2014, ഫെബ്രുവരി 16, ഞായറാഴ്‌ച

ദേവി


Blog-post No: 169 -

ദേവി
(അനുഭവകഥ)


ജീവിതത്തിൽ ദു:ഖകരവും സന്തോഷകരവുമായ അനുഭവങ്ങൾ കുറെ ഉണ്ടായിട്ടുണ്ട്.  അഞ്ച് പതിറ്റാണ്ടുകളോടടുക്കുന്നു ആ ദു:ഖാനുഭവം ഉണ്ടായിട്ട്.  ഇന്നും പലപ്പോഴായി എന്റെ മനസ്സിലേക്ക് ആ കൊച്ചു നക്ഷത്രം (അകാലത്തിൽ പൊലിഞ്ഞുപോയ എന്റെ അനിയത്തി) കടന്നു വരുന്നു.

ഒരു ഏട്ടനും അനിയത്തിയും ചെറുപ്പത്തിൽ എങ്ങനെ സ്നേഹിക്കും - ഒരുപക്ഷെ അതിലധികം ഞങ്ങൾ അന്യോന്യം സ്നേഹിച്ചു - നിഷ്ക്കളങ്കമായ സ്നേഹം.  ദേവി (ദേവകിക്കുട്ടി എന്ന ഞങ്ങളുടെ മുത്തശ്ശിയുടെ പേര്) - എന്റെ കൊച്ചു പെങ്ങൾ - അവൾ എന്റെ എല്ലാമായിരുന്നു.

അഞ്ചാറു വയസ്സിനു താഴെ ഉള്ള അവളെ ഞാൻ എടുത്തുകൊണ്ടു നടന്നു.  അറിയാവുന്ന കഥകളൊക്കെ പറഞ്ഞു കേൾപ്പിച്ചു.  അവൾക്കു സന്തോഷമുണ്ടാക്കുന്നതെല്ലാം ഞാൻ ചെയ്തു.  കോമാളിത്തരങ്ങൾ കാട്ടി.  നീല ഉടുപ്പിട്ട, തടിച്ച കവിളുകളുള്ള, പ്രകാശിക്കുന്ന കണ്ണുകളുള്ള ഒരു കൊച്ചു സുന്ദരിയായിരുന്നു അവൾ. 

അമ്മ, മേമ (ചെറിയമ്മ) മുതലായവർ  പ്പോഴും ഒര്മ്മപ്പെടുത്തും - പിള്ളരേ, കുട്ടികളെ സൂക്ഷിച്ചോൾ.  മുതിർന്ന കുട്ടികളുടെ ചുമതലയാണ് താഴെ ഉള്ളവരെ നോക്കുക എന്നത്.  അതെ, തറവാട്ടിന് മുമ്പിലൂടെ പുറത്ത് പോയാൽ ബസ്സും കാറുമൊക്കെ ഓടുന്ന പാത - പിറകുവശത്താണെങ്കിൽ കുളം.  രണ്ടും അപകടം പിടിച്ചവ. എന്ത് ചെയ്യുകയാണെങ്കിലും -  പഠിക്കുകയാണെങ്കിൽക്കൂടി  എന്റെ കുഞ്ഞുപെങ്ങൾ അരികിലുണ്ടാകും.

അവളെ ഒരു രോഗം ബാധിച്ചു.  അച്ഛൻ ആവുന്നതെല്ലാം ചെയ്തു.  ആയുര്വേദ വൈദ്യനെക്കാണിച്ചു മരുന്നുകൾ കൊടുത്തു.  മുഖവും കാലുകളുമൊക്കെ നീരുകെട്ടും.  കുറേക്കഴിഞ്ഞാൽ പോകും, വീണ്ടും വരും. 

ഒരിക്കൽ, ആറാം ക്ലാസ്സിലേക്ക് കടന്ന ഞാൻ ഹോംവര്ക്ക്   ചെയ്തുകൊണ്ടിരിക്കുമ്പോൾ, ദേവിയുടെ കണ്ണുകൾ മറിഞ്ഞു മറിഞ്ഞു പോകുമ്പോലെ.... വിളിച്ചിട്ട് കേള്ക്കുന്നില്ല.  ഞാൻ നിലവിളിച്ചുകൊണ്ട് അമ്മയെയും മറ്റും അറിയിച്ചു.  അവളെ ഉമ്മറത്തെ തിട്ടില്നിന്നു അകത്തെ കോലായിൽ കൊണ്ടുപോയി കിടത്തി.  ബോധം വരുന്നതും കാത്തു ഞാൻ ഇരുന്നപ്പോൾ, ചുണ്ടുകൾ  ഒന്നുരണ്ടു  തവണ വിറപ്പിച്ചു.  പിന്നെ അതുണ്ടായില്ല. 

