അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 ഏപ്രിൽ 18, ചൊവ്വാഴ്ച

ഒരു സായംസന്ധ്യയിൽ..... മുംബൈ പാട്ടോളം സംഗീതസദ്യയിൽ.....


Blog post no: 459 -

ഒരു സായംസന്ധ്യയിൽ..... മുംബൈ പാട്ടോളം സംഗീതസദ്യയിൽ.....



ഞെരളത്ത് കലാശ്രമം മുംബൈ പാട്ടോളം - ഒരു തനി കേരളം സംഗീതോത്സവത്തിൽ ഒരു കാണിയാകാൻ, ശ്രോദ്ധാവാകാൻ ഭാഗ്യമുണ്ടായി - ഇന്നലെ.  കൂടെ സുഹൃത്തും ബന്ധുവുമായ ഗോപിയും (പി. ഗോവിന്ദൻകുട്ടി നായർ, പ്രസിഡന്റ്, മുംബൈ കണ്യാർകളി സംഘം).  അവിടെ എത്തിയപ്പോൾ കണ്യാർകളി സംഘത്തിന്റെ  ജീവനാഡികളായ ഉദയകുമാർ, നാരായണൻ കുട്ടി, ജയരാജ്,  അമ്പിളി (അരവിന്ദ്) തുടങ്ങിയവരെയൊക്കെ കണ്ടു. സിനിമ/സീരിയൽ/നാടക നടിയും  എന്റെ  ഒരു മരുമകളുമായ ജ്യോത്സ്നയെയും കുടുംബത്തെയും, പല പരിചയക്കാരെയും കണ്ടു.  

സ്ഥലത്ത് എത്തിയപ്പോൾത്തന്നെ നാടകനടനും, അവതാരകനുമായ പ്രസാദ്, ഷൊർണൂരിന്റെ പ്രൗഢഗംഭീരമായ ശബ്ദം മൈക്കിലൂടെ ഒഴുകുന്നുണ്ടായിരുന്നു. 


സുജിത്തിന്റെ ഇടക്കവാദ്യം ഗംഭീരമായി.  കലാശ്രമത്തിലെ ഞെരളത്ത് ഹരിഗോവിന്ദൻ പിന്നീട് ഒരു സന്ദർഭത്തിൽ വളരെ സരസമായി പറഞ്ഞപോലെ, വംശനാശം വന്നുപോകാനിടയുള്ള കലാകാരന്മാരിൽ  - ഇന്ന് ജീവിച്ചിരിക്കുന്ന ചുരുക്കം ചില പ്രഗത്ഭരിൽ  ഒരാൾ!   

മാപ്പിള ഷെഹനായി - വളരെ നന്നായിരുന്നു.  ചില കേട്ടു പരിചയമുള്ള മാപ്പിളപ്പാട്ടുകൾ അവർ സംഗീതമയമാക്കി. 

ഗോദാമുരിപ്പാട്ടും, തോറ്റംപാട്ടും അവതരിപ്പിച്ച കലാകാരന്മാർ ഇത്ര പ്രാചീനമായ, പ്രശസ്തമായ (എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അത്രയ്ക്ക് പരിചയമില്ലാത്ത) അവരുടെ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവച്ചപ്പോൾ, അത് പറഞ്ഞപ്പോൾ വികാരാധീനനായി.  പാട്ടു തുടങ്ങുന്നതിനു മുമ്പായി, കഥ ചെറുതായി വിവരിച്ചു.  അസുരന്മാരാൽ, മനുഷ്യർക്ക് ജീവിക്കാൻ വയ്യാതായപ്പോൾ, ദേവന്മാർ അവരുടെ രക്ഷക്കായി കാമധേനുവിനെ ഭൂമിയിലേക്കയച്ചു.  അതുമായി ബന്ധപ്പെട്ടതാണ് ആദ്യം പറഞ്ഞത്.  ശങ്കരാചാര്യരും വേഷം മാറിവന്ന ശിവനും തോറ്റംപാട്ടിൽ കഥാപാത്രങ്ങളായി.  

കുത്തിയോട്ടപ്പാട്ടിൽ പ്രധാനമായി ശാകുന്തളം കഥയായിരുന്നു.  

