നാരായണനും അഹമ്മദിന്റെ നിഘണ്ടുവും
( നര്‍മ്മം )
ഗള്‍ഫില്‍ ഒരു ജോലി - അത്
മറ്റു പലരെയുംപോലെ നാരായണന്റെ അഭിലാഷമായിരുന്നു.
വളരെക്കാലമായി മനസ്സില്‍ കൊണ്ടുനടന്ന ആ ആഗ്രഹവല്ലരി
പൂക്കുകതന്നെ ചെയ്തു. പുഷ്പിക്കുക മാത്രമോ, പതുക്കെ
കായും പഴവും ഒക്കെ ഉണ്ടായി എന്ന് പറഞ്ഞുകൊള്ളട്ടെ.
ബഹ്റിനിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ കണക്കപ്പിള്ളയായി ജോലികിട്ടിയപ്പോള്‍
നാരായണന്‍ സ്വാമിനാഥന്‍ (മോഹന്‍ലാല്‍ സ്റ്റൈലില്‍ പറഞ്ഞാല്‍,
ബികോമും ഫസ്റ്റ് ക്ലാസ്സും ഉള്ള) വളരെ സന്തോഷിച്ചു
എന്ന് ചുരുക്കം. ഇനി തുടര്‍ന്ന് വായിക്കുക.
നാരായണനെ, ആദ്യത്തെ ദിവസംതന്നെ, സെക്രട്ടറിയായ
ജോസ് ആ ചെറിയ ഓഫീസിലുള്ള എല്ലാവര്ക്കും പരിചയപ്പെടുത്തിക്കൊടുത്തു.
രണ്ടു മലയാളി സുഹൃത്തുക്കള്‍ക്ക് ജോസ് പരിചയപ്പെടുത്തിക്കൊടുത്തത്
ഇങ്ങനെയാണ്:
"അല്‍ നാരായണന്‍... (ബഹറിനീസ്,
സ്ഥാനപ്പേരിന് മുമ്പിലായി, 'അല്‍' എന്ന്
ചേര്‍ത്ത് പറയും. ഇവിടെ, ജോസ്, അതുവെച്ചു ഒന്ന് തമാശിച്ചതാണേ.)
അവര്‍ ചിരിച്ചുകൊണ്ട് പ്രതികരിക്കുകയും ചെയ്തു: "മര്‍ഹബ" (സ്വാഗതം)
ആ ട്രേഡിംഗ് കമ്പനി മുതലാളിയുടെ മകന്‍ അഹമ്മദ് കാസിം അല്‍
ആലി, നാരായണനോട് വിവരങ്ങള്‍ തിരക്കി.
അഹമ്മദ്, ചോദിച്ചതിന്റെ മറുപടിയായി, നാരായണന്
തന്റെ മുഴുവന്‍ പേര് ഒരു മൂന്ന് പ്രാവശ്യമെങ്കിലും പറയേണ്ടി വന്നു!
"തൂ മച്ച് ലോങ്ങ്, ഐ വില്‍ കാള്‍ യു ‘നാറാ’, ഓക്കേ?"
അഹമ്മദിന്റെ സ്വതസിദ്ധമായ
ഗൌരവവും, തന്റെ ഒരു 'പാവത്താന്‍'
സ്റ്റൈലുംകൂടിയായപ്പോള്‍, നാരായണന്‍ ഉമിനീരിരക്കി, തലയാട്ടി
സമ്മതിച്ചുകൊണ്ട് മൊഴിഞ്ഞു:
"ഓക്കേ, സര്‍.".''
അങ്ങനെ, അന്നുമുതല്‍ നാരായണന്, ‘നാറാ’ എന്നാ
പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഒരു മലയാളി സഹപ്രവര്‍ത്തകന്‍
ഒരിക്കല്‍ നാരായണനോട് ചോദിച്ചു:
"എടോ, തനിക്കത് തിരുത്തിക്കൊടുക്കാമായിരുന്നില്ലേ?"
