.  അതിൽ, പരിചമുട്ടും (മുസ്ലിം കൂട്ടപ്പൊറാട്ട്) ചെറുമിപ്പൊറാട്ടും, വെള്ളക്കൊടിച്ചി-വേശക്കോടിച്ചിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.  ഞങ്ങളുടെ ദേശത്തിൽ (തിരുവഴിയാട്) എന്റെ പതിനാറാം വയസ്സിനു മുമ്പ് (ഇന്ന് അത് തിരിച്ചിട്ടാൽ, അതിലധികം ആയി :) ) ഞാനും മുംബൈ കണ്യാർകളി സംഘത്തിന്റെ പ്രസിഡന്റ് ഗോപിയും ചെറുമിക്കുട്ടികൾ കളിച്ചത് എന്നും ഓർക്കും.  സവർണ്ണരെന്നോ അവര്ണ്ണരെന്നോ വ്യത്യാസം കാണാതിരുന്ന, സവർണ്ണരെന്നു പറയപ്പെടുന്നവർ അവർണ്ണരുടെ കൈകോർത്ത് ആടിപ്പാടുകയാണ് കണ്യാർകളിൽ.  അന്ന്, ചെറുമിക്കുട്ടികളെ ഒരുനോക്കു കാണാനായി (അതിനു ശേഷംവേണം പണിക്കു പോകാൻ) അക്ഷമരായി നിൽക്കുന്ന സാക്ഷാൽ ചെറുമികളെ, അവരുടെ സന്തോഷഭാവം ഞാൻ നിന്നെന്നപോലെ ഓർക്കുന്നു.... പോലല്ലാ ലല്ലേ......   കേട്ടപ്പോൾ, വാസ്തവത്തിൽ അടുത്തിരുന്ന ഗോപിയെയും കൂട്ടി സ്റ്റേജിൽ കയറി പഴയ ചെറുമിക്കുട്ടികളായി ആടിത്തകർത്താലോ എന്ന് തോന്നിപ്പോയി! 

അട്ടപ്പാടി സംഘത്തിന്റെ പാട്ട് മുഴുവൻ കേൾക്കാൻ പറ്റിയില്ല.  (വാഹന സൗകര്യം നോക്കി അല്പം നേരത്തെ ഇറങ്ങേണ്ടിവന്നു.) കഴിവുള്ള  കലാകാരന്മാർ!

അതെ, അവതാരകൻ സൂചിപ്പിച്ചപോലെ, പ്രാചീന കലകളുടെ, സംഗീതത്തിന്റെ എന്തെല്ലാം ഭാവങ്ങൾ! അതിൽ അറുപതോളം ''പാട്ടോളം'' നാട്ടിൽ അവതരിപ്പിച്ചു എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി.  

പാട്ടോളത്തിന്, കലാകാരന്മാർക്ക്, അണിയറപ്രവർത്തകർക്ക്, ആസ്വാദകർക്ക് കൂപ്പുകൈ. 

ചിത്രത്തിൽ: കണ്യാർകളിപ്പാട്ടുകൾ അവതരിപ്പിച്ച ശ്രീക്കുട്ടനും കൂട്ടരും ആദരിക്കൽ ചടങ്ങിനു ശേഷം. 

2017 മാർച്ച് 10, വെള്ളിയാഴ്‌ച

മതവും രാഷ്ട്രീയവും

Blog post no: 456 - 

മതവും രാഷ്ട്രീയവും

മതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള വിശദമായ ഒരു വിശകലനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മതവും രാഷ്ട്രീയവുമാണ് ഇന്ന് ലോകരെ ബാധിച്ചിരിക്കുന്ന രണ്ടു പ്രധാന വിഷയങ്ങൾ എന്നതുകൊണ്ട് അതേക്കുറിച്ചു പറയാതിരിക്കാൻ വയ്യെന്ന് തോന്നി.