പിന്നീട്, വാസുദേവനും (ശ്രീക്കുട്ടൻ) കൂട്ടരും കണ്യാര്കളിപ്പാട്ടു അവതരിപ്പിച്ചു.  അതിൽ, പരിചമുട്ടും (മുസ്ലിം കൂട്ടപ്പൊറാട്ട്) ചെറുമിപ്പൊറാട്ടും, വെള്ളക്കൊടിച്ചി-വേശക്കോടിച്ചിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.  ഞങ്ങളുടെ ദേശത്തിൽ (തിരുവഴിയാട്) എന്റെ പതിനാറാം വയസ്സിനു മുമ്പ് (ഇന്ന് അത് തിരിച്ചിട്ടാൽ, അതിലധികം ആയി :) ) ഞാനും മുംബൈ കണ്യാർകളി സംഘത്തിന്റെ പ്രസിഡന്റ് ഗോപിയും ചെറുമിക്കുട്ടികൾ കളിച്ചത് എന്നും ഓർക്കും.  സവർണ്ണരെന്നോ അവര്ണ്ണരെന്നോ വ്യത്യാസം കാണാതിരുന്ന, സവർണ്ണരെന്നു പറയപ്പെടുന്നവർ അവർണ്ണരുടെ കൈകോർത്ത് ആടിപ്പാടുകയാണ് കണ്യാർകളിൽ.  അന്ന്, ചെറുമിക്കുട്ടികളെ ഒരുനോക്കു കാണാനായി (അതിനു ശേഷംവേണം പണിക്കു പോകാൻ) അക്ഷമരായി നിൽക്കുന്ന സാക്ഷാൽ ചെറുമികളെ, അവരുടെ സന്തോഷഭാവം ഞാൻ നിന്നെന്നപോലെ ഓർക്കുന്നു.... പോലല്ലാ ലല്ലേ......   കേട്ടപ്പോൾ, വാസ്തവത്തിൽ അടുത്തിരുന്ന ഗോപിയെയും കൂട്ടി സ്റ്റേജിൽ കയറി പഴയ ചെറുമിക്കുട്ടികളായി ആടിത്തകർത്താലോ എന്ന് തോന്നിപ്പോയി! 

അട്ടപ്പാടി സംഘത്തിന്റെ പാട്ട് മുഴുവൻ കേൾക്കാൻ പറ്റിയില്ല.  (വാഹന സൗകര്യം നോക്കി അല്പം നേരത്തെ ഇറങ്ങേണ്ടിവന്നു.) കഴിവുള്ള  കലാകാരന്മാർ!

അതെ, അവതാരകൻ സൂചിപ്പിച്ചപോലെ, പ്രാചീന കലകളുടെ, സംഗീതത്തിന്റെ എന്തെല്ലാം ഭാവങ്ങൾ! അതിൽ അറുപതോളം ''പാട്ടോളം'' നാട്ടിൽ അവതരിപ്പിച്ചു എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി.  

പാട്ടോളത്തിന്, കലാകാരന്മാർക്ക്, അണിയറപ്രവർത്തകർക്ക്, ആസ്വാദകർക്ക് കൂപ്പുകൈ. 

ചിത്രത്തിൽ: കണ്യാർകളിപ്പാട്ടുകൾ അവതരിപ്പിച്ച ശ്രീക്കുട്ടനും കൂട്ടരും ആദരിക്കൽ ചടങ്ങിനു ശേഷം. 

2017 ഫെബ്രുവരി 18, ശനിയാഴ്‌ച

റാണി..... മഹാറാണി


റാണി..... മഹാറാണി

(ഒരു അനുസ്മരണം)



തിരുവഴിയാട് ചീരപ്പൊറ്റക്കളത്തിലേക്ക് കാലെടുത്തുവെച്ചപ്പോൾ അവൾ മനസ്സിലേക്ക് ഓടിയെത്തി - റാണി.  ഇല്ല, അവൾ വന്നില്ല, വരില്ല. കാരണം..... ദിവസങ്ങൾക്കുമുമ്പ് അവൾ ഈ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. 

റാണി - അവിടത്തെ വളർത്തുമൃഗം!  
എൻറെ പേരമകൾ ഒരിക്കൽ ''നായ'' എന്ന് പറഞ്ഞപ്പോൾ, ഗൃഹനാഥൻ ''നീതന്നെ നായ'' എന്ന് ഗൗരവത്തിൽ, ''ഫീൽ'' ചെയ്ത് പറഞ്ഞതോർക്കുന്നു! 

മുകളിൽപ്പറഞ്ഞത്തിനു കാരണമുണ്ട്.  റാണി അവിടത്തെ ഒരു അംഗമായിരുന്നു. അവൾ വീട്ടുകാർക്കും, ബന്ധുക്കൾക്കും, നാട്ടുകാർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു.  വീട്ടുകാരണവരും, വീട്ടുകാരിയും, മകനും, മരുമകളും എല്ലാം അവളെ ലാളിച്ചു വളർത്തി.    അവൾ ആ സ്നേഹം അതേപടി തിരിച്ചുകൊടുത്തു.  

എന്നാൽ, കാലം അവൾക്കു സ്വാഭാവികമായും അസുഖം സമ്മാനിച്ചു.  പേരുകേട്ട മൃഗഡോക്ടർമാർ അവളെ ചികിൽസിച്ചു. എന്നാൽ.... ഒരുദിവസം അവൾ എല്ലാവർക്കും ദു:ഖം സമ്മാനിച്ചുകൊണ്ട് ഈ ലോകത്തോട് വിടപറഞ്ഞു. 
ഗൃഹനാഥൻ ദുഃഖമടക്കാൻ പാടുപെടുന്നു, ഗൃഹനാഥ പൊട്ടിക്കരയുന്നു, മകനും മരുമകളും ദുഃഖമടക്കാൻ പാടുപെടുന്നു..... 
ഒരു പണമിടപാട് സ്ഥാപനത്തിലെ മാനേജർ ആയ സുജിത്ത്, ജോലിക്കുപോകാൻ മനസ്സുവരാതെ അവളെ ഓർത്തിരുന്ന് അവളുടെ കഥ എഴുതി.  അത് ഞാൻ എൻറെ ബ്ലോഗ്സ്പോട്ടിലും മുഖപുസ്തകത്തിലെ എൻറെ പേജിലും ഇട്ടിരുന്നു. 

