2016 ജൂലൈ 31, ഞായറാഴ്‌ച

അധികപ്രസംഗവും അതിസാരവും


Blog Post no: 444-

അധികപ്രസംഗവും അതിസാരവും 


മൗനം നമുക്കാവശ്യ,മെങ്കിലോ

അതിമൗനം അനാവശ്യംതാൻ;

സംസാരം ആവശ്യ,മെങ്കിലോ

അതിസംസാരം അതിസാരംപോലെതാൻ!

അതിസാരത്തി,നൗഷധമുണ്ടെന്നാലും

ഭക്ഷണക്രമം പ്രധാനംതാൻ.

വാരിവലിച്ചു ഭക്ഷിക്കുന്നോർ-

ക്കതിസാരം ഭേദമാവില്ലതന്നെ. 

2016 ജൂലൈ 25, തിങ്കളാഴ്‌ച

മൊഹബത് സുലൈമാനി


Blog post no: 443 -


മൊഹബത് സുലൈമാനി 




ആവശ്യമുള്ളവ:

സാഹചര്യവെള്ളം, വിശ്വാസചായ, പ്രണയമധുരം.


ഉണ്ടാക്കുന്ന വിധം:

വളരെ എളുപ്പം; അല്പം ശ്രദ്ധിക്കണമെന്നുമാത്രം.
സാഹചര്യവെള്ളം തിളച്ചാൽ, ഒരല്പം വിശ്വാസചായ ഇടുക.  അത് ഒരു ഗ്ളാസ്സിലേക്കു പകരുക.
പിന്നീട്, ഒരു ഒന്ന് - ഒന്നര ടീസ്പൂൺ പ്രണയമധുരം ചേർത്ത് ഇളക്കുക.
ഒന്നാംതരം മൊഹബത് സുലൈമാനി റെഡി.

(പ്രചോദനം : Oru Suhruthu )

2016 ജൂലൈ 19, ചൊവ്വാഴ്ച

ഗ്രാമീണ വായനശാല

Block post no: 442 -


ഗ്രാമീണ വായനശാല 

ഗ്രാമീണ വായനശാലയുടെ ആവശ്യം നാം പണ്ടേ, അതായത് പഠിച്ചിരുന്ന കാലത്ത്, സ്‌കൂളിൽ പഠിച്ചിരുന്നു.  ഇന്ന് അതിന്റെ ആവശ്യം അല്ല അത്യാവശ്യം വന്നുചേർന്നിരിക്കുന്നു!  കാരണം, ഇന്നത്തെ തലമുറക്ക് പ്രത്യേകിച്ചു് വായനാശീലം കുറവ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.  കംപ്യുട്ടർ ഗെയിംസിന്റെ കാര്യത്തിലോ, ഫേസ്ബുക്ക്, വാട്ട്സപ്പ് മുതലായവയുടെ കാര്യങ്ങളിലോ അങ്ങനെ ആകാൻ വഴിയില്ല.  എന്നാൽ, വായനയുടെ കുറവ് അവരുടെ വ്യക്തിത്വത്തെ സാരമായി ബാധിക്കുന്നുണ്ട് എന്നാണ് എന്റെ എളിയ അഭിപ്രായം.

ഓരോ ഗ്രാമത്തിലും വായനശാലകൾ ആവശ്യംതന്നെ.  നമ്മുടെ ഭാഷയിലും, ആഗോളഭാഷയിലുമുള്ള പുസ്തകങ്ങൾ വായിക്കണം.

“വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും. ” —കുഞ്ഞുണ്ണിമാഷിന്റെ കവിത ഇത്തരുണത്തിൽ വളരെ വളരെ അർത്ഥവത്തതായി തോന്നുന്നു.

സാക്ഷരകേരളത്തിലെ - പട്ടണങ്ങളിലെ, ഗ്രാമങ്ങളിലെ ജനസമൂഹം ഇത് ഗൗരവമായി എടുത്തില്ല എങ്കിൽ ഈ തലമുറയോടും, അടുത്ത തലമുറകളോടും ചെയ്യുന്ന ക്രൂരതയാണ് എന്ന് ഓരോ പട്ടണ-ഗ്രാമവാസിയും മനസ്സിലാക്കുക, അതിനനുസരിച്ചു പ്രവർത്തിക്കുക എന്നതേ കരണീയമായ മാർഗ്ഗമുള്ളൂ.