മതവുമായി ബന്ധപ്പെടുത്തി ദൈവത്തെക്കുറിച്ച്, പ്രകൃത്യാലുള്ള സത്യത്തെക്കുറിച്ചു പറയുകയാണെങ്കിൽ, ദൈവവിശ്വാസികളും നിരീശ്വരവാദികളും ഒരേ കാര്യംതന്നെയാണ് പറയുന്നത് എന്ന് കൂലംകഷമായ ഒരു വിചിന്തനത്തിൽനിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അഥവാ, സത്യം, ശരി, നന്മ മുതലായവയിൽനിന്നു അറിഞ്ഞോ അറിയാതെയോ വ്യതിചലിച്ചാൽ നാം നേരിടുന്ന വിഷമം മുതലായവ.

രാഷ്ട്രീയം: ഏതു ''ഇസം'' ആയാലും അവ ചില സ്ഥലങ്ങളിൽ ഒന്നിക്കുന്നുണ്ട്. സകലർക്കും സ്വീകാര്യമായ ഒരു ''ഇസം'' ഇല്ലതന്നെ. കമ്യൂണിസവും ഗാന്ധിസവും തമ്മിൽ യോജിക്കില്ല എന്ന് നാം മനസ്സിലാക്കുമ്പോൾ -

ഒരിക്കൽ ഇ. എം. എസ്. എഴുതിയ ഒരു ലേഖനത്തിന്റെ അവസാനഭാഗം ഓർമ്മ വരുന്നു - അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാർ, ഗാന്ധിയനായ ദേവ ഗൗഡ നയിക്കുന്ന സർക്കാരിന് പിന്തുണ നൽകുന്നത്..... !!!

എൻറെ ചെറുപ്പത്തിൽ അച്ഛൻ പറഞ്ഞതോർക്കുന്നു - സാധാരണക്കാരനായ ഒരാൾ ഒരു മതപ്രാസംഗികന്റെ പ്രസംഗം കേൾക്കുന്നു എന്ന് വിചാരിക്കുക. പറഞ്ഞത് ശരിയാണല്ലോ എന്ന് ആ ശ്രോദ്ധാവിനു തോന്നും. അതേ ആൾ വേറൊരു മതപ്രാസംഗികന്റെ പ്രസംഗം കേട്ടാൽ അതും ശരിയാണല്ലോ എന്ന് തോന്നും. അങ്ങനെ, അങ്ങനെ.... ഇതുപോലെത്തന്നെയാണ് രാഷ്ട്രീയത്തിന്റെ കാര്യത്തിലും.

ഈ രണ്ടു വിഷയങ്ങളിലും സത്യം ഉണ്ട്. എന്നാൽ അതുമാത്രമാണ് സത്യം എന്ന് പറയുമ്പോൾ അത് ശരിയല്ല. മനുഷ്യർ ഭിന്നാഭിരുചിയുള്ളവരാണ്. പൊതുജനം പലവിധം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ - ഒരാളുടെ ആഹാരത്തിലുള്ള അഭിരുചി, അതുപോലെ വസ്ത്രധാരണത്തിൽ... എന്നുവേണ്ടാ എല്ലാ ഇഷ്ടാനിഷ്ടങ്ങളിലും. ഇത് ഒരുപക്ഷെ, ഒന്നിലധികം പേർക്ക് ഏകദേശം ഒരുപേലെ ആയിരിക്കാം. എന്നിരിക്കിലും, ഒരു വ്യക്തി വേറൊരു വ്യക്തിയിൽനിന്നു തികച്ചും വിഭിന്നനാണ്, വിഭിന്നയാണ്.

മതത്തിൽ രാഷ്‌ടീയം കാണാതിരിക്കുക, രാഷ്ട്രീയത്തിൽ മതം കാണാതിരിക്കുക. അതിലുള്ള സത്യം മാത്രം അംഗീകരിക്കാൻ നോക്കുക. അത് അല്പം ബുദ്ധിമുട്ടുള്ള കാര്യംതന്നെ എങ്കിലും.