റാണീ, നിൻറെ ആത്മാവിനു നിത്യശാന്തി ലഭിക്കുമാറാകട്ടെ. 



റാണി, വീട്ടുവളപ്പിൽ അന്ത്യവിശ്രമം കൊള്ളുന്നു.  

2015 ജൂലൈ 1, ബുധനാഴ്‌ച

ഒരു പേരിടൽ

Blog Post No; 396 -

ഒരു  പേരിടൽ

കൊച്ചുമോനൊരു പേര് വെക്കണമല്ലോ - ദിവസങ്ങൾക്കു മുമ്പ്,  ഞാൻ ചിരിച്ചുകൊണ്ട് ഭാര്യയോടു പറഞ്ഞു.  അതുകേട്ടു, മരുമകൻ പറഞ്ഞു - അച്ഛാ, ഇവിടെനിന്നു പോകുന്നതിനു മുമ്പ് (ഗൾഫിലേക്ക്‌) കുറെ പേരുകൾ സജ്ജെസ്റ്റ് ചെയ്യണം.

ഓക്കേ.  ഞാൻ നെറ്റിൽ പരതി.  കുറെ പേരുകൾ കൊടുത്തു - അവയുടെ അർത്ഥങ്ങൾ അടക്കം.  അപ്പോൾ, മരുമകൻ വീണ്ടും - വേറെയും പേരുകൾ വരുന്നത് നോക്കാം.

അങ്ങനെ ആകട്ടെ.  ദിവസങ്ങൾക്കു ശേഷം ഞാൻ അന്വേഷിച്ചു.  ഇതുവരെയും ഒരു പേരും മോൾക്ക്‌ ഇഷ്ടപ്പെട്ടില്ല.  ഇനി പേരിടുന്ന ദിവസം പറയാം എന്ന് പറഞ്ഞു!
നല്ലത്.  ഞാൻ കാത്തിരുന്നു.  അരുവിക്കര തിരഞ്ഞെടുപ്പിന്റെ ഫലം അന്നാണ്  അറിയുന്നത്.  ആര് ജയിക്കും?  UDF ആണോ, LDF ആണോ, അതോ BJP യോ?  പലരും തല പുകക്കുന്നു.  എന്നെ  അതൊന്നും ബാധിച്ചില്ല.  കൊച്ചുമോന്റെ പേര് അറിയണം ആ ദിവസം അത്ര തന്നെ.  അല്ലാ പിന്നെ.

അവസാനം, ആ സമയവും വന്നു.  ''നിവേദ്‌''.  സന്തോഷം. നല്ല പേര്. ദൈവത്തിനുള്ള കാണിക്ക/കാഴ്ച.  അങ്ങനെയാകട്ടെ.


എന്റെ ജിജ്ഞാസക്കും തിരശ്ശീല വീണു.  അരുവിക്കരയിൽ ഫലം അറിഞ്ഞിട്ടും സംസാരം കഴിഞ്ഞിട്ടില്ല.  കഴിയുകയുമില്ല. :)

2015 ഏപ്രിൽ 11, ശനിയാഴ്‌ച

ചാപ്പി



Blog Post No: 365 -

ചാപ്പി 

(അനുഭവം)

നിങ്ങൾ ചാപ്പി കുടിച്ചിട്ടുണ്ടോ?  ഞാൻ കുടിച്ചിട്ടില്ല.  എന്നാൽ ഒരിക്കൽ ചാപ്പി എന്താണെന്ന് കാണുകയുണ്ടായി. 

ചെറുപ്പത്തിൽ, അച്ഛന്റെ തറവാട്ടിൽ എനിക്കുവേണ്ടി ഒരു പൂജ നടന്നു.  അമ്മയുടെ തറവാട്ടിൽ നിന്ന് അമ്മയും, ഞാനും, കുറച്ചു ബന്ധുക്കളുമടക്കം അവിടെ എത്തി.  കൂട്ടത്തിൽ രാധേട്ടൻ എന്ന വേണ്ടപ്പെട്ട ഒരാളും ഉണ്ടായിരുന്നു. 

''ഇവര്ക്കൊക്കെ, കാപ്പിയോ ചായയോ എന്താ വേണ്ടത് എന്ന് വെച്ചാൽ കൊടുക്കിൻ.'', കാരണവർ അകത്തേക്ക് നോക്കി തറവാട്ടമ്മമാരോട് പറഞ്ഞു. 

നിമിഷങ്ങള്ക്കകം, കാപ്പി വേണ്ടവർക്ക് കാപ്പിയും, ചായ വേണ്ടവർക്ക് ചായയും എത്തി. അത് കുടിക്കാൻ തുടങ്ങുമ്പോഴേക്കും, അമ്മ അമ്മക്കുള്ള കാപ്പി ഒരു ഡവറയിൽ, ഒരു സ്റ്റീൽ ഗ്ലാസ്സും പിടിച്ചു അവിടെ എത്തി. ഭർത്രുഗൃഹത്തിലെ ആതിഥ്യമര്യാദയിൽ സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നും വന്നവരെ ശ്രദ്ധിക്കണമല്ലോ.   എല്ലാവരും സംസാരം പൊടിപൊടിക്കുന്നു.  പൊട്ടിച്ചിരിക്കുന്നു.  രാധേട്ടൻ, പകുതി നിറച്ച സ്റ്റീൽ ഗ്ലാസും കയ്യിൽ പിടിച്ചു തമാശകൾ പറയുന്നു. 

