നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 സെപ്റ്റംബർ 17, ശനിയാഴ്‌ച

ആശുപത്രി

Blog post no: 449 -

ആശുപത്രി 

അസ്പതാൽ എന്ന് ദൂരെനിന്നു കണ്ടപ്പോൾ ഒന്ന് അടുത്തുചെന്നു നോക്കിക്കളയാം എന്ന് തോന്നി.  

അത് മുഴുവനായി ഞാൻ വായിച്ചു -

ബീമാർ താലോം കെ അസ്പതാൽ!  അതായത് അസുഖമുള്ള പൂട്ടുകൾക്കുള്ള ആശുപത്രി. 

മനസ്സിലായോ?  പൂട്ടും താക്കോലും റിപ്പർ ചെയ്തു, അത് വേണമെങ്കിൽ പുതുതായി ഉണ്ടാക്കിക്കൊടുക്കുന്ന 
സ്ഥലം.  

ഒന്നുകൂടി വ്യക്തമാക്കിയാൽ - കീ മേക്കർ, പൂട്ടും താക്കോലും കിട്ടുന്ന സ്ഥലം. 

തല കറങ്ങുന്നുണ്ടോ?  വന്നോളൂ, മരുന്നുതരാം.   

2016 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

അല്പം മസാലദോശ വിശേഷങ്ങൾ


Blog post no: 448 -

അല്പം മസാലദോശ വിശേഷങ്ങൾ
(നർമ്മം)

മസാലദോശ - ജീവിതത്തിലെ പല സന്ദര്ഭങ്ങളിലും എനിക്ക് മറക്കാനാവാത്ത ചില അനുഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ചിലത് ഇതാ -
എന്റെ ഒരു ഏട്ടൻ കാർന്നോർ ബോംബെയിൽ ആദ്യമായി എത്തിയപ്പോൾ, ആഹരിക്കുന്നതിനായി ഒരു ഉഡുപ്പി ഹോട്ടലിൽ കയറി. ''2 മസാലദോശ'' - ഓർഡർ പാസ്സാക്കി. രണ്ടാമത്തെ ആൾ ആര് എന്ന് പാവം വെയ്റ്റർ നോക്കുന്നത് മനസ്സിലാക്കി, ''ദൂസരാ ആദ്മി നഹി. ദോനോം മേരെക്കോഹീ ഹേ'' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മാതൃ കയായി. 

ഇത് അങ്ങോർതന്നെ മറ്റുള്ളവരോട് പറയാൻ മടികാണിച്ചില്ല എന്ന വാസ്തവം ആണ് ഇത് എഴുതാൻ കാരണം എന്ന് പറയേണ്ടതില്ലല്ലോ.

***

ഇദ്ദേഹംതന്നെ പണ്ട് ഞാനുമായി മലമ്പുഴ ഡാമിലെ ഒരു ഹോട്ടലിൽ കയറിയപ്പോൾ, ''ചട്ട്ണി കൊണ്ടുവരൂ'' എന്ന് വൈറ്ററോട് പറഞ്ഞു. മസാലദോശ ഓർഡർ ചെയ്തു കഴിഞ്ഞു.
വൈറ്ററുടെ ആത്മാഭിമാനം ആളിക്കത്തി. ''ഏതാ ഐറ്റം വേണ്ടതെന്നു പറഞ്ഞാൽ മതി. ചട്ട്ണിയും സാമ്പാറുമൊക്കെ അതിനോടൊപ്പം വരും.'' പാവം, നമ്മുടെ കഥാനായകൻ വിചാരിച്ചു, മസാലദോശ വരുന്നതിനുമുമ്പ് ചട്ട്ണി വരട്ടെ. അതും നുണഞ്ഞുകൊണ്ടു ഇരിക്കാമല്ലോ എന്ന്.
***