പുരാണങ്ങൾ ഐത്യങ്ങൾക്കു അടിസ്ഥാനമാണ്. പുരാണങ്ങളിൽപ്പോലും രാഷ്ട്രീയത്തിന്റെ ചുവ കാണാം. എന്നാൽ, ധർമ്മം നിലനിർത്തുന്നതിന് അത് പലപ്പോഴും അനിവാര്യമാണ് എന്ന സത്യത്തെയും നമുക്ക് അംഗീകരിക്കാതിരിക്കാൻ സാധ്യമല്ല.
നല്ല കാര്യങ്ങൾക്കായി മാത്രം ഈ രണ്ടു വിഷയങ്ങളെയും മനസ്സിലാക്കുക. പ്രവർത്തിക്കുക. അഥവാ ജീവിക്കുക. ആരു നല്ലതു പറഞ്ഞാലും അത് അംഗീകരിക്കാൻ ശ്രമിക്കുക. അഥവാ, ''മത''ത്തിനുവേണ്ടി, ''രാഷ്ട്രീയ''ത്തിനുവേണ്ടി എതിർക്കാതിരിക്കാൻ നോക്കുക. ഈ ''കച്ചവട'' യുഗത്തിൽ അത് അല്പം ബുദ്ധിമുട്ടാണ് എന്ന വസ്തുത മറക്കുന്നില്ല.




2017 ജനുവരി 18, ബുധനാഴ്‌ച

എം. ജി. ആർ.

Blog Post no: 454 -
17/01/2017

എം. ജി. ആർ.





എംജിയാറിൻറെ ജന്മശതാബ്ദിയാണിന്ന്.  തമിഴ്നാട് തങ്ങളുടെ പ്രിയപ്പെട്ട തലൈവരുടെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കുന്നു. 

മേലകത്ത് ഗോപാലമേനോൻ രാമചന്ദ്രൻ,  എം. ജി. ആർ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടപ്പോഴും തമിഴ്നാട്ടുകാർ പുരട്ചി നടികർ, നടികർ മന്നൻ, മുടിചൂടാ മന്നൻ, മക്കൾ തിലകം, ചക്രവർത്തി, മധുരൈ വീരൻ, കലൈ മന്നൻ തുടങ്ങി എത്രയോ പേരുകൾ ഇട്ടു!  പണ്ട്, പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. ശാന്തകുമാർ തമിഴരുടെ മനസ്ഥിതിയെക്കുറിച്ച് ഒരു ലേഖനമെഴുതിയപ്പോൾ എഴുതി: തമിഴർ പൊതുവെ ശുദ്ധഹൃദയരാണ്.  അവർക്കിഷ്ടപ്പെട്ടാൽ ആരായാലും അവരെ വാനോളം പുകഴ്ത്തും, ആരാധിക്കും, ജീവൻവരെ കൊടുക്കാൻ തയ്യാറാകും.  അതിനൊരു ഉദാഹരണമാണ് മലയാളിയായ എം.ജി.ആർ. 

അതെ, എം.ജി.ആർ എൻറെ നാട്ടുകാരനാണ് (പാലക്കാട്) എന്ന് മറ്റുള്ളവരോട് പറയുന്നതിൽ ഞാനും അഭിമാനിച്ചു.  അദ്ദേഹത്തിൻറെ എത്രയെത്ര സിനിമകൾ കണ്ടിരിക്കുന്നു.  കുറെ മുമ്പ്, താഹിർ എന്ന തൃശ്ശിനാപ്പള്ളിക്കാരൻ പറഞ്ഞപ്പോഴും എനിക്കഭിമാനം തോന്നി:  എന്നാ സാർ, എംജിയാറാ?  അതെന്താണെന്നു ചോദിച്ചപ്പോൾ, പുള്ളിക്കാരൻ പറഞ്ഞു - എംജിയാർക്കു മീശ ഇല്ല, മീശയുടെ സ്ഥാനത്ത് വരച്ചുവെക്കും.  എനിക്കതുകേട്ടപ്പോൾ ചിരിയും വന്നു.  അതെ, ഞാൻ കുറച്ചുകാലം അങ്ങനെ ചെയ്തിരുന്നു.  