''ഇതെന്താ രാധേ, കുറച്ചേ വേണ്ടൂ?  ഇന്നാ കുറച്ചുകൂടി.'' അമ്മ, രാധേട്ടൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് രാധേട്ടന്റെ ഗ്ലാസ് നിറച്ചു കഴിഞ്ഞു.  
ചിരിച്ചുകൊണ്ട് മൂപ്പർ ചോദിച്ചു - ഇതെന്താ ഇതിൽ ഒഴിച്ചത്? 

അമ്മ:   കാപ്പി. 

രാധേട്ടൻ:   അപ്പോൾ ഇത് ചാപ്പി ആയി! ഞാൻ ചാപ്പി കുടിക്കില്ല.  
ഞങ്ങൾ എല്ലാവരും ചിരിച്ചു.  അമ്മക്ക് അബദ്ധം പറ്റി.  ചായയിൽ കാപ്പി ഒഴിച്ചു!.

അമ്മ അത് വാങ്ങി അകത്തുകൊണ്ടുപോയി കളഞ്ഞു.  ചായയുമായി തിരിച്ചെത്തി. 


2014 നവംബർ 16, ഞായറാഴ്‌ച

ബസ്സിലെ വിശേഷങ്ങൾ


Blog Post No: 305 - 

ബസ്സിലെ വിശേഷങ്ങൾ

(അനുഭവം)


ഈയിടെ നാട്ടിൽ പോയപ്പോൾ അനുഭവപ്പെട്ട ചില ചില്ലറ ബസ്സ് വിശേഷങ്ങൾ ഇവിടെ കുത്തിക്കുറിക്കട്ടെ.

***

നേരിട്ട് ഒരു സ്ഥലത്തേക്ക് പോകുന്ന ബസ്സ് കാത്തു നിന്നു.  കാത്തുനിന്നത് മിച്ചം.  ഒരു സഹൃദയൻ അതുവഴി വന്നപ്പോൾ മൊഴിഞ്ഞു - ഇന്ന് ഞായറാഴ്ചയല്ലേ, വല്ല കല്യാണത്തിനോ കാതുകുത്തിനോ പോയിരിക്കും ബസ്സ്.  അത് ശരി. അപ്പോൾ ഈ ബസ്സുകൾ അങ്ങനെയാണല്ലേഇതിനെതിരെ പ്രതികരിക്കാനൊന്നും ആർക്കും വയ്യ.

***

തിരക്കുള്ളൊരു ബസ്സിൽ കയറി.  ഒന്ന് കണ്ണോടിച്ചപ്പോൾ, ''മുതിർന്ന സ്ത്രീകൾ'' എന്ന് എഴുതിവെച്ചിരിക്കുന്ന സീറ്റുകളിൽ ചില ചെറുപ്പക്കാരികൾ ഇരുന്നു വാചകമടിക്കുന്നു! അതിനടുത്തുതന്നെ ''മുതിർന്ന'' ചില സ്ത്രീകൾ  ദയനീയ ഭാവത്തിൽ നിൽക്കാൻ പാടുപെടുന്നതും കണ്ടു.
***

അതാ, വേറൊരു കാഴ്ച - വികലാംഗർ എന്ന് എഴുതിവെച്ചിരിക്കുന്ന സീറ്റുകളിൽ അങ്ങനെ അല്ലാത്തവർ ഇരിക്കുന്നു. അതു പോകട്ടെ. എന്നാൽ, അടുത്തുതന്നെ വളരെ പ്രായമായവർ കമ്പിയിൽ തൂങ്ങി നിൽക്കാൻ കഷ്ടപ്പെടുന്നു.

***

പിന്നീടൊരിക്കൽ, ബസ്സിനു പുറത്തുനിന്നു ചില മഹിളാമണികൾ കണ്ടക്ടരോട് ഉച്ചത്തിൽ പറയുന്നത് കേട്ടു - സ്ത്രീകൾക്കുള്ള സീറ്റുകളിൽ കയറി ഇരിക്കുന്നവരെ എഴുന്നേൽക്കാൻ പറയണം.  ഇതാണോ മര്യാദ?
***

ബസ്സ് യാത്ര ഇന്ത്യയിലെ ഇതരസ്ഥലങ്ങളിലും, മറു രാജ്യങ്ങളിലും സുഖകരമാവുന്നത് ബസ്സ് അധികൃതരുടേയും യാത്രക്കാരുടെയും നല്ല പെരുമാറ്റം കൊണ്ടാണ്.  ദൈവത്തിന്റെ സ്വന്തം നാട്ടിന് (?), സാക്ഷര കേരളത്തിനു (?) അതൊക്കെ എന്ന് ഉൾക്കൊള്ളാനാകും - ഞാൻ ചിന്തിച്ചുപോയി.