"ഞാന്‍...... ഞാന്‍...." – നാരായണന്
അത് മുഴുമിക്കാന്‍ പോലും ആകുന്നില്ല. കാരണം, അഹമ്മദിന്റെ
പേര് കേള്‍ക്കുമ്പോള്‍ത്തന്നെ പാവം "ആശാനെ കാണുമ്പോള്‍
കവാത്ത് മറക്കുന്ന" പോലെ ആകും എന്നതുതന്നെ.
ഒരിക്കല്‍, അഹമ്മദ് ജോലിസംബന്ധമായി
വിളിച്ചു:
"നാറാ"
നീട്ടിയുള്ള, കനഗംഭീരമായ
വിളി കേട്ട്, നാരായണന്‍ സീറ്റില്‍നിന്നും
സടകുടഞ്ഞെഴുന്നേറ്റു, അഹമ്മദിന്റെ മുമ്പില്‍ ഓച്ചാനിച്ച് നില്‍പ്പായി.
അഹമ്മദ്, കുറച്ചു കടലാസ്സുകള്‍ ട്രെയില്‍നിന്നും
എടുത്തു, ഒന്ന് ഓടിച്ചുനോക്കിയശേഷം അത് കീറി, താഴെ
ഒന്ന് നോക്കി, ടേബിളില്‍ തന്നെ വെച്ചു. വേറെ
ഒന്ന് രണ്ടു കടലാസ്സുകള്‍ എടുത്തു, ഒന്ന്
ഓടിച്ചുനോക്കിയിട്ടു പറഞ്ഞു:
"ഗിവ് മി എ ബാക്കത്"
ഇവിടെ ബക്കറ്റിനു എന്ത് പ്രസക്തി? ഒരു
പിടിയുമില്ലല്ലോ ദൈവമേ. നാരായണന്‍ അന്തം വിട്ടു. പെട്ടെന്ന്
തോന്നി - കീറിയിട്ട കടലാസ്സുകള്‍ ഇടാന്‍ ആയിരിക്കണം.
അപ്പോള്‍, വേസ്റ്റ് ബാസ്കറ്റ് തന്നെ. ടേബിളിന്നടിയില്‍നിന്നു
വേസ്റ്റ് ബാസ്കെറ്റ് മുമ്പിലേക്ക് വെച്ചുകൊടുത്ത നാരായണനോട്, അഹമ്മദ്
കണ്ണ് അല്‍പ്പം ഉരുട്ടി, ശബ്ദം അല്‍പ്പം ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു:
"ഐ വാന്ത് ബാക്കത്, ഗോ ആന്‍ഡ്
ഗെറ്റ്."
ഉടന്‍, നാരായണന്റെ ബുദ്ധിയില്‍, സന്ദര്‍ഭവശാല്‍
ജോസ് പറഞ്ഞത് ഓര്മ വന്നു. ഇവര്‍ക്ക് "പി" എന്നക്ഷരം
ശരിക്ക് വരില്ല, "ബി"എന്നായിരിക്കും
നാം കേള്‍ക്കുക. ശരി, അപ്പോള്‍, ഇത്, 'പാക്കറ്റ്'. അങ്ങനെ
രണ്ടു പ്രാവശ്യം മനസ്സില്‍ ഉരുവിട്ടപ്പോള്‍ തോന്നി, ആവശ്യപ്പെടുന്നത്
പാക്കറ്റ് അഥവാ കവര്‍ ആണ്. A4 സൈസിലുള്ള കടലാസ്സുകള്‍ കയ്യില്‍
പിടിച്ചിട്ടുണ്ടല്ലോ. വേഗം പോയി ഒരു A4
സൈസിലുള്ള കവര്‍ കൊണ്ട് കൊടുത്തു. അഹമ്മദ് ആ കവര്‍
വാങ്ങി, കടലാസ്സുകള്‍ staple ചെയ്തശേഷം
അതിനകത്ത് നിക്ഷേപിച്ചു. കാര്യം ശുഭം. നാരായണന്‍
ദൈവത്തിനും ജോസിനും ഒരുമിച്ച് മനസ്സില്‍ നന്ദി പറഞ്ഞു. പിന്നീട്, ഉണ്ടായ
കാര്യം, നാരായണന്‍ ജോസിനോട് പറഞ്ഞു. എല്ലാം
കേട്ടശേഷം ജോസ് കര്‍ത്താവിനു സ്തുതി പറഞ്ഞു, കുരിശു
വരച്ചു.
