2014 നവംബർ 20, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 67




 Blog Post No: 308

കുഞ്ഞുകവിതകൾ - 67




പട്ടണ ഭംഗി



മൈസൂർ ചാമുണ്ടിഹിൽസ്
ഇറങ്ങുമ്പോൾ താഴെ 
മൈസൂരിന്റെ ഭംഗി
സൗദി, റിയാദിലെ
കിംഗ്‌ഡം ടവറിന്റെ
സ്കൈബ്രിഡ്ജിൽ
നിന്നുള്ള കാഴ്ചപോലെ
മനോഹരം!



അവരുടെ കണ്ണുകൾ
.
അയാൾ കണ്ണുരുട്ടിക്കാണിച്ചപ്പോൾ ഭയം,
അയാൾ കണ്ണുകാണാത്തവനെന്നറിഞ്ഞപ്പോൾ സഹതാപം;
അവളുടെ കണ്ണുകൾ ചിത്രത്തിൽ കാണുമ്പോൾ മനോഹരം,
അവൾ  കണ്ണുകാട്ടി വിളിച്ചപ്പോൾ സംഭ്രമം!
  


ഭക്തി!?

തൊഴുകയ്യോടെ പ്രാർത്ഥിക്കുന്നു ചിലർ
തോന്നുന്നതോ ഭക്തിയല്ലാത്തതും,
തൊഴിയ്ക്കണം ചിലരെയെന്നുള്ള
തോന്നലാണീ ''ഭക്തശിരോമണികൾ''ക്ക്!    

2014 നവംബർ 19, ബുധനാഴ്‌ച

ഒന്നു കൊന്നുതരാമോ?


Blog post no: 307 -


ഒന്നു കൊന്നുതരാമോ?

(ഓട്ടന്തുള്ളൽ)


സമയപരിധി : 3 നിമിഷം

അവതരണം :  ഡോ.  പി.  മാലങ്കോട്


പിൻപാട്ട് :

ബിനു വാസുദേവൻ
സത്താർ അൽ-മവാഹിബ്

***


ഭക്ഷണപ്രിയനാം കഥാനായകന്ന്

പിൻപാട്ട് :
ഭക്ഷണപ്രിയനാം കഥാനായകന്ന്


കേൾക്കണേ, പ്രമേഹം വന്നു, പിന്നെ

പിൻപാട്ട് :
ഭക്ഷണപ്രിയനാം കഥാനായകന്ന്
കേൾക്കണേ, പ്രമേഹം വന്നു, പിന്നെ


രക്ത സമ്മർദ്ധവും വന്നു;

പിൻപാട്ട് :
രക്തസമ്മർദ്ധവും വന്നു;


മധുരം വേണ്ടാ, ഉപ്പും വേണ്ടായെന്ന്

പിൻപാട്ട് :
മധുരം വേണ്ടാ, ഉപ്പും വേണ്ടായെന്ന്


വൈദ്യശിരോമണി കൽപ്പിച്ച നേരത്ത്

പിൻപാട്ട് :
കൽപ്പിച്ച നേരത്ത്


പായസപ്രിയനാം,
ഉപ്പിലിട്ടതിഷ്ടംപോൽ തട്ടുന്നയാളാം

പിൻപാട്ട് :
പായസപ്രിയനാം,
ഉപ്പിലിട്ടതിഷ്ടംപോൽ തട്ടുന്നയാളാം

നമ്മുടെ നായകൻ കരഞ്ഞൂപറയുന്നൂ

പിൻപാട്ട് :
നമ്മുടെ നായകൻ കരഞ്ഞൂപറയുന്നൂ


''ഹെന്നെയൊന്നു കൊന്നുതരാമോ വൈദ്യരേ''
(കരയുന്നു)

പിൻപാട്ട് :
നമ്മുടെ നായകൻ കരഞ്ഞൂപറയുന്നൂ
''ഹെന്നെയൊന്നു കൊന്നുതരാമോ വൈദ്യരേ''

2014 നവംബർ 18, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 66



 Blog Post No: 306

കുഞ്ഞുകവിതകൾ - 66


ശിൽപികൾ…..  നല്ലവർ...

എല്ലാ ശിലകളിലും ശില്പമുണ്ട്,
ശില്പങ്ങൾ കൊത്തിയെടുത്ത്
ശിൽപികൾ കഴിവു കാട്ടുന്നു;
എല്ലാ മനസ്സുകളിലും നന്മയുണ്ട്,
നന്മകൾ ചെയ്തുകൊണ്ട്
നല്ലവർ കഴിവു കാട്ടുന്നു.