+++

2014 ജൂലൈ 23, ബുധനാഴ്‌ച

''ചുക്കുമു ളകുതി പ്പലി''




Blog Post No: 255 -
''ചുക്കുമു ളകുതി പ്പലി''

(അനുഭവം)


അഞ്ചാം ദിവസം  ഞാനും  വാമഭാഗവുംകൂടിയുള്ള  രാമായണപാരായണത്തിനിടയിൽ പദസമുച്ചയം ഒന്നുപോലെ രണ്ടുതവണ എന്റെ നാവിനു വഴങ്ങാതെ വന്നു.  അപ്പോഴേക്കും മൗനം പാലിച്ച പങ്കാളി അതുകേട്ടു പൊട്ടിച്ചിരിച്ചു.  ഞാനും ചിരിയിൽ പങ്കുകൊണ്ടു.  എന്റെ എഴുത്തച്ഛൻ മുത്തച്ഛാ....

 കഴിഞ്ഞ വർഷം ഞാൻ ഒറ്റക്കായിരുന്നപ്പോൾ  കർക്കടകമാസത്തിൽ വായിച്ചു മുഴുമിപ്പിച്ചിരുന്നു.  ഇത്തവണ ആൾ കൂടെയുള്ളപ്പോൾ ഞാന്തന്നെയാണ് ഒന്നിച്ചു വായിക്കാമെന്നു പറഞ്ഞത്.

ചിരിച്ചതുകൊണ്ടു മാത്രം എന്നെ വിട്ടില്ല.  ''നിങ്ങൾ പറഞ്ഞ കാര്യംപോലെ - നിങ്ങളുടെ അമ്മ പലപ്പോഴും വായിച്ചപോലെ - ചുക്കുമു ളകുതി പ്പലി എന്ന മട്ടിലായിപ്പോയി.    അപ്പോൾഞാൻ വടികൊടുത്ത്‌ അടി വാങ്ങി എന്നർത്ഥം.  അതെന്താണെന്നോ?

ഞാൻ പറഞ്ഞിരുന്നു - അമ്മ പലപ്പോഴും വാക്കുകൾ തെറ്റിക്കുമ്പോൾ  മലയാളം അധ്യാപകൻകൂടി ആയിരുന്ന അച്ഛൻ അത് തിരുത്തിക്കൊടുക്കാൻ നോക്കും.  ഈ വിഷയമാണ് ഇവിടെ ഒര്മ്മിക്കപ്പെട്ടത്‌.  ഒന്നാമത് ഞാൻ ഓണ്‍ലൈൻ വേർഷൻ ആണ് വായിക്കുന്നത്.  അതിൽ തെറ്റുകൾ ഉണ്ട്.   രണ്ട്, ക്ഷീണിച്ചു ഉറക്കം വരാൻ നേരത്ത് ഏകാഗ്രതയും കുറഞ്ഞു.  ഇങ്ങനെയൊക്കെ പറഞ്ഞാൽ, ബുദ്ധിജീവികൾ പറഞ്ഞു എന്ന് വരും -  Bad workman quarrels with the tools, വല്ലഭനു പുല്ലും ആയുധം എന്നൊക്കെ.

സാരമില്ല, തെറ്റ് തിരുത്തി മുന്നോട്ടു പോകണം.  അങ്ങനെ ഈ മഹിളാമണിയുടെ മുമ്പിൽ തോല്ക്കരുതല്ലോ.

രാമ രാമ.......

2014 ജൂലൈ 7, തിങ്കളാഴ്‌ച

പ്ലംബർ


Blog Post No: 245 -

പ്ലംബർ

(അനുഭവം)


ഒരു സുന്ദരസായാന്ഹം.

പുറത്ത് പോയി  തിരിച്ചു വരുമ്പോൾ, ഒരു സുഹൃത്ത് പറഞ്ഞു –


ബാത്ത്റൂമിൽ ഷവർ വര്ക്ക് ചെയ്യുന്നില്ല.  പ്ലമ്മറെ വിളിക്കണം. 

''പ്ലംബർ''?

അതെ.  പ്ലംബർ എന്ന് പറയില്ല.  ‘’ബി’’ സൈലെന്റ്റ് ആണ്. 

ഞാൻ മനസ്സില് പറഞ്ഞു - താങ്കളുടെ മറ്റു പല pronunciations-ഉം എന്നപോലെ ഇതിനോടും ഞാൻ യോജിക്കുന്നില്ല സുഹൃത്തെ.  ഞങ്ങൾ സ്റ്റെനോഗ്രാഫെര്സ് ശബ്ദത്തിനു അനുസരിച്ച് ഷോര്ട്ട്-ഹാൻഡ്‌ എഴുതുന്നു.  പ്ൾ, ഇമ്പ് doubled പ്ലംബർ എന്ന് എഴുതുന്നത് ''plumber''  ആയതുകൊണ്ടാണ്.  എന്നാൽ, മനസ്സിലാക്കുന്നു - യു. കെ. ഇംഗ്ലീഷ്, യു. എസ്‌. ഇംഗ്ലീഷ്, ഓൾഡ്‌ സ്കൂൾ, ന്യൂ സ്കൂൾ ഒക്കെ ഇവിടെ കണക്കാക്കപ്പെടുന്നു.  

2014 മേയ് 14, ബുധനാഴ്‌ച

''പ്രിയേ, നീ എന്റെ പ്രിയ ആകുന്നു.''