അഹമ്മദ്, പിന്നീടൊരിക്കല്‍,
നാരായണനെ വിളിച്ചു ഒരു കവര്‍ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു;
"ഫോര്‍ കൊറിയന്‍. ഗിവ്
ടു സെകാര്ടറി"
നാരായണന്‍, ജോസിന്റെ കയ്യില്‍ ആ കവര്‍ കൊടുത്തിട്ട്
പറഞ്ഞു:
"ജോസ്, ഇത് കൊറിയന് കൊടുക്കാനുള്ളതാണ് എന്നാ
അഹമ്മദ് പറഞ്ഞത്. ആരാ ഈ കൊറിയന്‍?"
ജോസ് വിശാലമായി ഒന്ന് ചിരിച്ചു. അനന്തരം ആ വിശേഷപ്പെട്ട
വാക്കിന്റെ അര്‍ത്ഥം പുറത്തു വിട്ടു:
അഹമ്മദ് കൊറിയന്‍ എന്ന് പറഞ്ഞാല്‍ കൊറിയര്‍
സര്‍വീസ് - അതായത് DHL. മനസ്സിലായോ, ചങ്ങാതീ? ഞാന്‍
അയച്ചോളാം.”
നാരായണന്‍ അതുകേട്ടു നെടുവീര്‍പ്പിട്ടു. ദൈവമേ, രക്ഷിക്കണേ.
സൌകര്യംപോലെ, ജോസിനോട്, അഹമ്മദിന്റെ
നിഘണ്ടുവിലെ സാധാരണ ഉപയോഗത്തില്‍ വരുന്ന പ്രധാന വാക്കുകള്‍
ചോദിച്ചിട്ട്, അതെല്ലാം മനസ്സിലാക്കിവെക്കണം - അയാള്‍
തീരുമാനിച്ചു.
വേറൊരു ദിവസം. അഹമ്മദ് നാരായണനെ പുറത്തുനിന്നു ഫോണില്‍
വിളിച്ചു. സെകാര്ടറി ജോസിനെ ഫോണില്‍ കിട്ടിയില്ല, ആയതുകൊണ്ട്, ഒരു
മെസ്സേജ് പറയണം:
"ടെല്‍ മേസണ്‍, ഫിനിഷ്
ബഗലോണി ഫസ്റ്റ്." നാരായണന്‍ ഒന്നറച്ചശേഷം എടുത്തു
ചോദിക്കുകതന്നെ ചെയ്തു:
"സര്‍, കാന്‍ യു പ്ലീസ് റിപീറ്റ് ദി
മെസ്സേജ്?
ഉത്തരം വളരെ വ്യക്തമായിരുന്നു:
"ടെല്‍ മേസണ്‍....... ഫിനിഷ്.........
ബഗലോണി ഫസ്റ്റ്."
"ഓക്കേ, സര്‍." നാരായണന്‍ ഫോണ്‍ താഴെ
വെച്ചു. ബഗലോണി എന്ന വാക്ക് മറക്കാതിരിക്കാന്‍ ഒരു
കടലാസ്സില്‍ കുറിച്ച് പോക്കറ്റില്‍ ഇട്ടു. പോക്കറ്റില്‍
ഇട്ട കടലാസ്സു വീണ്ടും എടുത്തു. ഓര്‍മ്മയില്‍ നിന്നും
അഹമ്മദിന്റെ സന്ദേശം അങ്ങനെതന്നെ വ്യക്തമായി എഴുതി: ജോസിനു മെസ്സേജ്
അങ്ങനെതന്നെ പാസ് ചെയ്യണം.
"ടെല്‍ മേസണ്‍....... ഫിനിഷ്......... ബഗലോണി
ഫസ്റ്റ്."