ചെറുപ്പം

അറിവിനാണെങ്കിലെന്നും ചെറുപ്പം,
ഇഷ്ടത്തിനുമതുപോലെതന്നെ;
ദേഹിക്കു ചെറുപ്പമാണെങ്കിൽകൂടി,
ദേഹത്തിനതു ബാധകമല്ലതന്നെ.




കുറ്റം

അറ്റകുറ്റപ്പണികളിൽ കുറ്റമൊന്നും കാണാതിരിക്കുമ്പോൾ
കുറ്റം പറയുന്നവർക്കതിനൊരു അറ്റവും കാണില്ല,
അറ്റമില്ലാതങ്ങനെ കുറ്റപ്പെടുത്തിത്തുടങ്ങിയാൽ, ജാഗ്രത!  
കുറ്റപ്പെടുത്തുന്നവർക്കെതിരെ വരാം ''അറ്റകൈ''പ്രയോഗം.   

2014 നവംബർ 16, ഞായറാഴ്‌ച

ബസ്സിലെ വിശേഷങ്ങൾ


Blog Post No: 305 - 

ബസ്സിലെ വിശേഷങ്ങൾ

(അനുഭവം)


ഈയിടെ നാട്ടിൽ പോയപ്പോൾ അനുഭവപ്പെട്ട ചില ചില്ലറ ബസ്സ് വിശേഷങ്ങൾ ഇവിടെ കുത്തിക്കുറിക്കട്ടെ.

***

നേരിട്ട് ഒരു സ്ഥലത്തേക്ക് പോകുന്ന ബസ്സ് കാത്തു നിന്നു.  കാത്തുനിന്നത് മിച്ചം.  ഒരു സഹൃദയൻ അതുവഴി വന്നപ്പോൾ മൊഴിഞ്ഞു - ഇന്ന് ഞായറാഴ്ചയല്ലേ, വല്ല കല്യാണത്തിനോ കാതുകുത്തിനോ പോയിരിക്കും ബസ്സ്.  അത് ശരി. അപ്പോൾ ഈ ബസ്സുകൾ അങ്ങനെയാണല്ലേ?  ഇതിനെതിരെ പ്രതികരിക്കാനൊന്നും ആർക്കും വയ്യ.

***

തിരക്കുള്ളൊരു ബസ്സിൽ കയറി.  ഒന്ന് കണ്ണോടിച്ചപ്പോൾ, ''മുതിർന്ന സ്ത്രീകൾ'' എന്ന് എഴുതിവെച്ചിരിക്കുന്ന സീറ്റുകളിൽ ചില ചെറുപ്പക്കാരികൾ ഇരുന്നു വാചകമടിക്കുന്നു! അതിനടുത്തുതന്നെ ''മുതിർന്ന'' ചില സ്ത്രീകൾ  ദയനീയ ഭാവത്തിൽ നിൽക്കാൻ പാടുപെടുന്നതും കണ്ടു.
***

അതാ, വേറൊരു കാഴ്ച - വികലാംഗർ എന്ന് എഴുതിവെച്ചിരിക്കുന്ന സീറ്റുകളിൽ അങ്ങനെ അല്ലാത്തവർ ഇരിക്കുന്നു. അതു പോകട്ടെ. എന്നാൽ, അടുത്തുതന്നെ വളരെ പ്രായമായവർ കമ്പിയിൽ തൂങ്ങി നിൽക്കാൻ കഷ്ടപ്പെടുന്നു.

***

പിന്നീടൊരിക്കൽ, ബസ്സിനു പുറത്തുനിന്നു ചില മഹിളാമണികൾ കണ്ടക്ടരോട് ഉച്ചത്തിൽ പറയുന്നത് കേട്ടു - സ്ത്രീകൾക്കുള്ള സീറ്റുകളിൽ കയറി ഇരിക്കുന്നവരെ എഴുന്നേൽക്കാൻ പറയണം.  ഇതാണോ മര്യാദ?
***

ബസ്സ് യാത്ര ഇന്ത്യയിലെ ഇതരസ്ഥലങ്ങളിലും, മറു രാജ്യങ്ങളിലും സുഖകരമാവുന്നത് ബസ്സ് അധികൃതരുടേയും യാത്രക്കാരുടെയും നല്ല പെരുമാറ്റം കൊണ്ടാണ്.  ദൈവത്തിന്റെ സ്വന്തം നാട്ടിന് (?), സാക്ഷര കേരളത്തിനു (?) അതൊക്കെ എന്ന് ഉൾക്കൊള്ളാനാകും - ഞാൻ ചിന്തിച്ചുപോയി.