Blog Post No; 214 - 

''പ്രിയേ, നീ എന്റെ പ്രിയ ആകുന്നു.''

(അനുഭവം)


(From PRIYA)

ഇത് ശ്രീ മധുവിന്റെ ഒരു ഡയലോഗ്.

കട്ടച്ചിറ വിനോദ് എന്ന മുഖപുസ്തക സുഹൃത്ത് ചോദ്യം ഇടുന്നു:

ഹിന്ദി ഗായകൻ മഹേന്ദ്ര കപൂര് പാടിയ മലയാളം പാട്ട് ഏതു ചിത്രത്തിലേതാണ്?

കണ്ടതും ഞാൻ ഉത്തരമിട്ടു:  പ്രിയ.  ഗാനം - ബോംബെ, ബോംബെ.....

എങ്ങനെ മറക്കുംവര്ഷങ്ങള്ക്ക് മുമ്പ് കണ്ടതെങ്കിലും മനസ്സില് മായാതെ കിടക്കുന്ന ചിത്രം.  മറക്കാത്ത കഥ (സി. രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവൽ).  സംവിധായകനും നടനും മധു.  ലില്ലി ചക്രവര്ത്തി എന്ന ബെന്ഗാളി നടി നായിക. തുളസി എന്ന അമ്പലവാസി യുവതി സാഹചര്യങ്ങൾക്ക് അടിമപ്പെട്ടു ബോംബെയിലെത്തി പ്രിയ ആയി മാറുന്നു. അടൂർ ഭാസിക്ക് വ്യത്യസ്തമായ സഹനടന്റെ റോൾ.  ബഹദൂർ പഞ്ചാബി സ്ത്രീയെ കല്യാണം കഴിച്ച കുട്ടൻ സിംഗ്! ശങ്കരാടി ബാനെർജി. 

സുഹൃത്തെ, ഓർമ്മകൾ....

നന്ദി.

2014 മാർച്ച് 20, വ്യാഴാഴ്‌ച

അപകീര്‍ത്തി

Blog Post No: 184 -


അപകീര്‍ത്തി

(അനുഭവം)


''തീ ഇല്ലാതെ പുക ഉണ്ടാകുമോ?'' പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്.  ഏറെക്കുറെ ശരിയായിരിക്കാം.  എന്നാൽ, മനസ്സാ, വാചാ അറിയാത്ത ചില കാര്യങ്ങൾ ചിലരിൽ ചുമത്തി ചിലർ സായൂജ്യമടയുന്നത്  കാണാം.  അവർക്ക് അവരുടെതായ വ്യാഖ്യാനങ്ങളും  ഉണ്ടാകും!    

വളരെക്കാലമായി ഒരു മറുനാടന്‍ മലയാളിയായ ഞാന്‍ അനുഭവങ്ങളില്‍നിന്നു - മലയാളികളുമായ ഇടപഴകലില്‍ നിന്ന് അറിയുന്നു,  നമ്മുടെ ആളുകളെക്കൂടി (മലയാളികളെ) സൂക്ഷിക്കണം.  എപ്പോഴാണ്, എവിടെനിന്നാണ് പാര വരിക എന്ന് പറയുകവയ്യ. 

പലപ്പോഴായി എഴുതിയ ഇരുനൂറിലധികം  കത്തുകള്‍, കൊച്ചു ലേഖനങ്ങള്‍ ബഹറിനില്‍ നിന്ന് ഇറങ്ങുന്ന ആദ്യത്തെ ഇംഗ്ലീഷ് പത്രം, 'ഗള്‍ഫ്‌ ഡെയിലി ന്യൂസ്‌' എന്റേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരുവിധം എല്ലാ രചനകള്‍ക്കും നല്ല അഭിപ്രായങ്ങള്‍ വായനക്കാരില്‍ നിന്നും കിട്ടി.  അപ്പോള്‍ അതാമലയാളിയായ ഒരു സുഹൃത്ത്‌ എന്റെ ഒരു എഴുത്തിനെ വികലമായി വ്യാഖ്യാനിച്ചു കമന്റ്സ് ഇട്ടിരിക്കുന്നു.  ജന്മനാല്‍ ''തൊലിക്കട്ടി'' അല്പം കുറവായ  എനിക്ക് അത് വായിച്ചപ്പോൾ വിഷമമായി.    പൊതുജനം പലവിധം തന്നെ. അഭിപ്രായം ആകാം, അഭിപ്രായ വ്യത്യാസം ആകാം, ക്രിയാത്മകമായ വിമര്ശനം ആകാം - എന്നാൽ ഇതൊന്നും അല്ല എങ്കിലോ? അതും, എഴുതുന്നതിൽ ഒരു സാമാന്യമര്യാദപോലും പാലിക്കാതെ.    ഇതിനു ഒരു മറുപടി എങ്ങനെ കൊടുക്കണം എന്നാലോചിച്ചുകൊണ്ടിരിക്കേ, രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അഭിപ്രായത്തിനു ഒരു എതിര്‍ അഭിപ്രായം ഒരാള്‍ ഇട്ടു. പേരുകൊണ്ട് ശ്രീലങ്കക്കാരി എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ, ഡോക്റ്ററുടെ വാക്കുകള്‍ വളച്ചൊടിച്ചു അഭിപ്രായം ഇട്ടത് ശരിയായില്ല എന്നും, അത് ഗള്‍ഫ്‌ ഡെയിലി ന്യൂസ്‌ തന്നെ പ്രസിദ്ധീകരിച്ചത് ശരിയായില്ല എന്നും, ഈ കോളം വഴി ഡോക്റ്ററെ തന്നെപോലുള്ള വായനക്കാര്‍ക്ക് നന്നായി അറിയാം എന്നും അവര്‍ എഴുതി.  മാത്രമല്ല, ഡോക്റ്ററുടെ ഒരു ലേഖനം തന്റെ ജീവിതത്തില്‍ തന്നെ ഒരു വഴിത്തിരിവ് ആയിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എനിക്കവരെ അറിയില്ല(എനിക്ക് വല്ലാത്ത സന്തോഷം തോന്നി.  അപ്പോൾനമ്മുടെ ആൾക്കാർ അല്ലാത്തവർ പോലും എന്നെ, എന്റെ എഴുത്തിനെ മനസ്സിലാക്കുന്നു എന്ന സന്തോഷം തന്നെ.)  ഈ വായനക്കാരി പറഞ്ഞ ലേഖനം, പില്‍ക്കാലത്ത് രണ്ടുപ്രാവശ്യം മിനിസ്ട്രി ഓഫ് ഹെല്‍ത്തിന്റെ (ഗവര്‍മെന്റ് ഓഫ് ഇന്ത്യ) ഒഫീഷ്യല്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. അത്   രണ്ടു പ്രാവശ്യവും എനിക്ക് honorarium നേടിത്തത്തരികയും ചെയ്തു!   