നാരായണന്‍, ജോസിനെ സീറ്റില്‍ കണ്ടില്ല. അയാളെ
തിരക്കി നടപ്പായി, വിയര്‍ക്കാന്‍ തുടങ്ങി. ഒടുവില്‍ ജോസിനെ പിടികിട്ടി. അയാള്‍,
ഒരാവശ്യത്തിനായി താഴെ Godownല്‍ പോയതായിരുന്നു. വിവരം പറഞ്ഞു. ഈ ബഗലോണി
എന്തെന്ന കാര്യം ജോസിനും മനസ്സിലായില്ല. പക്ഷെ, അഹമ്മദിന്റെ
വീട്ടില്‍ ഒരു മേസണെ പണിക്കു പറഞ്ഞു വിട്ടിട്ടുണ്ട്.
അയാളുടെ ടെലിഫോണ്‍ നമ്പര്‍ ജോസിനു അഹമ്മദ് കൊടുത്തിട്ടുമുണ്ട്.
ജോസ് പറഞ്ഞു, "മേസണോട്
വിവരം പറയാം, അയാള്‍ക്ക് അറിയാമായിരിക്കും, “ഡോണ്ട്
വറി, മാന്‍”
നാരായണന്‍, പിന്നീട് അതെപ്പറ്റി ജോസിനോട്
ചോദിച്ചു. ജോസ്, മേസണ്‍ മുരുകന്‍
എന്ന തമിഴ് നാട്ടുകാരനില്‍ നിന്നും മനസ്സിലാക്കിയ കാര്യം നാരായണനോട്
പറഞ്ഞു:
"എടോ, അഹമ്മദിന്റെ
നിഘണ്ടുവിലെ ബഗലോണി എന്ന വാക്കിന്റെ അര്ത്ഥം - ബാല്‍ക്കണി! ബാല്‍ക്കണി ചൂണ്ടിക്കാണിച്ചുകൊണ്ട്, അഹമ്മദ്
മുരുകനോട് ഒന്നുരണ്ടു പ്രാവശ്യം പണിയെപ്പറ്റി പറഞ്ഞതില്‍നിന്നത്രേ
മുരുകനും അത് മനസ്സിലായത്! മുരുകന്‍ ഇത്രയും കൂട്ടിച്ചേര്‍ത്തു:
"ഞാന്‍ ഒരു ‘ഈഡിയ’ (ഐഡിയ) പറയാം എന്ന് അഹമ്മദ്
പറഞ്ഞിരുന്നു. അപ്പോള്‍, ഈ മനുഷ്യന്‍ വേറെ എന്ത് പറയില്ല?”
നാരായണന്‍ മൂക്കത്ത് വിരല്‍ വെച്ചു.
അയാള്‍, അങ്ങനെ തന്റെ ജോലികളും, അഹമ്മദ്
തനിക്കു ഏല്‍പ്പിക്കുന്ന ജോലികളും, ഇതുപോലുള്ള
ടെന്‍ഷന്‍ ഉണ്ടാക്കുന്നതും ആയ തമാശകളും ഒക്കെയായി ദിവസങ്ങള്‍ തള്ളി
നീക്കി.
ദിവസങ്ങളും, മാസങ്ങളും
മാത്രമല്ല, ഏതാനും ഈദും, ഓണവും, ക്രിസ്ത്‌മസും
ഒക്കെ അങ്ങനെ കടന്നുപോയി.
ഇന്ന്, നാരായണന്‍ സ്വാമിനാഥന്‍, അഹമ്മദ്
കാസിം അല്‍ ആലി എന്ന എംഡിയുടെ വിശ്വസ്തനായ മാനേജെര്‍ ആണെന്ന് മാത്രമല്ല,
"നാറാ" എന്ന് വിളിച്ചിരുന്ന അഹമ്മദ് ഇപ്പോള്‍
ഇന്ത്യക്കാരെപ്പോലും തോല്‍പ്പിക്കുന്ന ഉച്ചാരണശുദ്ധിയോടെ
"നാരായണ്‍" എന്ന് വിളിക്കുകയും ചെയ്യുന്നു!