നടനും, നടികർ തിലകവും, ഭരത് അവാർഡ് ജേതാവുമൊക്കെയായി, പിന്നീട് ആ അന്യസംസ്ഥാനം ഏറെക്കാലം ഭരിക്കുകയും ചെയ്ത, ഒരു ജനതയുടെ മനസ്സ് കവർന്ന ആ പ്രതിഭക്കു മരണമില്ല.  പ്രണാമം. 

2016 നവംബർ 10, വ്യാഴാഴ്‌ച

വിശ്വാസം

Blog post no: 452 -

വിശ്വാസം

(ചിന്താവിഷയം)

ഒരു കാര്യത്തെക്കുറിച്ചുള്ള വിശ്വാസം, ഒരാളെക്കുറിച്ചുള്ള വിശ്വാസം - എല്ലാം മനസ്സിൽ വേരൂന്നിയാൽ അത് മാറ്റാൻ നന്നേ പ്രയാസമാണ് അഥവാ, മനസ്സിൽ അങ്ങനെ വേരൂന്നിയ വിശ്വാസം തെറ്റാണെങ്കിലും ശരിയാണെങ്കിലും, നല്ലതാണെങ്കിലും, അല്ലെങ്കിലും.  ആ നിലക്ക് അങ്ങനെ വിശ്വസിക്കുന്ന ആളോട് എതിരായി എന്തുപറഞ്ഞാലും അത് ആ ആൾ ചെവിക്കൊള്ളില്ല എന്നർത്ഥം.  അത് മനസ്സിലാക്കി മറ്റുള്ളവർ സംസാരം നിർത്തുക, പെരുമാറുക എന്നൊക്കെയേ കരണീയമായതുള്ളൂ.  

വിശ്വാസം സ്നേഹത്തിന്റെ പുറത്താക്കാം, ഭക്തിയുടെ ആകാം, മതത്തിന്റെ - ജാതിയുടെ ആകാം, രാഷ്ട്രീയം ആകാം - അങ്ങനെ എന്തും ആകാം.  ഒരാളുടെ വിശ്വാസം അയാളെ രക്ഷിക്കട്ടെ - അല്ലാതൊന്നും പറയാനില്ല.  കാരണം, വിശ്വാസത്തിനു അതിന്റെ ഉടമസ്ഥനെ/ഉടമസ്ഥയെ വേദനിപ്പിക്കാനും അയാളെത്തന്നെ ഇല്ലാതാക്കാനുംവരെ കഴിയും! 

ഏതായാലും, ''വിശ്വാസം'' എന്നത് മുകളിൽപ്പറഞ്ഞപോലെയൊക്കെയായ നിലക്ക്, വിശ്വാസം ഒരാൾ ഊട്ടിയുറപ്പിക്കുന്നത്, വേരുറപ്പിക്കുന്നത് നല്ലപോലെ ആലോചിച്ചേ ആകാവൂ എന്നുവരുന്നു.  മാത്രമല്ല, ഇടയ്ക്കു സാധിക്കുമ്പോഴെല്ലാം ഒരു സ്വയം വിശകലനവും അഭികാമ്യം.  അതോടൊപ്പം ആ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കയും വേണം.  