ഒരിക്കൽകൂടി - വികസനങ്ങൾ എന്തെല്ലാം ഉണ്ടായാലും, വായനശാല ഇല്ലാത്ത ഗ്രാമം - അതിനു ശ്രമിക്കാത്ത ഗ്രാമവാസികൾക്ക് ചിന്താശീലവും, പ്രവർത്തനശീലവുമില്ല, അവർ നാടിന്റെ, ഗ്രാമത്തിന്റെ നന്മ ആഗ്രഹിക്കുന്നില്ല എന്നുപറഞ്ഞാൽ അതൊരു അതിശയോക്തിയാവില്ലതന്നെ.

2016 ജൂലൈ 5, ചൊവ്വാഴ്ച

പൂജക്കെടുക്കാത്ത പൂവുകൾ


Blog post no: 441 -

പൂജക്കെടുക്കാത്ത പൂവുകൾ

പൂജക്കെടുക്കാത്ത പൂക്കളെ
വെറുക്കേണ്ട കാര്യമില്ല;
പൂജക്കെടുക്കാത്തതിന് കാരണം
എന്തെങ്കിലും ഉണ്ടായിരിക്കാം.
എന്നാൽ, ആ കാരണം ഒരുപക്ഷേ
പൂക്കളുടെ കുറ്റംകൊണ്ടാവില്ല.
ആയതുകൊണ്ട്, ആവുമെങ്കിൽ
ആ പൂക്കളെ വേറെ എന്തെങ്കിലും
കാര്യത്തിന് ഉപയോഗിക്കാം.
അപ്പോൾ, പൂക്കൾക്ക് കിട്ടിയ ആ
ശാപത്തിൽനിന്നു മോചനം
കിട്ടുന്നതോടൊപ്പം അങ്ങനെ
ചിന്തിച്ചു പ്രവർത്തിച്ച
ആൾക്ക് പുണ്യവും കിട്ടുന്നു!

2016 ജൂൺ 26, ഞായറാഴ്‌ച

കാലം


Blog post no: 440

കാലം

(മിനിക്കഥ)

അസുഖം വന്ന് മീനയുടെ ശരീരം വേദനിച്ചപ്പോഴൊക്കെ അവളെ ഡോക്ടർ കൊടുത്ത വേദനാസംഹാരികൾ സഹായിച്ചു.  എന്നാൽ, മനസ്സു വേദനിച്ചപ്പോൾ, അവ തികച്ചും നിസ്സഹായകം.

വേദനിപ്പിച്ചയാളും വല്ലാതെ വേദനിച്ചു.  ഗോവിന്ദ് വേദനിപ്പിക്കണമെന്നു വിചാരിച്ചതല്ല.  അങ്ങനെ പറ്റിപ്പോയി.  ഇനി എന്തുപറഞ്ഞാലും അതു കൂടുതൽ തെറ്റിദ്ധാരണകൾക്കേ വഴിയൊരുക്കൂ എന്നവനു തോന്നി.  അമിതസ്നേഹം വരുത്തിവെച്ച വിന.  ആയതുകൊണ്ടു വേദനിക്കാം, വേദന മറക്കാൻ നോക്കാം, കാലം തന്നെ, അവളെ രക്ഷിക്കട്ടെ - അവൻ വിചാരിച്ചു.

2016 ജൂൺ 19, ഞായറാഴ്‌ച

പരിഹാരം, മിത്രങ്ങൾ, മഴ, മഴ....


Blog post no: 439 -

പരിഹാരം 

പാപചിന്തകൾ വരുത്തും
പിരിമുറുക്കമതിൻ ഫലം;
പ്രായശ്ചിത്തമാണതിൻ
പരിഹാരമെന്നു നിശ്ചയം.



മിത്രങ്ങൾ! 

ഉഷ-രവിമാർ, പിന്നെ
രജനി-സോമന്മാ-
രിവരല്ലോ മിത്രങ്ങൾ
പണ്ട് പണ്ടേ.....
ഈ ജന്മത്തിലെ
മാനുഷരല്ലിവ-
രെന്നാലോ, യുഗ-
യുഗങ്ങളായ്‌ ദിന-
രാത്രങ്ങളുമായ്
ബന്ധമുള്ളവർ ഇവർ!


മഴ, മഴ.... 