ശുഭം
രസകരം 'പുതിയ നിഘണ്ടു' വിലെ വാക്കുകള്‍. ഒപ്പം അവയുടെ യഥാര്‍ത്ഥ അര്‍ത്ഥങ്ങളും. (കൊറിയന്‍ എന്നത് കൊറിയറാണ് ഉദ്ദേശ്ശിച്ചത് എന്ന് മാത്രം എനിയ്ക്കു മനസ്സിലായി)
മറുപടിഇല്ലാതാക്കൂ:)
:) Thanks, Shree.
മറുപടിഇല്ലാതാക്കൂമുഹമ്മദിന്റെ നിഘണ്ടു കൊള്ളാം കേട്ടോ. നന്നായിരിയ്ക്കുന്നു. ആശംസകള്‍ ......
മറുപടിഇല്ലാതാക്കൂമുഹമ്മദിന്റെ alla, Ahmed. Thanks.
ഇല്ലാതാക്കൂഅക്ഷരങ്ങള് വഴങ്ങാത്ത ഭാഷാപ്രയോഗം വരുത്തിവെച്ച പൊല്ലാപ്പ്
മറുപടിഇല്ലാതാക്കൂരസകരമായി അവതരിപ്പിച്ചിരിക്കുന്നു.
വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പ് സൌദിയിലായിരുന്നപ്പോള്‍ സ്പോണ്‍സര്‍
പറയുന്ന ഇംഗ്ലീഷ് കേട്ട് എനിക്ക് ഉള്ളില്‍ ചിരിയും ഞാന്‍ പറയുന്ന അറബിഭാഷകേട്ട് സ്പോണ്‍സറില്‍ നിന്നുയരുന്ന പൊട്ടിച്ചിരിയും ഓര്‍ത്തുപോയി ഡോക്ടര്‍.,.
ആശംസകള്‍
മറുപടിഇല്ലാതാക്കൂകഥ നന്നായിരിക്കുന്നു. ഫോണ്ട് ഇക്കുറി മാറിയതായി തോന്നി. പഴയതായിരുന്നു കൂടുതൽ നല്ലത്, വായിക്കാൻ സുഖവും.ആശംസകൾ
പ്രിയ ഡോക്ടര്‍,
മറുപടിഇല്ലാതാക്കൂഅഹമ്മദിനെപ്പോലെ തന്നെ മലയാളം നല്ല ഒഴുക്കോടെ സംസാരിക്കാനറിയാവുന്ന ചില അറബിവംശജരെ ദുബായില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്, ഒപ്പം നാരായണനേപ്പോലെ ഉള്ളവരെയും!!!
നന്ദി, തങ്കപ്പന്‍ സര്‍.. അതെ, ഗള്‍ഫില്‍ ഉള്ളവര്‍ക്ക്/ഉണ്ടായിരുന്നവര്‍ക്ക് ഇതൊക്കെ സുപരിചിതം.
മറുപടിഇല്ലാതാക്കൂനന്ദി, മധുസൂദനന്‍ സര്‍.
മറുപടിഇല്ലാതാക്കൂനോട്ട് ചെയ്തു. ബോള്‍ഡ് മാറ്റിയിട്ടുണ്ട്. ഇനി ശ്രദ്ധിക്കാം.
നന്ദി, Mohan.
മറുപടിഇല്ലാതാക്കൂഅതെ, ഗള്‍ഫില്‍ ഉള്ളവര്‍ക്ക്/ഉണ്ടായിരുന്നവര്‍ക്ക് ഇതൊക്കെ സുപരിചിതം.
രസകരമായ വിവരണം തന്നെയായിരുന്നു. നമുക്ക് ചിരി വരുമെങ്കിലും ആദ്യകാലത്ത് നാരായണൻ അനുഭവിച്ച ടെൻഷൻ അദ്ദേഹവും ദൈവവും മാത്രമേ അറിഞ്ഞു കാണൂ....
മറുപടിഇല്ലാതാക്കൂശുഭാശംസകൾ......