വേലായുധ വലിയച്ഛൻ സശ്രദ്ധം അവളെ വീക്ഷിച്ചു. എന്നിട്ട് അമ്മയോട് പറഞ്ഞു: നിനക്ക് ഭാഗ്യമില്ല. അവൾ പോയി!

ഞാൻ വാവിട്ടു നിലവിളിച്ചു.  ഞാനും വരും നെന്റെ കൂടെ... അങ്ങനെ എന്തൊക്കെയോ പുലമ്പി. 

ഈ സംഭവം അമ്മയെയും, പ്രത്യേകിച്ച് അച്ഛനെയും വല്ലാതെ ബാധിച്ചു.  കാലം മുന്നോട്ടുപോയി. പതുക്കെ പതുക്കെ എല്ലാവരും സ്വയം ആശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവരെയും ആശ്വസിപ്പിച്ചു.  ദേവിക്ക് താഴെ ഒരനിയത്തി.  പിന്നീട് അവൾക്കു താഴെ വേറൊരനിയത്തി.  വീണ്ടും കാലം കടന്നു പോയി.  ഞാൻ വിവാഹിതനായി.  എനിക്ക് രണ്ടു പെണ്മക്കൾ.  ഇന്ന് അവരും കുടുംബിനികളായി.

എങ്കിലും ആ കൊച്ചുനക്ഷത്രം - എന്റെ ദേവി ഈ വയസ്സിലും എന്റെ  ഓർമ്മകളിൽ... ചിന്തകളിൽ……. വല്ലപ്പോഴും സ്വപ്നങ്ങളിൽ നിറഞ്ഞുനില്ക്കുന്നു.   എന്റെ ബാലമനസ്സിന് ഏറ്റ മുറിവ് ഇക്കാലമത്രയും ഉണങ്ങാതെ, വല്ലപ്പോഴും വേദനിപ്പിച്ചുകൊണ്ടിരിക്കും. ഇന്നും ഒരു കൊച്ചുകുട്ടിയുടെ മനസ്സുള്ള എന്റെ കണ്ണുകൾ ഈറനണിയും.  അതെ, സ്നേഹത്തിനു മരണമില്ല, ഈ സ്നേഹം എന്റെ മരണംവരെയും എന്നോടൊപ്പമുണ്ടാകും.   

***


കുറിപ്പ്:  സുഹൃത്തേ, അഭിപ്രായം എഴുതുന്നതോടൊപ്പം താങ്കളുടെ ബ്ലോഗ്‌ അപ്ഡേറ്റ് തരിക.  പല കാരണങ്ങൾകൊണ്ടും വായിക്കാൻ വിട്ടുപോയി എങ്കിൽ ശ്രദ്ധിക്കാനാണ്.  നന്ദി.  

18 അഭിപ്രായങ്ങൾ:

  1. ഉണങ്ങിയാലും ചിലമുറിവിടങ്ങള്‍ അങ്ങിനെയാണ്‌ ജീവിതകാലം മുഴുവന്‍നൊമ്പരത്തിന്‍റെഅടയാളമായി നിലനില്‍ക്കും. മറക്കാന്‍കഴിയില്ലൊരിക്കലും....
    അതെ ഡോക്ടര്‍ സ്നേഹത്തിന് മരണമില്ല.....

    മറുപടിഇല്ലാതാക്കൂ
  2. ചില ദുഃഖങ്ങള്‍ കാലത്തിനു പോലും മായ്ക്കാവതല്ല. അല്ലേ?

    മറുപടിഇല്ലാതാക്കൂ
  3. നോവോര്‍മകള്‍ എന്നും നമ്മോടൊപ്പം ഉണ്ടാകും ജീവിതത്തില്‍ നമുക്ക് കൂടുതലും ലഭിക്കുന്നത് നോവോര്‍മകളാണല്ലോ

    മറുപടിഇല്ലാതാക്കൂ
  4. ente kannukal ariyaathe niranjupoyi - njan kaanaatha ente chechiye kurichulla anubhavangal vaayichhappol.

    മറുപടിഇല്ലാതാക്കൂ
  5. ഒറ്റമകനായി വളര്‍ന്ന എനിക്ക് സഹോദരസ്നേഹം അറിയാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. എങ്കിലും ദേവിയെക്കുറിച്ച് എഴുതിയ ഈ ലേഖനം വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  6. ചില ഓർമ്മകൾ മരിക്കാതങ്ങനെ.. നിലക്കാത്ത ഓളങ്ങൾ പോലെ.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  7. അതെ, സ്നേഹത്തിനു മരണമില്ല,
    ഈ സ്നേഹം എന്റെ മരണംവരെയും എന്നോടൊപ്പമുണ്ടാകും.


    അതെന്നും ഉണ്ടായാൽ മതി ഭായ്

    മറുപടിഇല്ലാതാക്കൂ

.