2016 ജൂലൈ 19, ചൊവ്വാഴ്ച

ഗ്രാമീണ വായനശാല

Block post no: 442 -


ഗ്രാമീണ വായനശാല 

ഗ്രാമീണ വായനശാലയുടെ ആവശ്യം നാം പണ്ടേ, അതായത് പഠിച്ചിരുന്ന കാലത്ത്, സ്‌കൂളിൽ പഠിച്ചിരുന്നു.  ഇന്ന് അതിന്റെ ആവശ്യം അല്ല അത്യാവശ്യം വന്നുചേർന്നിരിക്കുന്നു!  കാരണം, ഇന്നത്തെ തലമുറക്ക് പ്രത്യേകിച്ചു് വായനാശീലം കുറവ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.  കംപ്യുട്ടർ ഗെയിംസിന്റെ കാര്യത്തിലോ, ഫേസ്ബുക്ക്, വാട്ട്സപ്പ് മുതലായവയുടെ കാര്യങ്ങളിലോ അങ്ങനെ ആകാൻ വഴിയില്ല.  എന്നാൽ, വായനയുടെ കുറവ് അവരുടെ വ്യക്തിത്വത്തെ സാരമായി ബാധിക്കുന്നുണ്ട് എന്നാണ് എന്റെ എളിയ അഭിപ്രായം.

ഓരോ ഗ്രാമത്തിലും വായനശാലകൾ ആവശ്യംതന്നെ.  നമ്മുടെ ഭാഷയിലും, ആഗോളഭാഷയിലുമുള്ള പുസ്തകങ്ങൾ വായിക്കണം.

“വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും. ” —കുഞ്ഞുണ്ണിമാഷിന്റെ കവിത ഇത്തരുണത്തിൽ വളരെ വളരെ അർത്ഥവത്തതായി തോന്നുന്നു.

സാക്ഷരകേരളത്തിലെ - പട്ടണങ്ങളിലെ, ഗ്രാമങ്ങളിലെ ജനസമൂഹം ഇത് ഗൗരവമായി എടുത്തില്ല എങ്കിൽ ഈ തലമുറയോടും, അടുത്ത തലമുറകളോടും ചെയ്യുന്ന ക്രൂരതയാണ് എന്ന് ഓരോ പട്ടണ-ഗ്രാമവാസിയും മനസ്സിലാക്കുക, അതിനനുസരിച്ചു പ്രവർത്തിക്കുക എന്നതേ കരണീയമായ മാർഗ്ഗമുള്ളൂ.

ഒരിക്കൽകൂടി - വികസനങ്ങൾ എന്തെല്ലാം ഉണ്ടായാലും, വായനശാല ഇല്ലാത്ത ഗ്രാമം - അതിനു ശ്രമിക്കാത്ത ഗ്രാമവാസികൾക്ക് ചിന്താശീലവും, പ്രവർത്തനശീലവുമില്ല, അവർ നാടിന്റെ, ഗ്രാമത്തിന്റെ നന്മ ആഗ്രഹിക്കുന്നില്ല എന്നുപറഞ്ഞാൽ അതൊരു അതിശയോക്തിയാവില്ലതന്നെ.

2016 മേയ് 16, തിങ്കളാഴ്‌ച

പൊറാട്ടുനാടകവും രാഷ്ട്രീയവും.

Blog post no: 435 -
പൊറാട്ടുനാടകവും രാഷ്ട്രീയവും. 

''പോലല ലല്ലീലേ പോലാ ലല്ലീ ലേ.......''