ഞാന്‍ പറഞ്ഞുവന്നത്, എന്നെ അപകീര്‍ത്തിപ്പെടുത്താന്‍  എന്റെ എഴുത്തിനെ ദുര്‍വ്യാഖ്യാനം ചെയ്ത ആ മലയാളി സുഹൃത്തിന്റെ അതിബുദ്ധിയെക്കുറിച്ചാണ്.  ഞാൻ ചിന്തിച്ചിട്ടുണ്ട് - എന്തുകൊണ്ടാണ് നമ്മുടെ സുഹൃത്തുക്കൾ ഇങ്ങനെ പെരുമാറുന്നത്.  അതുകൊണ്ട് എന്താ  അവര്ക്കുള്ള നേട്ടം

മുകളിൽ എഴുതിയത് അല്പം പഴയ കാര്യം.  പിന്നീട് ഇ-മെയിലും ഫേസ്ബുക്കും ഒക്കെ പ്രചാരത്തിൽ ആയപ്പോൾ മനസ്സിലായി (അനുഭവം കുറവെങ്കിലും) ഇവരുടെ കാലവും വന്നിരിക്കുന്നു. ഇവർ പലപ്പോഴും വേണ്ടിവന്നാൽ ഫെയ്ക്ക് ഐഡികളിൽ യഥേഷ്ടം വിലസുന്നു....     

2014 ഫെബ്രുവരി 16, ഞായറാഴ്‌ച

ദേവി


Blog-post No: 169 -

ദേവി
(അനുഭവകഥ)


ജീവിതത്തിൽ ദു:ഖകരവും സന്തോഷകരവുമായ അനുഭവങ്ങൾ കുറെ ഉണ്ടായിട്ടുണ്ട്.  അഞ്ച് പതിറ്റാണ്ടുകളോടടുക്കുന്നു ആ ദു:ഖാനുഭവം ഉണ്ടായിട്ട്.  ഇന്നും പലപ്പോഴായി എന്റെ മനസ്സിലേക്ക് ആ കൊച്ചു നക്ഷത്രം (അകാലത്തിൽ പൊലിഞ്ഞുപോയ എന്റെ അനിയത്തി) കടന്നു വരുന്നു.

ഒരു ഏട്ടനും അനിയത്തിയും ചെറുപ്പത്തിൽ എങ്ങനെ സ്നേഹിക്കും - ഒരുപക്ഷെ അതിലധികം ഞങ്ങൾ അന്യോന്യം സ്നേഹിച്ചു - നിഷ്ക്കളങ്കമായ സ്നേഹം.  ദേവി (ദേവകിക്കുട്ടി എന്ന ഞങ്ങളുടെ മുത്തശ്ശിയുടെ പേര്) - എന്റെ കൊച്ചു പെങ്ങൾ - അവൾ എന്റെ എല്ലാമായിരുന്നു.

അഞ്ചാറു വയസ്സിനു താഴെ ഉള്ള അവളെ ഞാൻ എടുത്തുകൊണ്ടു നടന്നു.  അറിയാവുന്ന കഥകളൊക്കെ പറഞ്ഞു കേൾപ്പിച്ചു.  അവൾക്കു സന്തോഷമുണ്ടാക്കുന്നതെല്ലാം ഞാൻ ചെയ്തു.  കോമാളിത്തരങ്ങൾ കാട്ടി.  നീല ഉടുപ്പിട്ട, തടിച്ച കവിളുകളുള്ള, പ്രകാശിക്കുന്ന കണ്ണുകളുള്ള ഒരു കൊച്ചു സുന്ദരിയായിരുന്നു അവൾ. 