സന്ധ്യയടുക്കാൻ സമയമേറെ,
കരിമുകിലുകൾ പരന്നു,
താരകങ്ങൾ തിരിച്ചുപോയി;
ഭൂമിദേവി തയ്യാറെടുത്തു -
മഴയെ സ്വാഗതം ചെയ്യാൻ!
വേഴാമ്പലുകൾ സന്തോഷിച്ചു -
കാത്തിരിപ്പുകൾക്ക് ശേഷം
മഴയെ ആസ്വദിക്കാൻ.
സസ്യലതാദികൾ പുഞ്ചിരിച്ചു,
അവയുടെ മനം കുളിർത്തു.
പക്ഷിമൃഗാദികളൊക്കെയും തഥൈവ.
ചുരുക്കത്തിൽ, പുഴകളും
മലകളും, പൂവനങ്ങളും
ആനന്ദനൃത്തമാടി
ചന്നം പിന്നം പെയ്യുന്ന
മഴയെ, നിന്നെ ഏല്ലാർക്കും വേണം.

2016 ജൂൺ 13, തിങ്കളാഴ്‌ച

എന്നിട്ടും മനുഷ്യാ, നീ......


Blog post no: 438 -

എന്നിട്ടും മനുഷ്യാ, നീ...... 


പൂക്കൾക്കും മനുഷ്യർക്കും
സമാനതകളേറെയുണ്ട്;
വ്യത്യാസമോ ചുരുക്കവും.
സുഗന്ധമുള്ള പൂക്കളിൻ
സുഗന്ധമെമ്പാടും പരക്കുന്നു;
സത്സ്വഭാവികളാം
മനുഷ്യർതൻ  കീർത്തിയും.
ചില പൂക്കൾക്കുണ്ട്
സൌന്ദര്യവും സൌരഭ്യവും!
അതുപോൽ, മനുഷ്യർക്കും -
സൌന്ദര്യവും സത്സ്വഭാവവും.
പ്രകൃതി, പൂക്കളിൻ  പ്രകൃതത്തിൽ
മാറ്റം വരുത്തുന്നില്ല,യെന്നാൽ
മനുഷ്യർക്കവരുടെയ
സ്വഭാവത്തിൻ  കാര്യത്തി-
ലവർ വിചാരിച്ചാൽ
മാറ്റാമെന്ന  നല്ല കാര്യം
നല്ലനിലക്കുതന്നെ വെച്ചുനീട്ടി.
എന്നിട്ടും മനുഷ്യാ, നീ.......
വിവേകബുദ്ധിക്കു പേരുകേട്ട നീ...

2016 ജൂൺ 2, വ്യാഴാഴ്‌ച

എതിരേല്പ്..


Blog post no: 437 -

എതിരേല്പ്..




ദിനങ്ങളേറേയായ്‌ നിങ്ങൾക്കു

ജലപാനം ഞാൻ നൽകിയിട്ട്;

എങ്കിലും നിങ്ങളെതിരേറ്റു എന്നെ

ഉണർവോടെ, പ്രസരിപ്പോടെ.

2016 മേയ് 25, ബുധനാഴ്‌ച

അഭിപ്രായം


Blog post no: 436 -

അഭിപ്രായം 

(സ്കിറ്റ്)


നവവധു (ആഹാരം കഴിക്കുന്ന ഭർത്താവിനോട്):

എങ്ങനെയുണ്ട് എന്റെ പാചകം?

ഭർത്താവ്:  എന്റെ അഭിപ്രായം വേണം അല്ലെ? തുറന്ന അഭിപ്രായം വേണോ?

ഭാര്യ:  വേണം.

ഭർത്താവ്:  പറയാം.  പക്ഷെ, പിണങ്ങരുത്.

ഭാര്യ:  ഇല്ല.

ഭർത്താവ്: എന്നാൽ പറയാം. പണ്ട് എന്റെ മുത്തച്ഛൻ മുത്തശ്ശിയോട് പാടിപ്പറഞ്ഞ അതേ അഭിപ്രായം -

ഉപ്പേരിയും നിന്റെ ചോറുമെടുത്തങ്ങ്

കുപ്പയിൽ കൊട്ടണമെന്നേ തോന്നൂ.''


ഭാര്യ:  (ഭാവം മാറുന്നു. കരച്ചിലിന്റെ വക്കിലെത്തുന്നു.)

ഭർത്താവ്:  അയ്യോ, എന്റെ പൊന്നേ, ഞാൻ വെറുതേ പറഞ്ഞതല്ലേ. അസ്സലായിട്ടുണ്ട്.

ഭാര്യ:  സത്യം?