മകളുടെ വീട്ടിന്റെ പാലുകാച്ചൽ ചടങ്ങു കഴിഞ്ഞ്, നെന്മാറയിൽ എത്തിയപ്പോൾ standനു മുന്പിലുള്ള ഗ്രൗണ്ടിൽ പൊറാട്ടു നാടകം കളിക്കുന്നു. ''സുന്ദരികൾ'' ആയ സ്ത്രീ വേഷങ്ങൾ അരങ്ങു തകർക്കുന്നു. കുറച്ചു കണ്ടുകളയാം.   വർഷങ്ങൾക്കു മുമ്പ് കണ്ടതാണ്.
അച്ചുമാമൻ വരുന്നു. LDFനു വേണ്ടിയുള്ള പ്രചരണം.
പൊറാട്ടുനാടകത്തിനു പാലക്കാടിന്റെ അനുഷ്ഠാനകലയായ കണ്യാർകളിയുമായി ബന്ധമുണ്ടെന്നു തോന്നി.  എന്നാൽ, കണ്യാർകളി പന്തലിൽ വട്ടത്തിൽ കളിക്കുന്നു.  പൊറാട്ടുകളി സ്റ്റേജിൽ നിന്ന സ്ഥലത്തുതന്നെ കളിക്കുന്നു.  കണ്യാർകളിക്കുള്ള ചുവടുകൾ പൊറാട്ടുകളിക്ക് ഇല്ല.  പൊറാട്ടുകളിയിൽ  ശൃംഗാരം കൂടുതൽ ഉണ്ടാകും. വേറെയും പല വ്യത്യാസങ്ങളും ഉണ്ട്.

പൊറാട്ടു നാടകം ഇവിടെ ''രാഷ്ട്രീയ''വല്ക്കരിച്ചിരിക്കുന്നു. അച്ചുമാമന്റെ സൽഭരണം, പിന്നീടുവന്ന ദുർഭരണം......

കുറച്ചുനേരം കണ്ടു.  അച്ചുമാമൻ എത്തുന്നതേയുള്ളൂ.  വേറെ പരിപാടി ഉണ്ടായിരിന്നതുകൊണ്ട്  ഞങ്ങൾ സ്ഥലം വിട്ടു.

ഇനിയൊരിക്കൽ കൊടുവായൂർ പോയപ്പോൾ അതാ:

 ''പോലല ലല്ലീലേ പോലാ ലല്ലീ ലേ.......''

കാറിൽ പ്രചരണം.  അല്ലാ, ഇത്തവണ UDFനു വേണ്ടിയാണല്ലോ.  വഴിയെ BJP ക്ക് വേണ്ടിയും ഉണ്ടാകുമോ.

പണ്ട് എന്റെ ബന്ധത്തിൽപ്പെട്ട ഒരു പെൺകുട്ടിയോട് പരീക്ഷക്ക്‌ എത്ര മാർക്കു കിട്ടി എന്നു ചോദിച്ചാൽ പറയുമായിരുന്നു - കുറഞ്ഞ മാർക്കു കിട്ടിയ രണ്ടുപേരുടെ മാർക്കുകൾ ആദ്യം.  പിന്നെ തന്റേത്.  അതുപോലെ, മൂന്നു മുന്നണികളും ആദ്യം മറ്റു രണ്ടു മുന്നണികളുടെ സ്വഭാവ വിശേഷങ്ങൾ വിവരിക്കുന്നു. പിന്നെ....

നടക്കട്ടെ.  നമുക്ക് എല്ലാം കേൾക്കാം. 

2015 ഓഗസ്റ്റ് 9, ഞായറാഴ്‌ച

എന്റെ വായനയിൽ നിന്ന് (19)



Blog Post no: 413

എന്റെ വായനയിൽ നിന്ന് (19)
(ലേഖനം)


അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് - വി.ടി. ഭട്ടതിരിപ്പാടിന്റെ നാടകം.  വായിച്ചിട്ടുണ്ട്.  കണ്ടിട്ടില്ല.  നമ്പൂതിരി സമുദായത്തിൽ കണ്ടുവന്നിരുന്ന അനാചാരങ്ങളെ ശക്തമായി വിമർശിച്ചിരിക്കുന്നു.  ആചാരങ്ങൾ ആവാം, അത് അനാചാരങ്ങൾ ആയി മാറുമ്പോൾ, സഹജീവികളെ ബുദ്ധിമുട്ടിക്കുമ്പോൾ, മനുഷ്യസ്നേഹികകൾക്ക് സഹിക്കില്ല. അവർ പ്രതികരിക്കും.  വളരെ വർഷങ്ങൾക്കു മുമ്പ് വായിച്ചതാണ്.  ആ പുസ്തകം കയ്യിൽ കിട്ടിയപ്പോൾതന്നെ  മുഷിഞ്ഞു, പേജുകൾ പറിഞ്ഞുനിന്ന ഒരു അവസ്ഥയിൽ ആയിരുന്നു എന്നത് ഇപ്പോഴും ഓർക്കുന്നു.