അമ്മ, മേമ (ചെറിയമ്മ) മുതലായവർ  പ്പോഴും ഒര്മ്മപ്പെടുത്തും - പിള്ളരേ, കുട്ടികളെ സൂക്ഷിച്ചോൾ.  മുതിർന്ന കുട്ടികളുടെ ചുമതലയാണ് താഴെ ഉള്ളവരെ നോക്കുക എന്നത്.  അതെ, തറവാട്ടിന് മുമ്പിലൂടെ പുറത്ത് പോയാൽ ബസ്സും കാറുമൊക്കെ ഓടുന്ന പാത - പിറകുവശത്താണെങ്കിൽ കുളം.  രണ്ടും അപകടം പിടിച്ചവ. എന്ത് ചെയ്യുകയാണെങ്കിലും -  പഠിക്കുകയാണെങ്കിൽക്കൂടി  എന്റെ കുഞ്ഞുപെങ്ങൾ അരികിലുണ്ടാകും.

അവളെ ഒരു രോഗം ബാധിച്ചു.  അച്ഛൻ ആവുന്നതെല്ലാം ചെയ്തു.  ആയുര്വേദ വൈദ്യനെക്കാണിച്ചു മരുന്നുകൾ കൊടുത്തു.  മുഖവും കാലുകളുമൊക്കെ നീരുകെട്ടും.  കുറേക്കഴിഞ്ഞാൽ പോകും, വീണ്ടും വരും. 

ഒരിക്കൽ, ആറാം ക്ലാസ്സിലേക്ക് കടന്ന ഞാൻ ഹോംവര്ക്ക്   ചെയ്തുകൊണ്ടിരിക്കുമ്പോൾ, ദേവിയുടെ കണ്ണുകൾ മറിഞ്ഞു മറിഞ്ഞു പോകുമ്പോലെ.... വിളിച്ചിട്ട് കേള്ക്കുന്നില്ല.  ഞാൻ നിലവിളിച്ചുകൊണ്ട് അമ്മയെയും മറ്റും അറിയിച്ചു.  അവളെ ഉമ്മറത്തെ തിട്ടില്നിന്നു അകത്തെ കോലായിൽ കൊണ്ടുപോയി കിടത്തി.  ബോധം വരുന്നതും കാത്തു ഞാൻ ഇരുന്നപ്പോൾ, ചുണ്ടുകൾ  ഒന്നുരണ്ടു  തവണ വിറപ്പിച്ചു.  പിന്നെ അതുണ്ടായില്ല. 

വേലായുധ വലിയച്ഛൻ സശ്രദ്ധം അവളെ വീക്ഷിച്ചു. എന്നിട്ട് അമ്മയോട് പറഞ്ഞു: നിനക്ക് ഭാഗ്യമില്ല. അവൾ പോയി!

ഞാൻ വാവിട്ടു നിലവിളിച്ചു.  ഞാനും വരും നെന്റെ കൂടെ... അങ്ങനെ എന്തൊക്കെയോ പുലമ്പി. 

ഈ സംഭവം അമ്മയെയും, പ്രത്യേകിച്ച് അച്ഛനെയും വല്ലാതെ ബാധിച്ചു.  കാലം മുന്നോട്ടുപോയി. പതുക്കെ പതുക്കെ എല്ലാവരും സ്വയം ആശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവരെയും ആശ്വസിപ്പിച്ചു.  ദേവിക്ക് താഴെ ഒരനിയത്തി.  പിന്നീട് അവൾക്കു താഴെ വേറൊരനിയത്തി.  വീണ്ടും കാലം കടന്നു പോയി.  ഞാൻ വിവാഹിതനായി.  എനിക്ക് രണ്ടു പെണ്മക്കൾ.  ഇന്ന് അവരും കുടുംബിനികളായി.

എങ്കിലും ആ കൊച്ചുനക്ഷത്രം - എന്റെ ദേവി ഈ വയസ്സിലും എന്റെ  ഓർമ്മകളിൽ... ചിന്തകളിൽ……. വല്ലപ്പോഴും സ്വപ്നങ്ങളിൽ നിറഞ്ഞുനില്ക്കുന്നു.   എന്റെ ബാലമനസ്സിന് ഏറ്റ മുറിവ് ഇക്കാലമത്രയും ഉണങ്ങാതെ, വല്ലപ്പോഴും വേദനിപ്പിച്ചുകൊണ്ടിരിക്കും. ഇന്നും ഒരു കൊച്ചുകുട്ടിയുടെ മനസ്സുള്ള എന്റെ കണ്ണുകൾ ഈറനണിയും.  അതെ, സ്നേഹത്തിനു മരണമില്ല, ഈ സ്നേഹം എന്റെ മരണംവരെയും എന്നോടൊപ്പമുണ്ടാകും.   

***


കുറിപ്പ്:  സുഹൃത്തേ, അഭിപ്രായം എഴുതുന്നതോടൊപ്പം താങ്കളുടെ ബ്ലോഗ്‌ അപ്ഡേറ്റ് തരിക.  പല കാരണങ്ങൾകൊണ്ടും വായിക്കാൻ വിട്ടുപോയി എങ്കിൽ ശ്രദ്ധിക്കാനാണ്.  നന്ദി.