ഞാൻ ബഹറിനിൽ ഉണ്ടായിരുന്നപ്പോൾ, ഗൾഫ് ഡെയിലി ന്യൂസിൽ ഒരു ദേഹം എഴുതിയത് ഓർക്കുന്നു - പുള്ളിക്കാരൻ ഹോട്ടലിൽ കയറി ആറു മസാലദോശകൾ ഒന്നിച്ചു ഓർഡർ ചെയ്യുമത്രേ! (വയറ്റിൽ കോഴിക്കുട്ടികൾ ഉണ്ടോ എന്തോ)! ഒരിക്കൽ അത് ദർശിച്ച ഒരു സർദാർജി ചിരി പാസ്സാക്കിയപ്പോൾ, എഴുന്നേറ്റു ഒന്ന് പൊട്ടിച്ചാലോ എന്ന് നമ്മുടെ എഴുത്തുകാരന് തോന്നിയത്രേ. ഇങ്ങനെ അവഹേളിക്കുകയോ - അല്ലാ പിന്നെ.

***
പഴയ ഒരു ഹിന്ദി സിനിമാനടൻ (വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ആൾ) മൊട്ടത്തലയൻ ഷെട്ടി ഉണ്ടായിരുന്നു. അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയിൽ അദ്ദേഹം താഴ്മയായി മൊഴിഞ്ഞു:
''ഞാൻ താരമൊന്നുമല്ലന്നേ, മസാലദോശക്കു പേരുകേട്ട ഒരു സാധാരണ ഉടുപ്പിക്കാരൻ.''
***

വെളിയിൽ കറങ്ങിനടന്ന ഒരവസരത്തിൽ എന്റെ വാമഭാഗം പറഞ്ഞു - മസാലദോശ തിന്നിട്ടു കുറേ ആയി. ആയിക്കളയാം - ഞാൻ പറഞ്ഞു. കാര്യം സാധിക്കുകയും ചെയ്തു.
പിന്നീടൊരിക്കൽ, വീട്ടിൽ ഉണ്ടാക്കി. വീട്ടുകാരി പറഞ്ഞു - ഈ സാധനത്തിനല്ലേ നമ്മൾ അന്ന് ...... രൂപ കൊടുത്തത്? വയറു മാനംപോലെ കത്ത്ണൂ. എന്നുപറഞ്ഞാൽ, മനസ്സ് വല്ലാതെ വേദനിക്കുന്നു എന്ന് പാലക്കാടൻ ഭാഷ്യം! ഞാൻ മനസ്സിൽ പറഞ്ഞു - എന്റെ ഭാര്യേ, ഞാൻ അങ്ങനെ പണ്ട് ഹോട്ടലിൽ കൊടുത്ത പൈസയും, സിനിമ കണ്ട പൈസയുമൊക്കെ ഉണ്ടെങ്കിൽ ഇന്നൊരു മണിമാളിക കെ ട്ടാമായിരുന്നു. പക്ഷെ, പറഞ്ഞില്ല. ബോധം പോയാലോ.
***

എന്റെ ഒരു സുഹൃത്ത്, എന്താ കഴിക്കുക എന്ന് ചോദിച്ചപ്പോൾ, പറഞ്ഞു:
മദാലസ ആയിക്കളയാം.
മദാലസയോ?
അതേടോ, ആ വാക്കിനു എന്തൊരു ചന്തം. മസാലദോശ, മസാലദോശ - മനസ്സിലായോ?
***

ഒന്നുരണ്ടു ഫിലിപ്പിനോ സുഹൃത്തുക്കൾക്ക് ഞാൻ മസാലദോശ വാങ്ങിച്ചുകൊടുത്ത് കൃതകൃത്യനായി - അറിയട്ടെ അവർ ഈ സൗത്ത് ഇന്ത്യൻ ഡിഷിന്റെ മഹത്വം. അതിലൊരാൾ പിന്നീട് ഒരു സുഹൃത്തിനോട് പറയുന്ന കേട്ടു - ഞാൻ പുള്ളിക്കാരന് പൊട്ടറ്റോ കറി നിറച്ച കുബൂസ് വാങ്ങിച്ചുകൊടുത്തത്രെ!

2016 ജൂലൈ 25, തിങ്കളാഴ്‌ച

മൊഹബത് സുലൈമാനി


Blog post no: 443 -


മൊഹബത് സുലൈമാനി 




ആവശ്യമുള്ളവ:

സാഹചര്യവെള്ളം, വിശ്വാസചായ, പ്രണയമധുരം.