ഭർത്താവ്:  (ആദ്യം സ്വന്തം തലയിൽ, പിന്നെ ഭാര്യയുടെ തലയിൽ കൈവെച്ചുകൊണ്ട്)  ഇതാ എന്നാണെ, നിന്നാണെ സത്യം, സത്യം, സത്യം.

ഭാര്യ: (ചിരി പൊട്ടുന്നു)

ഭർത്താവ് (മനോഗതം)  വരട്ടെ, വരട്ടെ. ഇനിയും സമയം കിടക്കുന്നു.   

2016 മേയ് 16, തിങ്കളാഴ്‌ച

പൊറാട്ടുനാടകവും രാഷ്ട്രീയവും.

Blog post no: 435 -
പൊറാട്ടുനാടകവും രാഷ്ട്രീയവും. 

''പോലല ലല്ലീലേ പോലാ ലല്ലീ ലേ.......''

മകളുടെ വീട്ടിന്റെ പാലുകാച്ചൽ ചടങ്ങു കഴിഞ്ഞ്, നെന്മാറയിൽ എത്തിയപ്പോൾ standനു മുന്പിലുള്ള ഗ്രൗണ്ടിൽ പൊറാട്ടു നാടകം കളിക്കുന്നു. ''സുന്ദരികൾ'' ആയ സ്ത്രീ വേഷങ്ങൾ അരങ്ങു തകർക്കുന്നു. കുറച്ചു കണ്ടുകളയാം.   വർഷങ്ങൾക്കു മുമ്പ് കണ്ടതാണ്.
അച്ചുമാമൻ വരുന്നു. LDFനു വേണ്ടിയുള്ള പ്രചരണം.
പൊറാട്ടുനാടകത്തിനു പാലക്കാടിന്റെ അനുഷ്ഠാനകലയായ കണ്യാർകളിയുമായി ബന്ധമുണ്ടെന്നു തോന്നി.  എന്നാൽ, കണ്യാർകളി പന്തലിൽ വട്ടത്തിൽ കളിക്കുന്നു.  പൊറാട്ടുകളി സ്റ്റേജിൽ നിന്ന സ്ഥലത്തുതന്നെ കളിക്കുന്നു.  കണ്യാർകളിക്കുള്ള ചുവടുകൾ പൊറാട്ടുകളിക്ക് ഇല്ല.  പൊറാട്ടുകളിയിൽ  ശൃംഗാരം കൂടുതൽ ഉണ്ടാകും. വേറെയും പല വ്യത്യാസങ്ങളും ഉണ്ട്.

പൊറാട്ടു നാടകം ഇവിടെ ''രാഷ്ട്രീയ''വല്ക്കരിച്ചിരിക്കുന്നു. അച്ചുമാമന്റെ സൽഭരണം, പിന്നീടുവന്ന ദുർഭരണം......

കുറച്ചുനേരം കണ്ടു.  അച്ചുമാമൻ എത്തുന്നതേയുള്ളൂ.  വേറെ പരിപാടി ഉണ്ടായിരിന്നതുകൊണ്ട്  ഞങ്ങൾ സ്ഥലം വിട്ടു.

ഇനിയൊരിക്കൽ കൊടുവായൂർ പോയപ്പോൾ അതാ:

 ''പോലല ലല്ലീലേ പോലാ ലല്ലീ ലേ.......''

കാറിൽ പ്രചരണം.  അല്ലാ, ഇത്തവണ UDFനു വേണ്ടിയാണല്ലോ.  വഴിയെ BJP ക്ക് വേണ്ടിയും ഉണ്ടാകുമോ.

പണ്ട് എന്റെ ബന്ധത്തിൽപ്പെട്ട ഒരു പെൺകുട്ടിയോട് പരീക്ഷക്ക്‌ എത്ര മാർക്കു കിട്ടി എന്നു ചോദിച്ചാൽ പറയുമായിരുന്നു - കുറഞ്ഞ മാർക്കു കിട്ടിയ രണ്ടുപേരുടെ മാർക്കുകൾ ആദ്യം.  പിന്നെ തന്റേത്.  അതുപോലെ, മൂന്നു മുന്നണികളും ആദ്യം മറ്റു രണ്ടു മുന്നണികളുടെ സ്വഭാവ വിശേഷങ്ങൾ വിവരിക്കുന്നു. പിന്നെ....

നടക്കട്ടെ.  നമുക്ക് എല്ലാം കേൾക്കാം.