സൌഗന്ധികം, നന്ദി. അതെ, നാരായണന്‍ ടെന്‍ഷന്‍ അനുഭവിച്ചു. സംഗതി മറ്റുള്ളവര്‍ക്കും, പിന്നീട് അയാള്‍ക്കും തമാശ ആണെങ്കിലും. വേണ്ടപ്പെടവര്‍ വീഴുമ്പോള്‍ നമുക്ക് പെട്ടെന്ന് ഉള്ളിലെങ്കിലും ചിരി വരുമല്ലോ. അത്രയേ ഉള്ളൂ.
ഇല്ലാതാക്കൂശരിക്കും ആസ്വദിച്ച എഴുത്ത്.അനാവശ്യമായ കുത്തിക്കയറ്റലൊന്നും ഇല്ലാതെ വേണ്ടത് മാത്രം പകര്‍ത്തി രസകരമാക്കിയ വിവരണം.ആശംസകള്‍
മറുപടിഇല്ലാതാക്കൂനന്ദി, മുഹമ്മദ് സര്‍. താങ്കളെപ്പോലുള്ളവര്‍ ഇങ്ങിനെ അഭിപ്രായം എഴുതുമ്പോള്‍ സന്തോഷം ഉണ്ട്. വീണ്ടും എഴുതാനുള്ള പ്രചോദനവും അത് തരുന്നു.
മറുപടിഇല്ലാതാക്കൂഗള്ഫില് പോയവരുടെ ഭാഷാ ബുദ്ദിമുട്ടു, അത് അനുഭവിച്ചവര്‍ക്കല്ലേ മനസ്സിലാവു..അല്ലേ? നല്ല വിവരണം . അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂThanks, Aswathi.
മറുപടിഇല്ലാതാക്കൂനാരായണന് അറബിയെ മലയാളം പഠിപ്പിച്ചു കാണും !!!എന്റെ പ്രേമെട്ട ശുദ്ധ ഹാസ്യം എന്നൊക്കെ പറയുന്നത് ഇതാണ് നല്ല രചന നിറയെ ചിരിച്ചു ഇവന്മാരുടെ ഇംഗ്ലീഷ് കേട്ടിട്ട് !!!
മറുപടിഇല്ലാതാക്കൂഓഹോ, മാരത്തോണ്‍ വായന ആണല്ലോ. നടക്കട്ടെ. സന്തോഷം.
മറുപടിഇല്ലാതാക്കൂനര്മ്മം വായിച്ചു അഭിപ്രായമിട്ടതിനു നന്ദി.
അറബിയും, അവരുടെ മലയാളികളുടെ പേര് ഉച്ചരിക്കലും
മറുപടിഇല്ലാതാക്കൂഏറെ രസകരമാണ്.
എന്‍റെ പരിചയത്തില്‍ ഒരു തമിഴ്നാടുകാരന്‍ 'ദോരയപ്പ'
ഉണ്ടായിരുന്നു. ഇയാള്‍ അറബിയ്ക്ക് 'ദോര്‍' ആണ്.
ഇതുമല്ല രസം...,
എന്‍റെ സ്നേഹിതന്‍ അബ്ദുള്ളക്കുട്ടിയെ അറബി സംബോധന ചെയ്യ്തിരുന്നത് 'അബ്ദുള്ളക്കൂത്തി' എന്നായിരുന്നു. ഹ ഹ ഹാ..!!
എന്തായാലും സാറിന്‍റെ നാരായണന്‍ ബഹു ഉഷാര്‍...,..
ഏറെ രസിപ്പിച്ചു...!!
ആശംസകള്‍
അതുപോലെ രസകരമായ പല പേരുകളും ഉണ്ട്. എന്നെ പലരും പ്രേം എന്ന് വിളിച്ച കേട്ട് ഒരു അറബി സുഹൃത്ത് ബ്രേം എന്ന് വിളിക്കാൻ തുടങ്ങി. അത് അയാളുടെ സുഹൃത്തുക്കൾ മനസ്സിലാക്കിയത് ഇബ്രാഹിം എന്നും.
മറുപടിഇല്ലാതാക്കൂനന്ദി, സുഹൃത്തേ.