ഉണ്ടാക്കുന്ന വിധം:

വളരെ എളുപ്പം; അല്പം ശ്രദ്ധിക്കണമെന്നുമാത്രം.
സാഹചര്യവെള്ളം തിളച്ചാൽ, ഒരല്പം വിശ്വാസചായ ഇടുക.  അത് ഒരു ഗ്ളാസ്സിലേക്കു പകരുക.
പിന്നീട്, ഒരു ഒന്ന് - ഒന്നര ടീസ്പൂൺ പ്രണയമധുരം ചേർത്ത് ഇളക്കുക.
ഒന്നാംതരം മൊഹബത് സുലൈമാനി റെഡി.

(പ്രചോദനം : Oru Suhruthu )

2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

ഒരൽപം നർമ്മചിന്ത




Blog No: 291

ഒരൽപം നർമ്മചിന്ത

അരി


അരി ആഹാരം ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാകുമോഉണ്ടാകാം, ചുരുക്കം ചിലർ.  പ്രമേഹരോഗികളോട് അരി ആഹാരം കുറക്കാൻ പറഞ്ഞാൽ അവർ അത് അനുസരിക്കുന്നത് കണ്ടുതന്നെ അറിയണം!  അപ്പോൾ, അരിയും മലയാളിയും തമ്മിലുള്ള ബന്ധം ഇങ്ങനെയൊക്കെ  ആണ്.

അത് അവിടെ കിടക്കട്ടെ.  നമ്മുടെ മലയാള ഭാഷ പര്യായപദങ്ങൾകൊണ്ടും നാനാർത്ഥങ്ങൾകൊണ്ടും സമ്പന്നമാണല്ലോ.  അരി എന്ന് പറഞ്ഞാൽ ശത്രു എന്നൊരർത്ഥം ഉണ്ട്.  അപ്പോൾചോറ് മുതലായ ആഹാരം എവിടെശത്രു എവിടെഅരി (ചോറ്) കിട്ടിയില്ല എങ്കിൽ ശത്രുത കാണിച്ചു എന്ന് വരും!

ഏതായാലും, ഞാൻ അരിയുടെ (ചോറിന്റെ) അരി (ശത്രു)   ആകില്ല.   നിങ്ങൾ? നിങ്ങൾ നിങ്ങളുടെ കാര്യം നോക്കെന്നേ.  അല്ലാ പിന്നെ. ഹാ ഹാ


***

അന്നനട

നടന്നു വരുന്ന യുവതിയോട് അല്പ്പം ദൂരെ നിന്ന്:

സ്ഥലം എവിട്യാന്നാ പറഞ്ഞെ?

യുവതി സ്ഥലപ്പേരു പറയുന്നു.

(ചിരിച്ചുകൊണ്ട്) ''അത് നടത്തം കണ്ടപ്പോൾ  മനസ്സിലായി. ഞാൻ ചോദിച്ചത് സ്ഥലപ്പേര് ?''

അപ്പോഴേക്കും യുവതി കുറച്ചു അടുത്തെത്തി. 

(ഉറക്കെ)''അന്നമനട''
അത് ശരി.  (ചിരി)

ആദ്യം എന്താ കേട്ടത് ?

''അ ന്ന ന ട''

2014 മേയ് 12, തിങ്കളാഴ്‌ച

നിർഭാഗ്യവശാൽ ഞാനൊരു സ്ത്രീ അല്ല!


Blog Post No; 212 -

നിർഭാഗ്യവശാൽ ഞാനൊരു സ്ത്രീ അല്ല!

(നർമ്മാനുഭവം)





ഇത് എന്റെ അനുഭവമല്ല, എന്റെ അച്ഛന്റെ.  അച്ഛൻ മരിച്ചിട്ട് ഇരുപതു വർഷങ്ങൾ പിന്നിട്ടു.  എന്നാൽ, സാന്ദർഭികമായി എന്നും അച്ഛന്റെയും, അച്ഛനുമായി ബന്ധപ്പെട്ടതുമായ  കാര്യങ്ങളും ഓർമ്മ വരുന്നു.