***



സാമുവേൽ ടെയിലറുടെ ഒരു കവിത വായിച്ചത് സന്ദർഭവശാൽ ഓര്മ്മ വന്നു - ഒരു കുട്ടിയടെ ചോദ്യത്തിനുള്ള മറുപടി. ഉള്ളടക്കം ഓർമ്മയുണ്ട് - സ്നേഹത്തെക്കുറിച്ച്തന്നെ.  ഉറങ്ങുന്നതിനു മുമ്പ് നെറ്റിലൊന്ന് പരതിനോക്കി, കിട്ടി.  അതെ, അത് തന്നെ.  നോക്കൂ: 

Answer to a Child’s Question

-      Samuel Taylor Coleridge

Do you ask what the birds say? The sparrow, the dove,
.
The linner and thrush say, “I love and I love!”
.
In the winter they’re silent — the wind is so strong;
.
What it says, I don’t know, but it sings a loud song.
.
But green leaves, and blossoms, and sunny warm weather,
.
And singing, and loving — all come back together.
.
But the lark is so brimful of gladness and love,
.
The green fields below him, the blue sky above,
.
That he sings, and he sings; and for ever sings he-
.
“I love my Love, and my Love loves me!”


2015 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

എന്റെ വായനയിൽ നിന്ന് (18)

Blog Post no: 412

എന്റെ വായനയിൽ നിന്ന് (18)
(ലേഖനം)
നന്നേ ചെറുപ്പത്തിൽ അമ്മ എന്നെ പാടിക്കേൾപ്പിച്ചിരുന്ന ഒരു പാട്ടുണ്ട്. പിൽക്കാലത്ത് മനസ്സിലായി, അത് കുമാരനാശാന്റെ പുഷ്പവാടി എന്ന കവിതയാണെന്ന്! അത് വായിക്കുകയും ചെയ്തു. സരളമായ ഭാഷയിൽ, എന്നെന്നും കുട്ടികൾക്കും മുതിർന്നവർക്കും ആലപിക്കാനായി ആശാൻ രചിച്ച ആ മധുരമനോഹരമായ കവിത ഇതാ:
പുഷ്പവാടി - കുട്ടിയും തള്ളയും
ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.
***

വില്ല്യം ഷേക്ക്‌സ്പിയറുടെ വിഖ്യാതമായ നാടകമാണ് ദി മെർച്ചന്റ് ഓഫ് വെനീസ്. അതിന്റെ ഒരു ഭാഗം പഠിക്കാനുണ്ടായിരുന്നു. പില്ക്കാലത്ത്, പുസ്തകം വായിക്കാനും സാധിച്ചു. കുറെ കഥാപാത്രങ്ങൾ ഉണ്ട്. എങ്കിലും, ആന്റോണിയോ, ബസ്സാനിയോ, പോർഷ്യ മുതലായവരെയും, ഷാ യ് ലോ ക് എന്ന വില്ലനെയും മറക്കില്ല.

2015 ജൂലൈ 29, ബുധനാഴ്‌ച

എന്റെ വായനയിൽ നിന്ന് (17)


Blog post no: 410 - 

എന്റെ വായനയിൽ നിന്ന് (17)

(ലേഖനം)



കള്ളിച്ചെല്ലമ്മ - ജി. വിവേകാനന്ദന്റെ നോവൽ.  അനാഥയായ ചെല്ലമ്മയുടെ കഥ.  മരിച്ചുപോയ അമ്മ പറയാറുണ്ടായിരുന്നു - ഏതു സാഹചര്യത്തിലും പിഴച്ചു പോവരുത്.  അവൾ അത് പാലിച്ചു വന്നു.  കാമുകരെ വിരട്ടി ഓടിച്ചു.  ചന്തയിൽ പോയി മരച്ചീനി വിറ്റു ഉപജീവനം കഴിച്ചു.