+++

2014 നവംബർ 15, ശനിയാഴ്‌ച

പ്രപഞ്ചവും മനുഷ്യനും


Blog Post No: 304 -



പ്രപഞ്ചവും മനുഷ്യനും

- ഡോ.  പി. മാലങ്കോട്

പ്രപഞ്ചസത്യങ്ങളത്യത്ഭുത,മെങ്കിലോ
സത്യം മുഴുവനറിയുന്നവരാരുമില്ല;
കുറച്ചെന്തൊക്കെയോ അറിയാം മാനുഷർക്ക്‌
എല്ലാമറിയുന്നുവെന്ന തോന്നലുമുണ്ട് മുന്നിൽ!
കോടാനുകോടി താരകളുള്ളപ്പോൾ
സൂര്യനതിലൊന്നു മാത്രമത്രേ!
സൂര്യനുകീഴിൽ നടക്കുന്നതൊക്കെ നാ-
മൽപ്പമറിയുന്നു, ഏറെ അറിയാതിരിക്കുന്നു!
വിവേകബുദ്ധിയുണ്ടെന്നഭിമാനിക്കുന്നവർ
വിവേകമില്ലാതെ ജീവിക്കുന്നുമുണ്ട്!
ദൈവമുണ്ടെന്നും ദൈവമില്ലെന്നും ചിലർ
വീറോടെ വാദിച്ചു സമയവും  കളയുന്നു!
പാപചിന്തകൾ പാപപ്രവർത്തികൾ
മാനവകുലം  മുരടിപ്പിക്കുന്നു പാടെ.
ഹേ മനുഷ്യാ,  നല്ലത് മാത്രം ചിന്തിച്ചു,
വർത്തിച്ചു നല്ലനിലയിൽത്തന്നെ യാത്രയാകൂ.

2014 നവംബർ 12, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 66



Blog Post No: 303

കുഞ്ഞുകവിതകൾ - 66


വൃന്ദാവനം

മഴ ചാറിയപ്പോൾ തൊപ്പിവിൽപ്പനക്കാർ എത്തി;
മഴ തകർത്തപ്പോൾ കുട വിൽപ്പനക്കാരും!
മൈസൂർ വൃന്ദാവനിൽ കണ്ട കാഴ്ച
മറക്കാൻ പറ്റാത്തൊരനുഭവം.  



സംഗീത ജലധാര

മൈസൂർ വൃന്ദാവനത്തിലെ
സംഗീത ജലധാര
വർണ്ണമനോഹരം,
നയനാനന്ദകരം,
സംഗീതസാന്ദ്രം;
താളത്തിനൊത്ത്
നൃത്തം ചെയ്യുന്ന
കാമുകീകാമുകരെപ്പോലെ
കലാപ്രേമികളുടെ
ഉള്ളം കുളിർപ്പിക്കുന്ന
ജലധാരാപ്രകടനം.
കാണികളുടെ ആരവം
കർണ്ണപുടങ്ങളിലലയടിക്കുന്നു.
തോന്നിപ്പോയി -
കലാഹൃദയമില്ലെങ്കിൽ....
''പൊട്ടൻ ആട്ടം കണ്ടപോലെ’’.


പൂക്കളും പൂമ്പാറ്റകളും
  
പൂക്കൾ വിടരുന്നു
പൂമണം പരക്കുന്നു
പൂമധു നുകരാനായ്
പൂമ്പാറ്റകളെത്തുന്നു
പൂക്കൾക്കെന്തൊരു  ഭംഗി
പൂമ്പാറ്റകൾക്കും 
പൂക്കളുടെ ജന്മമെത്ര  ധന്യം
പൂമ്പാറ്റകളുടെയും

2014 നവംബർ 11, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 65

Blog Post No: 302

കുഞ്ഞുകവിതകൾ - 65



തെറ്റിദ്ധാരണ

തെറ്റിദ്ധാരണയെന്നത് സ്വാഭാവിക-
മതു നീങ്ങണം, നീക്കിയെടുക്കണം;
തെറ്റിദ്ധരിപ്പിക്കാൻ, തരികിടയൊപ്പിച്ചു
സത്യം മൂടിവെക്കാനുത്സാഹമരുതൊട്ടും;
ഒരു കാര്യമെന്നുമോർക്കണം നാം -
പഴഞ്ചൊല്ലിൽ പറയുമ്പോ,ലെണ്ണയും
സത്യവും മുകളിലേക്കുയർന്നെത്തുമെന്നും!