അധ്യാപകനാകുന്നതിനു മുമ്പ്, ബ്രിട്ടീഷ് ഇന്ത്യയിലെ എയർഫോർസിൽ ആയിരുന്നു.  അച്ഛൻ പറഞ്ഞിരുന്ന, ട്രെയിനിംഗ് സമയത്തുണ്ടായ രസകരമായ അനുഭവങ്ങളിലൊന്നു ഇതാ: 

ട്രെയിനിംഗ് നടക്കുന്നതിനിടയിൽ തലയിലെ തൊപ്പി താഴെ വീണു.  വെള്ളക്കാരൻ ട്രെയിനർക്ക്  അത് ഇഷ്ടപ്പെട്ടില്ല.  

“How did it happen?’’

‘’I don’t know, Sir.’’

‘’What? From which place are you?’’

‘’Far South.’’

‘’Faar South?  No name for that place?’’

‘’Yes, Malabar.’’


'', മലബാർ.  ഞാൻ കണ്ടിട്ടുണ്ടല്ലോ, മലബാറിൽ സ്ത്രീകൾ അവരുടെ തലയിൽ വെള്ളം നിറച്ച കുടങ്ങൾ ഒന്നൊന്നായി മേലേക്ക്  മേലെ വെച്ച് ഒരു പ്രശ്നവുമില്ലാതെ കൊണ്ടുപോകുന്നത്.'' 

കുസൃതിക്കാരനായ അച്ഛൻ മൊഴിഞ്ഞു:

‘’But, unfortunately, I am not a lady, Sir.’’


അതുകേട്ടു എല്ലാവരും ചിരിച്ചു.  ട്രെയിനർക്ക് ദേഷ്യം  വന്നു. പണിഷ്മെന്റ് ആയി അവിടെ നിന്ന് ഒരു നിശ്ചിത ദൂരത്തേക്കു ഓടാൻ കൽപ്പിച്ചു.

കേൾക്കാതെ നിവർത്തിയില്ലല്ലോ.  ഓടി.  തിരിച്ചു അവിടെനിന്നു സാവധാനത്തിൽ നടന്നു.  വേഗത്തിൽ ഓടാൻ ട്രെയിനർ ആംഗ്യം കാട്ടുന്നുണ്ട്.  വീണ്ടും കുസൃതി.  അത് കണ്ടില്ല എന്ന് നടിച്ചു.  അടുത്ത് എത്താറായപ്പോൾ ഓടി.  ചോദിച്ചപ്പോൾ, അടുത്ത് എത്തിയപ്പോൾ മാത്രമാണ് കണ്ടത്, മനസ്സിലായത് എന്ന മറുപടിയും കൊടുത്തു.

''ട്രെയിനെർ വിചാരിച്ചുകാണും - ഇവൻ നന്നാവില്ല'' എന്നാണു അന്നത്തെ കുസൃതിവീരൻ പറഞ്ഞത്! 

2014 ഏപ്രിൽ 29, ചൊവ്വാഴ്ച

ഇങ്ങനീണ്ടോ ഒരു കുടി?........


Blog Post No: 205 -


ഇങ്ങനീണ്ടോ ഒരു കുടി?........

(ഒരു കൊച്ചു നർമ്മം)





''നിങ്ങടെ ഈ കുടി ഞാൻ നിർത്തിത്തരും.''

''ഉവ്വുവ്വ്, നെന്നെക്കൊണ്ട് അതിനാവില്ലാ.''

''ആവുമോ ഇല്ല്യോന്നു ഞാൻ കാണിച്ചു തരാം.''

മരുമകളുടെയും മകന്റെയും സംഭാഷണം അല്പം ഉറക്കെയായതിനാൽ അമ്മ അത് കേട്ട്,  എന്തോ പന്തികേട്‌ തോന്നിയതിനാൽ, മരുമകളോട് ചോദിച്ചു.  അപ്പോൾ, മരുമകൾ:

''ഭയങ്കര കുടി.'' ഹാസ്യമോ, പരിഹാസമോ - അമ്മക്ക് മനസ്സിലായില്ല.