ഒരു വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം തേകിക്കളയുവാനുള്ള എഞ്ചിന്റെ ഡ്രൈവർ കുഞ്ഞച്ചനുമായി അവൾ അടുത്തു.  അവസാനം അവൾ ആ സത്യം മനസ്സിലാക്കി - അയാള് ഭാര്യയും കുട്ടികളുമുള്ളവനാണ്! 

വിമർശകരുടെ പ്രശംസ പിടിച്ചുപറ്റിയ ഒരു നോവൽ.  ഇത് ചലച്ചിത്രമായപ്പോൾ കണ്ടു.  ഷീലാമ്മ ചെല്ലമ്മയെ അനശ്വരയാക്കി.

കള്ളിച്ചെല്ലമ്മ എന്നാ നോവൽ വായിച്ചതും, സിനിമ  കണ്ടതും ഒരുകാലത്തും മറക്കില്ല.  സിനിമയുടെ ശബ്ദരേഖ റേഡിയോവിൽ കേട്ടിരുന്ന്നു.  ശബ്ദരേഖയിൽ എല്ലാം അതേപടി സാധ്യമല്ലല്ലോ.  ആർട്ടിസ്റ്റ് പറയുന്നു - ആ സാധു സ്ത്രീ ആത്മഹത്യ ചെയ്യുന്നു!  ഇത് കേട്ടതും, ശബ്ദരേഖ ഞങ്ങളുടെ കൂടെ ഇരുന്നു കേട്ടിരുന്ന, തറവാട്ടിലെതന്നെ ഒരു ചേച്ചി വിങ്ങിപ്പൊട്ടി.  അതെ, മനുഷ്യമനസ്സുകൾ, എങ്ങനെ ജീവിതത്തിന്റെ ഗന്ധമുള്ള കഥകൾ ഉള്ക്കൊള്ളുന്നു എന്നല്ലേ ഇത് കാണിക്കുന്നത്.

പാശ്ചാത്യകവികളോട് കിടപിടിക്കുന്നതാണ് സരോജിനി നായ്ഡുവിന്റെ കവിതകൾ. എന്നാൽ, അവയ്ക്ക്, പ്രകൃതിയുടെയും, ഭാരതത്തനിമയുടെയും ഗന്ധമുണ്ടാകും! 

To A Buddha Seated On A Lotus എന്നാ കവിത വായിച്ചത് ഓർമ്മ വന്നു.  നെറ്റിന്റെ സഹായത്തോടെ ഇവിടെ ഇടട്ടെ:

To A Buddha Seated On A Lotus - Poem by Sarojini Naidu


 LORD BUDDHA, on thy Lotus-throne, 
With praying eyes and hands elate, 
What mystic rapture dost thou own, 
Immutable and ultimate? 
What peace, unravished of our ken, 
Annihilate from the world of men? 

The wind of change for ever blows 
Across the tumult of our way, 
To-morrow's unborn griefs depose 
The sorrows of our yesterday. 
Dream yields to dream, strife follows strife, 
And Death unweaves the webs of Life.

For us the travail and the heat, 
The broken secrets of our pride, 
The strenuous lessons of defeat, 
The flower deferred, the fruit denied; 
But not the peace, supremely won, 
Lord Buddha, of thy Lotus-throne. 

With futile hands we seek to gain 
Our inaccessible desire, 
Diviner summits to attain, 
With faith that sinks and feet that tire; 
But nought shall conquer or control 
The heavenward hunger of our soul. 

The end, elusive and afar, 
Still lures us with its beckoning flight, 
And all our mortal moments are 
A session of the Infinite. 
How shall we reach the great, unknown 
Nirvana of thy Lotus-throne?