പ്രണയo

പൊന്നാമ്പൽ പ്രണയിക്കുന്നു ചന്ദ്രനെ,
പൊൻതാമര പ്രണയിക്കുന്നു  സൂര്യനെ,
പ്രണയസാഫല്യത്തിനായാപ്പൂവുകൾ
പ്രതീക്ഷിക്കട്ടെയാ പൊൻകിരണങ്ങളെ.  

ചിത്രം

ചിത്രത്തിലെ മുഖകമലമതിമനോഹരം 
ചിത്രകാരൻതൻ തൂലികാ സ്പർശനത്താൽ; 
ചിത്രകാർക്കെന്നും പ്രചോദനംതന്നെ
ചിത്രത്തിന്നനുയോജ്യമാം വദനാംബുജം.

2014 നവംബർ 9, ഞായറാഴ്‌ച

പുഷ്പേടത്തിയമ്മ



Blog post no: 301
പുഷ്പേടത്തിയമ്മ

(ഒരു അനുസ്മരണം)



''ഷി ഈസ് നോ മോർ.  ഏതാനും നിമിഷങ്ങൾക്ക് മുമ്പ് ബോഡി വീട്ടിലേക്കു കൊണ്ടുപോയി.''

ഡോക്ടറുടെ വാക്കുകൾ കേട്ട് ഞാൻ സ്തബ്ദനായി.

എന്നും ലീവിൽ പോകുമ്പോൾ കാണുമായിരുന്നു.  വല്ലപ്പോഴും ഫോണിൽ സംസാരിക്കും.  അത് ഭാര്യ ഓർമ്മപ്പെടുത്തുമായിരുന്നു.  ''എന്റെ കല്യാണത്തിന്റെ ഗ്രൂപ്പ്ഫോട്ടോയിൽ കാണുന്ന ആ മീശമുളക്കാത്ത ചെക്കനാ ഇവൻ'' - എത്രയോ തവണ ആരോടൊക്കെയോ അവർ എന്നെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്.

പെട്ടെന്ന് എല്ലാവരുമായും പരിചയപ്പെടുന്ന പ്രകൃതം.  പരിചയപ്പെട്ടവരുടെ ''ഫുൾ ഡാറ്റ'' ഓര്മ്മ വെക്കും.  ഒരു പരോപകാരി, മനുഷ്യസ്നേഹി.... പിന്നെന്താണ് ഞാൻ പറയേണ്ടത്?

അവർ മരിച്ച ദിവസം, രണ്ടുമണിക്കൂർ മുമ്പ് ഞങ്ങൾ (ഞാനും ശ്രീമതിയും) കാണാൻ ചെന്നിരുന്നു.  ക്ഷീണിച്ച മുഖത്ത് സന്തോഷം.  അവരെ ഭക്ഷണം കഴിപ്പിച്ച ശേഷമാണ് ഞങ്ങൾ അവിടെനിന്നു തിരിച്ചത്.

രണ്ടു മണിക്കൂറിനുള്ളിൽ അസുഖം മൂർച്ചിച്ചപ്പോൾ  വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ്‌ ആക്കാൻ  നോക്കിയതായിരുന്നത്രേ.  വിവരമറിഞ്ഞ് ഞങ്ങൾ അവിടെ എത്തിയപ്പോൾ കേട്ട ഡയലോഗ് ആണ് മുകളിൽ കൊടുത്തത്.

ഒരപൂർവ സ്ത്രീ വ്യക്തിത്വം. അതുകൊണ്ടാണല്ലോ, മുംബെയിലെ ശിവസേനക്കാർ പോലും മലയാളിയായ അവർക്ക്  പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ഓഫർ ചെയ്തത്.  അവർ അത് സ്നേഹപൂർവ്വം നിരസിച്ചു.

ഏടത്തിയമ്മേ, നിങ്ങളെക്കുറിച്ചുള്ള ഓർമ്മകൾക്ക് മരണമില്ല.  നിങ്ങൾ, ഞങ്ങളുടെ ഹൃദയത്തിൽ എന്നും ജീവിക്കും.