''ആര്?''

''ഇനി ഇവടെ വേറൊരാൾ ഉണ്ടോഅമ്മയുടെ മകൻ തന്നെ.''

''എന്താ മോളെ ഈ പറേണേഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ.''

അമ്മ പരിഭ്രമിച്ചു.

''ഉണ്ണുമ്പോൾ വേണം, രാത്രി വേണം, പിന്നെ ഇടയ്ക്കു സാധിക്കുമ്പോൾ ഒക്കെ മോന്തണം.''

''ശിവ ശിവ; വെറുതെ നീ എന്റെ മോനെപ്പറ്റി ഇല്ലാവചനം പറേരുത്ട്ടോ.''

''ഉള്ള കാര്യംതന്ന്യാ പറേണ്.  അത് അമ്മ്യേം കാണുന്നുണ്ടല്ലോ. അതോ, വെള്ളം ചേർക്കാതെ അല്ലേ അടി?''

''ങേ, ഞാൻ കാണുന്നുണ്ട്ന്നോ?''

''അതെ, ഒരു ലിറ്ററിന്റെ മോര് വാങ്ങിക്കൊണ്ടു വന്നാൽ രണ്ടു ദിവസേത്തെക്ക് ഇല്ല. ഒക്കെ അമ്മേടെ മോന്തന്ന്യാ മോന്തുന്നത്.  ഇങ്ങനീണ്ടോ ഒരു കുടി''

2014 മാർച്ച് 11, ചൊവ്വാഴ്ച

ഒരു കൊതുകുക്കൂട്ടം



Blog No: 180 -
ഒരു കൊതുകുക്കൂട്ടം

( നര്‍മ്മം -  ഒരു വേളൂർ സ്റ്റയ്ൽ )

ഇത് നർമ്മമാണോ? ഞാൻ എന്നോടുതന്നെ ചോദിക്കട്ടെ.  ഏതായാലും വർമ്മത്തിൽ തട്ടിയതുകൊണ്ട് എഴുതുകയാണേ.

നിക്കട്ടെ, നിക്കട്ടെ, ഒരു കൊതുകുക്കൂട്ടം എന്ന് ഞാൻ എഴുതിയപ്പോൾ കൊതുകുകളുടെ ഒരു കൂട്ടം (സംഘം) എന്ന് മനസ്സിലാക്കി അല്ലെഅതിൽ തെറ്റില്ല.  എന്നാൽ, ഞാനൊരു ശുദ്ധ ഗ്രാമീണൻ ആണേ.  എന്റെ ഗ്രാമ്യഭാഷയിൽ കൂട്ടം എന്നുവെച്ചാൽ, സംസാരം.  (തമിഴിലെ സംസാരം അല്ല കേട്ടോ.)  അഥവാ, കൊതുകിനെക്കുറിച്ചുള്ള ഒരു സംസാരം.  അത്രയേ ഉള്ളൂ. 

കിടക്കാൻ നേരത്ത് അതാ ഒന്ന് രണ്ടു കൊതുകുവീരന്മാർ (അതോ വീര വനിതകളോ, അതോ രണ്ടുമോ? - ആ - ആർക്കറിയാം)  ശല്യം ചെയ്യുന്നു.  വാമഭാഗം ഉത്തരവിട്ടു - അവയെ കൊന്നിട്ട്  കിടന്നാൽ മതി.  അയ്യോ, കൊതുകിന്റെയും ജീവൻ ''മുകളിലുള്ള ആൾ'' കൊടുത്തതല്ലേ.  അവയോടു നമ്മുടെ ചോര കുടിച്ചു ജീവിച്ചോളാൻ പറഞ്ഞുവിട്ടതാണെങ്കിലോ?  ''എന്തെങ്കിലും പ്രാന്ത് പറയാതെ അവയെയൊക്കെ ഓടിക്കാൻ  നോക്കിന്ന്.'' മദാമ്മക്ക്‌ ദേഷ്യം പിടിക്കാൻ തുടങ്ങിയല്ലോ.

ഞാൻ യുദ്ധത്തിനു തയ്യാറായി.  മുണ്ട് മുറുക്കി ഉടുത്തു. സീലിങ്ങിൽ അതാ രണ്ടെണ്ണം ഇരിക്കുന്നു.  ഞാൻ ആയുധം (ഒരു പത്രം മടക്കി എടുത്തത്) കൊണ്ട് ''അടി'' ആരംഭിച്ചു.  അടിച്ചത് മെച്ചം.  ''വാമനൻ'' അല്ലെങ്കിലും ഉയരം ശരിക്കും പോരാത്തതിനാൽ കൊതുക് ഭടന്മാർ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി.

യുദ്ധം തുടർന്നു.  ഒന്ന് രണ്ടു പേരെ വക വരുത്തി.  ഇനി വയ്യ.  എ.സി ഇട്ടു.  കമ്പിളികൊണ്ട്‌ പുതച്ചു.  അതാ സംഗീതം പൊഴിച്ചുകൊണ്ട്‌ അവർ വരുന്നു.  പഴയ ഈണം.  ശങ്കർ ജയ്‌ കിഷ ന്റെ ആണോ അതോ ലക്സ്മീകാന്ത് പ്യാരെലാലിന്റെയോ. ഞാൻ പുതച്ചുമൂടി കിടന്നു. 

അല്ലാ, ഇന്നലെ മിനിഞ്ഞാന്ന് ടിവിയിൽ ഒരു അവതാരക പറയുന്നത് കേട്ടല്ലോ - മലയാളിക്ക് കിടന്നു എഴുന്നേൽക്കുന്ന നേരത്തും, ഉറങ്ങാൻ കിടക്കുമ്പോഴും പാട്ട് കേള്ക്കണം എന്ന്.  ശരിയാണല്ലോ. ഞാൻ മലയാളി അല്ലെമോശമാകാമോഎന്നാൽ ഒരു കൊതുകുപാട്ട് ആയിക്കളയാം. അങ്ങനെ ഒരെണ്ണം ഓർമ്മ വരുന്നില്ലല്ലോ. 

ഉവ്വ്. ഉവ്വ്.  ഒരു നാടൻ പാട്ട് ആയിക്കളയാം - കണ്യാർകളിയിലെ  ഒറ്റമാപ്പിള പാടുന്ന പാട്ട്:

തനി താനി താനി താനി
തനി താനി താനി താനി
തനി താനി താനി താനി
തനി താനിന്നേ...
ഉരുണ്ട തിണ്ണമേൽ പരന്ന പായിട്ടി-
ട്ടോൻ കിടന്നിട്ടുറങ്ങുമ്പോൾ
ഉണര്ത്തല്ലേ കൊതു
ഉണര്ത്തല്ലേ കൊതു
പുന്നാര കൊതുവല്ലേ....  

zzzzzzzzzzzzzzzzzzzzzzzzz  കൊതുകുകളുടെ സംഗീതവും, എന്റെ സംഗീതവും നിലച്ച്, ഉറക്കത്തിന്റെ സംഗീതം (കൂർക്കംവലി) അന്തരീക്ഷത്തിൽ അലയടിച്ചപ്പോൾ, അടുത്ത് കിടക്കുന്ന ആൾ എന്റെ തലയിൽ പിടിച്ചു ഒരു തള്ള് - നേരെ കിടക്കിൻ. 

ഒരു നിമിഷം കണ്ണുകൾ ശരിക്കും തുറന്നു, ഇതികര്ത്തവ്യാ''മൂഡ''നായി എങ്കിലും, വീണ്ടും കൊതുകുപാട്ട് പാടി:


കൂട്ടത്തോടെ പറക്ക്ണൂ  കൊതു
കൂട്ടത്തോടെ മൂള്ണൂ....


ഞാൻ നിദ്രാദേവിയുടെ മടിത്തട്ടിൽ മയങ്ങി. 

നോട്ട്:  ഇതിലെ   ''ഞാൻ'' ബ്ലോഗർ അല്ല കേട്ടോ.  കഥാ നായകൻ.  :)